
ചൈനീസ് നേതാവ് ഡെങ് സിയാവോപിങ് ഒരിക്കല്‍ പറഞ്ഞു, ''പൂച്ച കറുത്തതോ വെളുത്തതോ ആയിക്കോട്ടെ, അത് എലിയെ പിടിച്ചാല്‍ മതിയല്ലോ.'' കമ്യൂണിസ്റ്റ് ചൈനയുടെ മുതലാളിത്ത സാമ്പത്തിക പരിഷ്‌കരണങ്ങളെ വിശദീകരിക്കാന്‍ പലപ്പോഴും ഉപയോഗിക്കാറുള്ളതാണ്, ഡെങ്ങിന്റെ ഈ വാക്കുകള്‍. ചൈനീസ് പാര്‍ട്ടിയെ പ്രചോദനമായി കാണുന്ന കേരളത്തിലെ സിപിഎമ്മിന്റെ പുതിയ നയരേഖ പരിശോധിച്ചാല്‍, ഡെങ്ങിന്റെ പുസ്തകത്തില്‍നിന്ന് ഒരേട് കീറിയെടുത്തതാണെന്നു തോന്നും. ഉദാരീകരണത്തോടും സ്വകാര്യവത്കരണത്തോടും മൂന്നു പതിറ്റാണ്ടോളം നീണ്ട കടുത്ത എതിര്‍പ്പിനൊടുവില്‍, മൂലധനത്തോടും നിക്ഷേപത്തോടുമുള്ള സിപിഎമ്മിന്റെ സമീപനത്തില്‍ സമൂലമായ മാറ്റമാണ് കൊല്ലം സമ്മേളനത്തിലുണ്ടായത്.
വിഭവ സമാഹരണത്തെ ത്വരിതപ്പെടുത്തുക, പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുക, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുക തുടങ്ങി, മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളത്തിനുള്ള പുതു വഴികള്‍ എന്ന നയരേഖയില്‍ നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന ഒരുപിടി നിര്‍ദേശങ്ങളുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളിയെ നേരിടുന്നതിന് സ്വകാര്യ നിക്ഷേപം വേണമെന്നാണ് രേഖ പറയുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അിവാര്യമാണെന്ന് അത് അടിവരയിട്ടു പറയുന്നു.
പുതിയ വെല്ലുവിളികളെ നേരിടുന്നതിന്, ദീര്‍ഘകാലമായി തുടരുന്ന നിലപാടില്‍ മാറ്റം വരുത്താനുള്ള സിപിഎമ്മിന്റെ തീരുമാനം തീര്‍ത്തും സ്വാഗതാര്‍ഹമാണ്. പ്രായോഗികം എന്നു ഭൂരിപക്ഷവും കരുതുന്ന ഈ മാറ്റം പക്ഷേ, സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്കു ദഹിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനുള്ള നിര്‍ദേശത്തിനെതിരെ അവര്‍ രംഗത്തുവന്നു കഴിഞ്ഞു. അപകടകരമായ പ്രവണതയെന്നും പ്രശ്‌നഭരിതമായ സമീപനമെന്നുമൊക്കെയാണ് അവരുടെ വാദങ്ങള്‍. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു നിരക്കാത്ത വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നവ ഉദാരീകരണ സാമ്പത്തിക ചട്ടക്കൂടില്‍നിന്നു തന്നെയാണ് ഈ പുതിയ നയം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്; അതിന് ഒരു സോഷ്യലിസ്റ്റ് തലയണ വച്ചു കൊടുത്തിട്ടുണ്ടെന്നു മാത്രം. കുറെ നാളായി സിപിഎം അടക്കിപ്പിടിച്ചുകൊണ്ടു മൂളുന്ന പാട്ടു തന്നെയാണിത്. അത് ഉറക്കെപ്പാടാനുള്ള ധൈര്യം ഇപ്പോള്‍ അവര്‍ കാണിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉണ്ടായ തിരിച്ചടിയില്‍നിന്നു കേരളത്തിലെ സിപിഎം ചില പാഠങ്ങള്‍ പഠിച്ചിരിക്കുന്നു. ഏതു പാര്‍ട്ടിയും ചരിത്രത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മികച്ച ലക്ഷ്യങ്ങളോടെ മുന്നോട്ടു പോവുന്നത് നല്ലതു തന്നെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക