

തൃശൂര്‍: കേരള ജനതയോട് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത് അതെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കും എന്നും നടപ്പിലാക്കാന്‍ കഴിയുന്നതേ തങ്ങള്‍ പറയുകയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം നവകേരളം നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും എല്ലാവരും ഇതിനുവേണ്ടി തങ്ങളോടൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നേതൃത്വം നല്‍കുന്ന കേരള സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബിജെപിക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ബിജെപിക്കെതിരെയുള്ള നിര ശക്തിപ്പെടണമെന്നും ബിജെപി ഇനി അധികാരത്തില്‍ വരരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ബിജെപി പണമിറക്കി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് കര്‍ണാടകയില്‍ കോടികള്‍ ഒഴുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധ്യപത്യ സ്ഥാപനങ്ങളെ കൈയിലെടുത്ത് അമ്മാനമാടുകയാണ് ബിജെപിയെന്നും ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊന്നു, പശുവിന്റെ പേരില്‍ ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് നാടിനെ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ, ഒന്നിന്റെ മുന്നിലും നമുക്ക് കരഞ്ഞിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ലമെന്ററി ജനാധിപത്യം രാജ്യത്തിന് വേണ്ട, ജനാധിപത്യമേ രാജ്യത്തിന് വേണ്ട എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുന്നു. മറ്റൊരു ഭാഗത്ത് വര്‍ഗീയത അഴിച്ചുവിടുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെന്ന് കണ്ടാല്‍ അവരെ കൊലപ്പെടുത്തണമെന്ന വികാരമുണ്ടാകുന്നു. വര്‍ഗീയ ഭ്രാന്തിളക്കി വിടുകയാണ്. ഘര്‍വാപസി ഘട്ടത്തില്‍ െൈക്രസ്തവരെ മുഴുവന്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദിനം സംഘരിവാര്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതിയോട് പറയുന്നു ഞങ്ങള്‍ പറയുന്ന വിധത്തില്‍ വിധി പറയണമെന്ന്.
നിങ്ങളുടെ സമ്മതം വേണ്ട രാമക്ഷേത്രം നിര്‍മിക്കാന്‍ എന്നാണ് ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍ പറയുന്നത്. പട്ടികാജാതി വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം പെരുകുകയാണ്. അവരെ കൊല്ലുകയാണ്. യുവതികള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്നു. ലോകമാകെ തന്നെ പരിഹസിക്കുന്ന രീതിയില്‍ പട്ടികവിഭാഗങ്ങളെ ആക്രമിക്കുന്ന രീതി നമുക്ക് കാണേണ്ടി വന്നില്ലെ? എന്തെങ്കിലും തളളിക്കളയാന്‍ സംഘപരിവാര്‍ തയ്യാറായോ എന്നും പിണറായി ചോദിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്നവരെ കൊലചെയ്യുകയാണ് സംഘപരിവാര്‍. തികഞ്ഞ ജാഗ്രതയോടെ നാം ഈ തെരഞ്ഞെടുപ്പിനെ നേരിടണം. ബിജെപിയേ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
രാജ്യം അതിന് സന്നദ്ധമായിരിക്കുന്നു. എല്ലാം സംസ്ഥാനങ്ങളിലും അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും ഒന്നായിരിക്കുന്നു. ഒന്നാകില്ലെന്ന് വിചാരിച്ചവര്‍ സംഘപരിവാര്‍ എന്ന ആപത്തിനെ നേരിടാന്‍ തയ്യാറായിരിക്കുന്നു. ബിജെപിക്കെതിരെയുള്ള നിരയാണ് ബലപ്പെടുത്തേണ്ടത്. കേരളം രാജ്യം ഉറ്റുനോക്കുന്നൊരു സംസ്ഥാനമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ വിലകൊടുത്ത് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. അത്തരത്തില്‍ ഒരു ശ്രമം കര്‍ണാടകയില്‍ നമ്മള്‍ കണ്ടു.ജനാധിപത്യത്തിന് ഇത് ഭീഷണിയാണ്. എത്ര കോടി ഇറക്കിയാലും പാറ പോലെ ഉറച്ചുനില്‍ക്കുന്ന അംഗങ്ങളായിരിക്കും ഇടതുപക്ഷത്തുനിന്ന് തെരഞ്ഞെടുത്ത് പാര്‍ലമെന്റിലെത്തുന്നവരെന്ന് അനുഭവത്തിലൂടെ മനസിലാക്കിയിരിക്കും.
കേരള സര്‍ക്കാര്‍ ആയിരം ദിനത്തിലെത്തിയ വേളയാണിപ്പോള്‍. ആയിരം ദിനത്തിന് മുന്‍പുള്ള കാര്യം ഒന്നാലോചിക്കു. നമ്മളെല്ലാം അല്‍പം തല താഴ്ത്തി നില്‍ക്കുന്ന അവസ്ഥയായിരുന്നു. അഴിമതിയും മഹാവൃത്തികെട്ട മറ്റ് കാര്യങ്ങളും ആയിരം ദിവസങ്ങള്‍ക്ക് മുമ്പത്തെ അവസ്ഥയെടുത്താല്‍ കാണാന്‍ സാധിക്കും. രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ളത് കേരളമാണെന്ന നില വന്നിരിക്കുന്നു. ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. അതിനെതിരെ ഫലപ്രദമായ നടപടിയെടുത്തുവരികയാണ് സര്‍ക്കാര്‍.
കേരളത്തില്‍ എല്ലാം നിശ്ചയിച്ചത് പോലെ നടക്കും എന്ന ധാരണ പൊതുവെയുണ്ടായി. ദേശീയ പാതാവികസനം അതിലൊന്നാണ്. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ആയിരം ദിവസം മുന്‍പാണെല്‍ ഇതൂഹിക്കാന്‍ കഴിയുമോ. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും. രണ്ടിന്റെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നു. അടുത്ത വര്‍ഷം കോവളത്ത് നിന്നും ബേക്കല്‍ വരെ ബോട്ട് സര്‍വീസിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുകയാണ്.
ഉപേക്ഷിക്കപ്പെട്ട ഗെയില്‍ പൈപ്പ് ലൈന്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് ഉദ്ഘാടനം ചെയ്യാമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. പൂര്‍ത്തിയാകില്ലെന്ന് കണക്കാക്കിയതൊക്കെ പൂര്‍ത്തിയാക്കുകയാണ്. വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമം നടക്കുന്നു. മറ്റ് തുറമുഖങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചു. 3, 41,000 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചു. ഇതെല്ലാം നാടിനൊന്നാകെയുള്ള വിജയമാണ്. ആരോഗ്യരംഗത്തും വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. പ്രളയകാലത്തുണ്ടായ ഐക്യം നമ്മുടെ നവോത്ഥാന കാലഘട്ടത്തിലെ ഒരു സംസ്‌കാരം തന്നെയായിരുന്നു. എന്നാല്‍ ഇതൊക്കെ തകര്‍ക്കാന്‍ ശ്രമം നടന്നു.തുല്യതക്ക് വേണ്ടിയുള്ള സ്ത്രീയുടെ ഏറ്റവും വലിയ പോരാട്ടം വനിത മതിലിലൂടെ നടന്നു. ആയിരം ദിവസം മുന്‍പ് 600 രൂപയായിരുന്നു ക്ഷേമപെന്‍ഷന്‍.എന്നാല്‍ ആയിരം ദിനം പൂര്‍ത്തിയായപ്പോള്‍ 1200 രൂപയായി, ഇരട്ടിയായി അത് വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ഒന്നിന്റെ മുന്നിലും കരഞ്ഞിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. നവ കേരളം സൃഷിക്കാന്‍ തന്നെയാണ് നാം ശ്രമിക്കുന്നത്. ചര്‍ച്ച് ആക്ട് നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചതേ ഇല്ലെന്നും അതിവിടെ വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി സമാപന സമ്മേളനത്തില്‍ വിശദീകരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates