പാരഡിയിലെ ഈരടികൾ
പി.ജെ. ജോസഫ് പാട്ടുപാടി തെരഞ്ഞെടുപ്പ് ജയിക്കുന്ന ആളാണ്. പാട്ടുംപാടി ജയിക്കുന്ന ആളുകളുണ്ട്. അനായാസ വിജയത്തെ സൂചിപ്പിക്കുന്ന പ്രയോഗമാണത്. ആരോ പാടിയ പാരഡിയിൽ മണ്ണും ചാരി നിന്നവർ വിജയം സ്വന്തമാക്കിയ കഥയാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്. സ്വന്തം മിടുക്കോ ഭരണവിരുദ്ധ വികാരമോ അല്ല ഒരു പരിചിതഗീതത്തിന്റെ അത്ര മൂല്യവത്തെന്നു പറയാൻ കഴിയാത്ത പാരഡിയാണ് യു.ഡി.എഫിന്റെ വിജയത്തിനു ഹേതുവെന്ന് തെരഞ്ഞെടുപ്പിനുശേഷം കണ്ടെത്തിയത് പി.സി. വിഷ്ണുനാഥാണ്. കേരളഗീതമെന്ന നിലയിൽ യു.ഡി.എഫ് എം.പിമാർ പാർലമെന്റിനു മുന്നിൽ പോറ്റിപ്പാട്ടാലപിച്ചു. രാവണന്റെ സംഘഗാനമായിരുന്നു അത്. ദേശീയഗീതത്തിന്റെ 150-ാം വർഷം അകത്ത് രാഷ്ട്രീയമായി സ്മരിക്കപ്പെടുമ്പോഴാണ് പുറത്ത് കേരള എം.പിമാർ പോറ്റിയെ നമിക്കുന്ന ശരണഗീതം കൂട്ടായി ആലപിച്ചത്. സ്വന്തം കരുത്തിന്റെ വ്യാപ്തിയറിയാതെ പോറ്റിയെ നമിച്ച് വിജയത്തിനു വിശദീകരണം കണ്ടെത്താൻ ശ്രമിക്കുന്നവരെ അവരുടെ പാട്ടിനു വിടുന്നതിനുപകരം സ്വന്തം പൊലിമയിലുണ്ടായ ഗ്ലാനിക്കു കാരണമായി അതിനെ കണ്ട് വൈരനിര്യാതനബുദ്ധിയോടെ പാർട്ടി പാട്ടിനെ സമീപിച്ചതാണ് പാരഡിയെ കോമഡിയാക്കിയത്. പാട്ടിനെതിരെയുള്ള നടപടികൾ സി.പി.എം ഉപേക്ഷിച്ചതു നന്നായി. വൈകിയാലും ബുദ്ധി ബുദ്ധി തന്നെ.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പാർട്ടി ചൂട് തങ്ങൾക്കെതിരാകുമ്പോൾ തലമറന്ന് എണ്ണതേയ്ക്കുന്നത് ശരിയല്ല. വിമർശനമുണ്ടാകുമ്പോൾ തിരുത്തുന്നതിനുവേണ്ടി തെറ്റുകൾ ചെയ്യുന്നത് അത്ര നല്ല നയമല്ല. കമ്യൂണിസ്റ്റുകാർ വിമർശനത്തെ നേരിടേണ്ടതെങ്ങനെയെന്ന് ലെനിൻ പഠിപ്പിച്ച പാഠത്തിന്റെ അടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട ചിത്രമാണ് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ. ചലച്ചിത്ര പ്രവർത്തകർക്ക് നൂറു വർഷമായി പാഠപുസ്തകമാണ് ഈ റഷ്യൻ സിനിമ. കേരളത്തിലെ ചലച്ചിത്രോത്സവത്തിൽ ചരിത്രമറിയാത്ത ഏതോ ഉദ്യോഗസ്ഥൻ ഈ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചപ്പോൾ അതിനെതിരെ ശക്തമായ പ്രതികരണമുണ്ടായി. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന നിയമപരമല്ലാത്ത പ്രഖ്യാപനമുണ്ടായി. അങ്ങനെയുള്ളവരാണ് നിലപാടിലെ വൈരുദ്ധ്യം മറന്ന് പാട്ടിനെ പൂട്ടാനിറങ്ങിയത്. മൂക്കിൻതുമ്പത്തിരുന്ന് അലോസരമുണ്ടാക്കുന്ന ഈച്ചയെ കൊല്ലാൻ വാളൂരിയ രാജാവിന്റെ കഥ പല രൂപത്തിൽ ആവർത്തിക്കപ്പെടുന്നു. ആവിഷ്കാര സ്വാതന്ത്ര്യമെന്നതിൽ അപരന്റെ ആവിഷ്കാര സ്വാതന്ത്ര്യംകൂടി ഉൾപ്പെടുന്നുണ്ട്. അത് നമുക്കെതിരാണെങ്കിലും അതിനുള്ള അയാളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി ജീവൻ വെടിയാൻ തയ്യാറാണെന്ന് വൗൽത്തെർ പറഞ്ഞതിന്റെ വ്യാപ്തി നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. ഒരേ ഗാനം മന്ത്രിയെ പരിഹസിക്കുന്ന പാരഡിയായാൽ പ്രതിപക്ഷത്തിനു കുഴപ്പമില്ല? ക്ഷേത്രത്തിലെ കവർച്ചയെക്കുറിച്ചായാൽ ഭരണകക്ഷിക്ക് കുഴപ്പമുണ്ട് എന്ന നിലപാടിൽ ഇരട്ടത്താപ്പുണ്ട്.
പാരഡിയുടെ സംരക്ഷണം ഏറ്റെടുത്ത കോൺഗ്രസ്സിന്റെ നിലപാടിലുമുണ്ട് ഇരട്ടത്താപ്പ്. അടിയന്തരാവസ്ഥയുടെ 50-ാം വർഷം ഉൾക്കിടിലത്തോടെ അനുസ്മരിക്കുന്ന ഘട്ടത്തിൽ കോൺഗ്രസ് നേതാക്കൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലരാകുന്നതിൽ ചരിത്രപരമായ ഐറണിയുണ്ട്. കിസ്സ കുർസി കാ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചുവെന്നു മാത്രമല്ല, അതിന്റെ ഒറിജിനൽ പ്രിന്റ് സഞ്ജയ് ഗാന്ധിയുടെ മാരുതി ഫാക്ടറി വളപ്പിലിട്ട് കത്തിക്കുകയും ചെയ്തു. പോറ്റിപ്പാരഡി ആലപിക്കുന്നതിനു തടസ്സം നിൽക്കുന്നവരുടെ വീടിനു മുന്നിലെത്തി ഗാനം ആലപിക്കുമെന്ന് കെ. മുരളീധരൻ ഭീഷണിപ്പെടുത്തി. അടിയന്തരാവസ്ഥയിൽ മന്ത്രിയെ പരിഹസിക്കുന്ന സിനിമാപ്പാട്ട് മന്ത്രിയെ വേദിയിലിരുത്തി പാടിയ വിദ്യാർത്ഥിയെ ഉരുട്ടിക്കൊല്ലാൻ പൊലീസിന് വിട്ടുകൊടുത്ത നിർദയനായ ആഭ്യന്തരമന്ത്രിയുടെ മകനാണ് മുരളീധരൻ. ചരിത്രവും പൈതൃകവും പെട്ടെന്ന് മറക്കാനുള്ളതല്ല. പാടുന്നത് മാത്രമല്ല, പാടാതിരിക്കുന്നതും അന്ന് കുറ്റമായിരുന്നു. സഞ്ജയ് ഗാന്ധിയുടെ വന്ധ്യംകരണ ക്യാമ്പുകളുടെ പ്രചരണാർത്ഥം പാടാൻ തയ്യാറാകാതിരുന്ന കിഷോർ കുമാറിനെ ശിക്ഷിച്ചത് അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ആകാശവാണിയിൽ പ്രക്ഷേപണവിലക്ക് ഏർപ്പെടുത്തിക്കൊണ്ടായിരുന്നു. ചെകുത്താന് വേദമോതാം. ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടായിരിക്കണം എന്നുമാത്രം.
വിമർശനം ജനാധിപത്യത്തിലെ പ്രാണവായുവാണ്. ആക്ഷേപവും ആക്ഷേപഹാസ്യവും വിമർശനത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ആതൻസിൽ തന്നെയാണ് നാടകത്തിന്റെ കളിത്തട്ടുയർന്നത്. ഗ്രീക്ക് ട്രാജഡിക്കൊപ്പം പ്രധാനപ്പെട്ടതാണ് ഗ്രീക്ക് കോമഡി. കോമഡിയുടെ ആചാര്യനാണ് അരിസ്റ്റോഫനെസ്. സാമൂഹികവിമർശനവും രാഷ്ട്രീയവിമർശനവും ചേർന്നതായിരുന്നു അരിസ്റ്റോഫനെസിന്റെ നാടകങ്ങൾ. ആ വംശത്തിൽപ്പെട്ട ആളായിരുന്നു നമുക്ക് പ്രിയംകരനായ ശ്രീനിവാസൻ. രാഷ്ട്രീയമുള്ള ശ്രീനിവാസനെ അപ്പോൾ നമ്മൾ അരാഷ്ട്രീയവാദിയാക്കി. പക്വതയുള്ള സമൂഹത്തിൽ വിമർശനത്തിനു സ്വീകാര്യതയുണ്ടാകും. രാജസദസ്സിലെ വിദൂഷകന്റെ ജോലിയാണ് ജനാധിപത്യത്തിൽ കാർട്ടൂണിസ്റ്റുകളും കാരിക്കേച്ചറിസ്റ്റുകളും ചേർന്നു നിർവഹിക്കുന്നത്. ടെലിവിഷന്റെ ആവിർഭാവത്തോടെ ആക്ഷേപഹാസ്യത്തിനു പുതിയ രൂപവും ഭാവവും വന്നു. നവമാധ്യമ സങ്കേതങ്ങൾ ആക്ഷേപഹാസ്യത്തെ ജനകീയമാക്കി. കൂത്തും തുള്ളലും കേരളത്തിന്റെ ജനാധിപത്യപരിസരത്ത് വിതയ്ക്കപ്പെട്ട വിത്തുകളാണ്. പരിഹാസത്തിൽ വ്രണിതനായ നമ്പ്യാർ ബദൽ കലാരൂപമുണ്ടാക്കിയാണ് ചാക്യാരോട് കലഹിച്ചത്. തുള്ളൽക്കഥകൾ ഇന്ന് നമ്മുടെ സാഹിത്യത്തിന്റെ പൈതൃകമാണ്. കുഞ്ചൻ നമ്പ്യാരുടെ പാതയിൽ പാരഡിയെ പാരഡികൊണ്ട് നേരിടാമായിരുന്നു. അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു രൂപം കണ്ടുപിടിക്കാമായിരുന്നു. അവഗണിക്കുകയെന്നതും ഒരു ബദലാണ്. വോട്ടെണ്ണിക്കഴിഞ്ഞതിനുശേഷം തങ്ങൾക്ക് പാരയായത് അതുവരെ ആരും കേൾക്കാതിരുന്ന ഒരു പാരഡിയാണെന്ന കണ്ടെത്തലും അതിനെതിരെയുള്ള വൈരനിര്യാതനബുദ്ധിയോടെയുള്ള പടപ്പുറപ്പാടും ഡോൺ ക്വിക്‌സോട്ടിനെ അനുസ്മരിപ്പിക്കുന്നു.
ജനാധിപത്യത്തിന്റെ പരിസരത്തെ കുടിയിരുപ്പാണ് ഫാസിസം. സ്തുതിയുടെ തിരുവാതിര മാത്രമല്ല, ആക്ഷേപത്തിന്റെ ഭരണിയും അധികാരി കേൾക്കാനുള്ളതാണ്. അതിനു കഴിയാതെ വരുമ്പോൾ ഫാസിസത്തിന്റെ തുടക്കമാകുന്നു. നവമാധ്യമങ്ങളിലെ ഒളിപ്പോരുകാർക്കെതിരെ സൈബർ പൊലീസിനെ വിന്യസിക്കുന്നത് ജാഗ്രതയോടെ വേണം. കളയ്ക്കൊപ്പം വിളയും അവർ നശിപ്പിക്കാൻ സാധ്യതയുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായി പൊലീസിനെ കാണാനാവില്ല. അപകീർത്തിയുടെ ക്രിമിനൽ സ്വഭാവം ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നത് പൊലീസിന്റെ ഇടപെടൽ ഒഴിവാക്കുന്നതിനുവേണ്ടിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിശോധന പൊലീസ് സ്റ്റേഷനുകളിൽ നടത്താനുള്ളതല്ല. ഇൻഫർമേഷൻ സൂപ്പർ ഹൈവേയിലെ കാവൽമാടങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിലാകരുത്.
ഹാസ്യത്തിന്റെ വാൾ വീശുമ്പോൾ തന്നെ ഒഴിവാക്കരുതെന്ന് സുഹൃത്തായ കാർട്ടൂണിസ്റ്റിനോട് പ്രസിദ്ധമായി പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഒന്നാം ഭേദഗതിയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരിമിതമാക്കിയത്. ആക്ഷേപഹാസ്യം വിമർശനംപോലെ തന്നെയാണ്. നല്ല നിലയിൽ സ്വീകരിക്കപ്പെടില്ല. ഹിറ്റ്‌ലറെ പരിഹസിച്ച ചാപ്ലിൻ സിനിമയാണ് ദ് ഗ്രേറ്റ് ഡിക്ടേറ്റർ. പ്രസിദ്ധമായ ബ്ലിറ്റ്‌സ്‌ക്രീഗിന് ഹിറ്റ്‌ലറെ പ്രകോപിപ്പിച്ചത് ആ സിനിമയായിരുന്നു. വിമർശകരും വിദൂഷകരും അപകടത്തിന്റെ പാതയിൽ സഞ്ചരിക്കുന്നവരാണ്. ഹിറ്റ്‌ലറുടെ വിമർശകനായിരുന്നിട്ടും ഇടതുപക്ഷാഭിമുഖ്യത്തിന്റെ പേരിൽ ചാപ്ലിൻ അമേരിക്കയിൽ വേട്ടയാടപ്പെട്ടു. അവസാനകാലത്ത് സ്വിറ്റ്‌സർലണ്ടിലാണ് അദ്ദേഹം രാഷ്ട്രീയാഭയം തേടിയത്. ജനാധിപത്യത്തിൽ വോക്സ് പോപ്പുലിക്ക് പല രൂപങ്ങളുണ്ട്. അതിലൊന്നാണ് ഹാസ്യം. നാഥാൻ പ്രവാചകനെപ്പോലെ രാജാവിന്റെ നേർക്ക് വിരൽ ചൂണ്ടി കുറ്റാരോപണം നടത്താം. അതിനു കഴിയാത്തവർ പാട്ടും പാരഡിയുമായി ആശയവിനിമയം നടത്തും. എവ്വിധമായാലും സ്വയമറിയാതെ വിവസ്ത്രനാകുന്ന രാജാവിനെ അക്കാര്യം ബോധ്യപ്പെടുത്തണം. രാജാവ് കൂടുതൽ പരിഹാസ്യനാകാതിരിക്കുന്നതിന് അതാവശ്യമാണ്. സ്തുതിപാഠകർ മാത്രമല്ല, വിമർശകർകൂടി ചേർന്നതായിരിക്കണം രാജസദസ്സ്. ഈ തത്ത്വം ജനാധിപത്യത്തിലും ബാധകമാണ്.
Sebastian Paul’s column pradhamadrishtyaa
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

