

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയുമാണ് യുക്രൈനില്‍ യുദ്ധം നടത്തുന്ന റഷ്യയ്ക്ക് സഹായം നല്‍കുന്ന പ്രധാന സാമ്പത്തിക സ്രോതസ്സുകളെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യന്‍ സഖ്യകക്ഷികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യന്‍ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയും ചൈനയും നാറ്റോ രാഷ്ട്രങ്ങളുമാണെന്ന തന്റെ വാദം ട്രംപ് ആവര്‍ത്തിച്ചു. യുദ്ധ സ്‌പോണ്‍സര്‍മാരായ ഇന്ത്യക്കും ചൈനയ്ക്കുമെതിരേ കൂടുതല്‍ തീരുവ ചുമത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. 'യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എല്ലാ ഊര്‍ജ്ജ വാങ്ങലുകളും ഉടന്‍ നിര്‍ത്തണം. അല്ലെങ്കില്‍ നാമെല്ലാം വെറുതെ സമയം പാഴാക്കുകയാണ്'. ട്രംപ് അഭിപ്രായപ്പെട്ടു.
റഷ്യന്‍ എണ്ണ വാങ്ങിയതിന് പിഴയായി ട്രംപ് ഭരണകൂടം നേരത്തെ ഇന്ത്യയ്ക്ക് 25 ശതമാനം അധിക താരിഫ് ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. അമേരിക്ക ചുമത്തിയ തീരുവകളെ ന്യായീകരിക്കാനാകാത്തതും യുക്തിരഹിതവുമെന്നാണ് ഇന്ത്യ വിമര്‍ശിച്ചത്. അധിക തീരുവ ചുമത്തിയതോടെ ഇന്ത്യ- യുഎസ് ബന്ധം വഷളാകുകയും ചെയ്തിരുന്നു.
ജനുവരിയില്‍ അധികാരത്തിലെത്തിയശേഷം ഡോണള്‍ഡ് ട്രംപ് ആദ്യമായാണ് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. അര്‍ത്ഥശൂന്യമായ വാക്കുകള്‍ മാത്രമാണ് യുഎന്‍. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎന്നിന് ശേഷിയില്ല. തുറന്ന അതിര്‍ത്തികളുടെ പരാജയപ്പെട്ട പരീക്ഷണം അവസാനിപ്പിക്കേണ്ട സമയമാണിത്. കുടിയേറ്റങ്ങളിലൂടെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് നേരെ ആക്രമണം വളര്‍ത്തുകയാണ് യുഎന്‍ എന്നും ട്രംപ് ആരോപിച്ചു. ഇന്ത്യ- പാകിസ്ഥാന്‍ അടക്കം ഏഴു യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചതായും ട്രംപ് യുഎന്‍ പൊതു സഭയിലെ പ്രസംഗത്തില്‍ അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates