പാര്‍ട്ടിക്കാര്‍ക്ക് എന്താണ് പൊലീസില്‍ കാര്യം?

മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്ന് കരഞ്ഞുകൊണ്ടിറങ്ങിപ്പോകേണ്ടി വന്നുവെന്ന് ഈ ഓഫീസര്‍ പറയുന്നു
പാര്‍ട്ടിക്കാര്‍ക്ക് എന്താണ് പൊലീസില്‍ കാര്യം?

മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്നത് ഒരു പഴമൊഴി മാത്രമല്ല, സംസ്ഥാന ആഭ്യന്തര വകുപ്പും അതിനു കീഴിലുള്ള പൊലീസ് വകുപ്പും കൃത്യമായി എഴുതി പഠിക്കേണ്ട, തനിയെ പറഞ്ഞു മനസ്സിലാക്കേണ്ട ഒരു ഗുണപാഠമാണ്. പറഞ്ഞുവരുന്നത് ആവര്‍ത്തിച്ചുവരുന്ന പൊലീസ് ക്രൂരതകളെ കുറിച്ചാണ്. അതും മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പില്‍ സംഭവിക്കുന്നവ. ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണ വിധേയനായ പൊലീസ് ഓഫീസര്‍ക്ക് കാര്യമായ പിഴവുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യ കണ്ടെത്തലുകള്‍. 

ഏറ്റവും പ്രസരിപ്പോടെ കലാലയം നിറഞ്ഞുനിന്ന, കലാതിലകമായിരുന്ന ഒരു പെണ്‍കുട്ടിയാണ് ഗാര്‍ഹിക പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചത്. അവസാന അത്താണി എന്ന നിലയില്‍. സംസ്ഥാനത്തെ നീതിപാലകരില്‍ നിന്ന് നീതി ലഭിക്കുമെന്ന അവളുടെ അവസാന വിശ്വാസവും പരാജയപ്പെട്ടപ്പോഴാണ് നെഞ്ചു പിടഞ്ഞു ആ പെണ്‍കുട്ടി ഒരു മുഴം കയറില്‍ സ്വന്തം ജീവന്‍ അവസാനിപ്പിച്ചത്. മകള്‍ നഷ്ടമായ ആ അച്ഛന്‍ നെഞ്ച് പിടഞ്ഞാണ് സംസാരിക്കുന്നത്. മകള്‍ക്ക് പിന്നാലെ താനും പോകുമെന്ന് ആ അച്ഛന്‍ പറയുന്നത് കേരളം കേട്ട് നില്‍ക്കുകയാണ്. 

ഒരു ഉദ്യോഗസ്ഥന്റെ അനാസ്ഥ മാത്രമല്ല ഇവിടെ വിഷയം. പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥികളോടുള്ള പൊലീസിന്റെ പെരുമാറ്റരീതിയും അത്യന്തം പ്രതിഷേധാര്‍ഹമാണ്. എസ്.പിയുടെ മുന്നില്‍ പരാതി പറയാനെത്തിയ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട ദുരനുഭവം ഇതോടൊപ്പം ചര്‍ച്ച ചെയ്യണം. പരാതി നല്‍കാനെത്തിയ തങ്ങളെ വലിച്ചിഴച്ചാണ് കൊണ്ടുവന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് പൊലീസ് ഭരണമാണോ?

പൊലീസിന്റെ ക്രൂരതയ്ക്കും അനാസ്ഥയ്ക്കും  പൊതുജനത്തോടുള്ള മോശം പെരുമാറ്റത്തിനും ഇത് ആദ്യത്തെ തെളിവല്ല. വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണം ഉള്‍പ്പെടെ, മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതുള്‍പ്പെടെ ഓരോ തവണയും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള ആഭ്യന്തരവകുപ്പ് ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ പൊതുവിലുള്ള ഭരണം എങ്ങനെയാകുമെന്ന് ചിന്തിക്കാന്‍ വയ്യ. 

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പൊലീസ് അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളിലെല്ലാം ഭരണത്തിലെ മുഖ്യകക്ഷിയായ സിപിഎമ്മിന്റെ ഇടപെടലുകളും കടന്നു വരുന്നുണ്ട്. ആലുവയിലെ നിയമവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയാകട്ടെ, സ്വന്തം കുഞ്ഞിനു വേണ്ടിയുള്ള അനുപമ ചന്ദ്രന്റെ നിയമപോരാട്ടം ആകട്ടെ സിപിഎമ്മിന്റെ ഇടപെടലുകള്‍ വിമര്‍ശിക്കപ്പെടുന്നു. പാര്‍ട്ടിക്കാര്‍ക്ക് എന്താണ് പൊലീസില്‍ കാര്യം? 

ഒരുകാലത്ത് ഇടതു ഭരണം എന്നാല്‍ സെല്‍ ഭരണമെന്നായിരുന്നു അര്‍ഥം. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലുള്ള ചില സംഭവങ്ങള്‍ കണ്ടപ്പോള്‍ പാര്‍ട്ടിയെങ്കിലും ഒന്നിടപെട്ടാല്‍ മതിയെന്ന് വരെ തോന്നിയിരുന്നു. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതായിരുന്നു അന്നത്തെ സ്ഥിതി. ഇതിപ്പോള്‍ വീണ്ടും പഴയ പടി. 

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ സിപിഎം നേതൃത്വം അണികളോട് പറഞ്ഞിരുന്നതാണ് ഭരണത്തില്‍, പ്രത്യേകിച്ച് പൊലീസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍, ഇടപെടരുതെന്ന്. പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് ഇക്കാര്യം. എന്നാല്‍ നേതൃത്വം എന്തൊക്കെ പറയുമ്പോഴും പാര്‍ട്ടി പൊലീസ് ബന്ധമെന്ന ചങ്ങല ഇപ്പോഴും സജീവമാണ്. എന്തുകൊണ്ടാണിത്? പിണറായിയുടെ തുടക്കത്തിലെയുള്ള പ്രസ്താവനകള്‍ സൂചിപ്പിച്ചത് ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നാണ്. പക്ഷെ ചങ്കരന്‍ വീണ്ടും...

ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ നല്‍കിയ മറുപടി അനുസരിച്ച്  സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതായത് ക്രിമിനല്‍ നടപടി ചട്ട പ്രകാരമുള്ള നടപടി നേരിട്ട 744 ഉദ്യോഗസ്ഥരുണ്ട് പൊലീസില്‍. ഇതില്‍ 18 പേരെ ഇതുവരെയായി സര്‍വീസില്‍ നിന്ന് പുറത്താക്കി. 691 പേര്‍ക്കെതിരെ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് പുറത്ത് വന്ന കണക്കുകള്‍. അപ്പോള്‍ പുറത്തു വരാത്തത് ഇതിലുമെത്രയോ ഏറെ. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന പൊലീസുകാരുടെ ഈ കണക്ക് മാത്രം മതി പൊലീസില്‍ സംഭവിക്കുന്ന ക്രിമിനല്‍വല്‍ക്കരണത്തിന്റെ വ്യാപ്തി ചൂണ്ടിക്കാണിക്കാന്‍.

നീതി ഉറപ്പാക്കേണ്ടവര്‍ തന്നെ നിയമലംഘകരാകുമ്പോള്‍ എങ്ങനെയാണ് നീതി ഉറപ്പാകുക എന്ന് അസംബ്ലിയില്‍ മുഖ്യമന്ത്രിയോട് പൊലീസിലെ ക്രിമിനലുകളെ കുറിച്ച് ചോദ്യം ചോദിച്ച ആര്‍എംപി എംഎല്‍എ കെ കെ രമ ചോദിക്കുന്നു. ടിപി ചന്ദ്രശേഖരന്റെ ഭാര്യയുടെ, ഒരുപക്ഷേ സംസ്ഥാനം കണ്ട ഏറ്റവും നിഷ്ഠൂരമായ കൊലപാതകത്തിന്റെ മുറിവുണങ്ങാതെ ജീവിക്കുന്ന രമയുടെ സംശയം സ്വാഭാവികം മാത്രം.

ഫസല്‍ വധക്കേസില്‍ സിപിഎം  നേതൃത്വം ആവശ്യപ്പെട്ട രീതിയില്‍ അന്വേഷണം നടത്താത്തതിന്റെ പേരില്‍ വിരമിച്ച ശേഷവും ആനുകൂല്യങ്ങള്‍ നല്‍കാതെ പീഡിക്കപ്പെടുന്ന ഐപിഎസ് ഓഫീസര്‍ കെ രാധാകൃഷ്ണന്‍ എന്ന പേര് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കേരള ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്ന് വിരമിച്ചശേഷവും പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും തുടരുന്ന ദ്രോഹ നടപടികള്‍ സഹിക്കാനാകാതെ മറ്റൊരു സംസ്ഥാനത്ത് സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ് അദ്ദേഹമിപ്പോള്‍.

2006ലെ വി എസ് ഗവണ്‍മെന്റിന്റെ സമയത്ത് അന്വേഷണച്ചുമതല ഉണ്ടായിരുന്നപ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണസംഘത്തിന് മൂക്കുകയറിടാന്‍  ശ്രമിച്ചുവെന്ന് കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ സമയത്ത് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു പരാതി ബോധിപ്പിക്കാന്‍ എത്തിയെങ്കിലും മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്ന് കരഞ്ഞുകൊണ്ടിറങ്ങിപ്പോകേണ്ടി വന്നുവെന്ന് ഈ ഓഫീസര്‍ പറയുന്നു കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ എങ്ങനെയാണ് നീതിപാലകര്‍ക്ക് നീതിപുലര്‍ത്താന്‍ കഴിയുക?

വനിത  കമ്മീഷന്‍ അധ്യക്ഷ തന്നെ ചൂണ്ടിക്കാണിച്ചത് പോലെ സ്ത്രീവിരുദ്ധമായ സമീപനം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്.. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ പൊലീസിന് ഏറെ ചെയ്യാനുണ്ട്. ജനങ്ങള്‍ക്ക് പൊലീസിനോടുള്ള സമീപനം മാറ്റാനാകണം. അവര്‍ക്ക് പൊലീസ് സ്‌റ്റേഷനുകളില്‍ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണം. നീതി നടപ്പിലാക്കാനാകണം പൊലീസ്. അതുപോലെ  പ്രധാനമാണ് പൊലീസിന്  മേലുള്ള പാര്‍ട്ടിയുടെ നിയന്ത്രണം ഒഴിവാക്കുകയെന്നത്. 

ഇനിയും എത്ര മരണങ്ങള്‍ വേണം നമ്മുടെ ഭരണാധിപന്മാര്‍ക്ക്  കണ്ണ് തുറക്കാന്‍? നിയമപാലകരുടെ അനാസ്ഥ കവര്‍ന്നെടുക്കുന്ന അവസാനത്തെ ജീവനാകട്ടെ മൊഫിയ പര്‍വീണ്‍. ഇനിയുമിത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളം അനുവദിച്ചുകൂടാ.

ദത്ത് വിവാദം 

അങ്ങനെ ദത്തു വിവാദത്തിന് ശുഭ (?) പര്യവസാനം. നീണ്ട നിയമ യുദ്ധത്തിന് ശേഷം അനുപമയ്ക്ക് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടി.  അനുപമ പരാതി ഉന്നയിച്ച് ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടുപോയ ശിശു ക്ഷേമ സമിതിക്ക് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണം കണ്ടെത്തുകയും ചെയ്തു. അനുപമയുടെ അച്ഛനെതിരെയുള്ള നിയമ നടപടികള്‍ തുടരുകയാണ്. എല്ലാം നന്നായവസാനിച്ചെന്ന് മാധ്യമങ്ങളും സമൂഹവും. നല്ലത്. പക്ഷെ മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ സ്വന്തം കണ്മണിയായി ദത്തെടുത്ത ശേഷം ദിവസങ്ങള്‍ക്കകം തിരിച്ചു നല്‍കേണ്ടി വന്ന ആന്ധ്രയിലെ ദമ്പതികളുടെ കണ്ണുനീര്‍ നാം കാണാതെ പോകരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com