EMS Cabinet: കെആർ ഗൗരിയോ റോസമ്മ പുന്നൂസോ ? ടിവി തോമസ് ഉണ്ടാവുമോ? 'ഊഹക്കളി'യിൽ പിറന്ന വാർത്ത

ഇ എം എസ് ഒറ്റയ്ക്കല്ല, പതിനൊന്നംഗ ക്യാബിനറ്റ് ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്
members of the EMS cabinet in 1957? news emerged from that 'guessing game'
ബൈജു ചന്ദ്രന്‍
Updated on

1957 ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ചയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ മാരെയും നിശ്ചയിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും നിയമസഭാ കക്ഷി യോഗവും മാര്‍ച്ച് 25 തൊട്ടുള്ള രണ്ടു ദിവസങ്ങളിലായി എറണാകുളത്ത് ചേരുകയായിരുന്നു.വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാന്‍ വിദഗ്ദ്ധരായ അന്നത്തെ പ്രമുഖ പത്രപ്രവര്‍ത്തകരെല്ലാം സ്ഥലത്തുണ്ട്. നിയമസഭാകക്ഷി നേതാവായി ഇ എം എസ് നമ്പൂതിരിപ്പാടും ഉപനേതാവായി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി അച്യുത മേനോനും പുതിയ പാര്‍ട്ടി സെക്രട്ടറിയായി എം എന്‍ ഗോവിന്ദന്‍ നായര്‍ എം പിയും തിരഞ്ഞെടുക്കപ്പെട്ടത് അവരുടെയെല്ലാം ഊഹങ്ങള്‍ പലതും തെറ്റിച്ചുകൊണ്ടാണ്. ആരൊക്കെയായിരിക്കും നിയുക്ത മന്ത്രിമാര്‍ എന്നുള്ളതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരം പോലും പാര്‍ട്ടിയുടെ ഇരുമ്പു മറ ഭേദിച്ചു പുറത്തുവന്നില്ല.

എറണാകുളത്ത് തമ്പടിച്ചിരുന്ന കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനും കേരള കൗമുദി ലേഖകനായ എന്‍ രാമചന്ദ്രനും ഒടുവില്‍ നിരാശയോടെ മടങ്ങി പ്പോകാന്‍ തീരുമാനിച്ചു.യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ടാളും പോകുന്ന കാറില്‍ ഒരു ലിഫ്റ്റ് ചോദിച്ചുകൊണ്ട് കുന്നത്തൂര്‍ എം എല്‍ എയും നിയമസഭയിലെ അസിസ്റ്റന്റ് വിപ്പുമാരില്‍ ഒരാളുമായ പന്തളം പി ആര്‍ മാധവന്‍ പിള്ള അവരുടെ അടുത്തേക്ക് ചെന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി ചിറയിന്‍കീഴ് ലോക്സഭാ സീറ്റില്‍ മത്സരിച്ചു തോറ്റ കെ ബാലകൃഷ്ണനും ആര്‍എസ്പിയുടെ മറ്റൊരു നേതാവായ എന്‍ രാമചന്ദ്രനും രാഷ്ടീയത്തീനതീതമായ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നവരായിരുന്നു. സന്തോഷത്തോടെ അവര്‍ പന്തളം പി ആറിനെ സ്വാഗതം ചെയ്തു.അതിന്റെ പിന്നില്‍ രണ്ടുപേര്‍ക്കും ഒരു ഗൂഡോദ്ദേശ്യം കൂടിയുണ്ടായിരുന്നു.

യാത്ര കുറച്ചങ്ങോട്ട് ചെന്നപ്പോള്‍ ബാലകൃഷ്ണനും രാമചന്ദ്രനും കൂടി ഒരു നാടകം കളിക്കാനാരംഭിച്ചു. പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെയായിരിക്കുമെന്നതിനെ കുറിച്ച് ഒരു ഊഹക്കളി. ഇ എം എസ് ആയിരിക്കും പുതിയ മുഖ്യമന്ത്രി എന്നേതാണ്ട് തീര്‍ച്ചയായ സാഹചര്യത്തില്‍ ആരായിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍? തിരുകൊച്ചി നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ടിവി തോമസ് മന്ത്രിസഭയിലുണ്ടാകുമോ? കെആര്‍ ഗൗരിയായിരിക്കുമോ റോസമ്മ പുന്നൂസായിരിക്കുമോ മന്ത്രിസഭയിലെ സ്ത്രീ? മന്ത്രിസഭയിലെ ഹരിജന്‍, മുസ്ലീം പ്രതിനിധികള്‍ ആരൊക്കെയായിരിക്കും? സാധ്യതാ ലിസ്റ്റിലെ ഓരോ പേരും പറഞ്ഞ് അവര്‍ രൂക്ഷമായ വാഗ് വാദത്തിലേര്‍പ്പെട്ടു.തുടക്കത്തില്‍ ഇവരുടെ തര്‍ക്കം വെറുതെ ചിരിച്ചുകൊണ്ട് കേട്ടിരിക്കുകയായിരുന്നു പന്തളം പി ആര്‍. കേരളം,നവലോകം എന്നീ പത്രങ്ങളുടെ പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പന്തളം പി ആറിന് ബാലകൃഷ്ണന്റെയും രാമചന്ദ്രന്റെയും 'കളി' മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.താന്‍ കൂടി ഭാഗമായ വളരെ പ്രധാനപ്പെട്ട ഒരു യോഗം കൈക്കൊണ്ട തീരുമാനങ്ങളൊക്കെ ഇങ്ങനെ തെറ്റായി പറയുന്നതു കേട്ടിരിക്കാന്‍ ക്ഷമയുണ്ടായിരുന്നില്ല അദ്ദേഹത്തിന്.ഓരോ പേരിന്റെയും കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ അക്ഷമയോടെ പന്തളം പി ആര്‍ ഇടപെടാന്‍ തുടങ്ങി.അങ്ങനെ താനറിയാതെ പന്തളം പി ആറിന്റെ നാവില്‍ നിന്നുതന്നെ പേരുകളോരോന്നായി പുറത്തുവന്നു.തങ്ങളുടെ പദ്ധതി വിജയിച്ചുവെന്ന് മനസ്സിലായപ്പോള്‍ ആ രണ്ടു പ്രഗത്ഭ പത്രപ്രവര്‍ത്തകരും പന്തളം പിആര്‍ കാണാതെ പരസ്പരം നോക്കിയൊന്ന് ചിരിച്ചു.

കാര്‍ കൊല്ലം പട്ടണത്തിലെത്തിയപ്പോഴേക്ക് അവര്‍ക്ക് മന്ത്രിസഭയുടെ ഏതാണ്ട് പൂര്‍ണ്ണ ലിസ്റ്റും കിട്ടിക്കഴിഞ്ഞിരുന്നു കൊല്ലത്തുനിന്നുതന്നെ അവര്‍ ഫോണിലൂടെ കേരളകൗമുദിയ്ക്ക് വാര്‍ത്തയെത്തിച്ചു കൊടുത്തു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിനായി പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയുടെ അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ്എന്നുള്ളതുകൊണ്ട് 'സാദ്ധ്യത' യുള്ളവരുടെ പേരുകള്‍ എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ടാണ് ഏതാണ്ട് തൊണ്ണൂറ്റി ഒമ്പത് ശതമാനം വരെ ശരിയായിത്തീര്‍ന്ന ആ ലിസ്റ്റ് കേരളകൗമുദി അടുത്ത ദിവസം പ്രസിദ്ധീകരിച്ചത്.

രാഷ്ട്രീയ ലേഖകന്‍ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് ഇതാ:

'പതിമൂന്നു പേരടങ്ങിയ ഒരു ലിസ്റ്റില്‍ നന്നായിരിക്കും ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് തന്റെ മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നതെന്നറിയുന്നു.

ഇന്ന് പട്ടണത്തിലെ പ്രധാന സംസാര വിഷയം ഉടലെടുക്കാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമായിരിക്കുമെന്നുള്ളതിനെപ്പറ്റിയായിരുന്നു. പല അഭ്യൂഹങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാക്കളായ പലരോടും ഞാന്‍ സംസാരിച്ചു. മന്ത്രിസഭയില്‍ ആരെല്ലാമുണ്ടായിരിക്കിമെന്നുള്ളതിനെ പ്പറ്റി അവസാന ത്വീരുമാനമൊന്നുമായിട്ടില്ലെന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇന്നുകൂടിയ എം എല്‍ എ മാരുടെ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു. ഇ എം എസിനെ കൂടാതെ പതിമൂന്നുപേരുടെ ഒരു ലിസ്റ്റില്‍ നിന്നായിരിക്കും സ്പീക്കാറെയും ഡെപ്യൂട്ടി സ്പീക്കറെയും മന്ത്രിമാരെയും തിരഞ്ഞെടുക്കുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമൊഴികെ മറ്റുള്ളവര്‍ മന്ത്രിസഭയിലുണ്ടായിരിക്കുമെന്ന നിഗമനത്തിലായിരിക്കണം പതിനൊന്നു പേരുള്ള മന്ത്രിസഭയെപ്പറ്റിയുള്ള അഭ്യൂഹമുണ്ടായത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.പതിമൂന്നുപേര്‍ പര്യാലോചനയിലിരിക്കുന്ന ലിസ്റ്റിലെ പതിമൂന്നുപേര്‍ താഴെപ്പറയുന്നവരാണെന്നറിയുന്നു.

ഡോ. എ ആര്‍ മേനോന്‍ ( തൃശ്ശൂര്‍ )വി ആര്‍ കൃഷ്ണന്‍ ( തലശ്ശേരി ). കെപി ഗോപാലന്‍ ( കണ്ണൂര്‍ ), സി അച്യുതമേനോന്‍ ( ഇരിങ്ങാലക്കുട ). പികെ ചാത്തന്‍ (ചാലക്കുടി ) കെ ആര്‍ ഗൗരി ( ചേര്‍ത്തല ) ആര്‍ ശങ്കരനാരായണന്‍ തമ്പി (ചെങ്ങന്നൂര്‍ )ടി വി തോമസ് ( ആലപ്പുഴ )കെ സി ജോര്‍ജ്ജ് ( മാവേലിക്കര )പി രവീന്ദ്രന്‍ (ഇരവിപുരം )ടി എ മജീദ് ( വര്‍ക്കല )ജോസഫ് മുണ്ടശ്ശേരി ( മണലൂര്‍ )ബാലചന്ദ്ര മേനോന്‍ (ചിറ്റൂര്‍ )

കെ സി ജോര്‍ജ്ജായിരിക്കും സ്പീക്കറെന്ന കാര്യം മിക്കവാറും തീര്‍ച്ചപ്പെട്ട പോലെയാണ്.ചിറ്റൂര്‍ നിന്നുജയിച്ച ബാലചന്ദ്ര മേനോന്‍ ഡെപ്യൂട്ടി സ്പീക്കറായിരിക്കാന്‍ സാദ്ധ്യതയുണ്ട്. വി ആര്‍ കൃഷ്ണന്‍ നല്ല പ്രാക്റ്റീസും വരുമാനവുമുള്ള ഒരഭിഭാഷകനാണ്. മന്ത്രിമാരുടെ ശമ്പളം പി എസ് പി മന്ത്രിമാരുടെതിനേക്കാള്‍ കുറവായിരിക്കണമെന്ന കാര്യത്തില്‍ പൊതുവെ അഭിപ്രായ ഐക്യമുണ്ട്. അങ്ങനെ വളരെ കുറഞ്ഞ ശമ്പളത്തില്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ എന്ന ചിന്തയാണ് വി ആര്‍ കൃഷ്ണനെയും ഡോ. എ ആര്‍ മേനോനെയും അലട്ടുന്നത്. എന്തായാലും മദിരാശി യിലെ ഭൂനയ ബില്ലുകള്‍ പാസ്സായ സന്ദര്‍ഭത്തില്‍ സജീവമായി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ സേവനം പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കു നേടുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പരമാവധി ശ്രമിക്കാതിരിക്കയില്ല.മറ്റുള്ളവരില്‍ നിന്ന് ആരെയൊക്കെ തിരഞ്ഞെടുക്കുമെന്ന് പറയാന്‍ വിഷമമാണ്. ഒരുപക്ഷെ എല്ലാവരും മന്ത്രിസഭയില്‍ ഉണ്ടായെന്നും വന്നേക്കാം. ആലപ്പുഴ മുനിസിപ്പാലിറ്റി ഭരണം ടിവി ഉപേക്ഷിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാളില്ലെന്ന പ്രശ്‌നം സജീവമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മന്ത്രിസഭയില്‍ കടക്കുന്നതില്‍ ടി വി തോമസിനു താല്പര്യമില്ലെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് ടി വി മന്ത്രിസഭയില്‍ കടന്നില്ലെന്നു വരാം. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരുടെ സഹകരണം മന്ത്രിസഭാ ലെവലില്‍ പാര്‍ട്ടിക്കുണ്ടാകുകയാണെങ്കില്‍ ഈ ഘടനയില്‍ പല മാറ്റങ്ങളുമുണ്ടാകാം. ഏതായാലും മന്ത്രിസഭയില്‍ ആരെല്ലാം അംഗങ്ങളായിരിക്കണമെന്നുള്ള അവസാന തീരുമാനം മുഖ്യമന്ത്രിയായി ഇ എം എസ് ചാര്‍ജ്ജെടുത്ത ശേഷമേ ഉണ്ടാകൂ എന്ന കാര്യം മിക്കവാറും തീര്‍ച്ചയാണ്.'

ഈ റിപ്പോര്‍ട്ടില്‍ തെറ്റിപ്പോയ കാര്യങ്ങള്‍ ഇതാണ്:

ഇ എം എസ് ഒറ്റയ്ക്കല്ല, പതിനൊന്നംഗ ക്യാബിനറ്റ് ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. പരാമര്‍ശവിധേയരായവരുടെ കൂട്ടത്തില്‍ പി രവീന്ദ്രന്‍,പി ബാലചന്ദ്ര മേനോന്‍ എന്നിവര്‍ ഒരു സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടില്ല. കെസി ജോര്‍ജ്ജ് മന്ത്രിസഭയില്‍ ചേര്‍ന്നപ്പോള്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി സ്പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു.

ഇതില്‍ പേര് പരാമശിക്കപ്പെടാത്ത ഒരാളാണ് ഡെപ്യൂട്ടി സ്പീക്കറായത്: കായംകുളം എം എല്‍ ഏ യായ കെ ഓ അയിഷാ ബായി.

അറുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ഏപ്രില്‍ അഞ്ചാം തീയതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com