ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് നാല്‍പ്പത് ദിവസത്തിന് ശേഷം കുട്ടികളെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ലോകം. എന്നാല്‍ ആദ്യത്തെ സന്തോഷത്തിനും സമാധാനത്തിനും ശേഷം, കൊളംബിയക്കാരുടെ ഉറക്കം നഷ്ടപ്പെടുന്ന മറ്റൊരു കാണാതാകല്‍ കൂടി സംഭവിച്ചിരിക്കുകയാണ്. കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊളംബിയന്‍ സൈന്യത്തിലെ നായയെ കാണാതായതിന്റെ ആവലാതിയിലാണ് ജനങ്ങള്‍. ബെല്‍ജിയം ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വില്‍സണ്‍ എന്ന നായയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ തെരച്ചില്‍ തുടരുന്നത്. കാട്ടില്‍ സൈന്യം തെരച്ചില്‍ തുടരുമ്പോള്‍, നാട്ടില്‍ ജനങ്ങള്‍ അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
ഓപ്പറേഷന്‍ ഹോപ്പ് ദൗത്യസംഘത്തിന് ഒപ്പമുണ്ടായിരുന്ന ഈ നായയാണ് കുട്ടികളെ ആദ്യം കണ്ടെത്തിയത്. നായ തങ്ങള്‍ക്കൊപ്പം നാലുദിവസം ഉണ്ടായിരുന്നതായി കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. മൂന്നു ദിവസം മുന്‍പ് ദൗത്യസംഘം നായയെ കണ്ടെത്തിയെങ്കിലും സംഘത്തിന് അരികിലേക്ക് വരാന്‍ വില്‍സണ്‍ തയ്യാറായില്ല. ഒന്നര വര്‍ഷമായി സൈന്യത്തിന് ഒപ്പമുള്ള പരിശീലനം ലഭിച്ച നായ എന്താണ് ഇങ്ങനെ പെരുമാറിയത് എന്ന് മനസ്സിലാകുന്നില്ലെന്ന് കൊളംബിയന്‍ സൈന്യവും വ്യക്തമാക്കുന്നു. കാട്ടിലെ അന്തരീക്ഷവും മൃഗങ്ങളെയും കണ്ട് ഭയന്നതാകാം കാരണമെന്നാണ് ഒരു നിഗമനം.
കുട്ടികളുടെ അരികിലേക്ക് ദൗത്യസംഘത്തിന് എത്താന്‍ കഴിഞ്ഞതിന്റെ പിന്നില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് മുന്‍പേ പോയ നായയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നത് ആയിരുന്നു.
'വില്‍സണ്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് വളരെ അവശനായിരുന്നു എന്നാണ് കുട്ടികള്‍ പറയുന്നത്. കാടിനു നടുവില്‍ അവന് വേണ്ടത്ര ഭക്ഷണം ലഭിക്കില്ല. ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. തെരച്ചില്‍ തുടരുകയാണ്' എന്ന് കൊളംബിയന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ജനറല്‍ പെട്രോ സാഞ്ചേസ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പരിശീലിപ്പിച്ച നായയല്ല വില്‍സണ്‍. അറ്റാക് ഡോഗ് ആയിട്ടാണ് കമാന്‍ഡോകള്‍ നായയ്ക്ക് പരിശീലനം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വില്‍സന്‍ കുഞ്ഞായിരുന്നപ്പോള്‍ ഉള്ള ചിത്രവും കൊളംബിയന്‍ സേന പങ്കുവച്ചിട്ടുണ്ട്. ' വില്‍സണ്‍ ജനിച്ചതുമുതല്‍ അവനെ വളര്‍ത്തിയതും ട്രെയിന്‍ ചെയ്തതും ഞങ്ങളാണ്, ദൗത്യം അവസാനിപ്പിച്ചിട്ടില്ല. അവനെ കണ്ടെത്താനായി സൈനികര്‍ രാത്രിയും പകലും തെരച്ചില്‍ നടത്തുകയാണ്'- സൈന്യം ട്വീറ്റ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ ആത്മഹത്യ 'നിരോധിച്ച്' കിം; 'സോഷ്യലിസത്തിന് എതിരായ രാജ്യദ്രോഹക്കുറ്റം'
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates