കേൾക്കാൻ ആളില്ല, പറയാൻ ഇടവുമില്ല; സിപിഎമ്മിന്റെ കേരള പ്രതിസന്ധി
"പറയാൻ കഴിയായ്ക; പറഞ്ഞാൽ കേൾക്കാൻ പാർട്ടിക്ക് അകത്തുതന്നെ ആളില്ലാതാവുക; ഇതാണ് നമ്മൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി," സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് കഴിഞ്ഞദിവസം ഒരു മുതിർന്ന പാർട്ടി നേതാവ് അണികളോട് തുറന്നു പറഞ്ഞത് ഇങ്ങനെയാണ്.
എന്താണ് വർത്തമാനകാല സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി? അത് പ്രത്യയശാസ്ത്ര ബോധ്യങ്ങളോ അണികൾ ഇല്ലായ്മയോ നേതാക്കളുടെ അഭാവമോ മാത്രമല്ല.ഇടതുപക്ഷത്തിൻ്റെ ഇന്ത്യയിലെ തന്നെ ഭാവി നിശ്ചയിക്കാൻ പര്യാപ്തമായ തെരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കെ, സിപിഎം നേരിടുന്നത് ചില വിചിത്ര പ്രതിസന്ധികളാണ്.
പാർട്ടിയും സർക്കാരും എടുക്കുന്ന പല നിലപാടുകളും ഏറ്റവും കൂടുതൽ ബോധ്യപ്പെടാത്തത് ബഹുജനങ്ങൾക്കല്ല മറിച്ച് പാർട്ടി അണികൾക്ക് തന്നെയാണ്. പാർട്ടിയെടുക്കുന്ന പല തീരുമാനത്തോടും അവർക്ക് പൂർണമായ യോജിപ്പില്ല. അവരെ വിശ്വാസത്തിലെടുക്കാനോ അഥവാ വിശ്വസിപ്പിക്കാനോ നേതൃത്വത്തിന് കഴിയുന്നുമില്ല.
പാർട്ടി അനുഭാവികൾക്ക് തങ്ങളുടെ അഭിപ്രായം എവിടെയും രേഖപ്പെടുത്താം. രാഷ്ട്രീയത്തെ കുറിച്ച് ആരോടും പറയാം. എന്നാൽ പാർട്ടി കേഡർമാർക്ക് നിർഭയമായി സ്വന്തം അഭിപ്രായം പറയാനുള്ള വേദിയില്ല. പറയാൻ തുടങ്ങിയാൽ തന്നെ മേൽ കമ്മിറ്റിയിലുള്ളവർ അഭിപ്രായം പറയുന്നത് വിലക്കും. അഭിപ്രായം പറഞ്ഞാൽ അത് പാർട്ടിക്കെതിരെയാകുമോ പാർട്ടി വിരുദ്ധൻ എന്ന് മുദ്രകുത്തപ്പെടുമെന്നോ പേടിച്ച് പലരും മൗനം പാലിക്കുന്നു.
അതുകൊണ്ട് എന്തു സംഭവിക്കും? അവർ പുറത്തിറങ്ങി കടത്തിണ്ണകളിലോ ചായക്കടയിലോ നവമാധ്യമങ്ങളിലോ അവരുടെ അഭിപ്രായം ഒളിഞ്ഞും തെളിഞ്ഞും രേഖപ്പെടുത്തും. ഇങ്ങനെയാണ് പാർട്ടി വിരുദ്ധ വാർത്തകൾ പ്രചരിക്കുന്നത്. ഒരു പാർട്ടി എന്ന നിലയിൽ സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പാർട്ടി തീരുമാനങ്ങൾ സ്വന്തം അണികളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ്.
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന നിലയിൽ ചില നേതാക്കൾ ഇത് മുഖ്യമന്ത്രിയുടെ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത് വേണ്ട രീതിയിൽ പരിഹരിക്കപ്പെട്ടിട്ടില്ല. അണികളെ വിശ്വാസത്തിലെടുക്കാത്ത ഒരു നേതൃത്വത്തിന് അവരുടെ മേൽ സ്വാധീനം ചെലുത്താനും സാധിക്കില്ല.
സിപിഎമ്മിലെ ശൂന്യത
അതോടൊപ്പം തന്നെ ശക്തമാണ് മറ്റൊരു പ്രതിസന്ധിയും. പാർട്ടി അണികൾക്ക് പാർട്ടിയിൽ അവർ പറയുന്നത് കേൾക്കാനൊരാളില്ല എന്ന പ്രതീതിയും ശക്തമാണ്. അണികൾക്ക് അവരുടെ പരാതികളും പരിഭവങ്ങളും പങ്കുവയ്ക്കാനും അവരുടെ വിഷമതകൾ പറയാനും അവ പരിഹരിക്കാനും അടുത്തിടെ വരെ ഒരു നേതാവ് ഉണ്ടായിരുന്നു - കോടിയേരി ബാലകൃഷ്ണൻ. എന്നാൽ കോടിയേരിയുടെ മരണത്തോടെ കേൾക്കാനൊരാളുണ്ടായിരുന്നത് ഇല്ലാതായി. പാർട്ടിയിൽ ഇത്തരം ഒരു ക്യാമ്പയിൻ ശക്തിപ്പെടുന്നത് നേതൃതലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ പാർട്ടിയിൽ നിന്ന് രണ്ടാം നിരയിലെ പല മുതിർന്ന നേതാക്കളും വിട്ടുപോകുന്നത് ചെറുതൊന്നുമല്ല സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നത്. അവരിൽ പലരും പാർട്ടി നേതൃത്വം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നടത്തിയ ഇടപെടലുകളിൽ അസംതൃപ്തരുമാണ്. പ്രാദേശിക തലത്തിൽ ശക്തരായ രണ്ട് മുതിർന്ന നേതാക്കൾ - മുൻ എംഎൽഎമാർ കൂടിയായ എസ് രാജേന്ദ്രനും ആയിഷ പോറ്റിയും - സിപിഎം വിട്ടുപോയത് ഇത്തരത്തിൽ ചർച്ചയായിട്ടുണ്ട്.
ബിജെപിയിലേക്ക് പോയ എസ് രാജേന്ദ്രനും കോൺഗ്രസിലേക്ക് കൂടു മാറിയ ആയിഷ പോറ്റിയും, നേതൃത്വം തങ്ങളുടെ വിഷയത്തിൽ വേണ്ട രീതിയിൽ ഇടപെടൽ നടത്തിയില്ല എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പയ്യന്നൂർ വിവാദവുമായി ബന്ധപ്പെട്ട പാർട്ടിയിൽ നിന്നും പുറത്തുപോയ കുഞ്ഞികൃഷ്ണനും ഏതാണ്ട് സമാനമായ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. "രാജേന്ദ്രനാകട്ടെ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട് കോടിയേരി ഉണ്ടായിരുന്നപ്പോൾ എൻ്റെ വിഷയം ഏതാണ്ട് പരിഹരിച്ചതാണെന്നും അദ്ദേഹത്തിന്റെ കാലശേഷം അക്കാര്യത്തിൽ കാര്യമായ ചർച്ചകളൊന്നും നടന്നില്ലെന്നും രാജേന്ദ്രൻ പറയുന്നുണ്ട്," ഒരു മുതിർന്ന നേതാവ് ചൂണ്ടിക്കാണിക്കുന്നു.
കോടിയേരി ബാലകൃഷ്ണൻ എന്ന സൗമ്യനും കരുത്തനുമായ സംസ്ഥാന സെക്രട്ടറിയുടെ വിയോഗം പാർട്ടിക്ക് സമ്മാനിച്ച നഷ്ടങ്ങൾ പലതാണ്. മുതിർന്ന ഒരു നേതാവിൻ്റെ അഭാവം മാത്രമല്ല സിപിഎമ്മിന് കോടിയേരിയുടെ മരണം സൃഷ്ടിച്ച ശൂന്യത. ഇടതുമുന്നണിക്ക് ഒരു ഭരണ നേതൃത്വം മാത്രമല്ല സർക്കാരിനെ നയിക്കുന്ന പാർട്ടിക്ക് ഒരു സംഘടന നേതൃത്വവുമുണ്ട് അഥവാ ഉണ്ടായിരുന്നു എന്ന പ്രതീതിയാണ് കോടിയേരിയുടെ മരണത്തോടെ ഇല്ലാതായത്.
കോടിയേരി പിണറായിക്കൊപ്പമോ ഒരു പക്ഷെ അതിൽ ഒരു പടി കൂടുതലോ പാർട്ടിയിൽ സ്വീകാര്യനായിരുന്നു എന്നത് മാത്രമല്ല കാരണം. അണികൾക്ക് അവർക്കിടയിലെ പ്രശ്നങ്ങൾ പങ്കുവെക്കാനും പരസ്പരമുള്ള തർക്കങ്ങൾ പറഞ്ഞു തീർക്കാനും കഴിയുന്ന, കേൾക്കാൻ ചെവി കൊടുക്കുന്ന ഒരു നേതാവ് ഉണ്ടായിരുന്നു കോടിയേരിയുടെ കാലത്ത്. പകരം വന്ന എം വി ഗോവിന്ദനാകട്ടെ ഇതുവരെ ആ അഭാവം പൂർണമായി നികത്താനായിട്ടില്ല.
അതേസമയം കോടിയേരിയുടെ അഭാവത്തെക്കുറിച്ച് വിലപിക്കുമ്പോൾ തന്നെ പലരും മറന്നുപോകുന്ന മറ്റൊരു കാര്യമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കോടിയേരി അല്ലായിരുന്നു പാർട്ടി സെക്രട്ടറി. ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത് മാറിനിന്ന കാലയളവിൽ ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്. കോടിയേരിയുടെ അഭാവത്തിൽ എൽഡിഎഫ് കൺവീനർ ആയിരുന്ന എ വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുമ്പോഴാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്നത്. എന്നിരിക്കിലും കോടിയേരിയുടെ സാന്നിധ്യം പാർട്ടിക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ പാർട്ടി നേരിടുന്ന പല പ്രതിസന്ധികളിലും കൃത്യമായി മറുപടി പറയാനോ പാർട്ടിക്ക് വേണ്ട പ്രതിരോധം തീർക്കാനോ രണ്ടാം നിരയിലെ പല നേതാക്കൾക്കും കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ നേതൃസ്ഥാനത്തേക്ക് സ്വയം ഉയർന്ന് രാഷ്ട്രീയമായി മറുപടി പറയുന്നതിൽ പലരും പരാജയപ്പെടുന്നു. നിയമസഭയിൽ പോലും പ്രതിപക്ഷ നേതാവിനെ ഉന്നം വയ്ക്കുന്നതിനപ്പുറം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം തുറന്നുകാണിക്കാൻ സിപിഎമ്മിന് പലപ്പോഴും കഴിയുന്നില്ല.
ഇടതു പക്ഷത്തിൻ്റെ ഗതിവിഗതികൾ നിർണയിക്കാൻ പ്രാപ്തമായ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ ഇത്തരം പാകപ്പിഴകൾ പരിഹരിക്കുകയാണ് സിപിഎമ്മിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
As the Kerala Legislative Assembly elections approach, the ruling CPM is facing challenges it has never encountered before.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

