തിരുവനന്തപുരം : ശബരിമല വിഷയത്തിൽ യുഡിഎഫ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. നിരോധനാജ്ഞ ലംഘിച്ച് മുതിർന്ന യുഡിഎഫ് നേതാക്കൾ നാളെ ശബരിമലയിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന നേതാക്കളായ പിജെ ജോസഫ്, എം.കെ മുനീർ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരും ഉണ്ടാകും.
ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് പൊലീസിന്റെ തേർവാഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസിനെ പേടിച്ചു ഭക്തർ ശബരിമലയിലേക്ക് വരാൻ മടിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. ശബരിമലയിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ശബരിമല മതസൗഹാർദ്ദത്തിന്‍റെ ചിഹ്നമാണ്. ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്ന തരത്തിലുള്ള കളിയാണ് ഇവിടെ സിപിഎം കളിക്കുന്നത്. സർക്കാർ ഇവിടെയുണ്ടോ എന്ന് സംശയമാണ്. ശബരിമലയിലെ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശബരിമലയിൽ 144 നിലനിൽക്കുന്നത് ഭക്തർക്ക് ദർശനത്തിന് വിഘാതമുണ്ടാക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി പ്രതികരിച്ചു. ഓരോരുത്തരായി ശബരിമലയിലേക്ക് പോകാൻ കഴിയില്ല. ഇന്ന് തന്നെ സർക്കാർ 144 പിൻവലിക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
