'ആ കാല്‍പനികത ഇനി വേണ്ട', പുകവലി നിരോധനത്തിന് ഫ്രാന്‍സ്‌

ബീച്ചുകള്‍, പാര്‍ക്കുകള്‍, സ്‌കൂള്‍ പരിസരങ്ങള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം ജൂലൈ ഒന്ന് മുതല്‍ നടപ്പില്‍ വരും
French health ministry extends smoking ban
smoking ban - നിരോധിത മേഖലയില്‍ പുകവലിക്കുന്ന വ്യക്തി, ഫ്രാന്‍സില്‍ നിന്നുള്ള ദൃശ്യം Agency
Updated on
1 min read

പാരിസ്: സെന്റ്-ട്രോപ്പസ് ബീച്ചില്‍ അലസനായി നടന്ന് സിഗരറ്റില്‍ നിന്നും പുക വലിച്ചു ഊതുന്ന ഫ്രഞ്ച് നടന്‍ ബ്രിജിറ്റ് ബാര്‍ഡോട്ട്, ആരെയും കൂസാതെ സിഗരറ്റ് പുകയൂതി ചാംപ്‌സ്-എലിസീസിലൂടെ നടന്നു നീങ്ങുന്ന ജീന്‍-പോള്‍ ബെല്‍മോണ്ടോ.. ഫ്രാന്‍സിലെ പുകവലി സംസ്‌കാരം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ചില സിനിമ ദൃശ്യങ്ങളാണിവ. ഫ്രാന്‍സില്‍, പുകവലി ഒരു ദുശ്ശീലമായിരുന്നില്ല മറിച്ച് ഉറച്ച നിലപാടുകളുടെയും പ്രണയങ്ങളുടെയും വിപ്ലവങ്ങളുടെയും പ്രതീകങ്ങളായിരുന്നു.

എന്നാല്‍, പുകവലിയുടെ കാല്‍പനികതയെ കൈവിടാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ് എന്നാണ് (French health ministry extends smoking ban) പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബീച്ചുകള്‍, പാര്‍ക്കുകള്‍, സ്‌കൂള്‍ പരിസരങ്ങള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം ജൂലൈ ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികള്‍ ഉള്ള മേഖലകള്‍ പുകവലി മുക്തമാക്കാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി കാതറിന്‍ വൗട്രിന്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ശുദ്ധവായു ലഭിക്കാനുള്ള അവകാശത്തിന് മുന്നില്‍ അവസാനിക്കുകയാണ് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള മേഖലയിലും നിയന്ത്രണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ കുട്ടികള്‍ പുകവലിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയുക എന്നതാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത് എന്നും വൗട്രിന്‍ വ്യക്തമാക്കുന്നു. അതായത്, ഫ്രഞ്ച് സിനിമകളിലെ ദൃശ്യങ്ങള്‍ ഇനി അനുകരിക്കാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടിവരുമെന്ന് സാരം. പുകവലി നിരോധനം ലംഘിക്കുന്നവര്‍ക്ക് 135 യൂറോ (13000 രൂപയിലധികം) പിഴ ചുമത്താനാണ് നീക്കം.

ഹോളിവുഡുമായി താരതമ്യം ചെയ്താല്‍ പുകവലി ദൃശ്യങ്ങള്‍ ഫ്രഞ്ച് സിനിമയില്‍ ഇരട്ടിയില്‍ അധികമാണ്. ഫ്രാന്‍സ് ലീഗ് എഗെയ്ന്‍സ് കാന്‍സര്‍ കണക്കുകള്‍ അനുസരിച്ച് 2015-2019 കാലത്ത് ഫ്രാന്‍സില്‍ പുറത്തിറങ്ങിയ സിനിമകളില്‍ 90 ശതമാനത്തിലും പുകവലി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. സിനിമകള്‍ പ്രത്യേകം പരിശോധിച്ചാല്‍ മൂന്ന് മിനിറ്റോളം പുകവലി ദൃശ്യങ്ങള്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. 30 സെക്കന്‍ഡ് മാത്രം വരുന്ന ടെലിവിഷന്‍ പരസ്യങ്ങളേക്കാള്‍ പുകവലി ദൃശ്യങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുകവലിക്ക് വലിയ സൗന്ദര്യ ബോധം നല്‍കപ്പെടുമ്പോള്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. പ്രതിവര്‍ഷം 75000 പേരിലധികം പുകവലി മൂലമുള്ള അസുഖങ്ങളാല്‍ ഫ്രാന്‍സില്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ അടുത്തിടെ പുകവലിയുടെ തോതില്‍ വന്ന കുറവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനത്തില്‍ താഴെമാത്രമാണ് ഇപ്പോള്‍ ദിവസവും പുകവലിക്കുന്നത് എന്നാണ് കണക്കുകള്‍. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com