'ഇടതു കാണികൾ പ്രൊപ്പഗാൻഡ ചിത്രങ്ങൾക്ക് കൈയടിക്കുന്നു; ഇത് സിനിമയ്ക്ക് ദോഷം'
ഇനി വരുന്ന എട്ട് ദിനരാത്രങ്ങൾ തലസ്‌ഥാന നഗരി സിനിമകളിലും സിനിമാചർച്ചകളിലും ലയിക്കാൻ പോവുകയാണ്. കേരളത്തിലെയും ഇന്ത്യയിലേയും മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നുപോലുമുള്ള സിനിമാപ്രേമികൾ അനന്തപുരിയിലെ കൊട്ടകകളിൽ ലോകസിനിമയുടെ പുതുകാഴ്ചകൾ കാണാൻ എത്തുന്ന നാളുകൾ.
സിനിമയുടെ ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK). മലയാള സിനിമ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സമയത്ത്, എങ്ങനെയാണ് ഈ ചലച്ചിത്ര മേള മലയാള സിനിമാമോഹികളെയും പ്രേക്ഷകരെയും സ്വാധീനിച്ചത്?.
മുപ്പതാം പതിപ്പിൽ എത്തി നിൽക്കുന്ന ചലച്ചിത്രോത്സവത്തിലേക്ക് നോക്കുകയാണ് സംവിധായകരായ ടി വി ചന്ദ്രൻ, പ്രിയനന്ദൻ, പ്രതാപ് ജോസഫ് എന്നിവർ.
ഐ എഫ് എഫ് കെ (IFFK) എല്ലാ കാലത്തും ശക്തമായ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്: ടി വി ചന്ദ്രൻ (സംവിധായകൻ)
അടൂർ ഗോപാലകൃഷ്ണനും കെ ജി ജോർജും അടക്കുമുള്ളവരുമൊത്ത് കോഴിക്കോടേക്ക് ഒരു ട്രെയിൻ യാത്ര, അവിടെ സ്വീകരിക്കാനെത്തിയത് എം ടി വാസുദേവൻ നായരും-- ഈ ചിത്രങ്ങളാണ് സംവിധായകൻ ടി വി ചന്ദ്രന് IFFK യെ പറ്റി പറയുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. ആദ്യ നാൾമുതൽ ഇന്നുവരെയുള്ള എല്ലാ IFFK യും കണ്ട സംവിധായകന് ഈ മുപ്പതാം പതിപ്പ് മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ്.
"ആദ്യകാലത്ത് മേളയിലേക്ക് എല്ലാവർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. സിനിമയുമായി എന്തെങ്കിലും രീതിയിൽ ബന്ധമുള്ളവർ മാത്രം കണ്ടിരുന്നിടത്തു നിന്ന്, പണം നൽകുന്ന ആർക്കും പങ്കെടുക്കാവുന്ന വിധത്തിലേക്ക് ഇന്ന് IFFK മാറി. അതിന്റെ ഗുണവും ദോഷവും എന്താണെന്ന് എനിക്ക് അറിയില്ല," അദ്ദേഹം പറഞ്ഞു.
അപ്പോഴും ഈ ചലച്ചിത്രമേള മലയാളികളിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. "പ്രേക്ഷകരുടെ നിലവാരം വർധിച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. മലയാളികളുടെ അടങ്ങാത്ത സിനിമാ സ്നേഹവും സഹകരണവും കാരണമാണ്, കൊൽക്കത്തയും ഡൽഹിയും അടക്കമുള്ള സ്ഥലങ്ങളിൽ പോലും ചലച്ചിത്രമേളകൾക്ക് അടി തെറ്റിയിട്ടും കേരളത്തിൽ ഈ സംസ്കാരം തുടരുന്നത്.
ഡോ ബിജു അടക്കമുള്ള ഒട്ടേറെ പ്രതിഭാധനരായ സംവിധായകരെയും നമുക്ക് കിട്ടിയതും, ഇന്നും ഒട്ടേറെ സിനിമാമോഹികളെ നമുക്ക് പ്രചോദിപ്പിക്കാൻ കഴിയുന്നതും ഇതേ മേളയിലൂടെത്തന്നെ," ടി വി ചന്ദ്രൻ പറഞ്ഞു.
"ഇവയെല്ലാം വസ്തുതകളായി നിലനിൽക്കുമ്പോഴും, മലയാള നാട്ടിലേക്ക് ലോകം എത്തുമ്പോൾ, അവർക്ക് മുന്നിൽ വേണ്ടും വിധം മലയാള സിനിമ കാണിക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. രാമു കാര്യാട്ടിനെപ്പോലെയുള്ള വിഖ്യാത സംവിധായകരെകുറിച്ച് അറിവില്ലാത്തത് വിദേശികൾക്കുമാത്രമല്ല, നമ്മുടെ പുതു തലമുറയ്ക്ക് കൂടിയാണ്. അവരെയും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ നമുക്ക് ഇത്തരം പരിപാടികളിലൂടെ കഴിയണം," . ഒരു അന്താരാഷ്ട്ര മേള എന്ന നിലയിലേക്ക് IFFK യെ പ്രശസ്തമാക്കാൻ നമ്മൾ ഇനിയും പല ശ്രമങ്ങൾ നടത്തേണ്ടതുണ്ട്."
"ഈ മേള എല്ലാ കാലത്തും ശക്തമായ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും പലസ്തീന് വേണ്ടിയുള്ള അനുകൂല സ്വരങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് സംശയമാണ്. പാർശ്വവത്കരിക്കപ്പെടുന്ന സമൂഹത്തിന്റെ വേദനകൾ ഇത്തരം മേളകളിലൂടെ ഉയർത്തിക്കാട്ടുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു," അദ്ദേഹം പറഞ്ഞു.
ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള പോലും ബോളിവുഡ് താരങ്ങൾക്ക് റെഡ് കാർപെറ്റ് ഒരുക്കുമ്പോൾ, തെരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും പങ്കെടുക്കാനെത്തുന്ന ആളുകളിലൂടെയും ചലച്ചിത്രമേളയുടെ കാതൽ നിലനിർത്താൻ നമുക്ക് ഇപ്പോഴും സാധിക്കുന്നത് ഒരു ചെറിയ കാര്യമല്ല" ടിവി ചന്ദ്രൻ അഭിപ്രായപ്പെട്ടു.
നല്ല സിനിമകൾക്ക് IFFK കഴിഞ്ഞും ഒരിടം ഉണ്ടാകണം: പ്രിയനന്ദനൻ (സംവിധായകൻ)
വ്യാജ പാസ്സുമായിട്ടാണ് സംവിധായകൻ പ്രിയനന്ദനൻ തന്റെ ആദ്യ IFFK യിൽ കാണിയായി എത്തുന്നത്. "അന്ന് അന്താരാഷ്ട്ര സിനിമകൾ കാണാനുള്ള ഏക മാർഗമായ ഫെസ്റ്റിവലുകൾ എനിക്കൊക്കെ അപ്രാപ്യമായിരുന്നു. അങ്ങനെയിരിക്കെ കേരളക്കരയിൽ ചലച്ചിത്രമേള എത്തിയപ്പോൾ, എങ്ങനെയും അതിൽ പങ്കെടുക്കാനുള്ള ത്വരയായിരുന്നു," പ്രിയനന്ദൻ പറഞ്ഞു.
അവിടം മുതൽ പിന്നീട് ഒരു യാത്രയായിരുന്നു- കൊട്ടിഘോഷിക്കപ്പെടുന്ന സിനിമകൾ മനസ്സിനെ സ്പർശിക്കാതെയിരിക്കുമ്പോൾ, ആഴത്തിൽ പല വിഷയങ്ങളെയും അവതരിപ്പിക്കുന്ന ലോകസിനിമകൾക്കൊപ്പം ഈ ചലച്ചിത്രമേളയിൽ.
"കിം കി ഡുക്കിനെ പോലെയുള്ള പ്രഗത്ഭരായ സംവിധായകർ, അവർക്ക് ഇവിടെയുള്ള ആരാധകവൃന്ദത്തെ കണ്ട് അത്ഭുതപ്പെട്ടത് പതിറ്റാണ്ടുകൾക്ക് മുമ്പല്ലല്ലോ," രാഷ്ട്രീയ മാനങ്ങളുള്ള സിനിമകൾ മേളയിൽ ഉൾപ്പെടുത്തുന്നതും അതിനു കാഴ്ചക്കാർ ഉണ്ടാകുന്നതും കേരളസമൂഹത്തിന്റെ പ്രബുദ്ധതയുടെ പ്രതിഫലനമാണ്. സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ വികസിപ്പിക്കാൻ ഏറെ സഹായകമാകുന്ന വാഗ്‌വാദങ്ങളും ഓപ്പൺ ഫോറം ചർച്ചകളും ഏറെ ഗുണകരമാണ്."
"ഫെസ്റ്റിവൽ സിനിമകൾ ചർച്ച ചെയ്യുന്ന വിഷയങ്ങളെ ഒരു പക്ഷെ ഉപരിപ്ലവമായി മുഖ്യധാരാ സിനിമകൾ പരിഗണിച്ചേക്കാം. പക്ഷേ, അത് രാഷ്ട്രീയ അന്വേഷണങ്ങളോ ആഴത്തിലുള്ള വിഷയചർച്ചയോ ഇല്ലാത്ത, സൗന്ദര്യവത്കരിച്ച ദൃശ്യങ്ങളായിരിക്കും, 'ആർട്ട് സിനിമ' എന്ന് പറയുന്നതിനേക്കാൾ, മുഖ്യധാരാ സിനിമകൾ ഏറ്റെടുക്കാൻ മടിക്കുന്ന വിഷയങ്ങളെ, സധൈര്യം പ്രതിപാദിക്കുന്ന പ്രതിരോധത്തിന്റെ ചിത്രങ്ങളായി വേണം ഇവയെ കരുതാൻ".
മലയാള സിനിമ രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്നു എന്ന അവകാശപ്പെടുമ്പോഴും, IFFK യിൽ അംഗീകാരം ലഭിക്കുന്ന പല മലയാളം സിനിമകൾക്കും തിയേറ്ററുകളിലോ ടെലിവിഷനിലോ ഒ ടി ടി യിലോ ഒരിടം കണ്ടെത്താൻ സാധിക്കുന്നില്ല. "നല്ല സിനിമകളുടെ പ്രദർശനം പലപ്പോഴും IFFK യോടെ അവസാനിക്കുകയാണ്.
മികച്ച സിനിമകൾ വരുന്നില്ല എന്ന വിമർശനം ഉന്നയിക്കുന്നവർ, അത്തരം സിനിമകളുടെ അമരക്കാർക്ക് എന്തെല്ലാം വിട്ടുവീഴ്ചകളാണ് തന്റെ സിനിമയ്ക്കുവേണ്ടി ചെയ്യേണ്ടി വന്നത് എന്നുകൂടി അന്വേഷിക്കണം. ഒരു പുസ്തകത്തിന് അംഗീകാരം ലഭിച്ചാൽ അവയുടെ പുതിയ പതിപ്പുകൾ ഇറങ്ങും, അവാർഡ് കിട്ടിയ നാടകങ്ങൾക്ക് വേദികൾ അനായാസം കിട്ടും, പക്ഷെ അപ്പോഴും 'അവാർഡ്' സിനിമ കാണാൻ പലർക്കും താല്പര്യം ഉണ്ടാകാറില്ല. പ്രിയനന്ദനൻ അഭിപ്രായപ്പെട്ടു
ഫിലിം ഫെസ്റ്റിവൽ പ്രൊപ്പഗാൻഡ ഫെസ്റ്റിവൽ ആയി മാറുന്നു: പ്രതാപ് ജോസഫ് (ഛായാഗ്രാഹകൻ, സംവിധായകൻ)
സിനിമയെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയതു മുതൽ ചലച്ചിത്രമേളകൾ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നാണ് ഛായാഗ്രാഹകനും സംവിധായകനുമായ പ്രതാപ് ജോസഫ് പറയുന്നത്. രണ്ടു പതിറ്റാണ്ടോളം IFFK യിൽ പങ്കെടുത്തിട്ടുള്ള പ്രതാപ് അന്നുമുതൽ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ, തൃപ്‌തനാണ്. സിനിമാപ്രേക്ഷകർക്കിടയിൽ ഒരു നവഭാവുകത്വം ഉടലെടുക്കാൻ IFFK ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നുപറയുമ്പോഴും, ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ സമീപകാലത്ത് പല വിയോജിപ്പുകളും മേളയോടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
"ഇന്ന് ഇന്ത്യയിലെ വലിയൊരു വിഭാഗം ചലച്ചിത്ര മേളകളും സംഘ പരിവാർ പിടിച്ചടക്കിക്കഴിഞ്ഞു. എന്നാൽ കേരളത്തിലെ മേളകൾ മറ്റൊരു തരത്തിൽ പ്രൊപ്പഗാൻഡ ഫെസ്റ്റിവൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്, ദേശീയതലത്തിലും കേരളത്തിലും ഇടതുപക്ഷ സ്വഭാവമുള്ള പ്രേക്ഷകരാണ് ഇത്തരം ചലച്ചിത്രമേളകളിൽ കൂടുതലും എത്താറുള്ളത്.
IFFK യിൽ ഇപ്പോൾ കൂടുതലായും യഥാർഥ സിനിമാപ്രേമികളേക്കാൾ പ്രൊപ്പഗാൻഡ കാണികളാണ്, ഡോക്യുമെന്ററി മേളയിൽ അത് പ്രകടമായി കാണാൻ കഴിയും. ലൗഡ് ആയ രാഷ്ട്രീയത്തിന് കയ്യടിക്കുന്നവരെയാണ് നമ്മൾ ഇതിലൂടെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നും അത് സിനിമയ്ക്ക് ദോഷകരമാണ്."പ്രതാപ് ജോസഫ് പറഞ്ഞു.
"അക്കാദമിക് മൂല്യങ്ങളുള്ള സിനിമകൾ കൂടുതൽ വരേണ്ട ഈ മേളയിൽ, സ്വതന്ത്രവും പരീക്ഷണാത്മകവും ആയ സിനിമകൾക്ക് വേണ്ടത്ര ഇടം കിട്ടുന്നുണ്ടോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. അവയ്ക്കും മുകളിൽ പ്രൊപ്പഗാൻഡ സിനിമയ്ക്കാണ് IFFK യിൽ പ്രാധാന്യം കിട്ടുന്നത്. അതേസമയം, ലോക സിനിമ തെരഞ്ഞെടുക്കുന്നതിൽ ഇത്തരം പക്ഷപാതം കാര്യമായി കാണാറില്ലെന്നും " പ്രതാപ് പറഞ്ഞു.
ആൾക്കൂട്ടത്തിന്റെ കയ്യടിക്കും കെട്ടുകാഴ്ചകൾക്കും അപ്പുറത്തേക്ക് സിനിമയുടെ സത്തയെ ഉൾകൊള്ളാൻ ഇനിയും ഈ മേളയ്ക്ക് ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. IFFK കമേഴ്സ്യൽ സിനിമയുടെ താല്പര്യങ്ങൾക്ക് വിധേയപ്പെടരുത് . "പ്രേക്ഷകരുടെ വർധന എന്നതിനപ്പുറത്തേക്ക് IFFK യിലൂടെ മലയാള സിനിമയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായത്? IFFK യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളെ ലോകത്തിലെ മറ്റ് പ്രധാനപ്പെട്ട മേളകളിലേക്ക് എത്തിക്കാൻ 30 പതിപ്പുകൾ താണ്ടിയ ഈ മേളക്ക് കഴിഞ്ഞിട്ടുണ്ടോ?" IFFK യ്ക്കു ശേഷം തുടങ്ങിയ ബുസാൻ ചലച്ചിത്രമേളയെ ചൂണ്ടിക്കാട്ടി പ്രതാപ് ചോദിക്കുന്നു.
How has the IFFK, influenced Malayalam cinema and its audience? Directors from three generations of Malayalam alternative cinema, T V Chandran, Priyanandanan, and Prathap Joseph sharing their thoughts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

