ലണ്ടന്‍: ഉയിഗുര്‍ മുസ്ലിങ്ങളുടെ വീടുകളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിക്കുന്ന
ചൈനയുടെ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് ഭീകരവാദം തടയാനെന്ന പേരില്‍ ചൈന മുസ്ലിം വീടുകളിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തുന്നതിന് ക്യൂആര്‍ കോഡുകള്‍ സ്ഥാപിക്കുന്നതായ വാര്‍ത്ത പുറത്ത് വിട്ടത്.
ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍ മുസ്ലീങ്ങളെയാണ് ചിപ്പ് സ്ഥാപിച്ച് ചൈനീസ് ഭരണകൂടം നിരീക്ഷിക്കുന്നത്. ചിപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള ഓരോ വീടുകളിലേയും അംഗങ്ങള്‍ വീട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സര്‍ക്കാരറിയുമെന്ന് സാരം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള ഇത്തരം അക്രമങ്ങളെന്നും സംഘടന പറയുന്നു.
എന്നാല്‍ ഭീകരവാദം തടയുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും ജനസംഖ്യാ നിയന്ത്രണത്തിനും മാത്രമാണ് ഈ പരിഷ്‌കാരമെന്നാണ് അധികൃതരുടെ വാദം. 2017 മുതല്‍ ഷിന്‍ജിയാങിലെ ഉയിഗുര്‍ മുസ്ലിങ്ങളുടെ വീടുകളെ സര്‍ക്കാര്‍ ഇത്തരത്തില്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മുന്‍പ് ഇവിടെ താമസിച്ചിരുന്ന ഒരാള്‍ വെളിപ്പെടുത്തിയതായും ഹ്യൂമന്‍ വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളില്‍ ആരൊക്കെ താമസിക്കുന്നുണ്ടെന്നും അതിഥികള്‍ എത്തിയാല്‍ അവരെന്തിന് വന്ന് എന്ന് പൊലീസെത്തി അന്വേഷിക്കുമായിരുന്നുവെന്നുമുള്ള ഉയിഗുര്‍ മുസ്ലിങ്ങളുടെ വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടില്‍ ഉണ്ട്.
ബയോമെട്രിക് വിവരങ്ങള്‍, ഡിഎന്‍എ സാംപിളുകള്‍, ശബ്ദ സാംപിളുകള്‍ എന്നിവ ഈ പ്രദേശവാസികള്‍ പാസ്‌പോര്‍ട്ടിനും തിരിച്ചറിയല്‍ രേഖകള്‍ക്കുമായി അന്വേഷിക്കുമ്പോള്‍ പൊലീസ് ശേഖരിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. വായിക്കാന്‍ അറിയാവുന്നവരെ കൊണ്ട് നിശ്ചിത ഭാഗം വായിപ്പിച്ചും അല്ലാത്തവരെ കൊണ്ട് പാട്ട് പാടിച്ചുമാണ് ശബ്ദ സാംപിളുകള്‍ ശേഖരിച്ചിരുന്നത്. പത്ത് ലക്ഷത്തോളം വരുന്ന ഉയിഗുര്‍ മുസ്ലിങ്ങളെയാണ് ഇത്തരത്തില്‍ നിരീക്ഷിച്ചു വരുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ചൈന ഇത്തരം വാദങ്ങളെല്ലാം നിഷേധിച്ചു. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ മാത്രമേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും ഭീകരവാദം തടയുന്നതിന്റെ ഭാഗമായി വിവര ശേഖരണം നടത്തുന്നത് രാജ്യ സുരക്ഷയുടെ ഭാഗമാണ് എന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. പുറത്ത് വരുന്ന ഇത്തരം വാര്‍ത്തകള്‍ ചൈനാ വിരോധം വളര്‍ത്തുന്നതിനുള്ള ശത്രുക്കളുടെ ശ്രമങ്ങളാണെന്നും അധികൃതര്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates