

1997 നവംബര്‍ 14 ലക്കം മലയാളം വാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ അനുഭവം
കുഞ്ഞുന്നാളില്‍ ഞാന്‍ അമ്മിഞ്ഞപ്പാല്‍ കുടിച്ചിട്ടില്ല. ഗര്‍ഭകാലത്ത് എന്തൊക്കെയോ അലോപ്പതി മരുന്നുകള്‍ കഴിച്ചതുകൊണ്ട് അമ്മയ്ക്ക് പാലുണ്ടായില്ല. പാല്‍ കിട്ടാതെ ദേഷ്യം പിടിച്ച് ഞാന്‍ മോണകൊണ്ട് ഇറുക്കി വേദനിപ്പിക്കുമായിരുന്നു എന്നും, ചെന്നിനായകം തേച്ച് എന്നെ ഒഴിവാക്കി എന്നും, പില്‍ക്കാലത്ത് അമ്മ പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഓര്‍മ്മവയ്ക്കും മുന്‍പുതന്നെ അമ്മിഞ്ഞപ്പാല്‍ എന്റെ സ്വപ്നമായിരുന്നു. ഓരോരോ കുട്ടിച്ചാത്തന്മാര്‍ തള്ളമാരുടെ മടിയില്‍ കിടന്ന് 'മ്ണാം മ്ണാം' എന്ന് അമ്മിഞ്ഞ കുടിക്കുന്നതു കാണുമ്പോള്‍ ദേഷ്യവും സങ്കടവും വരും.
എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് ഒരനുജന്‍ ജനിച്ചത്. അവന്‍ അമ്മിഞ്ഞ കുടിക്കുന്നതു കാണുമ്പോള്‍ എനിക്കു കലികയറും.
ഒരു ദിവസം ഞാന്‍ ധൈര്യപ്പെട്ടു പറഞ്ഞു:
''എനിക്കും വേണം അമ്മിഞ്ഞ.''
''പോടാ'' അമ്മ കണ്ണുരുട്ടി. ഞാന്‍ പേടിച്ചു പിന്മാറി.
ഞാന്‍ മുതിര്‍ന്നു. ഹൈസ്‌കൂളിലെത്തി. അക്കാലത്താണ് കുവൈറ്റില്‍ ജോലിയുള്ള ഒരമ്മാവന്‍ അവധിക്കു വന്നപ്പോള്‍ എനിക്ക് ഒരു ബൈനോക്കുലേഴ്സ് തന്നത്.
ഒഴിവു ദിവസങ്ങളില്‍ കാലത്ത് പത്തു മണിയാകുമ്പോള്‍ ഞാന്‍ അമ്പലക്കുളത്തിലേക്കു പോകും. ബൈനോക്കുലേഴ്സ് തോര്‍ത്തില്‍ പൊതിഞ്ഞ് എടുക്കും. കുളത്തിന് അല്പം അകലെയുള്ള വലിയ മാവില്‍ കയറി ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കും. ബൈനോക്കുലേഴ്സിലൂടെ നോക്കും. വീട്ടുപണി തീര്‍ത്ത് അലക്കാനും കുളിക്കാനും എത്തുന്ന പെണ്ണുങ്ങളുടെ തിരക്കായിരിക്കും അപ്പോള്‍ കുളക്കടവില്‍. വലുതും ചെറുതും കറുത്തതും കൂര്‍ത്തതും ഇടിഞ്ഞതുമായി വിവിധതരം അമ്മിഞ്ഞകള്‍ ബൈനോക്കുലേഴ്സിലൂടെ അടുത്തു കാണാം. ഏതൊക്കെ കുട്ടിച്ചാത്തന്മാരാവും ഈ അമ്മിഞ്ഞകളെല്ലാം കുടിച്ചു തീര്‍ക്കുക എന്നു ഞാന്‍ അത്ഭുതപ്പെടും.
അങ്ങനെയിരിക്കെ എനിക്ക് കണ്ണില്‍ ദീനം വന്നു.
''ആ കൈതക്കാട്ടെ മാലതീടട്ത്ത് ചെന്ന് ശകലം മൊലപ്പാല് മേടിച്ച് കണ്ണിലൊഴിക്ക്.''
അമ്മൂമ്മ ഉപദേശിച്ചു.
മാലതിച്ചേച്ചി പെറ്റിട്ട് മൂന്നാലുമാസമായി.
കൈതക്കാട്ടേക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു.
മാലതിച്ചേച്ചിക്ക് എന്നെ വല്യ ഇഷ്ടമാണ്. ലൈബ്രറിയില്‍നിന്ന് നോവലുകളും വാസുച്ചേട്ടന്റെ പ്രേമലേഖനങ്ങളും ആയമ്മയ്ക്ക് കൊണ്ടുകൊടുത്തിരുന്നത് ഞാനായിരുന്നു. പക്ഷേ, വാസുച്ചേട്ടനല്ല, വേറൊരു കോന്തനാണ് സുന്ദരിയായ മാലതിച്ചേച്ചിയെ കെട്ടിയത്. പ്രായക്കൂടുതലുള്ള വിരൂപനും കുടവയറനുമായ ശിവന്‍പിള്ള. അയാള്‍ക്ക് രജിസ്ട്രറാപ്പീസില്‍ ജോലിയും ധാരാളം ഭൂസ്വത്തും ഉണ്ടത്രെ. വാസുച്ചേട്ടന്‍ സുന്ദരനാണെങ്കിലും വെറും ട്യൂട്ടോറിയല്‍ മാഷല്ലെ.
ആദ്യം മാലതിച്ചേച്ചി കരഞ്ഞു, അപ്പോള്‍ മീനാക്ഷി വല്യമ്മ തീര്‍ത്തു പറഞ്ഞു: ''അഴകു കുത്ത്യാല്‍ അരി ണ്ടാവില്യ മോളെ.'' അതോടെ ചേച്ചീടെ കരച്ചില്‍ അടങ്ങി.
മാലതിച്ചേച്ചീടെ കല്യാണത്തിന്റെ തലേന്നു സന്ധ്യക്ക് വാസുച്ചേട്ടന്‍ കള്ളുകുടിച്ചു, പൂസ്സായി അമ്പലനടയ്ക്കല്‍ വന്നു നിന്ന് ഭഗവതിയെ പച്ചത്തെറി പറഞ്ഞതും മുണ്ടു പൊക്കിക്കാണിച്ചതും ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അഴിഞ്ഞുപോയ മുണ്ട് ശരിക്കുടുപ്പിച്ചതും താങ്ങിപ്പിടിച്ച് വീട്ടില്‍ കൊണ്ടാക്കിയതും ഞാനല്ലേ. പിന്നീടൊരിക്കലും ആ മനുഷ്യന്‍ ചിരിച്ച് ആരും കണ്ടിട്ടില്ല.
ദീനമുള്ള കണ്ണ് ടവല്‍കൊണ്ട് ഒപ്പിക്കൊണ്ട് ഞാന്‍ പടി കടന്നുചെല്ലുമ്പോള്‍ മീനാക്ഷിവല്ല്യമ്മ മുറ്റത്തിരുന്ന് മടലു കീറുന്നു.
''എന്താ മോനെ കാലത്തേ?''
''കണ്ണിന് ദീനം വല്ല്യമ്മേ. ലേശം മൊലപ്പാലു വേണം.''
വലതു കയ്യില്‍ വാക്കത്തിയുമായി എണീറ്റ് ഇടതുകൈകൊണ്ട് അരക്കെട്ടിന്റെ പിന്നിലെ ഒന്നരയുടെ മുഴ ശരിയാക്കി ഒന്നമര്‍ന്നു നിവര്‍ന്ന് അകത്തേക്കു നോക്കി തടിച്ചി മീനാക്ഷി വല്ല്യമ്മ വിളിച്ചു.
''എടീ മാലേ ദേ ഈ ചെക്കനു ശകലം മൊലപ്പാല് കൊട്‌ത്തേ കണ്ണിലൊഴിക്കാനാത്രേ.''
മാലതിച്ചേച്ചി പുറത്തുവന്നു. മുടി നെറുകയില്‍ കെട്ടി വെച്ചിരിക്കുന്നു. വെള്ള മുണ്ടും പച്ച ബ്ലൗസും. പേറു കഴിഞ്ഞപ്പോള്‍ മാലതിച്ചേച്ചി വെളുത്തു തടിച്ചു മിനുത്തിരിക്കുന്നു.
''കണ്ട ഉള്ളാടപ്പിള്ളേര്‌ടെ കൂടെ കളിച്ചുനടന്നു കിട്ടീതാവും ദീനം. അല്ലേടാ?'' ചേച്ചി ശകാരസ്വരത്തില്‍ ചോദിച്ചു. ഞാന്‍ മിണ്ടിയില്ല.
അകത്തുനിന്ന് കൊച്ചിന്റെ കരച്ചില്‍ കേട്ടു. ആണ്‍കുട്ടിയാണ്. അജയന്‍ എന്നാണത്രേ പേര് ഇട്ടത്.
അകത്തേക്കു പോയ മാലതിച്ചേച്ചി അല്പം കഴിഞ്ഞ് ഗോകര്‍ണ്ണം എന്നു പേരുള്ള ഒരു ചെറു പാത്രത്തില്‍ മുലപ്പാലുമായി പുറത്തുവന്നു വിളിച്ചു.
''വാടാ.''
ഞാന്‍ അരമതിലില്‍ മലര്‍ന്നു കിടന്നു. ചേച്ചി എന്റെ ദീനം പിടിച്ച കണ്ണില്‍ ഗോകര്‍ണ്ണത്തിന്റെ വാലിലൂടെ മുലപ്പാല്‍ ഒഴിച്ചു. രണ്ടു ദിവസം രാവും പകലും ചുട്ടു നീറിയ കണ്ണ് തണുത്തു കുളിര്‍ന്നു. അടുത്ത കണ്ണിലും മുലപ്പാലൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
''ആ കണ്ണിന് ദീനല്യ.''
''പൊട്ടാ, രണ്ടു കണ്ണിലും ഒഴിക്കണം. ന്നാലേ ഫലമുള്ളൂ.''
അങ്ങനെ ദിവസവും രാവിലെ ഞാന്‍ ചെന്ന് കണ്ണില്‍ മുലപ്പാലൊഴിക്കാന്‍ തുടങ്ങി.
''പാല്‍ തരുന്ന മൃഗം ഏതാന്നു സാറു ചോദിച്ചാല്‍ ഞാന്‍ മാലതിച്ചേച്ചീടെ പേരു പറയും.''
ഞാന്‍ തമാശ പറഞ്ഞു.
''പോടാ കഴ്തേ.''
ചേച്ചി ചിരിച്ചുകൊണ്ട് എന്റെ തലയ്ക്കിട്ടു കിഴുക്കി.
ഒരു ദിവസം ചെന്നപ്പോള്‍ എന്റെ കണ്ണിലേക്കു നോക്കി മാലതിച്ചേച്ചി ചോദിച്ചു:
''ദീനോക്കെ മാറ്യല്ലോ. ഞ്ഞീം എന്തിനാ മൊലപ്പാല്?''
''നല്ല സുഖാ അതൊഴിക്കുമ്പോ.'' ഞാന്‍ പറഞ്ഞു.
''അയ്യട അങ്ങനിപ്പോ സുഖിക്കണ്ട. പോടാ.''
മാലതിച്ചേച്ചി അകത്തേക്കു കയറിപ്പോയി. ഇളിഭ്യനായി ഞാന്‍ തിരിച്ചുപോന്നു.
ഒരു ദിവസം ആ വഴി പോയപ്പോള്‍ മാലതിച്ചേച്ചി വിളിച്ചു ചോദിച്ചു.
''എങ്ങട്ടാടാ സര്‍ക്കീട്ട്?''
''എങ്ങട്ടും ല്യ.''
''ന്നാലേ എനിക്കിത്തിരി കൊഴമ്പു വാങ്ങിച്ചു തരാമോ?''
ഞാന്‍ നാലുകിലോമീറ്റര്‍ അകലെയുള്ള വൈദ്യശാലയില്‍ പോയി കുഴമ്പു വാങ്ങിക്കൊണ്ടുവന്നു കൊടുത്തു.
അപ്പോള്‍ ഉമ്മറത്ത് മറ്റാരും ഉണ്ടായിരുന്നില്ല. എന്തും വരട്ടെ എന്നു കരുതി ഞാന്‍ പറഞ്ഞു:
''മാലുച്ചേച്ചി എനിക്കൊരു കൊതി.''
''എന്തു കൊതി?''
ഞാന്‍ ചേച്ചിയുടെ നിറമാറിലേക്ക് കൊതിയോടെ നോക്കിപ്പറഞ്ഞു:
''ഇത്തിരി അമ്മിഞ്ഞ കുടിക്കണംന്ന്.''
''ഫ. അസത്തേ. നിന്റമ്മയോടു ചെന്നു പറയ് തരാന്‍.''
ചേച്ചി ദേഷ്യപ്പെട്ടുകൊണ്ട് മുണ്ടിന്റെ കോന്തല എടുത്ത് മാറുമറച്ചു. ആ മുഖം ആകെ ചുവന്നു.
ഞാന്‍ സങ്കടത്തോടെ പറഞ്ഞു:
''ഞാന്‍ ഇതുവരെ മൊലപ്പാലു കുടിച്ചിട്ടില്ല ചേച്ചി. എന്റമ്മയ്ക്ക് പാലില്ലായിരുന്നു.'' അവര്‍ വാത്സല്യത്തോടെ ചിരിച്ചു.
''മൂക്കീപ്പല്ലു വന്നപ്പഴാ അവന്റെയൊരു പൂതി. ന്റെ ബാലാ, നീ വേറാരോടും ഈ വങ്കത്തം എഴുന്നള്ളിക്കല്ലേ. ന്നോട് പറഞ്ഞത് ഇരിക്കട്ടെ.''
ഇടവഴി തിരിയുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. മാലതിച്ചേച്ചി കൊച്ചിനെയും എടുത്തുകൊണ്ട് എന്നെത്തന്നെ നോക്കി ഉമ്മറത്തു നില്‍ക്കുന്നു!
ഒരു ഒഴിവുദിവസം കാലത്തേ ആ വീടിനടുത്തുള്ള തോട്ടില്‍ ഒരു പോക്കാച്ചിത്തവളയെ തിരയുകയായിരുന്നു ഞാന്‍. കീറി മുറിച്ചു പഠിക്കാനാണ്.
''ബാലാ.''
വിളികേട്ട് ഞാന്‍ നോക്കി. കുട്ടിയേയും എടുത്തുകൊണ്ട് മാലതിച്ചേച്ചി. ഞാന്‍ ഓടിച്ചെന്നു.
''എന്താടാ തോട്ടില് തപ്പണത്?''
''തവള. പഠിക്കാനാ.''
''നീ പോയി കൊറച്ചു പഞ്ചസാരേം ചായപ്പൊടീം വാങ്ങിച്ചു തരാമോ?''
ഞാന്‍ തലയാട്ടി.
''ഇവിടെ എല്ലാവരും ഭാസ്‌കരമ്മാമേടേ മോള്‍ടെ കല്യാണത്തിനു പോയി. ഗുരുവായൂര്‍.'' ചേച്ചി കുട്ടിയെ എന്റെ നേര്‍ക്കു നീട്ടി. ഞാന്‍ അതിനെ വാങ്ങി. അവര്‍ അകത്തേക്കു പോയി.
''മോനേ...''
ഞാന്‍ കൊച്ചിനെ തുള്ളിച്ചു.
''ശ്ര്‍ര്‍ര്‍...''
ആ കുട്ടിച്ചാത്തന്‍ പണി പറ്റിച്ചു.
''അയ്യേ... ചേച്ചീ... ഇവന്‍ മൂത്രോഴിച്ചു.'' ഞാന്‍ വിളിച്ചു പറഞ്ഞു.
മാലതിച്ചേച്ചി ഇറങ്ങിവന്നു.
''സാരല്യാടാ. ഉണ്ണിമൂത്രം പുണ്യാഹം ന്നാ പറയ്യാ.''
അവര്‍ കൊച്ചിനെ വാങ്ങി. എന്റെ കയ്യില്‍ കാശു തന്നിട്ടു പറഞ്ഞു:
''അരക്കിലോ പഞ്ചസാരേം കാല്‍ക്കിലോ ചായപ്പൊടീം.''
പഞ്ചസാരയും ചായപ്പൊടിയും വാങ്ങി വന്നു കയറുമ്പോള്‍ അകത്തുനിന്ന് താരാട്ട്. കുട്ടിച്ചാത്തനെ ഉറക്കുകയാണ്.
പൊതികള്‍ വാങ്ങി ചേച്ചി അകത്തേക്കു പോയി.
''ബാലാ.''
ഞാന്‍ അകത്തേക്കു ചെന്നു.
''ഒരു ചായ വേണോ നിനക്ക്?''
''വേണ്ട.''
ഞാന്‍ പറഞ്ഞു.
മാലതിച്ചേച്ചി ഒരു നിമിഷം എന്തോ ആലോചിച്ചു. പിന്നെ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി ഒരു ചെറു ചിരിയോടെ ചോദിച്ചു.
''പിന്നെ? അമ്മിഞ്ഞ വേണോ?''
ഞാന്‍ ചമ്മലോടെ മുഖം കുനിച്ചു. എന്നെ കളിയാക്കുന്നു.
മാലതിച്ചേച്ചി പെട്ടെന്ന് വാതിലടച്ച് കട്ടിലില്‍ വന്നിരുന്ന് ബ്ലാസിന്റെ പിന്നുകള്‍ ഊരാന്‍ തുടങ്ങി.
''ന്റെ കുട്ടീടെ ഒര് മോഹല്ലേ, വാ.''
ചിരിയോടെ അവര്‍ വിളിച്ചു. ഞാന്‍ വിറച്ചു. നെഞ്ചിടിപ്പ് കൂടി. ശ്വാസം അതിവേഗത്തിലായി.
''വാടാ.''
ഞാന്‍ അര്‍ദ്ധബോധാവസ്ഥയില്‍ അവരുടെ അടുത്തേക്കു നീങ്ങി.
ചേച്ചി ബ്ലൗസ് നീക്കി. ഞാവല്‍പ്പഴങ്ങള്‍ പോലെ കറുത്തു മുഴുത്തു കണ്ണുകളുള്ള വെളുത്തു കൊഴുത്തു മിനുത്ത അമ്മിഞ്ഞകള്‍ എനിക്കു മുന്നില്‍ അനാവൃതമായി!
ചേച്ചി സാവധാനം എന്നെ പിടിച്ചു മടിയില്‍ കിടത്തി.
''പതുക്കെ കുടിക്കണം. പല്ല് കൊള്ളരുത്.'' ചേച്ചി ശബ്ദം താഴ്ത്തി പറഞ്ഞു.
അപ്പോള്‍ പിറന്ന കുഞ്ഞിനെപ്പോലെ ഞാന്‍ വാപിളര്‍ന്നു. എന്റെ ചുണ്ടുകളില്‍ അമ്മിഞ്ഞക്കണ്ണുമൂടി. ഞാന്‍ വെറും ശിശുവായി.
എന്റെ മൂര്‍ദ്ധാവില്‍ തടവിക്കൊണ്ട് ചേച്ചി പറഞ്ഞു.
''പാവം.''
കുഴമ്പിന്റെയും വിയര്‍പ്പിന്റെയും മുലപ്പാലിന്റെയും മൂത്രത്തിന്റെയും ഒക്കെ കൂടിക്കുഴഞ്ഞ മനം മടുപ്പിക്കുന്ന മണം. മുലപ്പാലിന് ഞാന്‍ പ്രതീക്ഷിച്ചത്ര മാധുര്യമോ സ്വാദോ ഉണ്ടായിരുന്നില്ല.
എങ്കിലും എന്റെ ചുട്ടുപഴുത്ത ജീവന്‍ നനഞ്ഞു കുതിരുകയായിരുന്നു. എന്റെ ഉള്ളില്‍ ആയിരം മരുഭൂമികളുടെ ദാഹം ശമിക്കുകയായിരുന്നു. പരമാനന്ദത്തില്‍, പരമദുഃഖത്തില്‍ ഞാന്‍ കരയുകയായിരുന്നു. കണ്ണീരും മുലപ്പാലും കലരുകയായിരുന്നു.
''മതിയായോ കുട്ടിക്ക്? സങ്കടം മാറ്യോ?''
മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണീരും മുലപ്പാലും കൊണ്ടു നനഞ്ഞ എന്റെ മുഖം തുടച്ചുകൊണ്ട് മാലതിച്ചേച്ചി ചോദിച്ചു. എനിക്കു മിണ്ടാനാവുന്നില്ല. എന്റെ രണ്ടു കണ്ണിലും ഉമ്മവെച്ചുകൊണ്ട് ചേച്ചി പറഞ്ഞു:
''കൂട്ടുകാരോടൊന്നും പോയി പറഞ്ഞുകൊടുക്കരുത്. ട്ടൊ.''
അവിടെ നിന്നിറങ്ങി ഞാന്‍ നേരെ വീട്ടിലേക്ക് ഓടുകയായിരുന്നു. അല്ല പറക്കുകയായിരുന്നു. പറന്നുപോവുകയായിരുന്നു. വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ നീലാകാശത്തിലൂടെ. ഈശ്വരസന്നിധിയിലേക്ക് നന്ദി പറയാന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates