

എട്ട് വര്‍ഷമായി സതീശന്‍ കേസുംകൊണ്ട് കോടതി കയറിയിറങ്ങുന്നു. ആ എട്ട് വര്‍ഷംകൊണ്ട് അവന്റെ ജീവിതം ഉമിത്തീയില്‍ വെന്തുരുകുന്നതുപോലെ തീര്‍ന്നുകൊണ്ടിരുന്നു.
ഇതുവരെ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തവനാണ് സതീശന്‍. എല്ലാവരെയും സ്‌നേഹിച്ചിട്ടേയുള്ളൂ. താന്‍ ഉണ്ണാതെ പോലും മറ്റുള്ളവരെ ഊട്ടിയിട്ടുണ്ട്. മനുഷ്യരോട് മാത്രമല്ല, പ്രകൃതിയിലെ സകല ചരാചരങ്ങളെയും അവന്‍ സ്‌നേഹിച്ചിരുന്നു. ഒരിക്കലും ആരെയും ചതിച്ചിട്ടില്ല. എന്നിട്ടും ദൈവം എന്തിനാണ് സതീശനോട് ഇത്രയും ക്രൂരത കാണിക്കുന്നത്?
മറ്റുള്ളവരില്‍ നിന്ന് അവന് കിട്ടിയത് തിരിച്ചടികള്‍ മാത്രം. ദുഃഖഭാരം നിറഞ്ഞ ദിവസങ്ങള്‍ മാത്രം.
കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷം. ആ കാലം അവന്‍ അനുഭവിച്ച വേദനകള്‍ വാക്കുകള്‍ക്ക് അതീതമാണ്. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ആ ദിവസംഅതാണ് അവന്റെ ജീവിതത്തിലെ കറുത്ത ദിനം.
മുപ്പതാം വയസ്സില്‍ സതീശനെ അടിമുടി ഉലച്ച ആ ദാരുണ സംഭവം നടന്നു. അതുവരെ ഒരു പൊലീസ് സ്റ്റേഷന്റെ മുറ്റമോ കോടതി വരാന്തയോ കാണാത്ത സതീശന്‍, ആദ്യമായി അതെല്ലാം കണ്ടത് ഒരു ബൈക്ക് അപകടത്തിലൂടെയാണ്.
അപകടം നടക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, തൃശൂരിലെ ഒരു ബൈക്ക് ഷോറൂമില്‍ ലോണില്‍ ബൈക്ക് നോക്കാന്‍ സതീശന്‍ പോയി. കൂടെ കൂട്ടുകാരന്‍ അജിത്തും ഉണ്ടായിരുന്നു. ബൈക്ക് റൈഡിങ്ങില്‍ പരിചയസമ്പന്നനായ അജിത്ത്, കറുത്ത കളറിലുള്ള 150cc സ്‌പോര്‍ട്‌സ് ബൈക്ക് എടുക്കാന്‍ സതീശനെ നിര്‍ബന്ധിച്ചു.
മൈലേജിന്റെ കാര്യം പറഞ്ഞ് മൈലേജ് കൂടിയ റെഡ് കളറിലുള്ള ബൈക്കാണ് സതീശന് ഇഷ്ടപ്പെട്ടത്.
''അജീ... എനിക്ക് ഇത് മതി. വീട്ടില്‍ നിന്ന് പോരുമ്പോഴേ ഞാന്‍ റെഡ് ബൈക്ക് ഉറപ്പിച്ചതാണ്.''
''സതീശാ, ആ കറുത്ത സ്‌പോര്‍ട്‌സ് ബൈക്ക് എടുത്താല്‍ മതി. ഞാന്‍ എടുത്തിരുന്നെങ്കില്‍ അതേ എടുക്കുമായിരുന്നു. എന്റെ ബൈക്ക് എടുത്തപ്പോഴാണ് അതേ എടുത്തിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നിയത്.''
അജിത്തിന്റെ ഉറച്ച സ്വരം കേട്ടപ്പോള്‍ സതീശന് കറുത്ത ബൈക്ക് എടുക്കാമെന്ന തോന്നലുണ്ടായി.
ഷോറൂം എക്‌സിക്യൂട്ടീവ് അടുത്ത് വന്നപ്പോള്‍ സതീശന്‍ ചോദിച്ചു:
''സാറെ, ഇത് നല്ല വണ്ടിയല്ലേ? മൈലേജ് എത്ര കിട്ടും?''
എക്‌സിക്യൂട്ടീവ് അജിത്തിനെ നോക്കി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു:
''കമ്പനി പറയുന്ന മൈലേജ് 50 കിലോമീറ്ററാണ്. എന്തായാലും 45 എങ്കിലും ഷുവറായി കിട്ടും. പക്ഷെ ആ വണ്ടിക്ക് കിക്കര്‍ ഇല്ല സെല്‍ഫ് മാത്രേയുള്ളു.''
''അതു കുഴപ്പമില്ല ഇവന് അതാ നല്ലത് അല്ലേടാ സതീശാ, നീ ഇത് തന്നെ എടുത്തോ. മൈലേജ് കുറവാണെങ്കിലും ദൂരയാത്രയ്ക്ക് സൂപ്പറാണ്.'' അജിത്ത് ചിരിച്ചു
''എങ്കില്‍ ഇത് മതി,'' സതീശന്‍ ഉറപ്പിച്ചു.
ഡബിള്‍ ഡിസ്‌ക് ആവുമ്പോള്‍ പെയ്‌മെന്റ് കുറച്ച് കൂടുംആകെ എഴുപത്തിയേഴായിരം രൂപ.
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബാങ്ക് ഡീറ്റൈല്‍സും കൊടുത്ത് സ്വകാര്യ ബാങ്കില്‍ ലോണ്‍ അപേക്ഷിച്ചു. ലോണ്‍ ഓകെ ആയി.
ഇരുപത്തിയേഴായിരം രൂപ ഇനിഷ്യല്‍ പെയ്‌മെന്റ് സതീശന്‍ അടച്ചു.
പിറ്റേദിവസം അജിത്തിനെയും കൂട്ടി ബൈക്ക് എടുക്കാന്‍ സതീശന്‍ പോയി. മാസത്തവണ 2,752 രൂപ വീതം അടയ്ക്കണം. ''കുഴപ്പമില്ല, എങ്ങനെയെങ്കിലും അടച്ച് തീര്‍ക്കാം,'' അവന്‍ മനസ്സില്‍ കരുതി.
അന്ന് സതീശന്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഫീല്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു. അജിത്താണ് ഷോറൂമില്‍ നിന്ന് ബൈക്ക് വീട്ടിലെത്തിച്ചത്. സതീശന്‍ ഇതുവരെ ബൈക്ക് ഓടിച്ചിട്ടില്ല, പഠിച്ചിട്ടുമില്ല.
''നല്ല പുള്ളിങ് ഉള്ള വണ്ടിയാണ്. നീ പഴയ ഏതെങ്കിലും വണ്ടിയില്‍ നിന്ന് പഠിച്ചിട്ട് മാത്രം ഓടിക്ക്. ഇതില്‍ നിന്ന് പഠിച്ച് അപകടം ഉണ്ടാക്കരുത്,'' വണ്ടിയുടെ റജിസ്‌ട്രേഷന്‍ പൊലും കഴിയാത്തതാണ്.. അജിത്ത് പറഞ്ഞു.
സതീശന്‍ തലയാട്ടി. അജിത്ത് തിരിച്ചുപോയി. പക്ഷേ അന്ന് തന്നെ സതീശന്‍ കൂട്ടുകാരെ വിളിച്ച് ബൈക്ക് പഠിക്കാന്‍ തുടങ്ങി. രണ്ട് ദിവസംകൊണ്ട് ആ കറുത്ത ബൈക്കിനെ തന്റെ വരുതിയിലാക്കും വിധം അവന്‍ പഠിച്ചെടുത്തു. ഉടനെ ലൈസന്‍സും എടുത്തുടൂവീലറും ത്രീവീലറും ഒരുമിച്ച് തന്നെ,
അങ്ങനയിരിക്കെ സതീശന്റെ ജീവിതത്തിലെ ആ കറുത്ത ദിനം തുടങ്ങിയത് 2015 മാര്‍ച്ച് 26, വ്യാഴ്ചയാണ്.
അന്ന് സതീശന്‍ ജോലിക്ക് പോകാതെ ലീവെടുത്തു. സിഡ്‌നിയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകപ്പിന്റെ സെമി ഫൈനല്‍ - ഇന്ത്യ vs ഓസ്‌ട്രേലിയ. എല്ലാ ക്രിക്കറ്റ് പ്രേമികളെയും പോലെ സതീശനും കടുത്ത ആരാധകനാണ്. 2003-ലെ ലോകപ്പിന് ശേഷം ക്രിക്കറ്റ് അവന്റെ സിരകളില്‍ ലഹരിയായി. അതിന് ഒരു വര്‍ഷം മുമ്പ് സൗത്ത് കൊറിയ - ജപ്പാന്‍ ഫിഫാ ലോകകപ്പില്‍ അമേരിക്ക x സൗത്ത് കൊറിയ കളി കണ്ടു തുടങ്ങിയപ്പോള്‍ ഒരു വലിയ ഫുട്‌ബോള്‍ ഭ്രാന്തനാവാനുള്ള തുടക്കവും അവിടെ നിന്നായിരുന്നു. പത്രം തുറന്നാല്‍ ആദ്യം ധൃതിപ്പെട്ട് നോക്കുന്നത് സ്പോര്‍ട്‌സ് പേജ് മാത്രം. 2002 ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലൂടെ മറ്റ് സ്പോര്‍ട്‌സ് ഇനങ്ങളും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി സതീശന്‍.
ഓസ്‌ട്രേലിയയുടെ ബാറ്റിങ് കണ്ടിരിക്കുമ്പോള്‍ അച്ഛന്‍ ദിവാകരന്‍ അകത്തേക്ക് കയറി വന്നു.
''ഓ, തുടങ്ങിയോ പന്തുകളി?''
അതുകേട്ടിട്ടും സതീശന്‍ ശ്രദ്ധിച്ചില്ല.
''എടാ സതീശാ, നീ ഇവിടെ കളി കണ്ടിരുന്നാല്‍ എങ്ങനെയാ? റജിസ്ട്രാര്‍ ഓഫീസില്‍ പോകണം. കുടിക്കടം വാങ്ങി നമ്മുടെ ബാങ്കില്‍ കൊടുക്കണം. അല്ലെങ്കില്‍ അടുത്ത ദിവസം ഫണ്ട് കിട്ടില്ല. പെങ്ങളുടെ മോളുടെ കല്യാണമാണ്. എന്തെങ്കിലും കാര്യമായി കൊടുക്കണ്ടേ? പോരാത്തതിന് നിന്റെ പെങ്ങള്‍ ശ്രീപ്രിയയുടെ കല്യാണക്കടവും ബാക്കിയുണ്ട്. ഇതൊക്കെ നിനക്കറിയാവുന്നതല്ലേ?''
''ഞാന്‍ പോയിക്കോളാം,'' സതീശന്‍ പറഞ്ഞു.
അപ്പോള്‍ അമ്മ വിലാസിനി വന്നു:
''നിനക്ക് ഊണ് കഴിച്ച് പോയാല്‍ പോരെ സതീശാ?''
''വേണ്ടമ്മേ, ഞാന്‍ ഹോട്ടലില്‍ നിന്ന് കഴിച്ചോളാം,'' എന്ന് പറഞ്ഞ് ടി.വി ഓഫ് ചെയ്ത് ഡ്രസ്സ് മാറി, റജിസ്ട്രാര്‍ ഓഫീസില്‍ കൊടുക്കാനുള്ള പേപ്പറുമായി അവന്‍ കറുത്ത ബൈക്കില്‍ പുറപ്പെട്ടു.
കുടിക്കടം വാങ്ങി ബാങ്കിലെത്തുമ്പോള്‍ സമയം 11:15. പക്ഷേ ബാങ്കിന്റെ ഷട്ടര്‍ ഇട്ട് അടച്ചിരിക്കുന്നു. ഒരു ജീവനക്കാരന്റെ മരണം കാരണം അന്ന് അവധിയായിരുന്നു.
''പണ്ടാരമേ, വിളിച്ചിട്ട് വന്നാല്‍ മതിയായിരുന്നു,'' എന്ന് പിറുപിറുത്ത് സതീശന്‍ പേപ്പര്‍ ഭദ്രമായി വച്ച് വീട്ടിലേക്ക് തിരിക്കാന്‍ നേരം ചിന്തിച്ചുവീട്ടില്‍ പോയാല്‍ ഏതായാലും ക്രിക്കറ്റ് കാണാന്‍ പറ്റില്ല. അച്ഛന്റെ കുത്തി കുത്തിയുള്ള ചോദ്യങ്ങള്‍ ഉണ്ടാകും.
''ഏതായാലും അടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകാം. ഉച്ചഭക്ഷണം അവിടെ നിന്ന് കഴിക്കാം.''
സഹോദരിയുടെ വീട് അധികം ദൂരെയല്ലായിരുന്നു3-4 കിലോമീറ്റര്‍ മാത്രം.
റോഡ് നന്നായിരുന്നു, വണ്ടിയും കയ്യില്‍ ഒതുങ്ങുന്നുണ്ടായിരുന്നു. സതീശന്റെ മനസ്സില്‍ ഇപ്പോഴും ക്രിക്കറ്റിന്റെ സെക്കന്‍ഡ് ഇന്നിങ്‌സ് മാത്രം.
''ഇന്ത്യ ജയിക്കുമോ?''
സമയം 11:25 AM.
ബൈക്ക് ഒരു കയറ്റം കയറി ഇറങ്ങുമ്പോള്‍ പെട്ടെന്ന് അത് സംഭവിച്ചു. മുന്നില്‍ നിന്ന് ഒരു പ്രായമായ മനുഷ്യന്‍ റോഡ് ക്രോസ് ചെയ്യുന്നുവണ്ടി വരുന്നുണ്ടോ എന്ന് നോക്കാതെ, നേരെ സതീശന്റെ ബൈക്കിന് മുന്നിലേക്ക്. ഒരു നടുക്കത്തോടെ സതീശന്‍ തന്റെ ബൈക്ക് ഇടത് സൈഡിലേക്ക് വെട്ടിച്ച് അപകടം ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും ആ പ്രായമായ മനുഷ്യന്‍ വെട്ടിച്ച് നിര്‍ത്തിയ വണ്ടിയില്‍ വന്നിടിച്ച് താഴെ റോഡില്‍ വീണു.
ആ ആഘാതത്തില്‍ സതീശന്റെ നിയന്ത്രണം വിട്ടു. പേടിച്ച് ഫ്രണ്ട് ബ്രേക്ക് മുറുകെ പിടിച്ചതും ബൈക്ക് കുത്തനെ പൊങ്ങി മുന്നോട്ട് മറിഞ്ഞു.
സതീശന്‍ തെറിച്ച് റോഡിലേക്ക് വീണു.
നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ഓടി കൂടി..
''സുകുമാരേട്ടാ... സുകുമാരേട്ടാ!'' എന്ന വിളിയോടെ ആളുകള്‍ ഓടിയടുത്തു.
റോഡില്‍ കിടക്കുന്ന സുകുമാരേട്ടന്റെ തല പൊട്ടി ചോരയൊലിക്കുന്നു.
ഒരു നിമിഷം മുമ്പ് ജീവിതത്തിന്റെ വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ആ റോഡ്, ഇപ്പോള്‍ നിശ്ശബ്ദതയാല്‍ മരവിച്ചിരിക്കുന്നു.
സതീശന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. കൈകാലുകള്‍ വിറയ്ക്കുന്നു. നെഞ്ചിനുള്ളില്‍ എന്തോ പൊട്ടിച്ചിതറുന്ന പോലെ.
''ഞാനല്ല... ഞാന്‍ ഒഴിവാക്കിയതല്ലേ... പിന്നെ എന്തിനാ ഇങ്ങനെ സംഭവിച്ചത്?''
ചോദ്യം ചുണ്ടില്‍ ഉരുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
ചെവിയില്‍ ആ തലയിടിച്ച ശബ്ദം മാത്രം. കണ്ണില്‍ ചോരയുടെ ചുവപ്പ്. മനസ്സില്‍ കുറ്റബോധത്തിന്റെ കറുപ്പ്.
ബാക്കി എല്ലാം മൂകമായി.
ചുറ്റും കൂടിയ ആളുകള്‍ എന്തൊക്കെയോ പറയുന്നുണ്ട്, കുറ്റപ്പെടുത്തുന്നുണ്ട്, സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ സതീശന് ഒന്നും കേള്‍ക്കുന്നില്ല.
സതീശന്‍ മെല്ലെ എഴുന്നേറ്റു.
ദേഹം മുഴുവന്‍ മണ്ണും ചോരയും. കൈകള്‍ വിറയ്ക്കുന്നു. മനസ്സ് മരവിച്ചിരിക്കുന്നു.
സുകുമാരേട്ടനെ ആരൊക്കെയോ അതുവഴി വന്ന ആംബുലന്‍സില്‍ പിടിച്ചുകയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
''മോനെ, നിനക്ക് എന്തെങ്കിലും പറ്റിയോ?''
ഒരു മനുഷ്യന്‍ അടുത്തുവന്ന് ചോദിച്ചു.
സതീശന്റെ രണ്ട് കൈമുട്ടും ഉരഞ്ഞ് പൊട്ടി തൊലി പൊളിഞ്ഞിരുന്നു. ചോര കിനിഞ്ഞ് കൈയിലൂടെ ഒലിച്ചിറങ്ങുന്നു.
''നല്ല മുറിവുണ്ട്, പോയി ആശുപത്രിയില്‍ കാണിക്ക്.''
അവിടെ നിന്നിരുന്നവരില്‍ ആരും സതീശന്റെ മേല്‍ കൈവച്ചില്ല.
അവര്‍ക്ക് മനസ്സിലായിരുന്നുഈ ചെറുപ്പക്കാരന്‍ നിരപരാധിയാണെന്ന്.
''ഞങ്ങള്‍ കണ്ടതാ,'' ഒരാള്‍ ഉറക്കെ പറഞ്ഞു.
''ആ ചെറുപ്പക്കാരന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. സുകുമാരേട്ടന്‍ വണ്ടി അടുത്തെത്തിയിട്ടും പെട്ടെന്ന് ഓടിക്കടന്നതാ. ഞങ്ങള്‍ കണ്ടതാ.''
മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു:
''മുമ്പേ ഈ കാര്യം ഞങ്ങള്‍ സുകുമാരേട്ടനോട് പറഞ്ഞുകൊടുത്തതാ. രണ്ട് ഭാഗത്തേക്കും നോക്കാതെ റോഡ് മുറിച്ച് കടക്കരുതെന്ന്. പക്ഷേ ആള്‍ കേട്ടില്ല.''
ആ വാക്കുകള്‍ സതീശന്റെ നെഞ്ചിലെ ഭാരം അല്പം കുറച്ചു.
കുറ്റബോധത്തിനിടയിലും ഒരു സമാധാനംതാന്‍ മാത്രമല്ല, മറ്റുള്ളവരും കണ്ടിരിക്കുന്നു, സതീശന് ചെറിയ സമാധാനം തോന്നി.
സതീശന്‍ വണ്ടി അനക്കിയില്ല. മാറ്റി വേക്കണ്ട എന്ന് ആളുകള്‍ പറഞ്ഞു.
പൊലീസിനെ അറിയിച്ചിട്ടുണ്ട്.
''മോനെ മോന്‍ പോയി ഹോസ്പിറ്റലില്‍ കാണിക്ക്, കൈ പൊട്ടിയിട്ട് ചോരനില്‍ക്കുന്നില്ലല്ലോ..''
ആരൊക്കെയോ ഒരു ഓട്ടോ കൈകാട്ടി നിര്‍ത്തി സതീശനെ അതില്‍ കയറ്റി.
''ചേട്ടാ ഒന്ന് ഹോസ്പിറ്റലില്‍ ഇറക്കി കൊടുക്കണേ..'' തിരക്കിനിടയില്‍ ആരോ പറയുന്നത് കേട്ടു..
വെറുതെ വന്നു മര്യാദയ്ക്ക് വീട്ടില്‍ ഇരുന്ന് ക്രിക്കറ്റ് കണ്ടാല്‍ മതിയായിരുന്നു. എല്ലാ സന്തോഷവും സമാധാനവും പോയി. കണ്ണ് അടച്ചാല്‍ ആ മനുഷ്യന്‍ റോഡില്‍ തലയടിച്ച് വീഴുന്ന രൂപം മാത്രം മനസ്സില്‍ തെളിയുന്നു. റോഡില്‍ കിനിഞ്ഞിറങ്ങി തളം കെട്ടി കിടന്ന ചുടുചോര ഓര്‍ക്കുമ്പോള്‍ തന്നെ സതീശന് നെഞ്ചിടിപ്പ് കൂടി തല കറങ്ങുന്നത് പോലെ തോന്നി.
വീട്ടിലും നാട്ടിലും ആളുകള്‍ എല്ലാം അറിഞ്ഞു. ഉറ്റ സുഹൃത്തുക്കള്‍ പോലും വിളിച്ച് കാര്യങ്ങള്‍ തിരക്കി.
''സാരമില്ലെടാ, എന്തു ചെയ്യാനാ.. സമയ ദോഷം കൊണ്ട് പറ്റുന്നതാ. നീ സമാധാനമായിട്ടിരിക്ക്,'' അജിത്ത് അവന് ധൈര്യം നല്‍കാന്‍ ശ്രമിച്ചു.
പിന്നെ അജിത്ത് ചോദിച്ചു:
''എടാ സതീശാ, നീ പേടിക്കണ്ട. നിന്റെ വണ്ടിയുടെ എല്ലാ പേപ്പറും ഒക്കെ കറക്റ്റ് അല്ലേ? ഇന്‍ഷുറന്‍സ്, RC, ലൈസന്‍സ് എല്ലാം ഉണ്ടല്ലോ?''
അപ്പോഴാണ് സതീശന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത്:
''എടാ അജീ... എന്റെ വണ്ടിയുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ആഴ്ച കഴിഞ്ഞു എന്നു തോന്നുന്നു. റിന്യൂ ചെയ്യാന്‍ മറന്നുപോയി.''
അത് കേട്ടതും അജിത്ത് സതീശനെ കണക്കിന് ശകാരിച്ചു.
''എന്താ നീ പറയുന്നേ സതീശാ?! ഇന്‍ഷുറന്‍സ് ഇല്ലാത്ത വണ്ടി നിരത്തില്‍ ഇറക്കാന്‍ പെര്‍മിഷന്‍ ഇല്ലെന്ന് നിനക്കറിയില്ലേ?
ഞാന്‍ നിന്നോട് എപ്പോഴും പറയുന്നതല്ലേ, വണ്ടിയുടെ പേപ്പര്‍ എല്ലാം കറക്റ്റ് ആക്കി വെയ്ക്കണമെന്ന്.
ഇനി ആ ഹോസ്പിറ്റലില്‍ കിടക്കുന്ന മനുഷ്യന് വല്ലതു പറ്റിയാല്‍, അവരുടെ വീട്ടുകാര്‍ കേസിന് പോയാല്‍ നീയാ കുടുങ്ങാന്‍ പോവുന്നത്.
ക്ലെയിം കൊടുക്കാന്‍ പറ്റില്ല. നഷ്ടപരിഹാരം മുഴുവന്‍ നീ തന്നെ കൊടുക്കണം. അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരും.
ഞാന്‍ നിന്നെ പേടിപ്പിക്കാന്‍ പറയുന്നതല്ലെടാ. നിയമം അങ്ങനെയാ. നീ ഇത് മനസ്സിലാക്കണം.''
അത് കേട്ടപ്പോള്‍ സതീശന് വല്ലാത്ത പേടിയും ഭയവും തോന്നി. കൈകാലുകള്‍ തളര്‍ന്നു പോയ പോലെ.
പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍ നിന്ന് വന്ന വാര്‍ത്ത അത്ര ശുഭകരമല്ലായിരുന്നു. സുകുമാരന്‍ എന്ന അപകടം പറ്റിയ വ്യക്തിക്ക് ഇന്നലെ തലയ്ക്ക് സര്‍ജറി കഴിഞ്ഞിരുന്നു. അപകട നില തരണം ചെയ്യുമെന്ന ശുഭപ്രതീക്ഷ വീട്ടുകാര്‍ പുലര്‍ത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ ആരോഗ്യ നില വഷളായി. ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ ആ നടുപ്പിക്കുന്ന സത്യം സതീശനെ തേടി വന്നു.
സുകുമാരേട്ടന്‍ മരിച്ചു.
രാവിലെ തന്നെ സ്റ്റേഷനില്‍ ഹാജരാവാന്‍ സ്റ്റേഷനില്‍ നിന്ന് വിളി വന്നു.
രാവിലെ തന്നെ എസ്.ഐ വന്ന് സതീശന്റെ വണ്ടിയുടെ നമ്പര്‍ വച്ച് എകഞ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ തന്നെ സ്പോട്ടില്‍ നിന്ന് വണ്ടി സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ടായിരുന്നു.
''ഈ വണ്ടി മാറ്റി ഇന്‍ഷൂറന്‍സ് ഉള്ള മറ്റൊരു വണ്ടി വെക്കാന്‍ കഴിഞ്ഞില്ല,''
ആരോ അങ്ങനെ ഒരു ഓപ്ഷന്‍ മുന്നോട്ട് വച്ചത് സതീശന്‍ ഓര്‍ത്തു.
സതീശന്‍ ഉള്ളിലെ വിങ്ങലോടെ പറഞ്ഞു:
''ഞാന്‍ തെറ്റ് ചെയ്തിട്ടില്ല സാറെ. എന്റെ വണ്ടിയിലേക്ക് അവരാണ് വന്ന് വീണത്,'' സതീശന്‍ വിറയാര്‍ന്ന സ്വരത്തില്‍ വാദിച്ചു.
പൊലീസ് ചെറുതായി ഒന്ന് നോക്കി പറഞ്ഞു: ''അത് നീ കോടതിയില്‍ പറഞ്ഞാല്‍ മതി.''
അന്ന് തന്നെ പൊലീസ് സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണീരും കുറ്റബോധവും വേദനയും നിറഞ്ഞ മനസ്സുമായി അവന്‍ സ്റ്റേഷന്റെ ഒരു മൂലയില്‍ ഇരുന്നു.
വൈകുന്നേരമായപ്പോള്‍ നാട്ടുകാരില്‍ രണ്ട് പേര്‍ മുന്നോട്ടുവന്നു. നികുതി ഷീട്ട് ഉള്ള ആ രണ്ട് പേര്‍ ജാമ്യത്തില്‍ ഒപ്പിട്ട് സതീശനെ ജാമ്യത്തില്‍ ഇറക്കി.
പുറത്തിറങ്ങുമ്പോള്‍ സതീശന്റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയെങ്കിലും, മനസ്സ് ഇപ്പോഴും ആ റോഡില്‍ തന്നെ കുടുങ്ങി കിടന്നു
അപകടത്തിന്റെ പുക മാഞ്ഞിട്ടും സതീശന്റെ ജീവിതത്തില്‍ നിന്ന് കേസിന്റെ പുക മാഞ്ഞിരുന്നില്ല.
പഴയ വക്കീലിനെ മാറ്റി, ക്രിമിനല്‍ കേസില്‍ പേരെടുത്ത അഡ്വക്കേറ്റ് രാജഗോപാലനെ സതീശന്‍ ഏല്‍പ്പിച്ചു.
അയാള്‍ ഫയലുകള്‍ നോക്കി ഒരൊറ്റ വാചകം പറഞ്ഞു:
''നീ പേടിക്കേണ്ട സതീശാ..നമുക്ക് നോക്കാം.''
അതുകേട്ടപ്പോള്‍ സതീശന് തെല്ല് ആശ്വാസം തോന്നി.
രണ്ട് ദിവസം മുമ്പേ മൊബൈലില്‍ മെസേജ് വന്നു
29ാം തീയതി ഫസ്റ്റ് കേസ് വിളിക്കുന്നു.
അത് വായിച്ച നിമിഷം സതീശന്റെ കാലുകള്‍ വിറച്ചു.
ആ വാചകം, അവന്റെ നെഞ്ചിടിപ്പ് കൂട്ടി.
കോടതിയില്‍ നിന്ന് സതീശനെ ജാമ്യത്തില്‍ ഇറക്കാന്‍ നിന്ന രണ്ട് നാട്ടുകാര്‍ക്ക് വേണ്ടി പോലും അവന്‍ കടം വാങ്ങി പണം കൊടുത്തു.
അതിനുശേഷം ഓരോ മാസവും, 15 ദിവസം കഴിയുമ്പോഴൊക്കെ കോടതിയിലെ സിറ്റിംഗ്.
വിചാരണ.
വാദം.
412/2015 സതീശന്‍ എന്ന് കേള്‍ക്കുമ്പോഴേ അവന്റെ നെഞ്ച് പിടയും.
പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ പ്രതികൂട്ടില്‍ കാലുകള്‍ വിറച്ച് കണ്ണീരോടെ സതീശന്‍ നിന്നു.
പ്രതികൂട്ടില്‍ നില്‍ക്കുമ്പോള്‍ സതീശന്റെ ഹൃദയം പൊട്ടി കരയും.. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകും.
അങ്ങനെ മാസങ്ങള്‍ കടന്നുപോയി,അതിനിടയില്‍ എതിര്‍കക്ഷി ഒത്തുതീര്‍പ്പിന് വിളിച്ചു.
''ഇന്‍ഷുറന്‍സ് ഇല്ലാത്ത വണ്ടിയായത് കൊണ്ട് ഞങ്ങള്‍ക്ക് പത്ത് ലക്ഷം വേണം,'' അവര്‍ പറഞ്ഞു.
സതീശന്‍ ഒരുലക്ഷം പറഞ്ഞുനോക്കി. അത്ര പോലും പൈസ സതീശന്റെ കൈയ്യില്‍ ഉണ്ടായിട്ടും അല്ല.
അവര്‍ ചിരിച്ചു തള്ളി.
കുടിക്കടം കൊടുത്തപ്പോള്‍ ബാങ്കില്‍ നിന്ന് കിട്ടിയ ചെറിയ ലോണ്‍ ഫണ്ട് പോലും അവര്‍ക്ക് നല്‍കാന്‍ ശ്രമിച്ചെങ്കിലും എതിര്‍ കക്ഷി അമ്പിനും വില്ലിനും അടുത്തില്ല.
''അവസാനം ആറ് ലക്ഷം എങ്കിലും തരണം. ഇല്ലെങ്കില്‍ വിചാരണ കഴിഞ്ഞാല്‍ നീ അകത്ത് കിടക്കും,'' എന്ന് ആരൊക്കെയോ അടക്കം പറഞ്ഞു.
സതീശന്‍ തീരുമാനിച്ചു എങ്ങനെയെങ്കിലും കേസ് നടത്തണം.
പക്ഷേ വക്കീല്‍ ഫീസിനുപോലും ഇടയ്ക്കൊക്കെ കടം പറയേണ്ട അവസ്ഥയായി.
സഹായിക്കാന്‍ ആരുമില്ല.
അപകടം നടന്ന അന്ന് കൂടെ നിന്നവര്‍ പോലും, പിന്നീട് അവനെ കൈയൊഴിഞ്ഞു.
കോടതി കയറിയാല്‍ ഇറങ്ങുന്നത് പോലും സതീശന്‍ ഒറ്റയ്ക്കായി. ഒരാള്‍ പോലും ആശ്വാസത്തിനായി കൂടെയില്ല.സതീശന് സതീശന്‍മാത്രം. അതിപ്പോള്‍ കരയാനാണെങ്കിലൊ സ്വയം സമാധാനം കണ്ടെത്താനാണെങ്കിലും..
മാനസിക പിരിമുറുക്കവും ടെന്‍ഷനും അവന്റെ മുടികളെ വെള്ളയാക്കി. താടിയും മീശയും നരച്ചു.
ഗള്‍ഫില്‍ പോയി ജോലി ചെയ്യണമെന്ന് പ്ലാന്‍ ചെയ്തതെല്ലാം അനിശ്ചിതത്വത്തിലായി.
ഒരു സ്ഥലത്തേക്കും പോകാന്‍ പറ്റാത്ത അവസ്ഥകേസ് കഴിയുന്നതുവരെ സതീശന്‍ ഈ മണ്ണില്‍ തന്നെ തറഞ്ഞു നിന്നു.
വിവാഹം, കുടുംബം, ഭാവി...
അതൊക്കെ സതീശന്‍ മനസ്സില്‍ നിന്ന് അടര്‍ത്തിമാറ്റി.
''ഒരു കേസുകാരന് ആര് പെണ്ണ് കൊടുക്കും? എല്ലാവരും മൂക്കത്ത് വിരല്‍ വെക്കും,'' എന്ന് അവന്‍ സ്വയം പറഞ്ഞു.
വര്‍ഷങ്ങള്‍ അങ്ങനെ കൊഴിഞ്ഞുപോയി.
പേപ്പറുകള്‍, സാക്ഷിമൊഴികള്‍, തീയതികള്‍എല്ലാം സതീശന്റെ ജീവിതത്തിന്റെ ഭാഗമായി.
അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപ്പോയി. ഒടുവില്‍ വന്നെത്തി 2023 ജൂലൈ 12. അന്നാണ് സതീശന്റെ കേസില്‍ വിധി പറയുന്നത്.
രണ്ട് ദിവസം മുമ്പേ വക്കീലോഫീസിലെ ബിന്ദു സ്റ്റാഫ് വിളിച്ചു:
''സതീശനല്ലേ, ഓഫീസിലേക്ക് ഒന്ന് വരണം. കാര്യം പറയാനുണ്ട്.''
ഫോണ്‍ കട്ടായപ്പോള്‍ സതീശന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി.
ഒമ്പത് വര്‍ഷം.
ഒമ്പത് വര്‍ഷത്തെ ഉറക്കമില്ലാത്ത രാത്രികള്‍, ഒഴിഞ്ഞ പോക്കറ്റുകള്‍, ഒറ്റപ്പെടലുകള്‍.
തന്റെ വിധി എന്താവും?
അറിഞ്ഞ്‌കൊണ്ട് താനൊരു തെറ്റും ചെയ്തില്ല.
ഇനിയിപ്പോള്‍ ശിക്ഷ കിട്ടുമോ? അതോ കോടതി വെറുതെ വിടുമൊ?
സതീശന് ഒന്നും അറിയില്ലായിരുന്നു.
പക്ഷേ ഒന്ന് അവനറിയാം, ആ ദിവസം അവന്റെ ജീവിതത്തിന്റെ രണ്ടാം അധ്യായം തുടങ്ങുകയാണെന്ന്.
പിറ്റേ ദിവസം സതീശന്‍ രാവിലെ തന്നെ വക്കീലിന്റെ ഓഫീസിലെത്തി.
മറ്റ് സ്റ്റാഫുകള്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അവര്‍ സതീശനോട് ഇരിക്കാന്‍ പറഞ്ഞു.
ഏതാണ്ട് 9:30 ആയപ്പോള്‍ വക്കീല്‍ വന്നു. സതീശന്‍ ക്യാബിനിലേക്ക് ചെന്നു.
'ഇരിക്ക്'
സതീശന്‍ ഇരുന്നു.
'അറിയാമല്ലോ നാളെയാണ് കേസിന്റെ വിധി.'
സതീശന്റെ കൈകാലുകള്‍ വിറച്ചു.
'സാര്‍, കോടതി എന്നെ വെറുതെ വിടുമോ? നാളെ എന്തായിരിക്കും നടക്കുക?'
'സതീശാ, രണ്ട് ജാമ്യക്കാരെ സെറ്റാക്കണം. നാളത്തെ കാര്യമൊന്നും നമുക്ക് മുന്‍കൂട്ടി പറയാന്‍ പറ്റില്ല. ടെന്‍ഷന്‍ വേണ്ട, നമുക്ക് നോക്കാം.'
സതീശന്‍ തലയാട്ടി. കുറച്ച് പണം എടുത്ത് വക്കീലിന് കൊടുത്തു.
'എങ്കില്‍ സതീശാ പോയ്‌ക്കോ. നാളെ നേരത്തെ കോടതിയില്‍ എത്തണം.'
'ശരി സാര്‍' എന്ന് പറഞ്ഞ് സതീശന്‍ ഇറങ്ങി.
പിറ്റേ ദിവസം രാവിലെ വക്കീല്‍ ഓഫീസില്‍ നിന്ന് ബിന്ദു എന്ന സ്റ്റാഫ് വിളിച്ചു.
'സതീശനല്ലേ? നിങ്ങളുടെ കേസിന്റെ വിധി പറച്ചില്‍ ഇന്നാണ്. പതിനൊന്ന് മണിക്ക് മുന്നേ കോടതിയില്‍ എത്തില്ലേ?'
'ബിന്ദു മേഡം, എനിക്ക് നല്ല പനിയുണ്ട്. അതുമാത്രമല്ല, കോടതി വിധി എനിക്ക് എതിരായാല്‍ രണ്ട് ജാമ്യക്കാരെ പോലും എനിക്ക് സെറ്റാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഹാജരായില്ലെങ്കില്‍ വിധി പറച്ചില്‍ മാറ്റിവെക്കുമോ?' സതീശന്റെ ശബ്ദത്തില്‍ ഉള്‍ഭയവും വേവലാതിയും നിറഞ്ഞിരുന്നു.
'നിങ്ങള്‍ വന്നില്ലെങ്കില്‍ കേസ് നടക്കില്ല. എന്തായാലും വരണം. നിങ്ങള്‍ വക്കീലിനെ ഒന്ന് വിളിച്ചു നോക്ക്.'
'ശരി, ഞാന്‍ വിളിക്കാം.'
സമയം 10:30 അങ. ഇനി കോടതി കൂടാന്‍ അരമണിക്കൂര്‍ മാത്രം.
മനസ്സില്ലാമനസ്സോടെ സതീശന്‍ വക്കീലിനെ വിളിച്ചു. എടുത്തില്ല. പിന്നെയും വിളിച്ചപ്പോള്‍ കട്ട് ചെയ്തു.
അന്ന് കോടതിയില്‍ പോകുന്നില്ല എന്ന് സതീശന്‍ തീരുമാനിച്ചു. വലിയ ടെന്‍ഷന്‍. കൂടെ വരാന്‍ പോലും ആരുമില്ല. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആളില്ല.
ജാമ്യക്കാരെ പോലും കിട്ടിയില്ല. അളിയന്മാരോട് ചോദിച്ചിട്ടും ആരും നിന്നില്ല. ഒരാളായിട്ട് അച്ഛന്‍ ഉണ്ട്. രണ്ടാമത്തെ ആള്‍ക്ക് വേണ്ടി അജിത്തിനെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു, 'ഞാന്‍ അത്യാവശ്യമായി വയനാട്ടില്‍ പോകുകയാണ്. നീ നിന്റെ അളിയന്മാരോട് പറ.' അവനും കൈമലര്‍ത്തി.
കേസ് തോറ്റാല്‍ അവിടെ നിന്ന് തന്നെ കൊണ്ടുപോകും.
എന്തായാലും ഇനി പൊലീസ് ഇങ്ങോട്ട് അന്വേഷിച്ച് വരാന്‍ ചാന്‍സ് ഉണ്ട്. സതീശന്‍ സര്‍വ്വേശ്വരനെയും വിളിച്ച് പ്രാര്‍ത്ഥിച്ചു. 'എട്ട് വര്‍ഷമായിട്ട് താന്‍ അനുഭവിക്കുന്ന കണ്ണുനീരിന് ഒരറുതി വരുത്തേണമേ ദൈവമേ.' സതീശന്റെ കണ്ണുനീര്‍ കവിളിലൂടെ ഒലിച്ച് തലയണയിലേക്ക് വീണു.
അന്ന് വൈകുന്നേരം വക്കീല്‍ ഓഫീസില്‍ നിന്ന് ബിന്ദു സ്റ്റാഫ് വീണ്ടും വിളിച്ചു.
വിറയലോടെ സതീശന്‍ ഫോണ്‍ എടുത്തു.
'സതീശനല്ലേ? നിങ്ങളോട് വക്കീല്‍ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഉടനെ വിളിക്കണേ.'
'ഞാന്‍ വിളിച്ചോളാം. പിന്നെ മേഡം, എന്റെ കേസ് എന്തായി?'
'നിങ്ങള്‍ കോടതിയില്‍ വന്നില്ലായിരുന്നോ? നിങ്ങള്‍ക്ക് അനുകൂലമായിട്ടാണ് വിധി ഉണ്ടായതെന്ന് തോന്നുന്നു. നിങ്ങള്‍ വക്കീലിനെ വിളിച്ചിട്ട് ഓഫീസിലേക്ക് വന്നോളൂ.'
സതീശന് അപ്പോള്‍ ഒരു സമാധാനം തോന്നി. 'ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു.'
പിറ്റേന്ന് രാവിലെ തന്നെ സതീശന്‍ അഡ്വക്കേറ്റ് രാജഗോപാലന്‍ സാറിന്റെ ഓഫീസിലെത്തി.
'നിങ്ങളുടെ കേസ് കഴിഞ്ഞു. കോടതി നിങ്ങളെ വെറുതെ വിട്ടു.'
അത് കേട്ടപ്പോള്‍ എട്ട് വര്‍ഷമായി ഹൃദയത്തില്‍ തൂങ്ങിക്കിടന്ന ഭാരം ആരോ പൊട്ടിച്ചെറിഞ്ഞതുപോലെ സതീശന് തോന്നി.
'ആണോ സാര്‍?' സതീശന്‍ ദീര്‍ഘമായി നിശ്വസിച്ചു.
'നിങ്ങള്‍ ഇന്നലെ കോടതിയില്‍ വന്നില്ലായിരുന്നോ?'
'ഞാന്‍ ഇന്നലെ മറ്റൊരു കേസുമായി ജില്ലാ കോടതിയിലായിരുന്നു.'
'സാര്‍, ഞാന്‍ ഇന്നലെ ഹാജരായില്ല. സുഖമില്ലായിരുന്നു. മാത്രമല്ല കേസ് തോറ്റാല്‍ രണ്ട് ജാമ്യക്കാര്‍ പോലും എനിക്കില്ലായിരുന്നു. ആ ഒരു പേടിയും എനിക്കുണ്ടായിരുന്നു.'
വക്കീല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: 'നിങ്ങള്‍ നല്ല ആളാണ്. കേസ് നിങ്ങള്‍ക്ക് അനുകൂലമായി വന്നില്ലായിരുന്നെങ്കില്‍ പൊലീസ് നിങ്ങളെ വീട്ടില്‍ വന്ന് പൊക്കിക്കൊണ്ടു പോകില്ലായിരുന്നോ? ഏതായാലും രക്ഷപ്പെട്ടു. ഇനി കോടതിയില്‍ നിന്ന് കേസ് തീര്‍ന്ന പേപ്പര്‍ കിട്ടും അത് ഓഫീസില്‍ വരുമ്പോള്‍ ഞാന്‍ തരാം.
സന്തോഷത്തോടെ വക്കീലിന് കുറച്ച് പണം നല്‍കിയിട്ട് സതീശന്‍ വക്കീലാഫീസില്‍ നിന്ന് തിരിച്ചിറങ്ങി.
സതീശന്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി.
നെഞ്ചിലെ വലിയ ഒരു കല്ല് ഉരുണ്ടു പോയ പോലെ ഒരു ആശ്വാസം.
ഇനി കോടതിയില്ല, കേസില്ല, പേടിയില്ല.
നഷ്ടപ്പെട്ട എട്ടു വര്‍ഷം തിരികെ കിട്ടില്ല.
പക്ഷേ ഇനിയുള്ള ജീവിതം തന്റേതാണ്. എട്ടു വര്‍ഷം കൊണ്ട് നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ ഇനി തിരികെ പിടിക്കാം.
കാലുകള്‍ക്ക് കീഴിലെ മണ്ണ് ഇപ്പോള്‍ ഉറപ്പുള്ളതായി തോന്നി..
ഇരുട്ട് മാറി വെളിച്ചം വന്ന പോലെ. ഒരു ഫില്‍ അവനിലുണ്ടായി.
സന്തോഷത്തോടെയും അതിലേറെ സമാധാനത്തോടെയും സതീശന്‍ വീട്ടിലേക്ക് നടന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates