'കാന്‍സര്‍ രോഗി; അതില്‍ ചെറുപ്പക്കാരന്‍, പ്രായമായ ആള്‍ എന്നൊന്നുമില്ല'

ക്ഷേ എല്ലാ വിശ്വാസങ്ങളെയും കെടുത്തിക്കളയും. അസ്ഥികളില്‍ നിന്ന് അത് നീറിപ്പിടിക്കുമ്പോള്‍ നല്ല ചിന്തകളൊക്കെ മാഞ്ഞു പോകും, പകരം മടുപ്പും വെറുപ്പും വന്നു നിറയും
'കാന്‍സര്‍ രോഗി; അതില്‍ ചെറുപ്പക്കാരന്‍, പ്രായമായ ആള്‍ എന്നൊന്നുമില്ല'

'കാക്കകളുടെ കരച്ചില്‍, സൈക്കിള്‍ ബെല്ലുകള്‍, ട്രാഫിക്കിലെ ഹോണ്‍ മുഴക്കം, ബാങ്കുവിളി, സ്‌കൂട്ടറുകളുടെ കുടുകുടു ഒച്ച. മുംബെയുടെ രാത്രിയില്‍ നമ്മളെ ഉറക്കത്തിലേക്കു കൂട്ടിക്കൊണ്ടുപോവുന്ന കടലിന്റെ സംഗീതം. അപ്പുറത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉറക്കെയുള്ള ചിരി, റോഡില്‍ നിന്നുള്ള വലിയ സംസാരങ്ങള്‍. വീടിനു പുറത്തെ മരത്തിനു താഴെ, ചുറ്റുവട്ടത്തുള്ളവരുടെ മുഴുവന്‍ ഉടുപ്പുകളും ഇസ്തിരിയിട്ടു കൊണ്ടിരിക്കുന്ന മനി മജ്‌റ സദാസമയവും ഓണ്‍ ചെയ്തു വച്ച റേഡിയോയില്‍ നിന്നുള്ള പഴയ ഹിന്ദി പാട്ടുകള്‍'

ഇന്ത്യാനാപൊളിസിലെ കീമോതെറാപ്പി ദിനങ്ങളില്‍ മനസ്സിലേക്കു വന്ന ഇന്ത്യയെ, ദ ടെസ്റ്റ് ഒഫ് മൈ ലൈഫ്: ഫ്രം ക്രിക്കറ്റ് ടു കാന്‍സര്‍ ആന്‍ഡ് ബാക്ക് 'ല്‍
യുവരാജ് സിങ് ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്; ഇന്ത്യയുടെ ശബ്ദങ്ങള്‍. നിശ്ശബ്ദതയുടെ തുരുത്തില്‍ എത്തിപ്പെടുമ്പോഴാവണം നമ്മള്‍ ചുറ്റുമുണ്ടായിരുന്ന ശബ്ദങ്ങളെ നഷ്ടബോധത്തോടെ ഓര്‍ക്കുക. നിശ്ശബ്ദതയുടെ തുരുത്ത് - അത് അങ്ങനെ തന്നെയായിരുന്നു. ആശുപത്രിക്കടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ജനലിനപ്പുറം കനാലില്‍ നീന്തുന്ന താറാവുകള്‍, കൊടും തണുപ്പിലും ഷോര്‍ട്‌സ് ധരിച്ചു നടക്കാനിറങ്ങുന്ന ഒന്നോ രണ്ടോ പേര്‍. തീര്‍ന്നു, പിന്നെ നിശ്ശബ്ദത, ഘോര മൗനം. കീമോ കശക്കി മെതിച്ച ശരീരത്തിനും മനസ്സിനും മേലെ അത് വേദനയുടെ പുതപ്പു പോലെ ചുരുണ്ടു കിടന്നു. 

കീമോയുടെ ആദ്യ ദിനം ഡ്രിപ്പിലൂടെ മരുന്നു കയറിപ്പോവുന്നതു നോക്കി നിന്നതും അതെന്താണ് ശരീരത്തില്‍ ചെയ്യാന്‍ പോവുന്നത് എന്നു ജിജ്ഞാസപ്പെട്ടതും ഓര്‍ത്തെടുക്കുന്നുണ്ട്, യുവരാജ്. അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. രണ്ടാം ദിനം മുഖത്ത് നീരു വന്നു വീര്‍ത്തു. മൂന്നാമത്തെ ദിവസം മുറിയില്‍ ടി വി കണ്ടു കൊണ്ടിരുന്നപ്പോള്‍, പെട്ടെന്ന് തൊണ്ടയില്‍ ഭീതിദമായ എന്തോ ഒന്ന് തടയുന്നതുപോലെ തോന്നി. വേഗം തന്നെ അതു വായിലാകെ നിറഞ്ഞു, പിന്നെ കണ്ണുകളിലേക്ക് പടര്‍ന്നു. ഉള്ളിലാകെ ഒരു തരം ഇരുള്‍ മൂടി, എവിടെയും ശുഭകരമായ ഒന്നും ഇല്ലാത്തതു പോലെ. കാന്‍സര്‍, കീമോ, ആശുപത്രി, ഇന്ത്യാനാപൊളിസ് ... ഇതൊക്കെയല്ലാതെ ഒന്നും മനസ്സിലേക്കു വരുന്നേയില്ല. 'സന്തോഷമുള്ള മറ്റെന്തിലും ചിന്തിച്ചെടുക്കാന്‍ ശ്രമിക്കുന്തോറും ഞാന്‍ തോറ്റുകൊണ്ടേയിരുന്നു, പിന്നെയും പിന്നെയും തോറ്റുകൊണ്ടേയിരുന്നു. മുഖം ഉടഞ്ഞു തകര്‍ന്ന പോലെ എനിക്കു തോന്നി, അനന്തമായ സങ്കടത്തിന്റെ കണ്ണുനീര്‍ കവിളുകളിലൂടെ ഒലിച്ചിറങ്ങി; ഞാന്‍ കരയുകയായിരുന്നു. എന്തുപറ്റി എന്നു ചോദിച്ച് അമ്മ ഓടി വന്നത് എനിക്കോര്‍മയുണ്ട്. അമ്മയോടു പറയാന്‍ എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു, അല്ലെങ്കില്‍ അതിനുള്ള ഏക മറുപടി, എന്റെയുളളില്‍ കീമോ പ്രവര്‍ത്തിച്ചു തുടങ്ങി എന്നതു മാത്രമായിരുന്നു.'

വേദന ഒരു ക്രിക്കറ്ററുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കുതിച്ചു പാഞ്ഞു വരുന്ന ബൗണ്‍സര്‍ ഏതു സമയവും ബാറ്റ്‌സ്മാനെ പരിക്കേല്‍പ്പിക്കാം, ഫീല്‍ഡ് ചെയ്യുമ്പോഴുള്ള വീഴ്ച, ടീമിലെ മറ്റൊരാളുമായുള്ള കൂട്ടിയിടി; ഇതൊക്കെ എപ്പോഴും സംഭവിക്കാം. വേദന സംഹാരികള്‍, ഹോട്ട് ബാഗ്, കൂള്‍ പാഡ്, ഫിസിയോ, ആശുപത്രി ഇതൊക്കെ എപ്പോള്‍ വേണമെങ്കിലും ജീവിതത്തിലേക്ക് കടന്നുവരാം. കീമോ പക്ഷേ അതൊന്നുമല്ലായിരുന്നു. അതു തന്നെ വേദനയുടെ അപരിചിതമായ ലോകങ്ങള്‍ കാണിച്ചു തന്നെന്ന് യുവരാജ്. 'അപ്രതീക്ഷിതമായ ഇടങ്ങളില്‍ നിന്നാണ് അത് ഉരുവം കൊണ്ടത്. വേദന വേദന മാത്രമായി നിന്നില്ല; മനംപിരട്ടല്‍, ഛര്‍ദി, വിറയല്‍, തലവേദന, രുചിയും മണവും ഇല്ലായ്മ ഒക്കെ അതിന്റെ കൂടെ വന്നു. എന്റെ കൈകള്‍ എന്റെ കൈകളാണെന്ന് തോന്നുന്നേയില്ല, കുട്ടിക്കാലത്ത് കേട്ട ഏതോ മുത്തശ്ശിക്കഥയിലെ ഭീമന്‍ എട്ടുകാലിയുടെ കൈകളാണ് അവയെന്ന് തോന്നി. എനിക്കറിയാവുന്ന എന്റെ ശരീരം ഇല്ലാതായിക്കഴിഞ്ഞിരുന്നു, തകര്‍ന്നുടഞ്ഞ മനസ്സ് അതുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെട്ടു.'

നന്നായി ഭക്ഷണം കഴിച്ചിരുന്ന, പാര്‍ട്ടികളിലൊക്കെ കുഞ്ഞു തമാശകള്‍ ഒപ്പിച്ചിരുന്ന, പാട്ടും ഡാന്‍സും സിനിമയുമൊക്കെ ഇഷ്ടമായിരുന്ന, സുന്ദരികളോട് മിണ്ടാന്‍ കൊതിച്ചിരുന്ന, എല്ലാവരോടും ചറപറാ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്ന ഒരാള്‍. അങ്ങനെയൊരാളെ കീമോ അയാളല്ലാതാക്കി. പകരം പുതിയൊരു യുവരാജ് ഉണ്ടായി. അയാള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടേയില്ല, ചിപ്പിക്കുള്ളില്‍ അടച്ചിരുന്ന് എപ്പോഴും ഉള്ളിലേക്കു നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് ആളുകളോട് മിണ്ടുന്നതിനെക്കുറിച്ചൊന്നും ഓര്‍ക്കാന്‍ തന്നെയായില്ല. 

'മുകള്‍ നിലയിലെ മുറിയായിരുന്നു എന്റെ ലോകം. അവിടെയിരുന്ന് എനിക്കു കരയാം. എന്തുപറ്റിയെന്നു ചോദിക്കാന്‍, അല്ലെങ്കില്‍ ഒന്നും പറയാതെ വെറുതെ അടുത്തു വന്നു തലയില്‍ തലോടാന്‍ അമ്മ അവിടേക്കു വരില്ല. ജീവിതത്തെക്കുറിച്ച്, അതിന്റെ ഗഹനതയെക്കുറിച്ച് വല്ലാതൊന്നും ചിന്തിക്കുന്നയാളല്ല ഞാന്‍. എങ്കിലും ആ മുറിയിലിരുന്ന് ഞാന്‍ ആലോചിച്ചു, ജീവിതം എങ്ങനെയെല്ലാം മാറിപ്പോയെന്ന്. കുറച്ചു നാള്‍ മുമ്പ് ലോക കിരീടം നേടിയ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു ഞാന്‍; എത്ര പെട്ടെന്നാണ് അതു ഭൂതകാലമായത്. ടീം ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്, ഞാനിവിടെ ദിവസം മുഴുവന്‍ ഒരു സോഫയില്‍ ചടഞ്ഞു കൂടിയിരിക്കുന്നു. ചുറ്റുമുള്ള ലോകം അതിവേഗം ചലിക്കുമ്പോള്‍ എന്റേതു മാത്രം നിശ്ചലമായിരിക്കുന്നു.' 

'ഇന്ന് നല്ലതായിരിക്കും', ഓരോ ദിവസവും പുലരുമ്പോള്‍ തന്നോടു തന്നെ ഇതു പറഞ്ഞ് പ്രത്യാശ തിരിച്ചു പിടിക്കാന്‍ നോക്കിയതിനെപ്പറ്റി എഴുതുന്നുണ്ട്, യുവരാജ്. വേദന പക്ഷേ എല്ലാ വിശ്വാസങ്ങളെയും കെടുത്തിക്കളയും. അസ്ഥികളില്‍ നിന്ന് അത് നീറിപ്പിടിക്കുമ്പോള്‍ നല്ല ചിന്തകളൊക്കെ മാഞ്ഞു പോകും, പകരം മടുപ്പും വെറുപ്പും വന്നു നിറയും. ഇനി ആശുപത്രിയിലേക്ക് ഇല്ലെന്നു പറഞ്ഞ് കിടക്കയില്‍ തന്നെ ചുരുണ്ടു കൂടും. അങ്ങനെയൊരു ദിവസം, ഇന്ന് വരാതിരുന്നോട്ടെയെന്ന് അമ്മ ആശുപത്രിയിലേക്കു വിളിച്ചു ചോദിക്കുക പോലുമുണ്ടായി. പരമാവധി ഒരു മണിക്കൂര്‍, അതിലപ്പുറം കീമോയില്‍ ബ്രേക്കിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നായിരുന്നു മറുപടി. 'അമ്മ നിസ്സഹായതയോടെ എന്നെ നോക്കി, 'യുവി, നമുക്കു പോയേ പറ്റൂ. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് വേച്ചുവേച്ച് ഞാന്‍ വാഷ് റൂമിലേക്ക് പോവുന്നത് അമ്മ നോക്കി നിന്നു. പെട്ടെന്ന് ഞാന്‍ വീഴാന്‍ പോവുന്നു എന്നു തോന്നിയപ്പോള്‍ പിടിക്കാനായി ഓടി വന്നു, ഞാന്‍ അമ്മയുടെ മേലേക്ക് മറിഞ്ഞു വീണു. '

'ചില ദിവസം കീമോ സ്‌റ്റേഷനില്‍ നിന്ന് തിരിച്ച് വണ്ടിയിലേക്ക് വീല്‍ ചെയര്‍ വേണ്ട, നടന്നു പോവാമെന്ന് ഞാന്‍ വാശി പിടിക്കും. രണ്ടു ചുവട്, അല്ലെങ്കില്‍ മൂന്ന്. അത്രയേ പറ്റൂ. ചുവരിനോട് ചേര്‍ന്ന് ഞാന്‍ തളര്‍ന്നിരിക്കും. അസ്ഥിയും പേശികളുമൊന്നുമില്ലാതെ തൊലിയുടെ ഒരൊഴിഞ്ഞ സഞ്ചി. അതാണിപ്പോള്‍ എന്റെ കാലുകള്‍. അവയ്ക്ക് ശരീരത്തെ താങ്ങാനുള്ള കരുത്തില്ല. വാതില്‍ക്കലേക്ക് ഇഴഞ്ഞുനീങ്ങിയാലോ എന്നെനിക്കു തോന്നും. സത്യത്തില്‍ അനങ്ങാനാവാതെ, ആരെങ്കിലും വീല്‍ ചെയര്‍ കൊണ്ടുവരുന്നതു വരെ അവിടെയിരിക്കുക എന്നതു മാത്രമേ എനിക്കു ചെയ്യാനാവൂ. ആരാണീ ചെറുപ്പക്കാരന്‍, വീല്‍ ചെയറിന് കാത്തിരിക്കുന്നയാള്‍ എന്നൊക്കെ ചുറ്റുമുള്ളവര്‍ ഓര്‍ക്കുമല്ലോയെന്ന് ഞാന്‍ ചിന്തിക്കും. എന്തൊരു പൊട്ടച്ചിന്ത. നിങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടെങ്കില്‍ പിന്നെ പ്രായമായ ആള്‍, ചെറുപ്പക്കാരന്‍ എന്നൊന്നുമില്ല. കാന്‍സര്‍ രോഗി; അതുമാത്രം. നിങ്ങള്‍ ഏതു സമയവും തളര്‍ന്നു വീഴാന്‍ സാധ്യതയുള്ള ഒരാളാണ്, അല്ലെങ്കില്‍ കഴിക്കുന്നത് അപ്പാടെ ഛര്‍ദിച്ചുകളയുന്നയാള്‍. നിങ്ങള്‍ ഒപ്പമുള്ളവരോട് എപ്പോള്‍ വേണമെങ്കിലും ദേഷ്യപ്പെട്ടു സംസാരിക്കുന്ന ഒരാളാണ്, അല്ലെങ്കില്‍ വല്ലാത്ത നിസ്സഹായതയില്‍ നിലവിളിക്കുന്നയാള്‍. കഴിക്കാന്‍ അതു വേണം, ഇതു വേണം എന്നൊക്കെ പറഞ്ഞ് കൂടെയുള്ളവരെ വെറുപ്പിക്കുന്നയാള്‍, അവരത് എങ്ങനെയെങ്കിലും തേടിപ്പിടിച്ച് കൊണ്ടുവരുമ്പോള്‍ ഇത്തിരി മാത്രം കഴിച്ച് അതിലേറെ ഛര്‍ദിച്ചു കളയുന്നയാള്‍. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ പകല്‍ കാട്ടിക്കൂട്ടിയതോര്‍ത്ത് നിങ്ങള്‍ക്കു തന്നെ ലജ്ജ തോന്നും. ഛെ, എന്താണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തത്? അത്രമേല്‍ സ്‌നേഹിക്കുന്നവരോട് എന്തിനാണിങ്ങനെ പെരുമാറിയത്? അവരൊക്കെ എന്നെക്കുറിച്ച് എന്താവും കരുതുക? കണ്ണൂനീര്‍ വീണ് നിങ്ങളുടെ തലയണ നനയും; ഈ സമയവും കടന്നുപോവും എന്ന് ആശിക്കാനല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കു ചെയ്യാനുണ്ടാവില്ല. '

'അങ്ങനെയൊരു ദിവസമാണ് അനില്‍ ഭായ് വന്നത്. അനില്‍ കുംബ്ലെ. ടീമിലെ ഇളമുറക്കാരുടെ ഹെഡ് മാസ്റ്റര്‍. ഞാന്‍ ഇന്ത്യന്‍ ടീമില്‍ ആദ്യം കളിക്കുമ്പോള്‍ ഏറ്റവും സീനിയര്‍ ബൗളര്‍ ആയിരുന്നു അനില്‍ ഭായ്. അന്ന് ഏറ്റവും ജൂനിയറായ മുഹമ്മദ് കൈഫും ഞാനുമാണ് പോയിന്റിലും കവറിലും ഫീല്‍ഡര്‍മാര്‍. ഒരു മിസ് വന്നാല്‍ മതി അനില്‍ ഭായിയുടെ വായില്‍ നിന്ന് നിറച്ചു കേള്‍ക്കാം. സത്യത്തില്‍ അനില്‍ ഭായ് ബൗള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ പേടിയായിരുന്നു. എന്നാല്‍ ഫീല്‍ഡിനു പുറത്ത്, സൗമ്യമായി മാത്രം സംസാരിക്കുന്ന ഒരു പാവം. ഞങ്ങള്‍ അതിശയപ്പെടാറുണ്ട്, ഫീല്‍ഡില്‍ സ്റ്റംപ് മൈക്ക് പൊട്ടുന്ന പോലുള്ള ശബ്ദത്തില്‍ ഹൗസാറ്റ് വിളിക്കുന്ന അനില്‍ ഭായ് തന്നെയാണോ ഇത്? ഞാന്‍ ബോസ്റ്റണിലുണ്ട്, നിന്നെക്കാണാന്‍ വരുന്നു, ഒരു ദിവസം അവിടെയുണ്ടാവും എന്ന് അനില്‍ ഭായ് വിളിച്ചു പറഞ്ഞപ്പോള്‍ ഞാനത്ര കാര്യമാക്കിയില്ല. വെറുതെ പറഞ്ഞതാവും എന്നു കരുതി. പക്ഷേ കൃത്യസമയത്ത്, പറഞ്ഞ പോലെ അനില്‍ ഭായ് അപ്പാര്‍ട്ട്‌മെന്റിലെത്തി. ഹെഡ് മാസ്റ്റര്‍ ഉപദേശങ്ങളുടെ കെട്ടഴിക്കുമോയെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അനില്‍ ഭായ് ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. കീമോയെക്കുറിച്ച് പറയാതെ, ചുവരലമാരകളില്‍ നിറഞ്ഞിരിക്കുന്ന മരുന്നുകളെക്കുറിച്ച് പറയാതെ അനില്‍ ഭായ് ക്രിക്കറ്റിനെക്കുറിച്ച് പറഞ്ഞു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അപ്പോള്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച്, നാഷനല്‍ ക്രിക്കറ്റ് അക്കാദമിയെക്കുറിച്ച്, പിന്നെ ഇന്ത്യന്‍ ടീമിനെക്കുറിച്ച്. ഞാന്‍ ശരിക്കും ഉഷാറായി. നമുക്കൊന്നു നടന്നു വരാം എന്ന് അനില്‍ ഭായ് പറഞ്ഞപ്പോള്‍ ആദ്യം എഴുന്നേറ്റത് ഞാനായിരുന്നു. സദാസമയവും സോഫയില്‍ ചടഞ്ഞു കൂടിയിരിക്കുന്ന, അമ്മയും കൂടെയുള്ളവരും എത്ര നിര്‍ബന്ധിച്ചാലും പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഞാന്‍.'

'പിറ്റേന്ന് ഇറങ്ങാന്‍ നേരം അനില്‍ ഭായ് പറഞ്ഞു, സ്വന്തം കളികളുടെ യൂടൂബ് വിഡിയോ കാണുന്ന ശീലം നിര്‍ത്തണം . അന്ന് എന്റെ പ്രധാന ഹോബി അതായിരുന്നു. കഴിയുന്നത്ര സമയം ഇത് കണ്ടു കൊണ്ടിരിക്കുക, എന്നിട്ട് നഷ്ട ദിനങ്ങളെ ഓര്‍ത്ത് വേദനിക്കുക. ക്രിക്കറ്റ് ഇനിയും വരും, ആരോഗ്യം അത് വീണ്ടെടുക്കുകയാണ് പ്രധാനം. എന്നിട്ട് അനില്‍ ഭായ് ഒരു കൊല്ലത്തോളം കളിയില്‍ നിന്ന് വിട്ടു റില്‍ക്കേണ്ടി വന്ന കഥ പറഞ്ഞു. തോളെല്ലിന് പരിക്കേറ്റ് ദക്ഷിണാഫ്രിക്കയില്‍ ശസ്ത്രക്രിയ. ആശുപത്രിക്കടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കു താമസം. കൈ കൊണ്ട് എന്തെങ്കിലുമൊന്ന് എടുത്തുയര്‍ത്തുക - അതു മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് അനില്‍ കുംബ്ലെ പറഞ്ഞു, ക്രിക്കറ്റും വിക്കറ്റ് എടുക്കലുമെല്ലാം അതു കഴിഞ്ഞു വരുന്ന കാര്യങ്ങളാണല്ലോ. അതെ, അതു തന്നെയാണ് ശരിയെന്ന് എനിക്കു തോന്നി. രോഗമുക്തി നേടുക, സുഖപ്പെടുക അതു തന്നെയാണ് പ്രധാനം. കാന്‍സര്‍ അതാണ് ഇപ്പോള്‍ എന്റെ എതിരാളി. അതിനെ കീഴ്‌പ്പെടുത്തണം. ഏറ്റവും പ്രതികൂലമായ പിച്ചില്‍, അതി കണിശക്കാരനായ ബൗളറെ നേരിടുന്ന ബാറ്റര്‍ ആണ് ഞാന്‍. വിക്കറ്റ് കളഞ്ഞുകുളിച്ച് പോരാട്ടം അവസാനിപ്പിക്കണോയെന്ന് ഞാന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇല്ല, ഞാന്‍ കീഴടങ്ങുന്നില്ല. ഞാന്‍ പോരാടാന്‍ തന്നെയാണ് പോവുന്നത്. ചിപ്പിക്കുള്ളില്‍ സ്വയം അടച്ചു വച്ച് ലോകത്തിനു നേരെ ഞാനിനി മുഖം തിരിക്കില്ല, നഷ്ടദിനങ്ങളെക്കുറിച്ചോര്‍ത്ത് സ്വയം പീഡിപ്പിക്കില്ല, ഞാന്‍ ലോകത്തിലേക്കിറങ്ങുകയാണ്, അതിനുള്ള ശ്രമമെങ്കിലും നടത്തുകയാണ്.'

'ആയിടയ്ക്കാണ് ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ കുറച്ചു കുട്ടികള്‍ എന്നെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു വന്നത്. അനില്‍ ഭായ് വരുന്നതിന് മുന്‍പായിരുന്നെങ്കില്‍ ഞാന്‍ അപ്പോള്‍ തന്നെ വേണ്ടെന്നു പറഞ്ഞേനെ. അപരിചിതരുമായുള്ള കൂടിക്കാഴ്ച, യാന്ത്രികമായ ഷെയ്ക്ക് ഹാന്‍ഡുകള്‍, ഫോട്ടോയ്ക്കു വേണ്ടി ചിരിച്ചു കാണിക്കല്‍ ഇതൊക്കെ എനിക്കു ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ പക്ഷേ അങ്ങനെയല്ല; എനിക്കവരെ കാണണമെന്നു തോന്നി. ഇന്ത്യക്കാരായ കുട്ടികള്‍, ഞാനിവിടെ ചികിത്സയിലുണ്ടെന്നറിഞ്ഞ് വന്നതാണ്. പതിവിലേറെ തണുപ്പുള്ള ദിവസമായിരുന്നു അത്. രണ്ടാം കീമോ സൈക്കിളിന്റെ ഇടവേളയിലായിരുന്നു ഞാന്‍, ആരോഗ്യം തീര്‍ത്തും മോശം. രാവിലെ മുതല്‍ ഛര്‍ദി, എണീറ്റു നില്‍ക്കാന്‍ തന്നെ വയ്യ. എങ്കിലും പുറത്ത് വിറയ്ക്കുന്ന ശീതക്കാറ്റില്‍ കാത്തു നില്‍ക്കുന്ന കുട്ടികളെ കാണാന്‍ ഞാനിറങ്ങി. എന്നെ കണ്ടപാടെ അവര്‍ ആര്‍ത്തു വിളിച്ചു; യുവി, യുവി എന്ന വിളിയില്‍ നിശ്ശബ്ദതയുടെ ആ തുരുത്ത് മുഖരിതമായി. കൈകള്‍ നിറയെ പൂക്കളും സമ്മാനങ്ങളുമായാണ് അവര്‍ വന്നത്. ചിലരൊക്കെ ഇന്ത്യന്‍ ഭക്ഷണം പായ്ക്ക് ചെയ്ത് കൈയില്‍ കരുതിയിരുന്നു; ബിരിയാണി, രാജ്മ, ആലൂ ഗോബി, ചിക്കന്‍ കറി, ദാല്‍ അങ്ങനെയങ്ങനെ. പിന്നെ സംസാരം, ബഹളം, വിശേഷം പറച്ചില്‍, ഓട്ടോഗ്രാഫുകള്‍. രാജ് കോട്ടിലെയോ ജയ്പുരിലേയോ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഞാനെന്ന് എനിക്കു തോന്നി. '

(യുവരാജ് സിങ്ങിന്റെ ദ ടെസ്റ്റ് ഒഫ് മൈ ലൈഫ്: ഫ്രം ക്രിക്കറ്റ് ടു കാന്‍സര്‍ ആന്‍ഡ് ബാക്ക് 'ല്‍ നിന്ന്, ചിത്രം: കീമോതെറാപ്പിക്കിടെ യുവരാജ് ട്വിറ്ററില്‍ പങ്കുവച്ചത്‌)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com