ചരിത്രത്തിന്റെ മേഖലകളില്‍ വീഴുന്ന ഭീതിയുടെ നിഴലുകളെ മാറ്റാന്‍

Ravi Shankar
Ravi Shankar
Updated on
2 min read

സാമ്രാജ്യങ്ങള്‍ ചരിത്രത്തിന്റെ രേഖകള്‍കൊണ്ട് വരച്ചതാണ് ദില്ലിയുടെ ഭൂപടം. 1354-ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക് കെട്ടിയ ഫെറോസ് ഷാ കോട്‌ലയില്‍നിന്നും ചക്രവര്‍ത്തി നിസാമുദ്ദീന്റെ അവസാന വിശ്രമസ്ഥലത്തേക്കു പോകുമ്പോള്‍ അതിനെക്കാളുമൊക്കെ പുരാതനമായ ഇന്ദ്രപ്രസ്ഥത്തിന്റെ അവശേഷിപ്പുകള്‍ വഴിയില്‍ കാണാം. കല്ലിന്റെ വ്യത്യാസമാണ്. ആഭരണങ്ങളില്ലാത്ത കോട്ട. പുരാണ കില (കോട്ട) എന്നാണ് അതു വിളിക്കപ്പെടുന്നത്. മഹാഭാരതത്തിന്റെ അവസാനിക്കാത്ത മഹായുദ്ധം പോലെ ഇവിടെ ചരിത്രവും ചരിത്രവും തമ്മിലുള്ള യുദ്ധം ഇന്നും നടക്കുന്നു. ഹുമയൂണ്‍ കെട്ടിയ ദുര്‍ഗമാണ്. പക്ഷേ, അതിന്റെ കീഴില്‍ കിടക്കുന്നതാണ് പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം. ഇതാണ് ദില്ലിയുടെ വിഷമവൃത്തം.

മൂന്ന് ദിവസം വിജ്ഞ്യാന്‍ ഭവനത്തില്‍ നടക്കുന്ന ആര്‍എസ്എസ്സിന്റെ മഹാസമ്മേളനം ഈ ചരിത്രങ്ങളെ സംയോജിപ്പിക്കാനുള്ള സംരംഭമാണ്. ആര്‍എസ്എസ്സിന്റെ മൃദുഭാഷിയായ ഭീഷ്മന്‍ മോഹന്‍ ഭാഗവത്തിന്റെ എല്ലാ പ്രസംഗങ്ങളുടെയും സത്ത ഇതായിരുന്നു:

ആരാണ് ഹിന്ദു? എന്താണ് ഹിന്ദുത്വ?

ഹിന്ദു ഭാരതീയനാണ് എന്ന് അദ്ദേഹം പറയുന്നു. ആ വാക്കില്‍ ജാതിയും മതവുമില്ല, ഭാരത വര്‍ഷത്തിലെ ജനനപുണ്യം മാത്രം. ആ സത്യത്തിനെ എതിര്‍ക്കുന്നവര്‍ ഹിന്ദുക്കളാണെങ്കിലും ഹിന്ദുവല്ല.

Ravi Shankar
അരിയും വിഷമാകുന്ന ആസുര കാലം

ഈ വിപരീത സത്യത്തിലാണ് ഇന്നത്തെ ഭാരതത്തിന്റെ പ്രതിസന്ധി. പ്രത്യയശാസ്ത്രത്തിന്റെ ജാതകത്തില്‍ രാഷ്ട്രീയ പണ്ഡിതന്മാര്‍ കാണാത്ത ഒരു നക്ഷത്രം; ആര്‍എസ്എസ് ഒരു ഗുഢസ്ഥാപനമല്ല എന്നാണ് അദ്ദേഹത്തിന്റെ മൊഴി. എല്ലാ തിരശ്ശീലകളും മാറ്റുന്നു. സുതാര്യതയിലും സേവയിലും പ്രസന്നമായ ഒരു സംഘടനയാണ് ആര്‍എസ്എസ് എന്നാണ് ഭാഗവതിന്റെ വാക്കുകളുടെ സത്ത. അതില്‍ ഇരുണ്ട തമാശയുമുണ്ട്. ആര്‍എസ്എസ്സില്‍നിന്നും ജനിച്ച ഈ ബിജെപിയുടെ അവതാരം പടുതകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാണ്. മന്ത്രിമാര്‍ക്ക് തുറന്നുപറയാന്‍ പറ്റില്ല. ഭയമാണ്. ഉദ്യോഗസ്ഥന്മാര്‍ മൗനികളാണ്. പത്ത് പതിനൊന്നു കൊല്ലത്തെ ഈ മൗനവ്രതം തലസ്ഥാന നഗരിയുടെ അധികാരമേഖലയില്‍ നിഴല്‍വീശിയിരിക്കുന്നു. എന്റെ പഴയ ഒരു സുഹൃത്തിന് അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് കാണാന്‍ വൈമുഖ്യം. ''ആരെ ആര് ശ്രദ്ധിക്കുന്നു എന്ന് പറയാനാവില്ല. നമുക്ക് പിന്നെ എന്നെങ്കിലും കാണാം'' എന്നായിരുന്നു മറുപടി.

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 1950 മുതല്‍ പത്രപ്രവര്‍ത്തകരും എംപിമാരും മന്ത്രിമാരും കൂടെയിരുന്ന് വര്‍ത്തമാനം പറയുകയും തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്തിരുന്നു. അതെല്ലാം പുരാവൃത്തമായിരിക്കുന്നു. ഇന്ന് വാതിലുകള്‍ അടച്ചിരിക്കുകയാണ്. സത്യത്തിന്റെ കരു നര്‍മ്മസല്ലാപത്തിലും ചിലപ്പോള്‍ പ്രത്യക്ഷമാകും. അറിവുകളുടെ കണ്ണുചിമ്മല്‍ സരളസല്ലാപത്തില്‍ കാണും. പുറത്തോട്ട് അറിയുന്ന വൃത്താന്തങ്ങളെ നാവടപ്പിയ്ക്കാനുള്ള ശ്രമം ഭീതിയാണ്. അഹങ്കാരമാണ് സത്തയുടെ അരക്ഷിതത്വം. ഭാഗവതിന്റെ ഭാഷണത്തിലും ഇരുന്നൂറോളം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിലും ഒക്കെ ഈ രഹസ്യമനോഭാവത്തിന്റേയും ഭീതിയുടേയും നിഷേധമാണ്. വാര്‍ത്ത സത്യമാവണം എന്നില്ല. പക്ഷേ, സത്യത്തില്‍ വാര്‍ത്തയുണ്ട്. ഇതാണ് ഭീഷ്മരുടെ നിര്‍ദേശം.

Ravi Shankar
ബിഷപ് നുണ പറഞ്ഞാല്‍ വിശുദ്ധ നുണയാകുമോ എന്ന പിണറായി വിജയന്റെ ചോദ്യത്തിനുള്ള ഉത്തരം അതാണ്

ആരെങ്കിലും അദ്ദേഹത്തെ കേള്‍ക്കുന്നുണ്ടോ? അതോ വളര്‍ത്തുപട്ടികളെ പോലെ കുരയ്ക്കുന്ന ടെലിവിഷന്‍ പ്രവര്‍ത്തകരുടെ ഗര്‍ജനത്തില്‍ ഭാഗവതിന്റെ സന്ദേശം കേള്‍ക്കാനാവാതെ ചരിത്രത്തിന്റെ ഇരുണ്ട വഴികളില്‍, രാഷ്ട്രീയ നിശാചരന്മാരെപ്പോലെ പതുങ്ങിനടക്കുന്ന വിരസത ഭാരതത്തെ മുഷിപ്പിക്കുമോ?

Summary

Ravi Shankar writes about Mohan Bhagavat`s speech and political scenario in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com