

ആലപ്പുഴ: കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. മുൻകരുതൽ എന്ന നിലയിൽ കായംകുളം മാർക്കറ്റ് അടയ്ക്കാൻ ആരോഗ്യ വകുപ്പ് നഗരസഭയ്ക്ക് നിർദ്ദേശം നൽകി. പിന്നാലെ കായംകുളം നഗരസഭയിലെ നാല്, ഒൻപത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
പച്ചക്കറി വ്യാപാരി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്. ഇയാളുടെ സ്ഥിതി ഗുരുതരമാണ്. അച്ഛനെ പരിചരിക്കാൻ മകൾ കൊല്ലത്ത് പോയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷമാണ് മകളുടെ രോഗം സ്ഥിരീകരിച്ചത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇരുവർക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഇരുപതിലധികം പേരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ സ്രവ സാമ്പിൾ നേരത്തെ എടുത്തിരുന്നു.
കായംകുളത്ത് സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഉറവിടം അറിയാത്തതാണ് ഇവിടെ പ്രതിസന്ധിയാകുന്നത്. തമിഴ്നാട്ടിൽ നിന്ന് കായംകുളത്തേക്ക് പച്ചക്കറി എത്തിക്കുന്ന ലോറി ഡ്രൈവർമാർ വഴി രോഗം വന്നുവെന്നാണ് പ്രാഥമിക നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates