

ഇന്നലെയാണ് അവരെ കണ്ടത്. ഉരുളന്‍പാറ കയറ്റം കയറി ആറടിപ്പാതയിലേയ്ക്ക് തിരിഞ്ഞപ്പൊഴേ പാതയുടെ അങ്ങേ തലയ്ക്കല്‍ ഒരു പൊട്ടുപോലെ അവര്‍ ഉണ്ടായിരുന്നു.
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ആണ്ടുകിടക്കുകയാണ് പാത, വിജനവും. അതിനാല്‍ ഒരു നേര്‍രേഖയിലെന്ന പോലെ അവരെ കാണാമായിരുന്നു. വിശാലമായ ആറടിപ്പാതയുടെ അരികുപറ്റി അവര്‍ മുട്ടിമുട്ടി നടന്നു. ഒരാളുടെ ചുവടുകള്‍ക്ക് ഇടര്‍ച്ചയും കാലുകള്‍ക്കൊരു വലിച്ചിലുമുണ്ടായിരുന്നു; എന്നാല്‍ അവര്‍ കൈകള്‍ ചേര്‍ത്തുപിടിക്കുകയോ പരസ്പരം ഊന്നുവടികളാവുകയോ ചെയ്തിരുന്നില്ല.
ആശാരിപ്പറമ്പിലെ ഗോവിന്ദന്‍ ആശാരിയും മകന്‍ അരവിന്ദനുമായിരുന്നു അതെന്ന് അടുത്ത് നിന്ന് കാണുമ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ല; വിസ്മയിക്കാതിരിക്കാനും.
ആസ്ത്മയും തളര്‍വാതവും തളര്‍ത്തിയ ഓര്‍മ്മകളുടെ നിഴല്‍പ്പാടുകളില്‍ ജീവിച്ചിരുന്ന ഗോവിന്ദന്‍ ആശാരിയെ പുറത്ത് കണ്ടിട്ട് മാസങ്ങളേറെയായിരുന്നു. പഴയ പ്രസരിപ്പും ഉത്സാഹവുമൊന്നും അരവിന്ദനിലും ഉണ്ടായിരുന്നില്ല. അല്ലെങ്കിലും അവനതെല്ലാം നഷ്ടപ്പെട്ടിട്ട് കാലങ്ങളേറെയായല്ലോ. നന്നേ ശോഷിച്ചിരിക്കുന്നു. കാലുകള്‍ പെറുക്കി വച്ച് നടന്നിട്ടും ഗോവിന്ദേട്ടന്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അരയില്‍ ഉറയ്ക്കാതെ ഊര്‍ന്നിറങ്ങുന്ന വേഷ്ടി താങ്ങാനുള്ള കരുത്ത് ആ ശരീരത്തിനുണ്ടോ?! ഇല്ല. ഓരോ ചുവടിലും നിന്നുനിന്നാണദ്ദേഹം മുന്നോട്ടുനീങ്ങിയിരുന്നത്.
''എന്താ അരവിന്ദാ, ഈ കാണ്‍ണെ? എന്ക്കിത് വിശ്വസിക്കാനേ പറ്റ്ണ്ല്ല്യാ! അച്ഛന്‍ പൊര്‍ത്തേയ്‌ക്കൊക്കെ എര്‍ങ്ങി തൊട്‌ങ്ങ്യോ; അതും നെന്റെ കൂടെ!? നെന്നേം കണ്ട്ട്ട് കാലോത്ര്യായ്ടാ''
അടുത്തു കണ്ട പൂവാകയുടെ തണലിലേയ്ക്ക് കാര്‍ ഒതുക്കി നിറുത്തി പുറത്തിറങ്ങിയ ഞാന്‍ അതിശയം മറച്ചു വയ്ക്കാതെ തന്നെ ചോദിച്ചു.
അവനെന്നെ കുറച്ചു നേരം ആലസ്യമാര്‍ന്ന മിഴികളോടെ മിഴിച്ചു നോക്കി നിന്നു. ഞാന്‍ ഒന്നന്തിച്ചു; ആ നോട്ടം കണ്ട്.
''അരവിന്ദാ... നെനക്കെന്നെ മനസ്ലായില്ലേ?''
ഉവ്വെന്നവന്‍ തലയാട്ടി. പിന്നെ വിദൂരതയിലേയ്ക്ക് നോട്ടമെറിഞ്ഞ് പറഞ്ഞു:
''കൊര്‍ച്ചോസായ്ട്ട് മിറ്റത്തൊക്കെങ്ങ്‌നെ നടക്ക്ണന്ന ആഗ്ര്ഹം കാണ്‍ക്ക്യാര്‍ണ്ട് ... ആരേംപ്പ തിര്ച്ചറ്യാത്തോണ്ട് ന്നേംങ്ങ്ട് ശര്ക്കറ്യോന്ന് സംശ്യാ ... ന്നാലും ന്ന് രാവ് ലെ ന്നെ പേരെട്ത്ത് വ്‌ളിച്ചു ... പൊര്‍ത്തേക്ക് പോണ്‍ന്ന് പര്‍ഞ്ഞു... അതോണ്ട് മഴേടെ തോര്‍ച്ച്‌ക്കെടേല് തെള്യേണ വെയ്‌ല് നോക്കി നട്ക്കാന്‍ എര്‍ങ്ങ്യതാ ... ന്യത്ര കാലോന്ന്ച്ചാ ... നട്ക്കട്ടെ ... നട്ന്ന മണ്ണ്‌ലൂടൊക്കെ ഒര്ക്കലൂടെ നട്ക്കട്ടെ.. കാണാന് ള്ളതൊക്കെ പറ്റാവ്‌ന്നോലെ കാണ്‍ട്ടെ ... കാല്‍ന് ബല്‍ക്കൊര്‍വ്വ്ണ്ട്... ശാസ്വോടസ്സോംണ്ട്...ന്നച്ചാലും വേച്ച്യേച്ച് നടക്കും.. ആരും പ്ട്ക്ക്യാന്‍ സമ്മത്ക്ക്ല്ല്യാ... തണ്പ്പ്ന്റാധിക്ക്യോള്ളോണ്ട് വല്വും കൂട്തലാ... ചെലേരത്ത് ശ്വാസെട്ക്കാന്‍ കഴ്ക്ക്യണ പാട്വണ്ടാ നെഞ്ച് പൊട്ടിപ്പോം..''
മുഖത്തു നോക്കാതെ പതിഞ്ഞ ശബ്ദത്തില്‍ നിറുത്തി നിറുത്തിയാണ് പറയുന്നതെങ്കിലും നാളുകള്‍ക്കിപ്പുറം അവന്റെ ശബ്ദം ഞാന്‍ കേട്ടു!
''അരവിന്ദാ...'
അത്യധികമായ സന്തോഷത്തോടെ ഞാനവന്റെ ഇരു കരങ്ങളും ചേര്‍ത്തുപിടിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞ് കാഴ്ചകള്‍ വികലമായി. അവന്റെ ശ്വാസഗതിയിലും നാഡിമിടിപ്പിലും അവനനുഭവിക്കുന്ന ഹൃദയവേദനയുടെ ആഴം എനിക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു.
നിര്‍ന്നിമേഷമായ മുഖത്ത് ഒരു ചെറു പുഞ്ചിരി വരുത്താന്‍ ശ്രമിച്ച് അവനെന്നെ നോക്കി. ഇത്രകാലം അവനനുഭവിച്ച യാതനകളെല്ലാം ആ നോട്ടത്തില്‍ നിഴലിച്ചിരുന്നു. ഉള്ള് പൊള്ളിപ്പോയി! എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ട പോലെ! ഞാനവന്റെ കരങ്ങളില്‍ മുറുകെ പിടിച്ചങ്ങനെ നിന്നു. ഉയര്‍ന്നു നിന്ന അവന്റെ ശ്വാസഗതി സാധാരണ നിലയിലേയ്ക്ക് വരുന്നത് വരെ ഞാനങ്ങനെ നിന്നു. എങ്കിലും ആ നിര്‍വ്വികാരതയില്‍ ഒരു മാറ്റവും വന്നില്ല.
''ഗോവ്‌ന്ദേട്ടാ.. അറ്യോന്നെ?''
വളഞ്ഞു കുത്തി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി നിന്ന അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഞാന്‍ തിരക്കി. പരിചയത്തിന്റെ നേരിയ നിഴല്‍ വെട്ടം പോലും ആ മുഖത്തു നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല. പീള കെട്ടി നിറം മങ്ങിപ്പോയിരിക്കുന്നു; ഒരു കാലത്ത് കുസൃതിയും സ്‌നേഹവും കരുതലിന്റെ കടാക്ഷവും മാത്രം നിറഞ്ഞുനിന്നിരുന്ന ആ കണ്ണുകളുടെ.
''അച്ഛാ... ചെത്ത്യാട്ടെ കൃഷ്ണനുണ്ണി മാഷാച്ഛാ... മ്മ്‌ടെ ചന്ദ്രന്‍ നായ്ര്‌ടെ മോന്‍.... അച്ഛന്റെ പഴേ കളിക്കൂട്ടാരന്‍ ... കൃഷ്ണുണ്ണി... ചെത്ത്യാട്ടെ ഉണ്ണി... ഉണ്ണി..'' അരവിന്ദന്‍ സംസാരിക്കുകയാണ്; ഓര്‍മ്മയുടെ തീരങ്ങളിലേയ്ക്ക് അച്ഛനെ ഒരിക്കല്‍ കൂടി കൈപിടിച്ചു നടത്താനുള്ള വ്യഗ്രതയോടെ.
എന്തൊരു ക്ഷമയാണവന്! തലനിവര്‍ത്തി മുന്നോട്ടു മാത്രം നോക്കി അച്ഛനോട് ചേര്‍ന്ന് നടക്കുമ്പൊഴും അവന്റെ ശ്രദ്ധ അച്ഛനില്‍ തന്നെയായിരുന്നല്ലോ! കൈ പിടിച്ചിട്ടില്ലെന്നേയുള്ളൂ. വീണുപോകാതിരിക്കാനുള്ള എല്ലാ ജാഗ്രതയും ആ അവസ്ഥയിലും അവനുണ്ടെന്ന് തോന്നി! തോന്നലല്ല; അതായിരുന്നു സത്യമെന്നറിയാന്‍ പിന്നെയും സമയമെടുത്തു.
വാര്‍ദ്ധക്യത്തിന്റെ പടുതിയില്‍ താങ്ങും, തണലുമായി മക്കളില്‍ ആരെങ്കിലും ഉണ്ടാവുക എന്നതിനേക്കാള്‍ വലിയ മറ്റെന്ത് ഭാഗ്യമാണ് വേണ്ടത്? അല്ലെങ്കിലും ഇക്കാലത്ത് ഏത് മക്കളാ ഇത്രയൊക്കെ സഹനത്തോടെ അച്ഛനെ കൂടെ കൊണ്ടു നടക്കുക! കണ്ണുകള്‍ ഈറനണിയാന്‍ എനിക്ക് ഇതൊക്കെ ധാരാളം.
''മര്‌ന്നൊക്കേല്ലേ...? ആര്ട്യാ ചിക്ല്‍സാ?''
''എല്ലാണ്ട് മാഷേ... മല്ല്യാര്‍ജ്ജുന്റെ ചിക്ത്‌സ്യാണ്പ്പ .... ഭഷ്ണോം വേണ്ട ... ഒര്‍ക്കോല്ല്യ... തരം കിട്ട്യാ അപ്പ വര്‍ഷാപ്പ്‌ലെത്തും..പിന്നെ കൊട്ട്‌ലോട് കൊട്ട്‌ല്‌ന്നെ... വീതുളി വിട്ട് രു കളീല്യ ... തേച്ച്വിന്‍ക്കി മൂര്‍ച്ചൂട്ട്യോണ്ട് ര്ക്കും പ്ലും.... എന്ത്‌നാണോ ന്തോ? ഉം..''
ആ മൂളലിന് വല്ലാത്തൊരു മൂര്‍ച്ചയുണ്ടായിരുന്നു. ശബ്ദത്തിന് മാറ്റം വന്നതും ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.
ഗോവിന്ദേട്ടനെ എന്നോട് ചേര്‍ത്ത് ചുമലിലൂടെ കയ്യോടിച്ച് നില്‍ക്കുമ്പോള്‍ ചിന്തകള്‍ പുറകോട്ട് സഞ്ചരിക്കാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. നീണ്ടു മെലിഞ്ഞു ശുഷ്‌കിച്ച ആ വിരലുകളില്‍ സ്പര്‍ശിക്കുമ്പോള്‍ മനസ്സ് വല്ലാതെ ആര്‍ദ്രമാകുന്നു ... എത്രയോ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചു തന്ന കൈകളാണത്. ''മക്കള്‍ക്കുള്ള തൊട്ടിലും കളിപ്പാട്ടങ്ങളും ഗോവിന്ദാശാര്യന്നെ പണ്തരാട്ടോ ണ്ണീ...' ന്ന് കൊച്ചിലെ തമാശയായി പറയാറുണ്ട്. അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേത്,'' എന്നല്ലേ! ആര്‍ക്കറിയാം ദൈവഹിതം?
ഉണങ്ങിച്ചടച്ച് എല്ലുന്തിയ ആ ശരീരവും പാതാളക്കുഴിയിലാണ്ട കണ്ണുകളും ഒരു നിമിഷം എന്നില്‍ അച്ഛന്റെ സ്മരണകള്‍ ഉണര്‍ത്തിയെന്നത് സത്യം. പക്ഷേ അതിനുമപ്പുറം എന്തോ എന്നെ കൊത്തിവലിക്കുന്നുണ്ടെന്ന തിരിച്ചറിവും എനിക്കുണ്ടായി.
''അച്ഛന്‍ എന്നെ മാത്രമല്ലേ എപ്പോഴും വഴക്കു പറയുന്നുള്ളൂ.. മറ്റ് മക്കളൊക്കെ പറയുമ്പോള്‍ മിണ്ടാണ്ടിരിക്ക്ണ കാണാലോ?'' പലപ്പോഴും അച്ഛനോട് ചോദിച്ചിട്ടുണ്ട്.
''അതോ? നെന്‍ക്കേ ന്നെ മനസ്സ്‌ലാവൂ .. ന്റെ മനസ്സും ...' ഒരിക്കല്‍ അച്ഛന്‍ പറഞ്ഞ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.
അച്ഛനും ഗോവിന്ദേട്ടനെ വലിയ കാര്യമായിരുന്നു. തറവാട്ടില്‍ മരപ്പണി എന്തുണ്ടെങ്കിലും ഗോവിന്ദേട്ടനെ മാത്രമേ വിളിക്കൂ .. ഒന്നും പ്രത്യേകിച്ച് പറയണ്ട.. കണ്ടറിഞ്ഞ് ചെയ്‌തോളും.
മുത്തശ്ശന്റെ കാലം മുതലേ ഗോവിന്ദേട്ടന്റെ കുടുംബക്കാര്‍ക്ക് തന്നെയാണ് മരപ്പണികളുടെ ചുമതല. അന്നൊക്കെ കൃഷിക്കാവശ്യമായ കരിയും നുകവും ഞവിരിയും വെള്ളം തേകി എടുക്കാനുള്ള
തേക്കൊട്ടയും വേത്തും പ്ലാവിന്‍ കാതലില്‍ രൂപപ്പെടുത്തിയെടുക്കുന്ന കാളത്തേക്കിന് ഉപകരിക്കുന്ന വലിയ കപ്പിയും, അടുക്കളയിലേയ്ക്കാവശ്യമായ ഉപ്പും പരിക, ചിരവ, അരിപ്പാത്തി, പലവ്യഞ്ജനപ്പെട്ടി, നാഴി, ഇടങ്ങഴി, പറ, ഇരിപ്പലക എന്നു വേണ്ട എല്ലാം ആ കുടുംബക്കാരാണ് ഉണ്ടാക്കിത്തന്നിരുന്നത്. കടകടാന്ന് ശബ്ദിക്കുന്ന സിലിണ്ടറാകൃതിയില്‍ മര അഴികളിട്ട് പണിത അടുക്കളക്കിണറിന്റെ കപ്പിയും അദ്ദേഹത്തിന്റെ ഒരു ദിവസത്തെ പണിയാണ്. ഒക്കെ ഒരു കാലം.
അവരോട് യാത്ര പറഞ്ഞ് പുറപ്പെടുമ്പോഴും രണ്ടു പേരും എന്നില്‍ നിറഞ്ഞുനിന്നിരുന്നു.
കാലനെ ചതിച്ച ആശാരിയുടെ കഥ ഗോവിന്ദേട്ടനാണ് എനിക്ക് പറഞ്ഞു തന്നത്.
തളത്തിലെ ശീലാന്തി മാറ്റാനും ചാര്‍ത്തിലെ പൊട്ടിയ ഓടുകള്‍ മാറാനും എത്തിയപ്പോഴോ മറ്റോ ആണ് അക്കഥ പറഞ്ഞത്.
ഞാനാണെങ്കില്‍ പിറ്റേന്നത്തേയ്ക്ക് പഠിക്കാനുള്ള നമ്പ്യാരുടെ കവിത 'കാലനില്ലാത്ത കാലം'' മനഃപാഠമാക്കാന്‍ ഉറക്കെച്ചൊല്ലിക്കൊണ്ട് ഉമ്മറക്കോലായില്‍ ഇരിക്കുന്ന നേരം. മുറ്റത്തെ മാവിന്റെ തണലില്‍ ഇരുന്ന് ശീലാന്തിയുടെ മിനുക്കുപണികളിലായിരുന്നു ഗോവിന്ദേട്ടന്‍. വലിയ വീതുളിയില്‍ കൊട്ടുവടി വീഴ്ത്തുന്നതിലും ഒരു താളമുണ്ടായിരുന്നു ഗോവിന്ദേട്ടന്. ആ വിരലുകള്‍ക്കൊരു മാന്ത്രികതയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്! അന്നും ചെറിയ ഉളികളേക്കാള്‍ ഗോവിന്ദേട്ടന് പ്രിയം വീതുളി തന്നെ. ഇടയ്ക്കിടയ്ക്ക് തേച്ച് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കും.
''വൃദ്ധന്മാരൊരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തുകൊള്‍വതിനേതും കഴിവില്ല കാലനില്ല''
വരികള്‍ പദാനുപദം ഹൃദിസ്ഥമാക്കാനുള്ള ആവര്‍ത്തനങ്ങളിലേയ്ക്ക് കടന്നപ്പോഴാണ് ഗോവിന്ദേട്ടന്‍ ചോദ്യമെറിഞ്ഞത്!
''എന്തോണ്ടാ കാല്‍നില്ലാണ്ടായേന്നറ്യോ, ഉണ്ണിക്ക്?''
ഇല്ലെന്ന് ഞാന്‍ കണ്ണടച്ചു കാട്ടി.
''അതേയ്... ഞങ്ങ്‌ടെ മുതുമുത്തശ്ശമ്മാരിലൊരാള് ചെയ്ത ചത്യാത്.. കേക്കണോ,ണ്ണിക്ക്?''
കൗതുകത്തോടെ അടുത്തെത്തി കുന്തിച്ചിരുന്നപ്പോള്‍ ഗോവിന്ദേട്ടന്‍ കഥയുടെ രസച്ചരട് മുറിയാതെ ശീലാന്തിയില്‍ വീതുളികൊണ്ട് കുതഞ്ഞ് കഥയുടെ കമ്പകെട്ടിന് മെല്ലെ തിരി കൊളുത്തി.
''പണ്ട് പണ്ട് .. എന്ന്വര്‍ഞ്ഞാല്‍ വളരെ പണ്ട് ... മര്ണം നേരിട്ട്വന്ന് ആള്വോളെ കൂട്ട്യോണ്ട് പോയ്ര്ന്ന കാലം. മര്ക്കണ്ട കാലാവ്‌മ്പൊ കാലന്‍ കയ്‌റ്വായി കറ്ത്ത പോത്ത്‌ന്റെ പൊര്‍ത്ത്വന്ന് പര്‍യ്യും; 'ഡാ നാണ്വോ ... നെന്റെ സമ്യ്യായ്ട്രാ... ന്യോള്ള പണ്യോക്കെ മ്മ്ക്കവ്‌ടെ ചെന്‍ട്ട് ചെയ്യാട്രാ ... നീ ങ്ങ്ട് പോര്... എന്ക്ക് പോയ്ട്ട് വേറൊര്വാട് കാര്യോള്ളതാ ... ബാ...' ന്ന് പര്‍ഞ്ഞ് ഒര് വിള്യാ. ഒര് മാത് ര്യോള്ളോര്‌ടെ ബോധം അതോടെ പൊവ്വും .. അതോണ്ടന്നെ കാല്‍ന് വല്ല്യ ബുദ്ധ്യോട്ടൊന്നുണ്ടാവാര്‍ല്യാ..''
''അപ്പ കാല്‍നെ മ്പക്ക് ശെര്‍ക്കും കാണാമ്പറ്റ്വോര്‍ന്നോ ഗോവ്ന്ദാശാരി ...?'' ഭയം കലര്‍ന്ന കൗതുകത്തോടെയുള്ള എന്റെ ചോദ്യം കേട്ട് ഗോവിന്ദേട്ടന്‍ കണ്ണിറുക്കിയൊരു ചിരി ചിരിച്ചിട്ട് പറഞ്ഞു:
''പിന്ന്‌ല്ലേ... ന്തൂട്ടാ സാനംന്നാ വിചാര്‌ച്ചേ ... ചൊകചൊകാന്ന് ര്ക്കണ ഉണ്ടക്കണ്ണും കൊമ്പമ്മീശ്ശേം ആ കറ്കര്‍ത്ത നെറോം തലേലെ കൂര്‍ത്ത കൊമ്പ്വങ്ങ്ട് കണ്ടാ ആര്‌ടെ ബോധാ പൂവ്വാത്തേ ..? കാണ്‍ണ്വഴി എല്ലാര്‌ടേം ബോതമ്പോം. എന്നാല്‍ണ്ടല്ലോ ന്റെുണ്ണീ... ഞങ്ങ്‌ടെ മുതൂത്തശ്ശന്‍ വേല്വാശാരിക്ക്‌ണ്ടോ കാല്‍നും കൂല്‍നും ... പുള്ളി ആരാന്നാ വിചാര്‌ച്ചേ ... ആശാരീന്ന്ച്ച്വാ വേല്വാശ്ശാര്യേപ്പോലാവ്ണംന്ന് നാട്ടാര് പറേം ... സാക്ഷാ പ്പെര്ന്തച്ചന്‍ന്നെ! ഒത്ത പൊക്കോം വണ്ണോംള്ള നല്ല ഒന്നാന്തരോരാശ്ശാരി... ഒര് പൂണൂല്ങ്ക്ടീ ണ്ടെങ്കി നമ്പൂര്യല്ലാന്ന് ആരും പറ്യേല്ലായ്രുന്നൂത്രേ...'
'കാല്‍നെ എങ്ങന്യാ പറ്റിച്ചേന്ന് പറ...' ഞാന്‍ തിടുക്കം കൂട്ടി.
''അതോ... ഒരീസം രാത്രീല് കാലന്‍ മൂപ്പ്രേ കൊണ്ട്വാന്‍ വന്നൂത്രേ... മൂപ്പര് ആദ്യോന്നന്തിച്ചൂന്നാ പറേണെ ... അത്പ്പ ആരായ്‌ലുംണ്ടാവൂലോ .... പുള്ളിക്ക് ആളേം പ്ടീട്ടി; കാര്യോം... . ഒന്ന് ഞെട്ടീങ്ക് ലും പൊര്‍ത്താണിച്ചില്ല മൂപ്പ്ര് ...
'ത്ര പ്ടീന്ന് വരുംന്ന് നിരീച്ച്ല്ലാട്ടോ... കഷ്ടായി! ഓര്‍മ്മിക്ക്യാനായ് ന്തേലും ചെയ്ത്വച്ച്ട്ട് പോണോന്ന്വര് വിചാരോണ്ടാര്‍ന്നേ ... അത്നി നട്ക്ക്ല്ലാന്നൊര് മന്‍പ്രയാസ്ത്ത്‌ലങ്ങ്ട് പോണോലോന്നാലോയ്ക്കുമ്പള്... അര്യത്താതെ പോണ പോലൊര് നീറ്റ് ലാ ... അതേയ് കാലാ... നീയെന്‍ക്ക്വൊര് ഉപാരം ചെയ്തരാമോ?''
ഒര് കൂസ്സ്‌ലൂല്ല്യാണ്ട് തന്നോട് വര്‍ത്താനം പറേണ ആളേക്കണ്ട്‌പ്പോ അന്ധാളിച്ച്യോയ കാലന്‍ അറ്യാണ്ട് ചോയ്ച്ചൂത്രേ: നെന്‍ക്ക് ന്തൂട്ടാ വേണ്ടേന്ന്! വേലൂത്തശ്ശന്‍ രണ്ടാഴ്ച്ചത്തെ അവ്‌ധ്യോയ്ച്ച് ... മൂപ്പര് കൊട്‌ക്കേം ചെയ്തു. പിന്നെ കാട്ടീപ്പോയ് അഞ്ചാറ്വേര് വട്ടംമ്പ്ട്ച്ചാത്താത്ത ഒര് തേക്ക്വോരം കണ്ട്ട്ച്ച് തകൃത്യായ് പണ്‍ത് പര്‍ഞ്ഞെവ്‌സ്വോംണ്ട് പണീം തീര്‍ത്ത് കാല്‍നെ കാത്ത്ര്ന്നൂത്രേ!''
കാലന്‍ വന്നപ്പോള്‍ അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ച് തന്റെ വാസ്തുശില്പ കലാ വൈദഗ്ദ്യം ബോധ്യപ്പെടുത്താന്‍ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. മരത്തിനുള്ളില്‍ ബഹുനിലകളിലായി താന്‍ തീര്‍ത്ത വിസ്മയങ്ങള്‍ കാട്ടികൊടുത്തൂത്രേ! അതില്‍ മയങ്ങിനിന്ന മരണ ദേവന്‍ ഏറ്റവും മുകളില്‍ അതിമനോഹരമായി തീര്‍ത്ത കൊത്തുപണികളുടെ ചാരുത ആസ്വദിച്ച് രസിച്ച് നില്‍ക്കെ അതിവിദഗ്ധമായി തനിക്കു പുറകില്‍ ഓരോ നിലയും പൂട്ടി പുറത്ത് കടന്ന് താക്കോലും വലിച്ചെറിഞ്ഞ് പോന്നത്രേ! അതോടെ നാട്ടില്‍ മരണമില്ലാതായി പോലും.
തനിക്കും കാലനെ പറ്റിക്കണമെന്നാരു മോഹമുണ്ടെന്ന് പറഞ്ഞാണ് അന്നത്തെ കഥ അവസാനിപ്പിച്ചത്.
ആ വേല്വാശാരിയുടെ പുനര്‍ജ്ജന്മമാണത്രേ ഗോവിന്ദേട്ടന്‍. മറ്റൊരര്‍ത്ഥത്തില്‍ പെരുന്തച്ചന്‍ തന്നെ. നാട്ടുകാരും വീട്ടുകാരും അങ്ങിനെ വിശ്വസിച്ചുപോന്നു. അതില്‍ തെറ്റൊന്നുമില്ല. തറവാട്ടിലെ പ്ലാവിന്‍ കാതലില്‍ തീര്‍ത്ത ചിത്രപ്പൂട്ട് മാത്രം മതി അതിന് തെളിവ്. മുത്തശ്ശന്റെ കാശുപെട്ടിക്കായിട്ടായിരുന്നു അത്. അച്ഛന്റെ കാലത്ത്.
ചെമ്പന്റേയും കോവാടന്റേയും ചായക്കടകളില്‍നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം. ചര്‍ച്ചക്കാര്‍ക്ക് എന്തെങ്കിലുമൊക്കെ വേണമല്ലോ ചര്‍ച്ചിക്കാന്‍ .. അങ്ങനെയുള്ള ചര്‍ച്ചകളിലേയ്ക്കാണ് ഗോവിന്ദേട്ടനും ഇളയ മകന്‍ അരവിന്ദനും കടന്നുവന്നത്.
ചത്തില്ലെങ്കില്‍ പറഞ്ഞു കൊല്ലുന്നവരുമുണ്ട്; നാട്ടില്‍. അങ്ങനെയുള്ള ചിലര്‍ ചിലപ്പോഴെങ്കിലും നിരുപദ്രവകരമായ ആ ചായക്കട ചര്‍ച്ചകളിലേയ്ക്ക് കടന്നു വരാറുമുണ്ട്. അതിലൊരാളാണ് പുത്തന്‍പുരയ്ക്കലെ വര്‍ക്കിയുടെ മകന്‍ പൈലി. പങ്ങവലിയാണ് പ്രധാന ജോലി. കുരുമുളക് പറിക്കാനും കപ്പ വലിക്കാനും പോകും.
''അര്‍ഞ്ഞില്ലേ? മ്പ്‌ടെ ആശാര്യോര്‍മ്പ് ലെ ഗോവ്ന്ദാശാര്‍റ്ടെ എളേക്കന്‍... ഇന്നല്യാത്രി തണ്ട്യക്ക് തീട്ടു ...'
'അയ്‌ന് അവന്‍ പാലക്കാട്ടെങ്ങാട്ട് പഠിക്ക്യാര്‍ന്നില്ലേ? അത്‌പ്പോ ന്താ പറ്റിയാവോ?''
''അതൊക്കെ ശെര്യാ... പക്ഷേ സംബവം സത്യാ...' പൈലി ഉറപ്പിച്ചു പറഞ്ഞു.
കേട്ടവരില്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ചും അരവിന്ദന്‍ ആയതോണ്ട്. ഗോവിന്ദേട്ടന്റെ നാല് ആണ്‍മക്കളില്‍ ഏറ്റവും ഇളയവന്‍. അച്ഛന്റെ മുറിച്ച മുറി. യൂണിയന്‍ സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുമ്പോഴാണവന്‍ എളവൂര്‍ പുത്തന്‍കാവിലെ പ്രധാന ഗോപുര വാതിലില്‍ ഭഗവതിയേയും ഗണപതിയേയും കൊത്തിയത്. ദാരുശില്പ കലയിലും അവന്‍ അച്ഛനേയും നാട്ടുകാരേയും ഒരുപോലെ വിസ്മയിപ്പിച്ചു. ചെസ്സ് കളിയില്‍ അവനെ തോല്പിക്കാന്‍ നാട്ടിലും സമീപ ഗ്രാമങ്ങളിലും ആളില്ലെന്നായി.
തിരുവോണനാളിലാണ് വിശ്വകര്‍മ്മ സമാജത്തില്‍ പകിടകളി. തച്ചാപറമ്പില്‍ കൃഷ്‌ണേട്ടനും മക്കളും ഒരു ഭാഗത്ത്. ആശാരിപ്പറമ്പില്‍ ഗോവിന്ദേട്ടനും മക്കളും മറു ഭാഗത്ത്. ഒരനുഷ്ഠാനം പോലെയാണ് കളിയെങ്കിലും വീറിനും വാശിക്കും ഒരു കുറവും ഉണ്ടായിരുന്നില്ല. ഗോവിന്ദേട്ടനും അരവിന്ദനും പകിടയെറിഞ്ഞാല്‍
''പകിടകള്‍ തിരിഞ്ഞ് മറിഞ്ഞ് പന്ത്രണ്ടില്‍'' വന്ന് നില്‍ക്കും. പകിടയില്‍ അച്ഛന്‍ ശകുനിയെങ്കില്‍ മകന്‍ അക്ഷഹൃദയമറിയുന്ന നളന്‍ തന്നെയെന്ന് പിറ്റേന്നത്തെ ചായക്കട ചര്‍ച്ചകളില്‍ കോരോത്തെ നാരായണന്‍ നായര്‍ പ്രഖ്യാപിക്കും. രൂപം കൊണ്ടും അവനൊരു നളന്‍ തന്നെയായിരുന്നു. പാചകത്തിലില്ലെങ്കിലും വാചകത്തിലുണ്ടായിരുന്നു. സ്വഭാവത്തിലും എന്നു പറഞ്ഞാല്‍ അതിശയോക്തിയാകും. അത്രയ്ക്കുണ്ട് പെരുമാറ്റ ഗുണം.
അവനാണ് തണ്ടികയ്ക്ക് തീയിട്ടുവെന്ന് പറഞ്ഞിരിക്കുന്നത്. കേട്ടവര്‍ക്കൊന്നും അത് കണ്ണടച്ച് വിശ്വസിക്കാനാകുമായിരുന്നില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു; റേഷന്‍ കട പരമേശ്വരന്‍ നായര്‍ പറഞ്ഞു: ' കേട്ട്‌റാ പൈലീ ... നെന്‍ക്കവ്‌നോട് വിരോധം ണ്ട്ന്ന് ച്ച്ട്ട് വേണ്ടാതീനം പറേര്ത്... തോന്ന്യാസം പര്‍ഞ്ഞാ നെന്റെ ചെള്ളട്ച്ച്യാന്‍ പൊട്ടിക്കും... പര്‍ഞ്ഞില്ലാന്ന്വേണ്ട ...' പരമേശ്വരന്‍ നായര്‍ പറഞ്ഞാല്‍ പറഞ്ഞതാ. അത് എല്ലാവര്‍ക്കും അറിയാം. ചര്‍ച്ചക്കാരും നായരുടെ പക്ഷത്തായതോടെ തല്ക്കാലം പൈലി മിണ്ടാന്‍ പോയില്ല.
നാട്ടില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പോകുന്ന ആദ്യത്തെ വ്യക്തിയാണ് അരവിന്ദന്‍. അതും അങ്ങ് ദൂരെ പാലക്കാട്ട്. പലര്‍ക്കും കിട്ടാത്ത ഭാഗ്യം അവന് കൈവന്നതില്‍ അസൂയപ്പെടുന്നവര്‍ നാട്ടില്‍ ഏറെ ഉണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. കൊത്തുപണികളില്‍ അച്ഛനെ വെല്ലും എന്നും കേട്ടിട്ടുണ്ട്.
പൈലി പറഞ്ഞതില്‍ സത്യമുണ്ടായിരുന്നെന്ന് അധികം വൈകാതെ നാട് അറിഞ്ഞു. ആറങ്ങാടിയില്‍ നിന്നും ആറടിപ്പാതയുടെ അടിവാരത്ത് ചെമ്പന്റെ കടയില്‍ വാര്‍ത്തയെത്താന്‍ വൈകും. കാലം അതായിരുന്നു.
ക്രമം തെറ്റിയ അവന്റെ സംസാരവും പെരുമാറ്റവുമെല്ലാം പലതിന്റേയും തുടക്കമായിരുന്നു. മനസ്സിന്റെ താളം തെറ്റിയവനേ പോലെയായിരുന്നു അവന്റെ പ്രവൃത്തികളെല്ലാം. യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ അവന്റെ മനസ്സ് മടിച്ചു നിന്നു. ക്രമേണ നിയന്ത്രിക്കാന്‍ കഴിയാത്തവണ്ണം അവന്റെ താളം തെറ്റി. അപ്പോഴെല്ലാം പൈലിക്ക് പറയാന്‍ വിശേഷങ്ങളും ഉണ്ടായി.
ചാലക്കുടിയിലെ ദന്താശുപത്രിയുടെ ഒന്നാം നിലയില്‍ നിന്നും കെട്ടിടത്തോട് ചേര്‍ന്ന് പോകുന്ന ടെലഫോണ്‍ കമ്പികളെ മറി കടന്ന് അവന്‍ മെയിന്‍ റോഡിലേക്ക് ചാടി. കയ്യും കാലും ഒടിഞ്ഞ് റോഡില്‍ കിടക്കുമ്പോഴും അവന്‍ പറഞ്ഞത് ' നല്ല രസോണ്ട്... വേം താഴെത്തീ'' ന്നാ! മറ്റൊരിക്കല്‍ കുപ്പിച്ചില്ലുകയറി പിളര്‍ന്ന ഉപ്പൂറ്റി ടങ്കീസും വലിയ തുന്നല്‍ സൂചിയും ഉപയോഗിച്ച് സ്വയം സ്റ്റിച്ചുചെയ്യുന്ന അവനെ നേരിട്ട് കണ്ടിട്ടുണ്ട്.
ആളുകള്‍ക്ക് പറഞ്ഞ് ചിരിക്കാനും സംസാരിക്കാനും ഒക്കെ കാതലൊള്ള ഒരു വിഷയമായി.
''ആരാഡ്രെ കണ്ണ്‌ട്ട്യേയ്ക്കണതാ.. അമ്മാരി പഠ്ക്കണ ചെക്ക്‌നാര്‍ന്നില്ലേ?'' പെരുമ്പിള്ളിയിലെ ഗംഗാധരന്‍ നായര്‍ തനിക്ക് തോന്നിയത് തുറന്നു പറഞ്ഞു.
''അതൊന്ന്വാവ് ല്ല്യാന്റെ നായരേ.. കയ്യ്വെഷാന്നാ എന്‍ക്ക് തോന്നണേ...' പാറയ്ക്കലെ കുഞ്ഞനാശ്ശാരി പറഞ്ഞു.
''കൊട്ട്‌ല്ക്കലമ്മയ്ക്ക് ഒര് വെള്ളരി പൂജ കഴ്ച്ചാ തീരാവ്ന്നതേള്ളൂ..'' കുഞ്ഞിക്കുറുമ്പന് തര്‍ക്കമില്ല.
''വല്ല കഞ്ചാവോ ചരസ്സോ കേറ്റി കിളി പോയ്താവും ... കാര്‍ന്നോമ്മാര്‌ടെ നോട്ടം തെറ്റിയാ തീര്‍ന്നു... ത് അത് ന്യാവും ന്നാ ന്‍ക്ക് തോന്ന്‌ണേ.'' വാര്യാട്ടെ ഗോപി.
സംസാരങ്ങള്‍ പലവഴിക്കു പോയി.
ഗോവിന്ദേട്ടന്റെ ദിവസങ്ങള്‍ പിന്നെ അവനുള്ളതു മാത്രമായി. ചികിത്സകളും ജ്യോതിഷികളും ക്ഷേത്ര ദര്‍ശനങ്ങളും വഴിപാടുകളും മന്ത്രവാദവുമൊക്കെയായി വര്‍ഷങ്ങള്‍ കടന്നുപോയി. എരയാംകുടി പാടത്ത് പലപല കൊയ്ത്തും മലവെള്ളവും വന്നു പോയി. അഞ്ചുകുളത്തില്‍ നീന്തല്‍ പഠിച്ച പിള്ളേരെല്ലാം സ്വന്തം ജീവിതം കണ്ടെത്തി സ്വസ്ഥമായിക്കഴിഞ്ഞു. നാടും മാറി. സ്വഭാവവും.
അതിനിടയില്‍ എപ്പോഴോ ഗോവിന്ദേട്ടന്‍ തന്നെ പറഞ്ഞാണ് റാഗിങ് തകര്‍ത്ത അവന്റെ മനോനിലയെ കുറിച്ച് നാടറിഞ്ഞത്. അതുവരെ പറഞ്ഞു ചിരിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കു പോലും അതൊരാഘാതമായി. പതുക്കെ പതുക്കെ അവന്‍ മൗനങ്ങളുടെ ആഴങ്ങളിലേയ്ക്ക് ആണ്ടാണ്ടു പോയി. ഒപ്പം ഗോവിന്ദേട്ടനും.
ക്രൂരമായ റാഗിങ്ങിന് ഇരയായി ജീവിതം അവസാനിപ്പിച്ച അശോകന്‍ ഒരു നീറ്റലായി നാടിന്റെ നെഞ്ചിലുണ്ട്. മറ്റൊരാള്‍ ഇപ്പോഴും സ്വയം നഷ്ടപ്പെട്ട് ജീവച്ഛവമായി നടക്കുന്നുണ്ട്. ഇപ്പോഴും കാപാലികന്മാര്‍ ഇരകളേയും കാത്ത് കാമ്പസുകളുടെ ഇരുള്‍ നിലങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്നുമുണ്ട്.
രാത്രി തോരാതെ പെയ്ത മഴയില്‍ വെറുങ്ങലിച്ചു നില്‍ക്കുകയാണ് പ്രകൃതി. ആ മരവിപ്പ് ചുറ്റുപാടുകളിലേയ്ക്കും പടര്‍ന്നിരിക്കുന്നതുപോലെ. ആറങ്ങാടിയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ മുഖങ്ങളിലെല്ലാം അത് പ്രകടമായിരുന്നു. വഴികളെല്ലാം ആറങ്ങാടിയിലേയ്ക്ക് തിരിച്ചു വച്ചതുപോലെ.
തണ്ടികയുടെ ടൈല്‍ വിരിച്ച നിലത്ത് രക്തം ഒഴുകിപ്പരന്ന് തളം കെട്ടി ഘനീഭവിച്ച് കിടന്നു! അതിനുമപ്പുറം കഴുത്തറ്റ നിലയില്‍ അച്ഛനും കഴുത്തില്‍ ആഴത്തില്‍ മുറിവുമായി മകനും. മരണത്തില്‍ പക്ഷേ അച്ഛന്റെ കൈകളെ ചേര്‍ത്തുപിടിക്കാന്‍ അവന്‍ മറന്നില്ല. അവന്റെ മുറിഞ്ഞ് രക്തം വാര്‍ന്ന ശിരസ്സ് അച്ഛന്റെ നെഞ്ചോട് ചേര്‍ന്നു കിടന്നിരുന്നു; അവസാനത്തെ അത്താണിപോലെ!
രക്തം വാര്‍ന്ന ആ വീതുളിയും അപൂര്‍ണമായൊരു വിശ്വകര്‍മ്മശില്പവും അവരുടെ തലഭാഗത്ത് അപ്പോഴും വിശ്വസാക്ഷിയെ പോലെ മൗനം വിഴുങ്ങി കിടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates