തൊടുപുഴ: റോൾഡ് ഗോൾഡ് ആഭരണങ്ങൾ പകരം വച്ച് വീട്ടിലെ അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കള്ളൻ കടന്നുകളഞ്ഞു. ബാലഗ്രാം പാലമൂട്ടിൽ പികെ റെജിയുടെ വീട്ടിലെ അലമാരയിൽ നിന്ന് 23 പവൻ സ്വർണാഭരണം മോഷ്ടിച്ചയാളാണ് പകരം റോൾഡ് ഗോൾഡ് ആഭരണങ്ങൾ വച്ച് കടന്നത്. മോഷണം പെട്ടെന്ന് അറിയാതിരിക്കാനാണ് ഇതു ചെയ്തതെന്നു കരുതുന്നു. റെജിയുടെ മകളുടെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
റെജിയുടെ ഭാര്യ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ രണ്ട്, എട്ട് തീയതികളിലാണ് വീട് പൂട്ടിയ ശേഷം റെജി ആശുപത്രിയിൽ കുടുംബസമേതം പോയത്. ഇന്നലെ അലമാര തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ മോഷണം പോയതറിഞ്ഞത്.
വീടിന്റെ മുൻവാതിലോ അടുക്കളവാതിലോ തുറന്ന് ആരും അകത്തു കയറിയതായി കാണുന്നില്ല. ആശുപത്രിയിൽ പോയ സമയത്ത് കിടപ്പുമുറയിലെ കിടക്കയുടെ അടിയിലാണ് അലമാരയുടെ താക്കോൽ സൂക്ഷിച്ചത്. ഇതെടുത്ത് അലമാര തുറന്നാണ് മോഷണം. തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മകളുടെ വിവാഹം സമീപകാലത്ത് ഉറപ്പിച്ചിരുന്നു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. അസ്വാഭാവികമായ ഒരു വിരലടയാളം കണ്ടെത്തി. കമ്പംമെട്ട് സിഐ ജി സുനിൽകുമാർ, നെടുങ്കണ്ടം എസ്ഐ റസാഖ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി.
നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചതായാണു സൂചന. ആറ് മാസത്തിനിടെ റെജിയുടെ വീട്ടിൽ രണ്ടാം തവണയാണ് മോഷണം. ആറ് മാസം മുൻപ് 14 കിലോഗ്രാം ഉണക്ക ഏലക്കാ മോഷണം പോയിരുന്നു. ആശുപത്രി സംബന്ധമായ കാര്യങ്ങളുടെ തിരക്കായതിനാൽ പരാതി നൽകിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates