ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ലോങ് മാര്‍ച്ച് സ്വപ്നം കണ്ട മന്ദാകിനി
1948ലാണ് വിപ്ലവകാരിയായ മാര്‍ക്‌സിസ്റ്റ് കുന്നിക്കല്‍ നാരായണന്റെ ജീവിതത്തിലേയ്ക്ക് മന്ദാകിനി എന്ന ഇരുപതുകാരി കടന്നുവന്നത്. ഗുജറാത്ത് സംസ്ഥാനത്തിലെ ഭാവ് നഗര്‍ സ്വദേശികളായിരുന്നു മന്ദാകിനിയുടെ മാതാപിക്കള്‍, നവീന്‍ചന്ദ്ര ഓസയും ഉര്‍വ്വശി നവീന്‍ ഓസയും. ബോംബെ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍ചന്ദ്ര ഓസ. ഗുജറാത്തി ബ്രാഹ്മണകുടുംബമായിരുന്നു ഓസയുടേത്. മന്ദാകിനിയുടെ സഹോദരങ്ങള്‍ പ്രവീണ്‍ ചന്ദ്ര ഓസയും മകരന്ദ് ചന്ദ്ര ഓസയും. നാല്പതുകളിലെ വ്യവസായ നഗരമായ ബോംബെ അന്നും തിരക്കേറിയതുതന്നെ. അവിടേയ്ക്കാണ് ഓസ കുടുംബത്തിന്റെ കുടിയേറ്റം.
രൂക്ഷമായ സ്വാതന്ത്ര്യസമരങ്ങള്‍ക്കുവേദിയായിരുന്നു അന്നത്തെ ബോംബെ. മുറിവുകള്‍ ഏറെപ്പറ്റി അന്ന് ആ നഗരത്തിന്. സ്വാതന്ത്ര്യാനന്തരം വ്യവസായക്കുതിപ്പിന്റെ മറ്റൊരു ചിത്രമാണ് നഗരം നല്‍കിയത്. ദേശീയപ്രസ്ഥാനത്തിനുപുറകെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവും ആ നഗരത്തിന്റെ തെരുവുകളെ കീഴടക്കാന്‍ തുടങ്ങി. വിമല്‍ സര്‍ദേശായിയും ബി.ടി. രണദിവെയും എസ്.എ. ഡാങ്കെയും ജി.എം. അധികാരിയും ആ മുന്നേറ്റങ്ങളുടെ നായകന്മാര്‍. ലോകവും അപ്പോള്‍ മാറാന്‍ തുടങ്ങിയിരുന്നു. ലോകസമവാക്യങ്ങള്‍ ഹിറ്റ്ലറിനും ഫാസിസ്റ്റ്വിരുദ്ധച്ചേരിക്കുമിടയില്‍ രണ്ടായി. സഖാവ് ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് റഷ്യയുടെ പരമാധികാരി. നിരന്തരമായ യുദ്ധത്തില്‍ ക്ഷതങ്ങള്‍ സംഭവിച്ച സോവിയറ്റ് സമൂഹത്തെ ജോസഫ് സ്റ്റാലിന്‍ പട്ടാളച്ചിട്ടയിലൂടെയും പ്രത്യയശാസ്ത്രായുധത്തിലൂടെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത് ലോകം ഉറ്റുനോക്കിയ കാലം. ആ വാര്‍ത്തകള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ലോകത്തേയും ആവേശഭരിതരാക്കി. സോഷ്യലിസം ഒരു മന്ത്രം പോലെ ആ കഥകള്‍ക്കൊപ്പം പറന്നെത്തി. കഷ്ടപ്പാടുകള്‍ക്കിടയില്‍ ആയിരുന്നു അന്നത്തെ ഇന്ത്യ. അതുകൊണ്ടുതന്നെ രാജ്യത്ത് ഒരു സാമൂഹ്യമാറ്റം സ്വപ്നം കാണുന്ന പുതിയ തലമുറ ഉയര്‍ന്നുവന്നു. പിന്നീട് അതൊരു പ്രവാഹമായി മാറി. അവരിലേറെപ്പേരും വിദ്യാര്‍ത്ഥികളായിരുന്നു. ബോംബെ സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥനായ നവീന്‍ ചന്ദ്ര ഓസെയുടെ മകളും ആ പ്രവാഹത്തില്‍ എത്തിച്ചേര്‍ന്നു. ക്വിറ്റിന്ത്യാ പ്രഖ്യാപനം നടന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ ബാലികമാരുടെ വോളന്റിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച ഓസെയുടെ മകള്‍ മന്ദാകിനി ഈ പ്രവാഹത്തിലെത്തിച്ചേര്‍ന്നത് സ്വാഭാവികം.
വിദ്യാര്‍ത്ഥി ഫെഡറേഷനായിരുന്നു ഈ വിദ്യാര്‍ത്ഥികളുടെ തട്ടകം. ഇന്ത്യന്‍ ദേശിയപ്രസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് മൂവര്‍ണ്ണനിറത്തില്‍ അടയാളപ്പെടുത്തിയ അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സ്വാതന്ത്ര്യാനന്തരകാലം സോഷ്യലിസ്റ്റ് പതാകവാഹകരായി മാറിയിരുന്നു. അവരെ നയിക്കാന്‍ അധികം താമസിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എത്തി. മന്ദാകിനി തന്റെ കൂട്ടുകാരികള്‍ക്കൊപ്പം ആവേശത്തോടെയാണ് മൂവ്മെന്റില്‍ പ്രവര്‍ത്തിച്ചത്. അഹല്യാ രംഗനേക്കറെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അവര്‍ക്കൊരു മാതൃകയുമായിരുന്നു. ബോംബെയിലെ ന്യൂ ഇറാ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ദേശീയ പ്രസ്ഥാനത്തെ മന്ദാകിനി അറിഞ്ഞുതുടങ്ങിയത്. എല്‍ഫിസ്റ്റണ്‍ കോളജില്‍ മെട്രിക്കുലേഷന് പഠിക്കുമ്പോഴാണ് മേനോന്‍ മാഷിന്റെ സ്വാധീനത്തില്‍ എത്തിച്ചേരുന്നത്. സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്ന അദ്ദേഹം ശിഷ്യയ്ക്കു സുഹാസിനി ജാംബേദ്ക്കറിനെ പരിചയപ്പെടുത്തി. സുഹാസിനി ഇന്ത്യയില്‍ ചുവപ്പിന്റെ വസന്തം വിരിയിക്കാന്‍ സാര്‍വ്വദേശീയ ദൗത്യം ഏറ്റെടുത്ത് എത്തിയ കമ്മ്യൂണിസ്റ്റ് ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. സരോജിനി നായിഡുവിന്റെ സഹോദരി. സുഹാസിനിയുടെ സ്വാധീനമാണ് മന്ദാകിനിയിലെ കമ്മ്യൂണിസ്റ്റിനെ കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 'പീപ്പിള്‍സ് വാര്‍' എന്നുപേരുള്ള മാസിക പൊതുസ്ഥലങ്ങളില്‍ വില്പന നടത്തുകയും അതിലൂടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു മന്ദാകിനിയുടേയും കൂട്ടുകാരികളുടേയും ദൗത്യം. അതു പലപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണങ്ങള്‍ നിരവധി സ്ഥലത്തുവച്ച് അവര്‍ക്കുനേരെ ഉണ്ടായി. പക്ഷേ, ഓരോ ആക്രമണവും ആ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് പുതിയ ആവേശമാണ് നല്‍കിയത്.
1947-ല്‍ ഇന്ത്യ സ്വതന്ത്രമായ ആഘോഷങ്ങള്‍ നാടെങ്ങും അവസാനിക്കുന്നതിനു മുന്‍പ് രണ്ടാം ദിവസം മന്ദാകിനിയുടെ അച്ഛന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. ബോംബെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന നവീന്‍ ചന്ദ്ര ഓസ ഔദ്യോഗിക ജീവിതത്തില്‍ ആരയൊക്കയോ ഭയപ്പെട്ടിരുന്നു. അസൂയാലുക്കളുടേയും സ്്ഥാപിത താല്പര്യക്കാരുടേയും വലിയൊരു വലയം അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. തീപ്പൊള്ളലില്‍ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. അന്നത്തെ റവന്യൂ മന്ത്രി മൊറാര്‍ജി ദേശായിയുടെ സെക്രട്ടറിയായിരുന്നു നവീന്‍ചന്ദ്ര ഓസ. അച്ഛന്റെ മരണശേഷം മെറാര്‍ജി മന്ദാകിനി നാരായണനെ ഓഫീസിലേക്ക് വിളിപ്പിച്ചു. അച്ഛന്റെ ജോലിക്ക് മന്ദാകിനി അര്‍ഹയാണെന്നും, പക്ഷേ സോവിയറ്റ് സുഹൃദ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അറിയിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യ സോവിയറ്റ് യൂണിയനുമായി സൗഹൃദത്തിലായിരുന്ന കാലമായിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് അദ്ധ്യക്ഷയായ സോവിയറ്റ് സുഹൃദ്സംഘം പ്രത്യക്ഷത്തില്‍ കമ്മ്യൂണിസ്റ്റ് സംഘടനയായിരുന്നില്ല. ഒരു സാംസ്‌കാരിക സംഘടന. പക്ഷേ, അതില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍. അതിനുമപ്പുറം സോവിയറ്റ് യൂണിയന്റെ സാമ്പത്തിക നേട്ടങ്ങളെ പ്രകീര്‍ത്തിക്കുകയും സോവിയറ്റ് സോഷ്യലിസ്റ്റ് ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് സംഘം ചെയ്തത്. നിയമവിരുദ്ധമായ സംഘടനയായിരുന്നില്ല അത്. എന്നിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ അതില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കപ്പെട്ടു. വിജയലക്ഷ്മി പണ്ഡിറ്റിനെപ്പോലെ സര്‍വ്വാദരണീയയായ ഒരു വ്യക്തി നേതൃത്വം നല്‍കുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെങ്കില്‍ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് മന്ദാകിനി ആ താക്കീതിനു മറുപടിയും നല്‍കി. ദിവസങ്ങള്‍ക്കകം അതു സംഭവിക്കുകയും ചെയ്തു. തലയുയര്‍ത്തി ബോംബെ സെക്രട്ടേറിയറ്റിന്റെ പടികളിറങ്ങി മുഴുവന്‍ സമയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകയായി.
കോഴിക്കോട്ടുനിന്നും ബോംബെയിലേയ്ക്ക് ടെക്‌സ്റ്റൈയില്‍ ഡൈ വര്‍ക്ക് പഠിക്കാന്‍ കമ്പനി അയച്ചതായിരുന്നു കുന്നിക്കല്‍ നാരായണന്‍ എന്ന ചെറുപ്പക്കാരനെ. പക്ഷേ, അദ്ദേഹം ബോംബെയിലെത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി. അതിനുമുന്‍പുതന്നെ കോഴിക്കോട്ടുവച്ച് പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. ആറോണ്‍ മില്‍സ് സമരവും സഖാവ് കൃഷ്ണപിള്ളയും എ.കെ.ജിയും നാരായണന്റെ ഹൃദയത്തില്‍ ചുവപ്പുകോരിയൊഴിച്ചിരുന്നു. അതുമായിട്ടാണ് ബോംബെയിലെത്തിയത്. ബോംബെയിലെത്തി നാളുകള്‍ കഴിയുന്നതിനുമുന്‍പേ ബോംബെ പാര്‍ട്ടി ഘടകത്തില്‍ സജീവപ്രവര്‍ത്തകനായി. ഇംഗ്ലീഷ് ഭാഷയിലുണ്ടായിരുന്ന അസാധാരണമായ അറിവും പ്രവര്‍ത്തനരീതിയിലെ 'ഡൈനാമിസ'വും കുന്നിക്കലിനെ വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയനാക്കി. ബോംബെ നഗരത്തിലെ വിശാലമായ കമ്മ്യൂണിസ്റ്റ് പ്രവാഹത്തില്‍ അക്കാലത്ത് എത്തിപ്പെട്ട മന്ദാകിനി കുന്നിക്കല്‍ നാരായണനുമായി പരിചയപ്പെട്ടു. മന്ദാകിനിക്ക് നാരായണന്‍ നാരു ആയിരുന്നു. തുറന്നു സംസാരിക്കുകയും ഹൃദ്യമായി പെരുമാറുകയും ചെയ്തിരുന്ന മന്ദാകിനിയിലേക്ക് നാരായണന്‍ പെട്ടന്ന് അടുത്തു. ബോംബെ സബര്‍ബനിലെ ഖാര്‍ എന്ന സ്ഥലത്ത് ഷിറിന്‍ ടെറസ് എന്ന കമ്മ്യൂണിസ്റ്റ്് സങ്കേതത്തില്‍ നാരായണനും മന്ദാകിനിയും കണ്ടുമുട്ടും. സുഹാസിനി ജാംബേദ്ക്കറും ഭര്‍ത്താവ് ജാംബേദ്ക്കറും നാരായണന്റെ അടുത്ത സുഹൃത്ത് ഷിബിക്കായുമൊക്കെ അവിടെ ഒത്തുകൂടും. രാവെളുക്കുവോളം ചര്‍ച്ചകള്‍, സംവാദങ്ങള്‍ മന്ദയുടെയും നാരുവിന്റെയും പ്രണയത്തിന്റെ രാജപാത ഇതിനുമേല്‍ വളര്‍ന്നൊഴുകി. അക്കാലത്ത് മന്ദാകിനിയും ഒരു പുതിയ ആളായി മാറിയിരുന്നു. ഗുജറാത്തി ബ്രാഹ്മണ്യത്തിന്റെ എല്ലാ യാഥാസ്ഥിതികത്വങ്ങളും ജീവിതത്തില്‍നിന്ന് മന്ദാകിനി വലിച്ചെറിഞ്ഞിരുന്നു. ദൈവങ്ങളെ മുഴുവന്‍ ഉപേക്ഷിച്ചു. മന്ദാകിനി മാത്രമായിരുന്നില്ല, സഹോദരങ്ങളും. അവര്‍ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു. അങ്ങനെയൊരു സാഹചര്യത്തിലാണ് കുന്നിക്കല്‍ നാരായണന്റെ സംഭവബഹുലമായ വിപ്ലവ ജീവിതത്തിലേയ്ക്ക് മന്ദാകിനി നവീന്‍ചന്ദ്ര ഓസ വിവാഹിതയായി കടന്നുവന്നത്. 1949 ജൂണ്‍ 24-ന്് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജി. അധികാരിയുടെ വീട്ടില്‍ ചുരുക്കം ചില സഖാക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി എന്ന പ്രഖ്യാപനം നടത്തി. അതിനുശേഷം ചെറിയ ചായസല്‍ക്കാരം. അമ്മ ഉര്‍വശി മനസുകൊണ്ട് അനുഗ്രഹിച്ചു. നാരായണന്റെയും മന്ദാകിനിയുടേയും ജീവിതത്തിലെ പുതിയ അധ്യായമാണ് ഇതോടെ തുടങ്ങിയത്.
1948-ലാണ് രണദിവെയുടെ കല്‍ക്കത്താതിസീസ്. 1946-ലെ നാവിക കലാപത്തോടും തെലുങ്കാന കര്‍ഷകരുടെ സായുധ സമരത്തോടും പാര്‍ട്ടിയെടുത്ത വഞ്ചനാപരമായ നിലപാടില്‍ അസംതൃപ്തി നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് രണദിവെയുടെ കല്‍ക്കത്താതീസിസ് ചര്‍ച്ചചെയ്യപ്പെടുന്നത്. കൊളോണിയല്‍ - അര്‍ദ്ധ കൊളോണിയല്‍ രാജ്യങ്ങളെ സംബന്ധിച്ച് ലെനിന്‍, സ്റ്റാലിന്‍, മാവോ തുടങ്ങിയവരുടെ വിലയിരുത്തലുകള്‍ക്ക് കടകവിരുദ്ധമായി പറയുന്നതായിരുന്നു 'തീസിസ്'. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കലാപത്തിന്റെ സ്വരമുയര്‍ന്നു. അവരിലൊരാളായിരുന്നു കുന്നിക്കല്‍ നാരായണന്‍. അതിനോടനുബന്ധിച്ച് നാരായണന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. കല്‍ക്കത്താതീസിസിന്റെ പരാജയത്തിനും റെയില്‍വേ പണിമുടക്കിനും ശേഷം കമ്മ്യൂണിസ്റ്റുകാരെ രാജ്യവ്യാപകമായി ഗവണ്‍മെന്റ് വേട്ടയാടാന്‍ തുടങ്ങിയിരുന്നു. കുന്നിക്കല്‍ ഒളിവിലായി. മന്ദാകിനിയുടെ ജീവിതത്തിലെ കയ്പുനിറഞ്ഞ ഒരേടാണ് അവിടെ ആരംഭിച്ചത്. പ്രിയസഖാവ് ഒളിവില്‍, അതേസമയം പാര്‍ട്ടിക്കു പുറത്തും. മന്ദാകിനിയാകട്ടെ പാര്‍ട്ടി അംഗവും. പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണയോടെ നിലവില്‍വന്ന കല്‍ക്കട്ട തീസിസിനെതിരെ പോരാടി പുറത്തുപോയ കുന്നിക്കല്‍ അതുകൊണ്ടുതന്നെ പാര്‍ട്ടിക്കു മുന്നില്‍ വര്‍ഗശത്രുവായി മാറി. ശക്തമായ സമ്മര്‍ദ്ദങ്ങളായിരുന്നു മന്ദാകിനിക്കുമേല്‍ പാര്‍ട്ടിയുടെ നേതൃത്വം നടത്തിയത്. അവര്‍ക്ക് ഒരാവശ്യം മാത്രം. മന്ദാകിനി കുന്നി്ക്കല്‍ നാരായണനുമായുള്ള ബന്ധം ഒഴിയണം. പക്ഷേ, പൊടുന്നനെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. കല്‍ക്കത്താ തീസിസ് തെറ്റായി എന്നു ചിന്തിക്കുന്നവര്‍ പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടി. നേതൃത്വം കല്‍ക്കത്താതീസിസ് ഉപേക്ഷിച്ചു. തീസിസ് കൊണ്ടുവന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ബി.ടി.ആര്‍. പാര്‍ട്ടിക്കുള്ളില്‍ കനത്ത നടപടികള്‍ക്കു വിധേയനായി. ആറുമാസത്തിനുശേഷം കുന്നിക്കല്‍ നാരായണന്‍ വീണ്ടും പാര്‍ട്ടിയിലേയ്ക്കു തിരിച്ചുവന്നു. രാഷ്ട്രീയ ജീവിതത്തില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിട്ട കാലമായിരുന്നു മന്ദാകിനി നാരായണന് അത്. പക്ഷേ, അസാധാരണമായ ഇച്ഛാശക്തിയും നിലപാടുകളില്‍ പുലര്‍ത്തിയിരുന്ന ധൈര്യവും ആ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് കരുത്തുനല്‍കി. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം അജിത ജനിച്ചു. ഇക്കാലത്തുതന്നെ കോഴിക്കോട്ട് നാരായണന്റെ പിതാവ് മരിച്ചു. ഇതേത്തുടര്‍ന്ന് പരിതാപകരമായ കുന്നിക്കല്‍ത്തറവാടിന്റെ അവസ്ഥ നാരായണനെ കുടുംബസമേതം കോഴിക്കോട്ടേയ്ക്കു വരാന്‍ പ്രേരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ മറ്റൊരു അദ്ധ്യായമാണ് കോഴിക്കോട്ട് ആരംഭിച്ചത്.
1950-ലാണ് കുന്നിക്കല്‍ നാരായണന്റെ കുടുംബം ബോംബെയില്‍നിന്നും കോഴിക്കോട്ടേയ്ക്ക് എത്തിയത്. പക്ഷേ, അവര്‍ക്കുമുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി നിന്നു. ബിരുദധാരിയായിരുന്ന മന്ദാകിനിക്ക് അക്കാലത്ത് അദ്ധ്യാപിക ആകാനുള്ള യോഗ്യതയുണ്ടായിരുന്നു. കോഴിക്കോട് വലിയൊരു ഗുജറാത്തി സമൂഹമുണ്ട്. ഗുജറാത്തില്‍നിന്ന് കോഴിക്കോട്ട് കച്ചവടത്തിനായി എത്തിയവര്‍. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഗുജറാത്തി സമൂഹം അന്നൊരു സ്‌കൂള്‍ ആരംഭിച്ചു. ഗുജറാത്തിയും ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുന്ന സ്‌കൂള്‍. അവിടെ അദ്ധ്യാപികയായും പ്രധാനാദ്ധ്യാപികയായും മന്ദാകിനി പതിനെട്ടുവര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. കോഴിക്കോട്ട് എത്തിയതിനുശേഷവും പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു കുന്നിക്കലും മന്ദാകിനിയും. കോഴിക്കോട് രാഷ്ട്രീയത്തില്‍ ചാത്തുണ്ണിമാഷും പി.സി. രാഘവന്‍ നായരും ടി. അയ്യപ്പനുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു. രാഷ്ട്രീയസമരങ്ങളുടെ വേലിയേറ്റക്കാലം. അവിടെ കുന്നിക്കല്‍ നാരായണന്‍ സജീവപ്രവര്‍ത്തകനായി. സ്‌കൂള്‍ സമയങ്ങളിലെ ഒഴിവുനോക്കി മന്ദാകിനിയും. 1951-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലബാറിലെമ്പാടും മന്ദാകിനി പ്രധാനപ്പെട്ട 'കാമ്പയിനറാ'യിരുന്നു. അവരുടെ ഉജ്ജ്വലമായ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ മലബാറിലെമ്പാടും ശ്രദ്ധേയമായി. വി.ടി. ഇന്ദുചൂഡനായിരുന്നു ആ പ്രസംഗങ്ങളുടെ സ്ഥിരം വിവര്‍ത്തകന്‍. കൂടാതെ ചില സാമൂഹ്യപ്രവര്‍ത്തനങ്ങളിലും കുന്നിക്കല്‍ കുടുംബം സജീവമായി. അങ്ങനെയാണ് 'കുന്നിക്കല്‍ മാധവന്‍ സ്മാരക വായനശാല' രൂപം കൊണ്ടത്. അങ്ങനെ അത്രയൊന്നും സംഭവബഹുലമല്ലാതെ ജീവിതനദി മുന്നോട്ട് ഒഴുകുമ്പോഴാണ് രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവുകള്‍ സൃഷ്ടിച്ച സംഭവങ്ങള്‍ ആരംഭിക്കുന്നത്.
1956. സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആഭ്യന്തരക്കുഴപ്പങ്ങളുടെ തുടക്കകാലം. സ്റ്റാലിനെതിരായി ക്രൂഷ്ചേവ് പരസ്യനിലപാടുകളുമായി മുന്നോട്ടുവന്നു. സോവിയറ്റ് നേതൃത്വത്തില്‍ സ്റ്റാലിന്‍ വിരുദ്ധപ്പട അധികാരങ്ങള്‍ ഒന്നൊന്നായി പിടിച്ചടക്കി. ഇത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നിസ്സാരമായിരുന്നില്ല. ഇന്ത്യന്‍ പാര്‍ട്ടി ക്രൂഷ്ചേവിനോടും സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തോടും വിധേയത്വം പാലിക്കുകയാണ് ചെയ്തത്. ഇതിനോടു പൊരുത്തപ്പെടാന്‍ കുന്നിക്കലിനും മന്ദാകിനിക്കും കൂടെയുണ്ടായിരുന്ന സഖാക്കള്‍ക്കും കഴിയുമായിരുന്നില്ല. അവര്‍ ഒന്നടങ്കം പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. മന്ദാകിനി നാരായണന്റെ ജീവിതത്തിലെ കയ്‌പേറിയ മറ്റൊരദ്ധ്യായം തുടങ്ങുന്നത് അവിടെയാണ്. മകള്‍ അജിത വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ ആത്മകഥയില്‍ ആ സംഭവങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.
''വര്‍ഷങ്ങളോളം പാര്‍ട്ടിക്കുവേണ്ടി എല്ലാം അര്‍പ്പിച്ച് പാര്‍ട്ടിയും തങ്ങളുമായി വിച്ഛേദിക്കാന്‍ കഴിയാത്ത ബന്ധത്തില്‍ കഴിഞ്ഞിരുന്ന അച്ഛനും അമ്മയും വീണത് ആഴമേറിയ ഒരു ചളിക്കുണ്ടിലേയ്ക്കായിരുന്നു. പ്രത്യേകിച്ചും അച്ഛന്‍. അതുവരെ അച്ഛനും അമ്മയും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തിന് ഉലച്ചില്‍ തട്ടി. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നും വിട്ടുമാറിയ അച്ഛന്റെ സ്വഭാവം പെട്ടെന്നു മാറി. പല വൃത്തികെട്ട കൂട്ടുകെട്ടുകളിലും ചെന്നുപെടാന്‍ തുടങ്ങി. രാഷ്ട്രീയത്തിനുപകരം പണത്തിന്റെ സ്വാധീനം ജീവിതത്തില്‍ വര്‍ദ്ധിച്ചപ്പോള്‍ ആത്മാവു നഷ്ടപ്പെട്ടു.'' അജിതയുടെ ആത്മകഥയില്‍ തുടര്‍ന്നു പറയുന്നു: ''ക്രമേണ ഞാനും അച്ഛനമ്മമാരില്‍നിന്നകലാന്‍ തുടങ്ങി. അവരെ എനിക്കു കാണാന്‍ കിട്ടുന്ന സമയം ചുരുക്കമായിരുന്നു. പ്രധാനാദ്ധ്യാപികയായിരുന്നതിനാല്‍ സന്ധ്യയായാലേ അമ്മയ്ക്ക് വീട്ടിലെത്താന്‍ കഴിയൂ. അച്ഛനാണെങ്കില്‍ രാത്രി വൈകിയേ വീട്ടില്‍ വരികയുള്ളൂ. ഞാന്‍ സ്‌കൂളിലും വീട്ടില്‍ വലിയമ്മയുടെയും മക്കളുടെയും സഹവാസത്തിലും സമയം കഴിച്ചു. ഈ സന്ദര്‍ഭത്തിലാണ് എന്നെ തെറ്റായരീതിയില്‍ സ്വാധീനിച്ച് അച്ഛനമ്മമാരില്‍നിന്ന് വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ കുടുംബത്തില്‍ ചിലരൊക്കെ ആരംഭിച്ചത്. വളര്‍ന്നു വന്ന ആ ദശയില്‍ എനിക്കു കിട്ടിയ സ്വാധീനം അധികവും മറ്റു കുടുംബാംഗങ്ങളില്‍നിന്നായതിനാല്‍ അച്ഛനമ്മമാരില്‍നിന്നും ഞാന്‍ ക്രമേണ അകലാന്‍ തുടങ്ങിയതില്‍ അതിശയിക്കാനൊന്നുമില്ല. അമ്മയുടെ സ്വതന്ത്രമായ ജോലിനോക്കലും ആരേയും ആവശ്യത്തില്‍ക്കവിഞ്ഞ് വകവയ്ക്കാതെയുള്ള ജീവിതവും കുടുംബത്തില്‍ ചിലര്‍ക്കൊക്കെ വളരെ വെറുപ്പുണ്ടാക്കുന്നതായിരുന്നു. ഈ വെറുപ്പ് എന്റെ മനസ്സിലും കടത്താന്‍ അവര്‍ ശ്രമിച്ചുനോക്കി.''
അജിത തുടരുന്നു: ''പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നും വിട്ടുനിന്ന കാലമത്രയും അമ്മയ്ക്ക് നേരിടേണ്ടിവന്ന മാനസികപരീക്ഷണങ്ങള്‍ അങ്ങേയറ്റം കയ്പുനിറഞ്ഞതായിരുന്നു. അച്ഛനാണെങ്കില്‍ ഒരു ചളിക്കുണ്ടിലും, ഞാന്‍ ക്രമേണ അകലുകയും ചെയ്തുകൊണ്ടിരുന്നു. ഈ വേദന നിറഞ്ഞ പരീക്ഷണഘട്ടങ്ങളിലും അമ്മ അടിപതാറാതെ നിന്നു. സ്‌കൂളിലെ ശിശുലോകവുമായി ബന്ധപ്പെട്ട ആ ജീവിതം ആഘട്ടത്തില്‍ അമ്മയ്ക്ക് വലിയ താങ്ങായിരുന്നു. അമ്മയുടെ അവസ്ഥയോട് സഹതാപം പ്രകടിപ്പിക്കാന്‍ കുടുംബത്തില്‍ അധികമാരും ഉണ്ടായിരുന്നില്ല. എത്രയോ തവണ സഹികെട്ട് ബോംബെയ്ക്ക് പോകാന്‍ തീരുമാനിച്ചുവെങ്കിലും അമ്മ വീണ്ടും ഞങ്ങളോടൊപ്പം നിന്നു.'' രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും നിരവധി പരീക്ഷണങ്ങളെ നേരിട്ട മന്ദാകിനി നാരായണന്‍ കടന്നുവന്ന ഏറ്റവും തീവ്രമായ പരീക്ഷണകാലമായിരുന്നു അജിത ഇവിടെ വിവരിച്ചത്. ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് ജീവിതസഖാവിനോടൊപ്പം അപരിചിതമായ നാട്ടില്‍ ജീവിക്കാനെത്തിയ മന്ദാകിനി നാരായണന്‍ നേരിട്ട ഒറ്റപ്പെടല്‍ ഒരുപക്ഷേ, വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതല്ല. ഇതിനിടയില്‍ അന്തരീക്ഷം മാറി. സോവിയറ്റ് യൂണിയന്റെ റിവിഷനിസ്റ്റ് പാതയെ വിമര്‍ശിച്ചുകൊണ്ട് ചൈന രംഗത്തുവന്നത് പുതിയ അനുഭവവും പുതിയ ആവേശവുമായി. യഥാര്‍ത്ഥത്തില്‍ കുന്നിക്കല്‍ അടക്കമുള്ള സഖാക്കള്‍ക്ക് ആ വാര്‍ത്ത ഒരു രണ്ടാം ജന്മം നല്‍കുകയായിരുന്നു.
1967-ല്‍ കുന്നിക്കല്‍ നാരായണന്‍ അറസ്റ്റുചെയ്യപ്പെട്ടു. അച്ഛന്റെ അറസ്റ്റ് അജിതയില്‍ വലിയ മാറ്റമുണ്ടാക്കി. അന്ന് പ്രീഡിഗ്രി വിദ്യാര്‍ത്ഥി മാത്രമായിരുന്ന അജിത രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. വരാന്‍ പോകുന്ന രാഷ്ട്രീയദിനങ്ങള്‍ നിസ്സാരമാക്കിയിരിക്കില്ല എന്നു മുന്‍കൂട്ടി അറിയാമായിരുന്നതുകൊണ്ടായിരിക്കണം അമ്മ മന്ദാകിനി ആ തീരുമാനത്തെ ആദ്യമൊക്കെ എതിര്‍ത്തു. ഇതേസമയം കുടുംബബന്ധങ്ങള്‍ ഏതാണ്ട് അറ്റുപോയ അവസ്ഥയായിരുന്നു. പ്രത്യേകിച്ച് കോഴിക്കോട്ടെ കുന്നിക്കല്‍ തറവാടുമായി. പലരും പരസ്യമായി മന്ദാകിനിയേയും കുന്നിക്കല്‍ നാരായണനേയും എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. മന്ദാകിനിയുടെ ജീവിതത്തിലെ കയ്പുനിറഞ്ഞ മറ്റൊരു ഘട്ടം അവിടെ ആരംഭിക്കുകയായിരുന്നു. 67-68 വര്‍ഷങ്ങളിലാണ് എതിര്‍പ്പുകള്‍ രൂക്ഷമായത്. മന്ദാകിനി ജോലിചെയ്തിരുന്ന ഗുജറാത്തി സ്‌കൂള്‍ മാനേജുമെന്റിനും ഗവണ്‍മെന്റിനും ഗവര്‍ണ്ണര്‍ക്കും എവിടെനിന്നൊക്കെയൊ മന്ദാകിനി നാരായണനെതിരെ ഊമക്കത്തുകള്‍ ലഭിക്കാന്‍ തുടങ്ങി. അദ്ധ്യാപനത്തേയും ജീവിതത്തെയും ഒക്കെപ്പറ്റി നിറംപിടിപ്പിച്ച നുണക്കഥകളുടെ വലിയ ഭാണ്ഡങ്ങളായിരുന്നു ആ കത്തുകള്‍. പണമെല്ലാം നഷ്ടപ്പെട്ട് വീണ്ടും അപകടകരമായ രാഷ്ട്രീയപാതയില്‍ ഇറങ്ങിയ കുന്നിക്കലിനും, പഠിപ്പുനിര്‍ത്തി സജീവമായി രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയ അജിതയ്ക്കും മന്ദാകിനിക്കും ജീവിക്കാന്‍ മന്ദാകിനിയുടെ വരുമാനം മാത്രമേ ഉള്ളൂവെന്ന് ആരൊക്കെയോ മനസ്സിലാക്കിയതുപോലെയായിരുന്നു കത്തുകള്‍ കൊണ്ടുള്ള കളികള്‍. അപ്പോഴേയ്ക്കും രാഷ്ട്രീയമായി ശത്രുവായിക്കഴിഞ്ഞിരുന്ന കുന്നിക്കല്‍ നാരായണനെ ഒതുക്കാന്‍ ഇതുതന്നെയാണ് നല്ല അവസരമെന്ന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി ഗവണ്‍മെന്റും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കണക്കുകൂട്ടി. ഏതായാലും ഗവണ്‍മെന്റില്‍നിന്നും ശക്തമായ സമ്മര്‍ദ്ദങ്ങളായിരുന്നു മാനേജുമെന്റിനു ലഭിച്ചത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും മാനേജുമെന്റും ഒടുവില്‍ മന്ദാകിനിക്കെതിരെ തിരിഞ്ഞു. 1968 ജൂലായില്‍ മന്ദാകിനി നാരായണന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് രാജിക്കത്തു നല്‍കി. ''കെട്ടിയിട്ട ഒരു വലിയ ചങ്ങല പൊട്ടിച്ചെറിഞ്ഞതിന്റെ ആശ്വാസം'' എന്നാണ് പില്‍ക്കാലത്ത് തന്റെ രാജിയെപ്പറ്റി പരാമര്‍ശിച്ചത്. രാജിവച്ച മന്ദാകിനി മുഴുവന്‍ സമയം ജീവിതസഖാവ് കുന്നിക്കല്‍ നാരായാണനോടൊപ്പവും മകള്‍ അജിതയ്ക്കൊപ്പവും അപകടകരമായ രാഷ്ട്രീയ പാതയിലേയ്ക്കിറങ്ങി. കയ്‌പേറിയ ആത്മത്യാഗത്തിന്റെ മറ്റൊരു അദ്ധ്യായമാണ് ഇവിടെ ആരംഭിച്ചത്.
നാല്പത്തിയൊമ്പതു വയസ്സുകാരന്‍ ചാരുമജൂംദാര്‍ ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തില്‍ അഴിച്ചുവിട്ടു കൊടുങ്കാറ്റ് കേരളത്തിലെത്തിയപ്പോള്‍ അതേറ്റുവാങ്ങാന്‍ മുന്നില്‍ നിന്നത് കുന്നിക്കലായിരുന്നു. മാവോ ചിന്തകളെ ആദ്യമായി മലയാളത്തിനു പരിചയപ്പെടുത്തിയ കുന്നിക്കല്‍ കേരളത്തില്‍ അഴിച്ചുവിട്ടതു മറ്റൊരു കൊടുങ്കാറ്റായിരുന്നു. ജനകീയ ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍ എന്ന് മാവോ സേ തൂങ്ങിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്നേറ്റം കേരളത്തിലുമുണ്ടായി. പ്രത്യയശാസ്ത്രായുധങ്ങളുമായി കുന്നിക്കല്‍ അതിന്റെ മുന്‍നിരയില്‍ നിലകൊണ്ടു. മാവോ ചിന്തകളെ ഹൃദയത്തിലേറ്റി മന്ദാകിനി നാരായണനും. പിന്നീട് സംഭവങ്ങളുടെ ഘോഷയാത്രയായിരുന്നു. വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി നക്‌സലൈറ്റ് പ്രസ്ഥാനം കേരളത്തില്‍ 'ആക്ഷനുകള്‍' ആരംഭിച്ചു. തലശ്ശേരി, പുല്പള്ളി, കുറ്റ്യാടി... മന്ദാകിനി നാരായണനും അജിതയും വയനാട്ടിലേയ്ക്കാണ് പോയത്. പുല്പള്ളിയില്‍. കുന്നിക്കല്‍ അവരെ നിര്‍ബന്ധിച്ച് അയയ്ക്കുകയായിരുന്നു. സി.പി.എം.(എല്‍) 'ടോപ്പ്' കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന മന്ദാകിനി നാരായണനും അജിതയ്ക്കും അങ്ങോട്ടേയ്ക്കുപോകാന്‍ അനുവാദം നല്‍കിയത് ആ കമ്മിറ്റി. ബാലുശ്ശേരി അപ്പു, അച്ചുവേട്ടന്‍, ഗ്രോവാസു എന്നിവരായിരുന്നു മറ്റംഗങ്ങള്‍. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഇടിമുഴക്കങ്ങളായി 'ആക്ഷനുകള്‍'. ജന്മിത്വം അതിനുമുന്നില്‍ വിറകൊണ്ടു. പക്ഷേ, ശക്തമായ പൊലീസ് സംവിധാനങ്ങളുടെയും ഗവണ്‍മെന്റ് ആയുധങ്ങളുടെയും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അധികനാള്‍ കഴിഞ്ഞില്ല. പൊലീസ് വ്യാപകമായി അറസ്റ്റുകള്‍ ആരംഭിച്ചു. മന്ദാകിനി നാരായണനായിരുന്നു ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. പുല്പള്ളി ആക്ഷനുമുന്‍പ് പുല്പള്ളിയിലെ ഒരു വീട്ടില്‍ താമസിച്ചിരുന്ന അവരെ പൊലീസ് പിടികൂടുകയായിരുന്നു. പിന്നാലെ അജിതയും ഫിലിപ്പ് എം. പ്രസാദും. ഒന്നിനുപുറകെ ഒന്നായി ഓരോരുത്തരായി അറസ്റ്റു ചെയ്യപ്പെട്ടു. വീണ്ടും കയ്പു നിറഞ്ഞ ദിനങ്ങള്‍. നക്‌സല്‍ തടവുകാര്‍ ഭീകരവാദികളാണെന്ന രീതിയില്‍ പൊലീസും മാധ്യമങ്ങളും പ്രചാരണങ്ങളഴിച്ചുവിട്ടു. മാധ്യമങ്ങള്‍ക്കിടയില്‍ മന്ദാകിനിയും അജിതയും 'സെന്‍സേഷണല്‍' വാര്‍ത്തകളായി നിറഞ്ഞുനിന്നു. പക്ഷേ, എല്ലാം സഹിക്കാന്‍ അവര്‍ മാനസികമായിത്തന്നെ തയ്യാറായിരുന്നു. പ്രത്യേകിച്ച് മന്ദാകിനി.
ഓര്‍മ്മകളിലേയ്ക്ക് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. ഒന്‍പതു പൊലീസുകാര്‍ക്കിടയില്‍, രണ്ടു വനിതാ പൊലീസുകാര്‍ക്കു നടുവിലായി മന്ദാകിനി നാരായണന്‍ ഒരു വലിയ 'ഇടിവണ്ടി'യില്‍നിന്നും ഇറങ്ങി വരുന്നു. മന്ദാകിനി നാരായണന്റെ മുഖം നിര്‍വ്വികാരം. പുല്പള്ളി സംഭവത്തിനുശേഷം പൊലീസ് മന്ദാകിനിയെ അറസ്റ്റുചെയ്തുകൊണ്ടുവരുന്ന ചിത്രമായിരുന്നു അത്. പട്ടത്തുവിള കരുണാകരന്റെ പ്രശസ്തമായ ഒരു കഥയുണ്ട്. മന്ദാകിനി നാരായണന്‍ കഥാപാത്രമായി വരുന്ന ഒന്ന്. പുല്പള്ളിയില്‍ അറസ്റ്റുചെയ്യപ്പെട്ട അവരെ പൊലീസ് ആദ്യം ചെയ്തത് കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. നന്നേ വെളുത്ത് സുന്ദരിയായ അവരുടെ കവിള്‍ത്തടത്തില്‍ ആ അടിയുടെ പാട് മൂന്നോ നാലോ ദിവസം മായാതെ കിടന്നു. ആ ചുവന്ന മുഖത്തെ പാടുകളാണ് പട്ടത്തുവിളയുടെ കഥയുടെ തന്തു. അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഭരണകൂടം ആ അടിയിലൂടെ ചില സൂചനകളാണ് നല്‍കിയത്. വരാന്‍ പോകുന്ന ദിവസങ്ങളെപ്പറ്റിയുള്ള സൂചന. മന്ദാകിനിക്കെതിരെ ഗൂഢാലോചനയായിരുന്നു കുറ്റം. ഒരുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. ഒടുവില്‍ കുറ്റക്കാരിയല്ലെന്നുകണ്ട് വിട്ടയച്ചു. അപ്പോഴേയ്ക്കും കടുത്ത ആസ്ത്മബാധിതയാല്‍ വലഞ്ഞിരുന്ന അവര്‍ നേരെ പോയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍. കുന്നിക്കലിന്റെ ബന്ധുക്കള്‍ ആ കുടുംബത്തെ അപ്പോഴേയ്ക്കും കൈവിട്ടിരുന്നു. കുന്നിക്കല്‍ നാരായണനും അജിതയും ജയിലില്‍. സഹായത്തിനാരുമില്ലാതെ, ഭാഷപോലും വശമില്ലാതെ മന്ദാകിനി മെഡിക്കല്‍ കോളജില്‍. അവിടെ സഹായിക്കാന്‍ സഖാക്കളെത്തി. എ. വാസുവും സഖാക്കളും ദിവസങ്ങളോളം അവര്‍ക്ക് തുണയായി നിന്നു. പലദിവസങ്ങളിലും പട്ടിണിയായിരുന്നു. ബന്ധുജനങ്ങളാകട്ടെ ഭീകരമായി പരിഹസിക്കുന്നു. മന്ദാകിനിക്കാകട്ടെ മകള്‍ ജയിലില്‍ കിടക്കുന്നതിന്റെ സങ്കടങ്ങളും. അപ്പോഴൊക്കെ അവര്‍ക്കു കൂട്ടായി വന്നത് നാളെയെപ്പറ്റിയുള്ള ചുവപ്പന്‍ പ്രതീക്ഷകളായിരുന്നു. കനത്ത ഭീതിദമായ ഏകാന്തതകളില്‍ മന്ദാകിനി ജയിലില്‍ കിടക്കുന്ന മകള്‍ക്ക് കത്തുകളെഴുതും. ആ കത്തുകളിലൂടെ അമ്മയും മകളും തമ്മില്‍ നീണ്ട പ്രത്യയശാസ്ത്രസംവാദങ്ങള്‍ നടന്നു. മകളുടെ മറുപടിക്കത്തുകള്‍ അമ്മയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. രാഷ്ട്രീയത്തടവുകാരില്‍ പലരും എങ്ങോട്ടിന്നില്ലാതെ അപ്രത്യക്ഷമാകുന്ന അക്കാലഘട്ടത്തില്‍ മകള്‍ ജീവിച്ചിരിക്കുന്നു എന്ന അറിവുകൂടി ആ കത്തുകള്‍ അമ്മയ്ക്ക് നല്‍കിയിരുന്നു. ജയിലിലെ ഏകാന്തത നിറഞ്ഞ ജീവിതത്തിനിടയില്‍ മകള്‍ക്കും ആ കത്തുകള്‍ വലിയൊരു അനുഗ്രഹമായി. കത്തുകളിലൂടെ അമ്മ മകളെ ലോകം കാണിച്ചു. ജീവിതം എന്താണെന്നു പഠിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അമ്മയുടെ ''സ്റ്റഡി ക്ലാസ്സു'കളായിരുന്നു ആ കത്തുകള്‍. ഇതിനിടെ ജാമ്യത്തിലിറങ്ങിയ കുന്നിക്കല്‍ നാരായണന്‍ ഒളിവില്‍പ്പോയി.
1975 ജൂണ്‍ 16. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യം ഒരു കറുത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. രാജ്യവ്യാപകമായി രാഷ്ട്രീയ പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും അറസ്റ്റുചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയെ ചോദ്യം ചെയ്തവരും അറസ്റ്റ് ചെയ്യപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ രഹസ്യപൊലീസിന്റെ നിഴലിലും നിരീക്ഷണത്തിലും ജീവിച്ച മന്ദാകിനി നാരായണനും അറസ്റ്റ് ചെയ്യപ്പെട്ടു. മിസാ തടവുകാരിയായി ഒരു വര്‍ഷം. ഏകാന്തത ചുറ്റും മൗനത്തിന്റെ കോട്ടവാതില്‍ക്കല്‍ ഉയര്‍ത്തുന്നതാണ് ജയില്‍ ജീവിതം. അതില്‍നിന്നു രക്ഷപ്പെടാന്‍ അപ്പോള്‍ ആ അമ്മ ചിലതൊക്കെ കുറിച്ചുവക്കും. അത്തരത്തില്‍ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന 'ഏകാകിനി മന്ദാകിനി' എന്നു തുടങ്ങുന്ന കവിത എഴുതിയിരുന്നു. ഇത്തരം അവസ്ഥയില്‍ ഇത്തരത്തിലുള്ള കുറിപ്പുകള്‍ ഗുജറാത്തി ഭാഷയിലാണ് എഴുതാറ്. ഒരുവര്‍ഷത്തിനുശേഷം മന്ദാകിനി നാരായണന്‍ ജയിലില്‍നിന്നും പുറത്തുവന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മന്ദാകിനി കുറെ നാള്‍ ജീവിതത്തിന്റെ ഏകാന്ത നാളുകളിലായിരുന്നു. പ്രസ്ഥാനം പലവഴിക്കു ചിതറിയത് അവരെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്. ആ ദിവസങ്ങളില്‍ നക്സല്‍ ദേശീയ നേതാക്കളായ കനു സന്യാല്‍, സുരന്‍ ബോസ്, സി. ഭൂപന്‍ മോഹന്‍ പട്നായിക്, ചൗധരി തേജേശ്വര്‍ റാവു തുടങ്ങിയവരുമായി കത്തിടപാടുകള്‍ നടത്തി. പ്രസ്ഥാനത്തിന്റെ പുതിയ ദിശ നിര്‍ണ്ണയിക്കാന്‍ പോകുന്ന ചര്‍ച്ചകളായിരുന്നു അത്.
1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ജയില്‍ ജീവിതത്തിന്റെ അനുഭവങ്ങള്‍ മന്ദാകിനിയുടെ ജീവിതത്തില്‍ പുതിയ അദ്ധ്യായങ്ങളായി. 1977-ല്‍ അജിതയും പുറത്തിറങ്ങി. ഒമ്പതുവര്‍ഷത്തെ നീണ്ട തടവിനുശേഷം. ഇതിനിടയില്‍ ലോകചരിത്രത്തില്‍ പലതും സംഭവിച്ചു. നക്‌സല്‍ പ്രസ്ഥാനത്തിന്റെ ആക്ഷനുകള്‍ ആരംഭിച്ച് ഏതാണ്ട് 1972 ആകുമ്പോഴേയ്ക്കും ഇന്ത്യയൊട്ടാകെ പ്രസ്ഥാനം അടിച്ചമര്‍ത്തപ്പെട്ടുകഴിഞ്ഞിരുന്നു. 1972 ജൂലൈ 16-ന് നക്‌സല്‍ പ്രസ്ഥാനത്തിന്റെ ആരാധ്യനായ നേതാവ് ചാരുമജൂംദാര്‍ പൊലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞു. ഇന്ത്യയൊട്ടാകെ 32,000 പേരെയാണ് നക്‌സല്‍ പ്രവര്‍ത്തകരും അനുഭാവികളും എന്ന നിലയില്‍ അറസ്റ്റു ചെയ്തത്. അവരില്‍ പലര്‍ക്കും നേരെ ഭീകരമായ മര്‍ദ്ദനമുറകളാണ് ജയിലില്‍ നടന്നത്. ലോകവ്യാപകമായിത്തന്നെ അതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. നോം ചോംസ്‌കിയും സിമോണ്‍ ദ ബൊവ്വെയും അടക്കം അന്താരാഷ്ട്ര രംഗത്തെ പ്രശസ്തര്‍ രംഗത്തുവന്നു. അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങള്‍ക്കുശേഷം തടവുകാര്‍ ഭൂരിഭാഗവും പുറത്തിറങ്ങി. അപ്പോഴേയ്ക്കും ഇന്ത്യയില്‍ നക്‌സല്‍ പ്രസ്ഥാനവും വിവിധ ഗ്രൂപ്പുകളായി ഭിന്നിച്ചുകഴിഞ്ഞിരുന്നു. കേരളത്തില്‍ത്തന്നെ ഒരുമിച്ചുനിന്നവര്‍ ജയിലില്‍ വച്ചുതന്നെ വഴിപിരിയാന്‍ തുടങ്ങിയിരുന്നു. പ്രസ്ഥാനത്തിന്റെ ഈ യാത്ര ഒരുപാടുപേരെ നിരാശരാക്കി. ജയിലിനുള്ളിലെ പൊലീസ് മര്‍ദ്ദനങ്ങളും നിരാശയും കുന്നിക്കല്‍ നാരായണനെ ക്ഷീണിതനാക്കി. ഇടതു നെഞ്ചിനേറ്റ ബൂട്സിട്ട പൊലീസ് ചവിട്ട് ഹൃദയത്തിന്റെ വാല്‍വില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ നായകന്‍ കുന്നിക്കല്‍ നാരായണന്റെ അവസാനനാളുകള്‍. മന്ദാകിനി അന്ന് ബോംബെയിലായിരുന്നു. ആശുപത്രിക്കിടക്കയില്‍ അജിതയും യാക്കൂബും സഖാവ് അച്ചുവേട്ടന്‍ എന്ന അച്യുതനും മാത്രം കൂട്ട്. പ്രതിസന്ധിഘട്ടത്തിലൊക്കെ തന്നെയും തന്റെ കുടുംബത്തേയും സഹായിക്കാതിരുന്ന ബന്ധുക്കളെയൊക്കെ കുന്നിക്കല്‍ മാറ്റിനിര്‍ത്തി. മന്ദാകിനിയെ രോഗവിവരം അറിയിക്കാതെ വിളിച്ചുവരുത്തുകയായിരുന്നു. ബോംബെയില്‍നിന്നും വിമാനത്തില്‍ ബാംഗ്ലൂരിലെത്തി അവിടെനിന്നും കോഴിക്കോട്ടേയ്ക്കുവന്ന അവര്‍ കുന്നിക്കലിനെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് ''തലശ്ശേരിയും പുല്പള്ളിയുമൊക്കെ നമുക്കു വീണ്ടും തുടങ്ങേണ്ടേ'' എന്നാണ്. അവരുടെ മനസ്സപ്പോഴും തണുത്തിട്ടില്ല എന്നതിന്റെ തെളിവ്. പിന്നീട് മൂന്നോ നാലോ ദിവസം മന്ദാകിനി കുന്നിക്കലിനെ ശുശ്രൂഷിച്ചുകൊണ്ട് സമീപത്തുതന്നെയുണ്ടായിരുന്നു. ഗൗരവമേറിയ ചര്‍ച്ചകളും തമാശകളും കുടുംബകാര്യങ്ങളുമൊക്കെയായി അവര്‍ പഴയ കാലങ്ങളിലേയ്ക്ക് മടങ്ങി. 1979 ആഗസ്റ്റ് 25 രാത്രി 12 മണിക്ക് കുന്നിക്കല്‍ നാരായണന്‍ അന്തരിച്ചു. പതിറ്റാണ്ടുകള്‍ ഒരുമിച്ച് ജീവിച്ച് അപകടകരമായ ജീവിതവഴിയിലൂടെ നടന്ന് ചരിത്രം സൃഷ്ടിച്ചവരില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് നഷ്ടപ്പെടുന്നു. കുന്നിക്കല്‍ മന്ദാകിനിക്ക് നാരു ആയിരുന്നു. മാവൂര്‍ റോഡിലെ പൊതുശ്മശാനത്തില്‍ കുന്നിക്കലിന്റെ മൃതദേഹം സംസ്‌കരിച്ചു. അന്നുമുതല്‍ മന്ദാകിനി പൊതുപ്രവര്‍ത്തനത്തില്‍നിന്നും ഏറെക്കുറെ പിന്‍മാറി. എങ്കിലും ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷകളും ഉത്കണ്ഠകളും ആ അമ്മ പില്‍ക്കാലത്തും പുലര്‍ത്തിപ്പോന്നിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മന്ദാകിനി ഏറെ ഉത്കണ്ഠാകുലയായിരുന്നു. മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം ബോംബെയില്‍ പടര്‍ന്ന വര്‍ഗീയ കലാപം അവരെ കൂടുതല്‍ വേദനിപ്പിച്ചു. അന്ന് മുംബൈയില്‍നിന്നും അജിതയുടെ ഭര്‍ത്താവ് യാക്കൂബിന് ഒരു കത്തെഴുതി. രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ കയ്യൂക്കുകാട്ടി വളരുന്നതിന്റെ ഉത്കണ്ഠകള്‍ നിറഞ്ഞാതായിരുന്നു ആ കത്ത്. അതിനുമപ്പുറം തങ്ങളുടെയൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ തട്ടകമായിരുന്ന മുംബൈ എന്ന ലിബറല്‍ നഗരം കൂടുതല്‍ യാഥാസ്ഥിതികമാകുന്നതിന്റെ ഭയവും പങ്കുവച്ചിരുന്നു.
പുതിയതിനെ എന്തും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും മന്ദാകിനി നാരായണന്‍ എന്നും ആവേശം കാണിച്ചിട്ടുണ്ട്. ഇപ്റ്റയുടെ ഗായകസംഘങ്ങളുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരണത്തില്‍ പാട്ടുപാടി നടന്നിരുന്ന അവര്‍ മനോഹരമായി പാടുമായിരുന്നു. സംഗീതത്തെ അവര്‍ ഏറെ ഇഷ്ടപ്പെട്ടു. എഴുപത്തിമൂന്നാമത്തെ വയസ്സില്‍ കര്‍ണ്ണാടക ശാസ്ത്രീയസംഗീതം അഭ്യസിച്ചു. എഴുപത്തിനാലാമത്തെ വയസ്സില്‍ ചിത്രകലയും. നിരവധി ചിത്രങ്ങള്‍ അവര്‍ വരച്ചു. ഗായകനും വിപ്ലവകാരിയുമായ ഗദ്ദര്‍ ഒരിക്കല്‍ കോഴിക്കോട്ടു വന്നു പരിപാടികള്‍ അവതരിപ്പിച്ച 2004 ആഗസ്റ്റ് 8-ന് കോഴിക്കോട്ട് മേയ്ദിനത്തെരുവില്‍ അജിതയുടെ വീട്ടില്‍വച്ച് മന്ദാകിനിയെ കാണുമ്പോള്‍ അവര്‍ക്ക് പ്രായം എണ്‍പത്തെട്ട്്. മകള്‍ അജിതയ്ക്കൊപ്പം താമസിച്ചിരുന്ന അവര്‍ക്കൊപ്പം സഹോദരന്‍ മകരന്ദ് ചന്ദ്ര ഓസയുമുണ്ടായിരുന്നു. അവിവാഹിതനായ മകരന്ദ് (ദിലീപ് മാമ എന്ന് മന്ദാകിനിയുടെയും അജിതയുടെയും കത്തുകളിലൂടെ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്ന പേരുകാരണനാണിദ്ദേഹം) ബോംബെയില്‍നിന്നും സഹോദരിയോടും കുടുംബത്തോടുമൊപ്പം താമസിക്കാന്‍ എത്തിയതാണ്. സമയം രാവിലെ 8.30. ടി.വിയില്‍ സിനിമാഗാനരംഗങ്ങള്‍ കണ്ട് ആസ്വദിച്ചിരിക്കുകയാണ് മന്ദാകിനി. കൂടെ ദിലീപ് മാമയുമുണ്ട്. മായോട് സംസാരിക്കരുത് എന്ന വിലക്ക് ആദ്യം തന്നെ അജിത നല്‍കിയിരുന്നു. പക്ഷേ, കാണുമ്പോള്‍ അവര്‍ ചിരിക്കുന്നു. (പ്രശസ്തമായ ആ ചിരി) പിന്നീട്, കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തു. അത്രമാത്രം. കണ്ണുകളില്‍ എന്തെന്നില്ലാത്ത തിളക്കം. തിളങ്ങുന്ന ആ കണ്ണുകളും ഉയര്‍ത്തിയ ആ കൈകളും എന്ത് സന്ദേശമായിരിക്കും എനിക്ക് നല്‍കിയിരിക്കുക?
2006-ഡിസംബര്‍ 15ന് മന്ദാകിനി നാരായണന്‍ അന്തരിച്ചു. മന്ദാകിനിയെ യാത്രയാക്കാന്‍ പഴയ സഖാക്കള്‍ എത്തിച്ചേര്‍ന്നു. ഗ്രോ വാസു, മുണ്ടൂര്‍ രാവുണ്ണി, അച്ചുതന്‍ തുടങ്ങി നൂറുകണക്കിന് സഖാക്കള്‍. ഓള്‍ റോഡ്സ് ലീഡ്സ് ടു കമ്മ്യൂണിസം- സഖാക്കളെ കാണുമ്പോള്‍ മന്ദാകിനി പറഞ്ഞിരുന്ന വാക്കുകള്‍ അവരുടെയൊക്കെ ചെവികളില്‍ മുഴങ്ങിയിരുന്നിരിക്കാം. ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ ഒരു ലോംഗ് മാര്‍ച്ചും പിന്നെ ഒരു വിമോചിത ഇന്ത്യയും സ്വപ്നംകണ്ട മന്ദാകിനി നാരായണന്‍ മാവൂര്‍ റോഡിലെ ശ്്മശാനത്തില്‍ എരിഞ്ഞടങ്ങി.
About the legendary life of Mandakini Narayanan, Saji James writes on the occasion of her birth centenary
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


