മോദി അവയ്ക്കായി വൃദ്ധസദനങ്ങൾ പണിയുമായിരിക്കും!

 തീൻമേശയിൽ കയ്യിടുന്നു എന്നതിന് അപ്പുറം ചില ജീവന പ്രശ്നങ്ങൾ കൂടിയുണ്ട് കേന്ദ്രത്തിന്റെ കന്നുകാലി നിയന്ത്രണ ഉത്തരവിൽ.
മോദി അവയ്ക്കായി വൃദ്ധസദനങ്ങൾ പണിയുമായിരിക്കും!

ഒരു പശു എത്ര വയസുവരെ ജീവിക്കും? വിശുദ്ധ പശുക്കളുടെ കാര്യമല്ല. തൊഴുത്തില്‍ കെട്ടി കാടി കൊടുക്കുന്നതിനു നന്ദിയായി കുറച്ചു പാലും കുറേ ചാണകവും തരുന്ന സാദാ ഇന്ത്യന്‍ പശുവിനെക്കുറിച്ചാണ്. പതിനെട്ടെന്നാണ് കണക്ക്. അങ്ങനെ അച്ചട്ടായ കണക്കൊന്നുമല്ല. ഈ കണക്കു വരെയൊന്നും നാം പശുക്കളെ നിര്‍ത്താറില്ല. എട്ടും പത്തും വയസാവുമ്പോഴേക്കും ചാവാലിയെന്ന പേരുദോഷം കേള്‍പ്പിക്കും പശുക്കള്‍. പേരുദോഷം പണ്ടേ ഇഷ്ടമല്ല നമുക്ക്, അത് പശുവിന്റെ കാര്യത്തിലായാലും. അതുകൊണ്ട് കശാപ്പിനു കൊടുക്കും.

കശാപ്പിനു കൊടുക്കാനാവില്ലെങ്കില്‍ പിന്നെന്തു ചെയ്യും? പശുവിനെ പോറ്റി ജീവിക്കുന്നവരെ സംബന്ധിച്ച് വലിയൊരു ചോദ്യമാണത്. ഗോവധ നിരോധനത്തിന് രാജ്യം ഭരിക്കുന്നവര്‍ കുറുക്കുവഴികള്‍ കണ്ടെത്തുമ്പോള്‍ സര്‍ക്കാരിന്റെ പരസ്യത്തില്‍ പറഞ്ഞതുപോലെയാണ് ഈ ചോദ്യത്തിന്റെ സ്ഥിതി. ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. പാല്‍ ഉത്പാദനം കുറഞ്ഞ പശുക്കളെ, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കറവ വറ്റിയ പശുക്കളെ കശാപ്പിനു കൊടുക്കുകയാണ് ഇതുവരെയുള്ള പതിവ്. അതിനു പറ്റാതായാല്‍ എന്താണുണ്ടാവുക? കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് മൃഗങ്ങളെ കശാപ്പിന് കൊടുക്കാനാവില്ല. ഉത്തരവിന്റെ പതിമൂന്നാം ഖണ്ഡിക പറയുന്നതു പ്രകാരം അണ്‍ ഫിറ്റ് ആയ മൃഗങ്ങളെ, എന്നു വച്ചാല്‍ ചാവാലി പശുക്കളെ അടക്കം കന്നുകാലി ചന്തയില്‍ വില്‍ക്കാന്‍ പോലും ആവില്ല. അപ്പോള്‍ പിന്നെ എന്തു ചെയ്യും? കന്നുകാലി കര്‍ഷകരെ സംബന്ധിച്ച് അത് ചെറിയൊരു ചോദ്യമല്ല, കുറെയധികം കണക്കുകള്‍ അടങ്ങിയ വലിയ സമസ്യയാണ്.

പശുവിന് പ്രതിദിനം അതിന്റെ തൂക്കത്തിന്റെ പത്തു ശതമാനത്തിനു തുല്യമായ അളവില്‍ തീറ്റ വേണമെന്നാണ് കണക്ക്. നമ്മുടെ നാടന്‍ പശുവിന് മുന്നൂറു മുതല്‍ നാനൂറു കിലോഗ്രാം വരെ തൂക്കമുണ്ടാവും. 300 കിലോഗ്രാം തൂക്കമുള്ള പശുവിന് ഏറ്റവും കുറഞ്ഞത് 30 കിലോഗ്രാം പച്ചപ്പുല്ലു നല്‍കണം. പുല്ലു കിട്ടാനില്ലെങ്കില്‍ ആറു കിലോ കച്ചി നല്‍കിയാലും മതി. അതിനും ക്ഷാമമെങ്കില്‍ രണ്ടര കിലോ കാലിത്തീറ്റ നല്‍കണം.

ഒരു കിലോ കാലിത്തീറ്റയ്ക്ക് ഇരുപതു രൂപ വരെയുണ്ട് വില. അതായത് പാലു തരാത്ത ചാവാലിപ്പശുവിനെ പോറ്റാന്‍ കര്‍ഷന്‍ പ്രതിദിനം അന്‍പതു രൂപയോളം മുടക്കണം. മാസം 1500 രൂപ. വര്‍ഷം പതിനെണ്ണായിരം രൂപ. ഇങ്ങനെ എത്രനാള്‍? പശു അതിന്റെ ആയുസ്സൊടുങ്ങി ചാവുന്നതുവരെ. അപ്പോള്‍ പിന്നെ കര്‍ഷന്‍ എന്തു ചെയ്യും? ലളിതമാവും ഉത്തരം. പ്രായമായ പശുവിനെ തെരുവില്‍ ഉപേക്ഷിക്കുക. തെരുവുകള്‍ പശുക്കളെക്കൊണ്ടു നിറയുമ്പോള്‍ സര്‍ക്കാര്‍ അവയ്ക്കായി വൃദ്ധ സദനങ്ങള്‍ പണിയാതിരിക്കില്ല. അങ്ങനെയും പറയുന്നുണ്ട്, കേന്ദ്ര ഉത്തരവില്‍. അണ്‍ ഫിറ്റ് ആയ, തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് വാസസ്ഥാനം ഉറപ്പാക്കണമെന്ന് .

ഗോവധ നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് പരിഗണിക്കാമായിരുന്ന മറ്റൊരു മാര്‍ഗം പ്രായമായ പശുക്കളെ പോറ്റുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയായിരുന്നു. പശുക്കള്‍ക്ക് ഒരു വാര്‍ധക്യകാല പെന്‍ഷന്‍! കാലി വളര്‍ത്തല്‍ എന്ന ഉപജീവനത്തെ തകര്‍ക്കാതെ തന്നെ ഗോമാതാ വിശ്വാസത്തെ കാത്തു പിടിക്കാം എന്നതായിരുന്നു അതിന്റെ മെച്ചം. ഗോവധ നിരോധനം ഒളിച്ചു കടത്താന്‍ പോത്തിനേയും കാളയേയുമൊക്കെ സംരക്ഷിക്കുന്നതിന്റെ പ്രച്ഛന്നവേഷവും ഒഴിവാക്കാമായിരുന്നു, അതിലൂടെ.

പശു ഒരു ഓമനമൃഗമല്ലെന്ന് നമുക്കറിയാം. അത് അമ്മിണി മൃഗമോ കിങ്ങിണി മൃഗമോ ആണ്. മുമ്പ് അങ്ങനെയൊക്കെയാണ് നാം പശുവിന് പേരിട്ടിരുന്നത്. എങ്കിലും പശു ഒരു പെറ്റ് അല്ലേയല്ല. അതു പെറ്റുണ്ടാവുന്ന കാളയും ഒരു കണക്കിലും പെറ്റ് അല്ല. പശുകാള വംശ വര്‍ധനയ്ക്ക് വിശേഷിച്ച് അനുപാതക്കണക്കൊന്നും ലഭ്യമല്ല. തൊള്ളായിരത്തി ചില്വാനം സ്ത്രീകള്‍ക്ക് ആയിരം പുരുഷന്മാര്‍ എന്ന കണക്കൊന്നും ഇവിടെയില്ല. എങ്കിലും ഇന്ത്യന്‍ ജനസംഖ്യാ വര്‍ധനവിലെ ഈ സ്ത്രീവിരുദ്ധത പശു, കാളകളുടെ കാര്യത്തിലുമുണ്ടെന്നാണ് വെറ്ററിനറി വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ ഇനങ്ങള്‍ പ്രസവിച്ചുണ്ടാവുന്ന കുഞ്ഞുങ്ങള്‍ കൂടുതലും ആണ്‍പ്രജകളത്രേ. എന്തു ചെയ്യും ഇവയെ? കൊടുക്കേണ്ട ഭക്ഷണത്തിന്റെ കണക്കു നോക്കിയാല്‍ പശുവിനേക്കാള്‍ അല്‍പ്പം കൂടുകയേ ഉള്ളൂ കാളയ്ക്ക്. ഇതിനുള്ള വരുമാനം എവിടെനിന്നു കണ്ടെത്തും?

വണ്ടി വലിക്കുക, നിലമുഴുക തുടങ്ങിയ ജോലികളൊക്കെ അന്യം നിന്ന് സത്യത്തില്‍ തൊഴില്‍രഹിതനാണ് കാള. കാളപ്പോരു പോലും നിരോധിക്കപ്പെട്ടിരിക്കുന്നു. കശാപ്പു നിരോധിക്കപ്പെട്ടാല്‍, വരുമാനം തരാത്ത, ബാധ്യതയായി മാറുന്ന കാളയെ എന്തുചെയ്യും? പ്രായമായ പശുവിനെ എന്നപോലെ പ്രായമാവാത്ത കാളയെയും കൈയൊഴിയേണ്ടി വരും കര്‍ഷകര്‍. കാളക്ക് തൊഴിലില്ലായ്മ വേതനം കൊടുക്കാന്‍ പരിപാടി ഇല്ലത്തിടത്തോളം കാലം ഇവയെ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന കര്‍ഷകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുക തന്നെ വേണം നരേന്ദ്ര മോദിയും സംഘവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com