തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അഞ്ചിരട്ടി വരെ ഉയര്‍ത്തിയത് പ്രാബല്യത്തിലായതോടെ നിയമ ലംഘകര്‍ക്കെതിരെ കേസെടുക്കുന്നതില്‍ പൊലീസിലും മോട്ടര്‍ വാഹന വകുപ്പിലും സര്‍വത്ര ആശയക്കുഴപ്പം. നേരത്തെ തര്‍ക്കിക്കാന്‍ മിനക്കെടാതെ 100 രൂപ പിഴ നല്‍കി പോയിരുന്നവര്‍ ഇപ്പോള്‍, പിഴ 1000 രൂപയായതോടെ കോടതിയില്‍ വച്ചു കാണാമെന്ന നിലപാടിലാണ്. ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരില്‍ നല്ലൊരു പങ്കും ഇത്തരമൊരു നിലപാടുമായി പണം നല്‍കാന്‍ തയാറാകാതെ വണ്ടിയുമായി കടന്നു പോയി.
കേസ് കോടതിയിലേക്കു നീങ്ങിയാല്‍ സമന്‍സ് നല്‍കാനും മറ്റും മോട്ടര്‍ വാഹന വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആര്‍ടി ഓഫീസിലെത്താന്‍ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമില്ല.
സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവര്‍ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാല്‍ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടന്‍ ശിക്ഷ നിര്‍ണയിച്ചു പിഴ ഈടാക്കിയിരുന്ന മൊബൈല്‍ കോടതികളാകട്ടെ നിര്‍ത്തലാക്കിയിട്ട് രണ്ട് വര്‍ഷമായി.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ പിടിയിലാകുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. മുന്‍പ് പൊലീസും മോട്ടര്‍ വാഹന വകുപ്പും ലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ക്കും ഡിജിറ്റല്‍ ക്യാമറയില്ല. ചില ഉദ്യോഗസ്ഥര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയാണു നിയമ ലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയില്‍ പോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാന വീഥികളില്‍ സ്ഥാപിച്ച ക്യാമറകളില്‍ മുക്കാല്‍ പങ്കും പ്രവര്‍ത്തിക്കുന്നുമില്ല.
മഴക്കാലമായതിനാല്‍ റോഡുകളെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. നിയമ ലംഘനത്തിനു പിടിയിലാകുന്നവരില്‍ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഈയാഴ്ച പിഴ ഈടാക്കുന്നതില്‍ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടര്‍വാഹന വകുപ്പിന്റെയും തീരുമാനം. ബോധവത്കരണത്തിനാണു മുന്‍തൂക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates