

എഴുപതുകളുടെ തുടക്കത്തില്‍ നടന്ന പോരിന്റെ കഥയാണിത്. അത് ഇപ്പോഴും തുടരുകയാണോ? കഴിഞ്ഞ ദിവസം ജി സുധാകരന്റെ തട്ടകത്തില്‍ അദ്ദേഹത്തെ പുതിയ തലമുറ പാര്‍ട്ടിക്കാര്‍ തഴയുന്നു എന്ന അദ്ദേഹത്തിന്റെ പരിഭവം അതിരുവിട്ടപ്പോള്‍, എകെ ബാലന്‍ സുധാകരനെ കുറ്റപ്പെടുത്തിക്കൊണ്ടു സംസാരിച്ചു. പിന്നാലെ ബാലനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുധാകരന്‍ നല്‍കിയ മറുപടിയില്‍ പഴയൊരു പോരിന്റെ കഥയുണ്ട്.
പത്രപ്രവര്‍ത്തകനായ പ്രദീപ് പനങ്ങാടിനു നല്‍കിയൊരഭിമുഖത്തില്‍ എകെ ബാലന്‍ ഇങ്ങനെ പറയുന്നു: 'എസ്എഫ്‌ഐ രൂപീകരണത്തിനു ശേഷം കോട്ടയത്തുനടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് എന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കാന്‍ ആലോചിച്ചിരുന്നു. ഞാന്‍ നടത്തിയ ഒരു പരാമര്‍ശം പ്രശ്നമായി. അന്ന് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്റെ എല്ലാ പേജിലും ജി സുധാകരന്റെ പേരുണ്ടായിരുന്നു. ഷേയ്ക്‌സ്പിയര്‍ തലയ്ക്കു പിടിച്ച കാലമാണ്. ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു മാക്ബത്തിന്റെ ഓരോ താളിലും blood or bloody എന്നു കാണും. അതുപോലെയാണ് ഈ റിപ്പോര്‍ട്ടില്‍ ജി സുധാകരന്റെ പേരും. ഈ പരാമര്‍ശം പ്രശ്നമായി. അന്ന് സമ്മേളനത്തിലുണ്ടായിരുന്ന ഇകെ നായനാര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പറഞ്ഞു. പറ്റില്ലാന്ന് ഞാനും. സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞു. അങ്ങനെയാവട്ടെ എന്ന് ഞാനും. കോടിയേരി എന്നെ തിരുത്താന്‍ ശ്രമിച്ചു. നടന്നില്ല. അങ്ങനെ എനിക്ക് സംസ്ഥാനകമ്മിറ്റിയില്‍ സ്ഥാനം കിട്ടിയില്ല. ഞാന്‍ സമ്മേളന ഹാളിന്റെ വരാന്തയിലൂടെ നടന്നുവരുമ്പോള്‍ ജി സുധാകരന്‍ എതിരെ വരുന്നു. അടുത്ത സമ്മേളനത്തിേല്‍ ഞാന്‍ വരുന്നത് ബ്രണ്ണന്‍ കോളജിന്റെ ചെയര്‍മാനായിട്ടായിരിക്കും എന്നു പറഞ്ഞു'.
അന്ന് ആ ചര്‍ച്ചയില്‍ എംഎ ബേബിയും സാംസാരിച്ചിരുന്നതായി അന്ന് പാലക്കാട് ജില്ലാ ഭാരവാഹിയായിരുന്ന എംഎം നാരായണന്‍ പറയുന്നു. 'ബേബി അന്ന് സംസ്ഥാനകമ്മിറ്റി അംഗമായിരുന്നില്ല. ബേബി സുധാകരനെ പിന്തുണച്ചുകൊണ്ടാണ് പൊതുവില്‍ സംസാരിച്ചത്. സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ജി സുധാകരന്‍ പറഞ്ഞത് ഇവിടെ രണ്ടു തരം ചര്‍ച്ചകള്‍ നടന്നു. ഒന്ന് ചോര ചോര എന്നു പറഞ്ഞ്, മറ്റൊന്ന് സാഹിത്യ സുരഭിലമായ പ്രസംഗം'. അവിടെയും ബാലന് കുത്തുവാക്കും ബേബിക്ക് പുഷ്പഹാരവും.
ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങളിലെ ഗ്വാഗ്വാ വിളികളില്‍നിന്നു മനസ്സിലാകുന്നത് അമ്പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ വൈരം അവസാനിക്കുന്നില്ല എന്നല്ലേ. പിന്നീട് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഒരുമിച്ചിരുന്നവര്‍, മന്ത്രിസഭയില്‍ ഒരുമിച്ചിരുന്നവര്‍, ഇപ്പോള്‍ പ്രായം കടന്നതുകാരണം സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവായവര്‍ പഴയകഥകള്‍ പറഞ്ഞ് പോരടിക്കുമ്പോള്‍ അന്തം വിട്ടു നില്‍ക്കുന്നത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates