

മുസഫറാബാദ്: പാക്കധീന കശ്മീരില്‍ സുരക്ഷാസേന പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് 30ലേറെ പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പ്രദേശത്ത് ഏതാനും ദിവസങ്ങളായി ശക്തമായ ജനകീയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളാണ് വ്യാപക രക്തച്ചൊരിച്ചിലിലേക്ക് നയിച്ചത്.
പ്രദേശത്ത് അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളും പ്രാദേശിക പൗരാവകാശ പ്രവര്‍ത്തകരും പാക് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പൗരാവകാശ സംഘടനയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിക്ക് (ജെഎഎസി) അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയതാണ് നിലവിലെ സംഘര്‍ഷത്തിന് കാരണം. വെള്ളിയാഴ്ചയാണ് സംഘടനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
മേഖലയിലെ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി സുരക്ഷാസേന ശക്തമായ നടപടികളിലേക്ക് കടന്നതോടെയാണ് സ്ഥിതി വഷളായത്. വിവിധ സ്ഥലങ്ങളില്‍ വെടിവെപ്പും ഏറ്റുമുട്ടലുകളും നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ സുരക്ഷാസേനാംഗങ്ങളും കൊല്ലപ്പെട്ടതായി അധികൃതര്‍ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.
ജൂലൈ 27ന് മേഖലയിലെ നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന 45 സീറ്റുകളില്‍ 12 സീറ്റുകള്‍ അഭയാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ജെഎഎസി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിക്ക് തൊട്ടു മുമ്പത്തെ ദിവസമാണ് സംഘര്‍ഷമുണ്ടായത്. അക്രമ സംഭവങ്ങള്‍, ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍, വൈദ്യുതി ക്ഷാമം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിഭവ ചൂഷണം, രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിലായി നേരത്തെ പ്രതിഷേധം സംഘടിപ്പിച്ച സംഘടനയാണ് ജെഎഎസി .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates