ടെഹ്‌റാന്‍: യുദ്ധഭീതിയ്ക്കിടെ ഹോര്‍മുസില്‍ യുഎസ് യുദ്ധവിമാനം അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട്. വ്യോമസേനയുടെ അത്യാധുനിക വിമാനമായ എഫ് 35 ആണ് അപകടത്തില്‍പ്പെട്ടത്.
യുദ്ധവിമാനം തകര്‍ന്നു വീണതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തര സഹാചര്യം നേരിടുകയായിരുന്നു എന്നാണ് ഫ്‌ലൈറ്റ് ട്രാക്കിങ് ഡേറ്റ പറയുന്നത്.
ഒമാന്‍ ഉള്‍ക്കടലിനു മുകളിലായാണ് അപകടം. ഈ മേഖലയില്‍ ഇറാനും യുഎസും തമ്മില്‍ പോരാട്ടം ശക്തമാകുന്നതിനിടെയാണ് സംഭവമെന്നത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു.
ഞായറാഴ്ച വൈകീട്ടോടെ ഒമാന്‍ ഉള്‍ക്കടലിനും ഹോര്‍മുസ് കടലിടുക്കിനും മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ലോക്ഹീഡ് മാര്‍ട്ടിന്‍ എഫ് -35 എന്ന യുദ്ധവിമാനം 'സ്‌ക്വാക് 7700' എന്ന അടിയന്തര സഹായ കോഡ് പുറപ്പെടുവിച്ചിരുന്നു. ഗുരുതരമായ സാങ്കേതിക തകരാറോ മറ്റ് അപകടങ്ങളോ സൂചിപ്പിക്കുന്ന സന്ദേശമാണിത്.
ഫ്‌ലൈറ്റ് റഡാര്‍ നല്‍കുന്ന വിവരമനുസരിച്ച് വിമാനം യുഎസ് ലക്ഷ്യമാക്കി തിരിയുകയായിരുന്നു. എന്നാല്‍ ഉടനെത്തന്നെ ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫാവുകയും വിമാനം റഡാറില്‍നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
എഫ് 35 ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിവെച്ചിട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷങ്ങളുടെ ഭാഗമായി ഇറാന്‍ തിരിച്ചടിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെടിവെച്ചിട്ടതിന്റെയോ വിമാനം തകരുന്നതിന്റെയോ തെളിവുകളും ലഭ്യമായിട്ടില്ല.
കഴിഞ്ഞ ആഴ്ചയിലും സമാനമായ സാഹചര്യത്തില്‍ യുഎസിന്റെ 'സ്ട്രാറ്റോടാങ്കര്‍' കാണാതായിരുന്നു. ഖത്തറിനു സമീപം ഹോര്‍മുസിനു മുകളിലൂടെ പറക്കുമ്പോഴാണ് കെസി 135 എന്ന വിമാനങ്ങളില്‍ ഇന്ധനം നിറക്കാനുപയോഗിക്കുന്ന പറക്കുന്ന പെട്രോള്‍ പമ്പ് കാണാതായാത്. 7700 എന്ന അടിയന്തര സിഗ്നല്‍ നല്‍കിയ ഉടനെയായിരുന്നു ഈ വിമാനവും കാണാതായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates