ജയാനന്ദന്റെ ജയിൽചാട്ടം
കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും 2013 സെപ്റ്റംബര്‍ 10 ന് രണ്ട് കൊടുംകുറ്റവാളികൾ ജയിൽ ചാടിയിരിക്കുന്നു. ഏഴ് കൊലപാതകങ്ങൾ നടത്തിയ റിപ്പർ ജയാനന്ദനും നൂറിലധികം കേസിൽ പ്രതിയായ കാസർകോട് പെരിയാട്ടടുക്കം റിയാസും ജയിൽ ചാടിയത് നടുക്കുന്ന വാർത്തയായിരുന്നു. അന്ന് ഞാൻ കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു.
വധശിക്ഷ കാത്തുകിടക്കുന്ന പ്രതിയാണ് ജയാനന്ദൻ. അയാൾ കൊലപാതക പരമ്പരകൾ നടത്തിയത് തൃശൂർ, എറണാകുളം ജില്ലകളിലാണ്. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിലെ പത്താം ബ്ലോക്കിൽനിന്നാണ് അവർ രക്ഷപ്പെട്ടിരിക്കുന്നത്. ഏകാന്ത തടവിന് ശിക്ഷിച്ച ആളുമാണ് ജയാനന്ദൻ. മോഷണത്തിനായി വീടുകളിലേയ്ക്ക് കയറി എതിരിടുന്നവരെ കൊലപ്പെടുത്തുക എന്നതാണ് അയാളുടെ രീതി.
മധ്യമേഖല ഐ ജി സന്ധ്യ ഫോണിൽ വിളിച്ചു. ജയാനന്ദന്റെ ജയിൽചാട്ടം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും എന്തുവിലകൊടുത്തും അയാളെ ഉടൻ കണ്ടെത്തണമെന്നും നിർദേശിച്ചു. തൃശൂരിലുള്ള ചാക്കോ എന്ന ക്രൈം ഡിറ്റക്ഷൻ സ്‌ക്വാഡിലെ എസ്ഐ യെ വിളിച്ചാൽ ജയാനന്ദനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നും പറഞ്ഞു.
ആ സമയം, കണ്ണൂർ നഗരത്തിൽ മറ്റൊരു കടുത്ത ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തതോടെ പഴയ ബസ് സ്റ്റാന്റിൽക്കൂടി വാഹനങ്ങൾ കയറണമോ വേണ്ടയോ എന്ന തർക്കത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകൾ ചേരിതിരിഞ്ഞ് ബസുകൾ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുവിടുന്നത് വലിയ സംഘർഷാവസ്ഥ നഗരത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഷയം കൈകാര്യം ചെയ്യുന്ന തിരക്കിനിടയിൽ റിപ്പർ ജയാനന്ദന്റെ ജയിൽ ചാട്ടം നേരിട്ട് അന്വേഷിക്കാൻ പകൽസമയത്ത് എനിക്ക് സാധിച്ചില്ല.
അന്ന് മുംബൈയിലായിരുന്ന ഡിജിപി ജേക്കബ് പുന്നൂസ് സന്ധ്യയോടെ എന്നെ ഫോണിൽ വിളിച്ചു. അന്വേഷണം എവിടെവരെ എത്തി എന്ന് തിരക്കി. ഞാൻ ക്രമസമാധാനപ്രശ്‌നത്തിന്റെ കഥ പറഞ്ഞു. ജയിൽചാട്ടം അന്വേഷിക്കുന്നത് മറ്റ് ഓഫീസർമാരാണ് എന്നും പറഞ്ഞു. കോടതി വധശിക്ഷ വിധിച്ച പ്രതി ജയിൽചാടിയത് കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്നും ടിവി ചാനലുകൾ ഇത് ചർച്ചാവിഷയമാക്കിയിട്ടുണ്ട് എന്നും ജയിൽചാട്ടം നിങ്ങൾ തന്നെ അന്വേഷിക്കണം എന്നും പറഞ്ഞു.
ഞാൻ ഉടൻ ജയിലിലേക്ക് തിരിച്ചു. അതിനിടയിൽ തൃശൂരിൽ സി ഡി പാർട്ടി എസ് ഐ ചാക്കോയെ വിളിച്ചു. റിപ്പർ ജയാനന്ദൻ എന്ന പേരിൽ അറിയപ്പെടുന്ന കെപി ജയാനന്ദൻ, 35 കവർച്ചാക്കേസുകളിലും ഏഴ് കൊലപാതകങ്ങളിലും പ്രതിയാണ് എന്നും മോഷണത്തിന് കയറുന്ന വീട്ടിലെ ആളുകളെ മാരകമായി പരിക്കേൽപ്പിക്കുന്ന സ്വഭാവക്കാരനാണ് എന്നും ജയിൽ ചാടിയാൽ വെറുതെ ഇരിക്കില്ല എന്നും ചാക്കോ പറഞ്ഞു.
ജയാനന്ദൻ നടത്തുന്ന ആദ്യത്തെ കൊലപാതകം 2003 സെപ്റ്റംബർ മാസത്തിലാണ്. മാളാ പൊലീസ് സ്റ്റേഷൻ പരിധിയിലെ 45 വയസ്സുള്ള ജോസിന്റെ വീട്ടിലേക്ക് കയറി, ഉറങ്ങിക്കിടന്ന ജോസിനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അതിനുശേഷം കവർച്ചയും നടത്തിയിട്ടുണ്ട്.
രണ്ടാമത്തെ സംഭവം 2004 മാർച്ച് മാസത്തിലായിരുന്നു, അതും മാള പൊലീസ് സ്റ്റേഷൻ പരിധിയിൽതന്നെ. കവർച്ചയ്ക്കായി ഒരു വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്നതിനിടയിൽ ശബ്ദംകേട്ട് പുറത്തുവന്ന നബീസ എന്ന സ്ത്രീയെ തലയ്ക്കടിച്ചുകൊന്നു. പിന്നീട്, വീട്ടിനുള്ളിൽ കയറി 23-വയസ്സുള്ള ഫൗസിയയെ കൂടി കൊലപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന നൂർജഹാൻ എന്ന സ്ത്രീയേയും രണ്ടു കുട്ടികളേയും മാരകമായി പരിക്കേൽപ്പിച്ചു.
2004 ഒക്ടോബറിൽ തൃശൂർ ജില്ലയിലെ മാത്തിലകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെരിഞ്ഞനത്ത് ഒരു വീട്ടിൽ കയറി വീട്ടുടമ കളപ്പുരക്കൽ സഹദേവനേയും അദ്ദേഹത്തിന്റെ ഭാര്യ നിർമലയേയും കൊന്നതിനു ശേഷം സ്വർണാഭരണങ്ങൾ കവർച്ച നടത്തി.
പിന്നീട് തൃശൂരിലെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു, അവിടെ ജയാനന്ദൻ, അരവിന്ദാക്ഷ പണിക്കരേയും ഭാര്യ ഓമന പണിക്കരേയും ആക്രമിച്ചു. ഇരുവർക്കും മാരകമായി പരിക്കുപറ്റി. അവിടെനിന്നും വലിയ സ്വർണാഭരണ കവർച്ച നടത്തി.
ജയാനന്ദന്റെ അടുത്ത ആക്രമണം 2005 ഓഗസ്റ്റിൽ വടക്കേ പറവൂരിലെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റിലായിരുന്നു. സുരക്ഷാജീവനക്കാരനായ സുഭാഷിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചുകൊന്നശേഷം അവിടെ കൊള്ളയടിച്ചു.2006 ഒക്ടോബർ രണ്ടിന് പുത്തൻവേലിക്കരയിൽ ദേവകി എന്ന വീട്ടമ്മയെ കൂടി കവർച്ചയ്ക്കിടയിൽ ജയാനന്ദൻ കൊലപ്പെടുത്തി.
2004 ഒക്ടോബറിലെ പെരിഞ്ഞനം ഇരട്ടക്കൊലപാതകം ഉൾപ്പെടെ ജയാനന്ദൻ നടത്തിയ കൊലപാതകങ്ങൾക്ക്, 2008 ജൂൺ മാസം തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് തൂക്കിലേറ്റുന്നതിന് ശിക്ഷ ലഭിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയക്കപ്പെട്ട ജയാനന്ദൻ, തൂക്കിലേറ്റപ്പെടുന്നത് കാത്തിരിക്കുകയായിരുന്നു.
ജയിൽചാട്ടത്തിന് ഏതാനും ദിവസങ്ങൾക്കു മുന്നേ കോടതിയിൽ ഹാജരാക്കാൻ ജയാനന്ദനെ കൊണ്ടുപോകുമ്പോൾ എസ്‌കോർട്ട് പൊലീസുകാരോട് ഞാൻ ജയിലിൽ നിന്നിറങ്ങി ഊട്ടി ഭാഗത്ത് താമസമാക്കും എന്ന് അയാൾ പറഞ്ഞിട്ടുണ്ട്. ഈയൊരു രഹസ്യവിവരം തൃശൂരിലുള്ള പൊലീസുകാർ വിളിച്ചുപറഞ്ഞു.
ഇത്രയും വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് അന്വേഷണത്തിനായി ജയിലിലെത്തിയത്. ജയിൽ പരിസരം സൂക്ഷ്മമായി പരിശോധിച്ചു. ഇരുമ്പഴികൾ ഹാക്‌സോ ബ്ലേഡുകൊണ്ട് ദിവസങ്ങൾ എടുത്ത് മുറിച്ചുമാറ്റിയാണ് അവർ പുറത്തുകടന്നത്. വലിയൊരു ഇരുമ്പ് പൈപ്പ് ജയിൽ മതിലിനോട് ചേർത്തുവെച്ച് തുണികൾ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ചരട് അതില്‍ കെട്ടി പിടിച്ചുതൂങ്ങിയാണ് അവർ ജയിൽ മതിൽ ചാടിക്കടന്നത്.
തടവുകാരെ മുഴുവൻ ചോദ്യം ചെയ്യേണ്ടതുണ്ട്. കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന തടസ്സവാദം ഉയർന്നു. ഞാൻ ജയിൽ ഡി ജി പി അലക്‌സാണ്ടർ ജേക്കബ് സാറിനെ വിളിച്ചു. ജയിലിൽ നടന്ന ഒരു കുറ്റകൃത്യത്തിന് സാക്ഷി എന്ന നിലയിൽ ചോദ്യം ചെയ്യുന്നതിന് ഈ സാങ്കേതികത്വം ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു തടവുകാരോട് ജയാനന്ദൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവാം. സന്ധ്യയ്ക്ക് ഏഴ് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ അർദ്ധരാത്രി 12 മണിയോടെ അവസാനിച്ചു. എല്ലാവരോടും ചോദിച്ചത് ഒറ്റക്കാര്യം. ഊട്ടി ഭാഗത്തുനിന്നും ജയാനന്ദനെ കാണാൻ ഏതെങ്കിലും സന്ദർശകർ വന്നിരുന്നോ? ജയിൽ സന്ദർശന രജിസ്റ്റർ പരിശോധിച്ചതിൽ അങ്ങനെ ആരും വന്നതായി രേഖയില്ല.
എന്നാൽ, സുൽത്താൻബത്തേരിക്കാരനായ മറ്റൊരു തടവുകാരനായ സലാഹുദ്ദീനെ അന്വേഷിച്ച് ഊട്ടിയിൽനിന്നും ഒരു സ്ത്രീ സെൻട്രൽ ജയിലിൽ വന്നിട്ടുണ്ട്. സലാവുദ്ദീനുമായി ജയാനന്ദൻ നല്ല ബന്ധത്തിലായിരുന്നു എന്ന് തടവുകാരിൽ ചിലർ രഹസ്യമായി അറിയിച്ചു. ഊട്ടിയിൽനിന്നുവരുന്ന സ്ത്രീയെ ജയാനന്ദൻ കൂടി പരിചയപ്പെട്ടിരുന്നതായി ഒരാൾ പറഞ്ഞു. അവരുടെ വ്യക്തമായ മേൽവിലാസം ഇല്ല.
പക്ഷേ, സലാവുദ്ദീൻ ഇതിനകം ജാമ്യത്തിലിറങ്ങി പുറത്തുപോയിരുന്നു. വൈകിക്കാൻ കഴിയില്ല. ഇന്നു രാത്രി തന്നെ ഓപ്പറേഷൻ പൂർത്തിയാക്കണം. ക്രൈം സ്‌ക്വാഡുകാരായ മഹിജൻ, രാജീവൻ, അജയൻ, ബിജുലാൽ എന്നിവരോട് യാത്രയ്ക്ക് തയ്യാറാകാൻ പറഞ്ഞു.
ജയിലിൽനിന്നു ലഭിച്ച അഡ്രസ്സ് തേടി സുൽത്താൻ ബത്തേരിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെ ബത്തേരിയിലെത്തി സലാഹുദ്ദീനെ വിളിച്ചെഴുന്നേൽപ്പിച്ചു. അയാൾ എല്ലാം നിഷേധിക്കുകയാണ്. ജയിൽ രജിസ്റ്ററിന്റെ കോപ്പി അയാളെ കാണിച്ച് ബോധ്യപ്പെടുത്തിയപ്പോൾ ഊട്ടിയിൽനിന്നുള്ള സന്ദർശകര്‍ ആരാണെന്ന് അയാൾക്ക് സമ്മതിക്കേണ്ടിവന്നു. അതൊരു രഹസ്യബന്ധമായിരുന്നു. അതുകൊണ്ടാണ് അയാൾ ആദ്യം സമ്മതിക്കാത്തത്.
സലാവുദ്ദീനെ അവിടെ നിർത്തി പോയിക്കഴിഞ്ഞാൽ അവൻ ഫോൺ ചെയ്‌തോ മറ്റോ ഊട്ടിയിലെ സ്ത്രീയെ വിവരം അറിയിക്കാം. നിർബന്ധിച്ച് അയാളേയും കൂടെ കൂട്ടി. വാഹനത്തിൽവച്ച് അയാളുമായി കൂടുതൽ നല്ല ബന്ധം സ്ഥാപിക്കുകയും വിശ്വാസം ആർജിക്കുകയും ചെയ്തു. ഊട്ടിയിൽ ചെറിയ വീടുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ത്രീയാണ്. പുലർച്ചെ അഞ്ചുമണിയോടെ ഊട്ടിയിലെത്തി. അയാളാണ് വീട് പൊലീസിനെ കാണിച്ചുകൊടുത്തത് എന്ന് സ്ത്രീ അറിയുന്നതിൽ സലാഹുദ്ദീന് പ്രശ്‌നങ്ങളുണ്ട്. അയാളെ കൂട്ടാതെ തന്നെ വീട് വാടകയ്ക്ക് വാങ്ങുന്ന ആളുകൾ എന്ന വ്യാജേന ഞങ്ങൾ ആ വീട്ടിലെത്തി. പുലർച്ചെ സമയത്ത് ഇക്കാര്യത്തിനാണ് വീട്ടിൽപോയത് എന്നു പറഞ്ഞത് അവർക്ക് വിശ്വാസം വരുന്നില്ല. പുതുതായി വാടകക്കാർ ആരെങ്കിലും വന്നിട്ടുണ്ടോ എന്നുള്ള ചോദ്യവും അവർക്ക് സംശയം ഉണ്ടാക്കി.
“ഒരു വീട് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഗൾഫിൽനിന്നും വന്ന മലയാളിക്ക് ഇന്നലെ അതും വാടകയ്ക്ക് നൽകി” എന്ന് അവർ പറഞ്ഞു.
ആ ഗൾഫുകാരൻ ജയാനന്ദൻതന്നെ എന്ന് മനസ്സിൽ തോന്നി. ആ വീട് കാണിച്ചുതരാൻ അവരോട് പറഞ്ഞപ്പോൾ വലിയ തർക്കത്തിലേക്ക് പോയി. അവരോട് സത്യം പറയാതിരിക്കാൻ കഴിയില്ല. അവർ കണ്ണൂർ ജയിൽ സന്ദർശിച്ച കാര്യവും സലാഹുദ്ദീൻ മുഖാന്തരം ജയാനന്ദനെ പരിചയപ്പെട്ട കാര്യവും അവരോട് പറഞ്ഞു.
സലാഹുദ്ദീനെ അറിയാമെന്ന് അവർ സമ്മതിക്കുന്നു. എന്നാൽ, ജയാനന്ദനെ അറിയില്ലെന്ന് പറയുന്നു. തർക്കങ്ങൾക്ക് ഒടുവിൽ ആ വീട് കാണിച്ചുതരാൻ അവരുടെ മകനെ കൂടെ വിട്ടു. ഇന്നലെ വന്ന ഗൾഫുകാരനെ മകനും കണ്ടിട്ടുണ്ട്. അയാളുടെ ആകാരവിവരങ്ങൾ ചോദിച്ചപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞ വിവരങ്ങൾ വച്ച് അത് ജയാനന്ദൻ തന്നെ എന്ന സംശയം കൂടി. അയാൾ ജയിൽ ചാടിയ ആളാണെന്ന് പറഞ്ഞു മനസ്സിലാക്കിയപ്പോൾ അകലെനിന്നും വീട് കാണിച്ചുതന്ന് അയാൾ മടങ്ങി.
അടുത്തടുത്തുള്ള ചെറിയ ലൈൻമുറികൾ പോലുള്ള ക്വാർട്ടേഴ്‌സുകളാണ്. അവൻ മാത്രമേ ഉള്ളൂ.
“സാർ... ഒരുപാട് കൊലപാതകം നടത്തിയ ആളാണ്. വിളിച്ചുണർത്തി അവന് വാതിൽ തുറക്കാൻ അവസരം നൽകിയാൽ അവൻ ആയുധവുമായി മാത്രമേ വരികയുള്ളൂ. അത് അപകടകരമാണ്. അതിനെക്കാൾ നല്ലത് വാതിൽ ചവിട്ടി പൊളിച്ചങ്ങോട്ട് കയറുന്നതാണ്.” രാജീവന്റെ അഭിപ്രായം.
പഴയ കെട്ടിടമാണ്. ദുർബലമായ വാതിലുകൾ. അത് ശരിയാണെന്ന് എനിക്കും തോന്നി. രണ്ടുപേരെ പുറകിലെ വാതിലിന് കാവൽനിർത്തിയശേഷം ഞാൻ റിവോൾവർ കൂടി കയ്യിലെടുത്ത് മുൻവശം വാതിലിന് ആഞ്ഞുചവിട്ടി. വാതിൽ തുറന്നു. അപ്പോഴാണ് അമ്പരപ്പിക്കുന്ന ആ കാഴ്ച കണ്ടത്. വീട്ടിനകത്ത് പുരുഷന്മാർ ആരുമില്ല. രണ്ടു വൃദ്ധസ്ത്രീകൾ മാത്രം. അവർ ഭയന്നുവിറച്ച് നിലവിളിക്കാൻ പോലും കഴിയാതെ ഞങ്ങടെ മുന്നിൽ കിടക്കപ്പായയിൽ എഴുന്നേറ്റിരുന്നു. വീടിനകം മുഴുവൻ പരിശോധിച്ചു. അവർ തമിഴ് മാത്രം സംസാരിക്കാൻ അറിയുന്നവരാണ്. പൊലീസാണെന്നും വീട് മാറി പോയതാണെന്നും അമ്മമാരോട് പറഞ്ഞു മനസ്സിലാക്കി. വാതിൽ നന്നാക്കാനായി കയ്യിലുള്ള പണവും കൊടുത്തു.
കഥകൾ കേട്ടപ്പോൾ അതിലുള്ള ഒരു വല്യമ്മ പറയുന്നത് തൊട്ടടുത്ത വീട്ടിൽ ഇന്നലെ വൈകുന്നേരം ഒരാൾ എത്തി താമസിക്കുന്നുണ്ട്. അതായിരിക്കാം നിങ്ങൾ അന്വേഷിക്കുന്ന വീട്.
വീണ്ടും അബദ്ധം പറ്റരുത്, അടുത്ത വീടിന്റെ ചുറ്റുപാടും നടന്നു പരിശോധിച്ചു. ജനൽ വാതിൽ തുറന്ന് അതിലൂടെ വീട്ടിനകത്തേക്ക് ടോർച്ചടിച്ചു നോക്കി, മുറിയിൽ ഒരാൾ ഉറങ്ങുന്നുണ്ട്. മാറി മാറി എല്ലാ പൊലീസുകാരും നോക്കി ജയാനന്ദൻ തന്നെ എന്ന് സ്ഥിരീകരിച്ചു. അടുത്ത വീട്ടിൽ നടന്ന ബഹളങ്ങളൊന്നും തന്നെ ഗാഢമായ ഉറക്കത്തിൽ അയാൾ അറിഞ്ഞിട്ടില്ല. വാതിൽ പൊളിച്ച് അകത്തുകയറി ക്ഷണനേരംകൊണ്ട് അയാളെ കീഴ്‌പെടുത്തി. ജയാനന്ദൻ തന്നെ.
അയാളെ വൈകുന്നേരത്തോടെ കണ്ണൂരിലെത്തിച്ച് റിമാൻഡ് ചെയ്തു. മറ്റൊരാൾകൂടി ജയാനന്ദന്റെ കൂടെ ജയിൽ ചാടിയിട്ടുണ്ട്. പെരിയാട്ടടുക്കം റിയാസ്. അവനെ അന്വേഷിച്ച് കാസർകോട്ടേക്ക് പോകാൻ തയ്യാർ എടുക്കുന്നതിനിടയിൽ അന്നത്തെ കാസർകോട് ഡി.വൈ.എസ്.പി വിക്രമനെ വിളിച്ചു. തിരക്കുപിടിച്ച കണ്ണൂരിൽനിന്ന് സംഘം അങ്ങോട്ട് പോകേണ്ടതില്ല എന്നും എല്ലാ വിവരങ്ങളും എടുത്ത് റിയാസിനെ അന്വേഷിച്ചുവരികയാണ് എന്നും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വിക്രമൻ പറഞ്ഞു. പറയുന്നത് വിക്രമനാണ്. അതുകൊണ്ട് എന്തെങ്കിലും റിസൾട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വൈകുന്നേരത്തോടെ വിക്രമന്റെ വിളിവന്നു. റിയാസിനെ അവർ അറസ്റ്റ് ചെയ്തിരുന്നു.
ജയിൽചാട്ടങ്ങളുടെ കഥ ഇതോടെ അവസാനിക്കുന്നില്ല. ഒരുമാസം കഴിഞ്ഞപ്പോൾ, മറ്റൊരു പ്രതി, പി.വി. ഇബ്രാഹിം കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ചാടിപ്പോയി. പുറത്തുകൊണ്ടുപോയി തിരിച്ചുവരുന്നതിനിടയിൽ എങ്ങനെയോ വിദഗ്ദ്ധമായി രക്ഷപ്പെട്ടതാണ്. ഇയാളുടെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചു. ജയിലിൽ അയാളുടെ സന്തതസഹചാരിയായ മറ്റൊരു കള്ളൻ ആഴ്ചകൾക്കു മുന്നേ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇബ്രാഹിം പുറത്തിറങ്ങിയാൽ തീർച്ചയായും അയാളെ വിളിക്കും.
മഹിജന് ഉടൻ അയാളുടെ നമ്പർ സംഘടിപ്പിക്കാൻ സാധിച്ചു. പെട്ടെന്നുതന്നെ അതിന്റെ കോൾ ഡാറ്റ റിക്കാർഡ് ടെലഫോൺ കമ്പനിയിൽനിന്നും വാങ്ങി എടുത്തു. അധികം കോളുകൾ ഒന്നുമില്ലാത്ത ഒരു നമ്പർ. എന്നാൽ, ഇബ്രാഹിമിന്റെ ജയിൽചാട്ട ദിവസം രണ്ടു കോളുകൾ ആ നമ്പറിലേക്ക് വന്നിട്ടുണ്ട്. അതു രണ്ടും എസ് ടി ഡി ബൂത്തിൽ നിന്നാണ്.
കണ്ണൂർ ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുമ്പോൾ റെയിൽവേ ട്രാക്കിനു സമീപം ഉള്ളതാണ് ഒന്നാമത്തെ കോൾ വന്ന എസ്.ടി.ഡി ബൂത്ത്. ഒന്നാമത്തെ ബൂത്തിൽനിന്നും ഏതാണ്ട് 20 മിനിറ്റ് നടന്നാൽ എത്താവുന്ന സ്ഥലമാണ് രണ്ടാമത്തെ ബൂത്ത്. അതും റെയിൽവേ ട്രാക്കിനു സമീപം തന്നെ. ഒരു നിഗമനത്തിലെത്തി - ഇബ്രാഹിം അദ്ദേഹം നടന്നുപോവുകയായിരിക്കും.
റെയിൽവേ ട്രാക്കിലൂടെ നടന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയാണോ എന്ന സംശയം ഉയർന്നു. തലശ്ശേരിയിൽനിന്നും പൊലീസുകാരോട് റെയിൽവേ ട്രാക്കിലൂടെ നടന്ന് കണ്ണൂർ ഭാഗത്തേക്ക് വരാൻ പറഞ്ഞു. ഊഹം തെറ്റിയില്ല. കൈലിമുണ്ടും ഉടുത്ത് ട്രാക്കിലൂടെ നടന്നുവന്ന പൊലീസുകാർക്ക് മുന്നിൽ എതിർവശത്തുനിന്നും ഇബ്രാഹിം വരുന്നു. തന്ത്രപരമായി പൊലീസ് കീഴടക്കി.
എന്നാൽ, 2013 ജൂണിൽ സുരക്ഷിതമായ പൂജപ്പുര ജയിലിൽനിന്ന് ജയാനന്ദൻ വീണ്ടും ചാടിപ്പോയി പിന്നീട് പിടികൂടപ്പെടുകയുണ്ടായി.
Investigating officer P P Sadanandan recounts the dramatic prison escapes of accused in Kerala’s most notorious cases and the gripping stories of their subsequent arrests.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

