

കൊച്ചി: എറണാകുളം കലൂരിൽ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിച്ചിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമായത് വളരെ പെട്ടെന്നായിരുന്നു. മൂന്നുനിലയോളം പണി പൂർത്തിയായ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്കു പതിച്ചത്. കെട്ടിട നിർമ്മാണം പുരോഗമിച്ചിരുന്ന സ്ഥലം ഇപ്പോൾ അഗാധ ഗർത്തമാണ്. 30 മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞുവീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെസിബികളും മണ്ണിനടിയിലായി.
എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത് രണ്ടാംനില വരെ പണി കഴിഞ്ഞ 'പോത്തീസി'ന്റെ കെട്ടിടമാണ് ഭൂമിക്കടിയിലേക്ക് പതിച്ചത്. മൂന്നാം നിലയിലെ പണി പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. കെട്ടിടം ചരിയുന്നതായി തോന്നിയതിനെ തുടർന്ന് തൊഴിലാളികളെ ഉടൻ മാറ്റിയത് വൻ ദുരന്തം ഒഴിവാക്കി.കലൂരിന് സമീപം മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണ് സംഭവം.
മണ്ണിടിഞ്ഞതിനെ തുടർന്ന് റോഡിലും വൻ വിള്ളൽ ഉണ്ടായിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളുടെ അടിയിലെ മണ്ണും ഇടിയുന്നുണ്ട്. ഇതോടെ ആ കെട്ടിടങ്ങളും സുരക്ഷാ ഭീഷണിയിലായി. മണ്ണിടിച്ചിലിനെ തുടർന്ന് റോഡില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. ഇതിന് സമീപവും വിള്ളലുണ്ട്.
സംഭവം ഉണ്ടായതിനെ തുടർന്ന് ആലുവയിൽ നിന്നുള്ള മെട്രോ സർവീസുകൾ പാലാരിവട്ടത്ത് അവസാനിപ്പിച്ചു. പാലാരിവട്ടത്തിനും മഹാരാജാസിനും ഇടയിലുള്ള മെട്രോ സർവീസുകൽ റദ്ദാക്കിയിട്ടുണ്ട്. റോഡിലെ വിള്ളൽ മൂലം മെട്രോ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് വിശദ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ പാലാരിവട്ടത്ത് നിന്ന് മഹാരാജാസ് വരെയുള്ള മെട്രോ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ എന്നാണ് സൂചന.
ഇന്നലെ രാത്രിയോടെയായിരുന്നു കെട്ടിടം ഇടിഞ്ഞുതാണത്. ഇതേത്തുടർന്ന് കലൂർ വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഹൈബി ഈഡന്‍ എം.എല്‍.എ., കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates