സൂക്ഷിക്കണം, മധുമണം പരത്തുമീ യശോദപ്പൂവിനെ
സൂര്യൻ ചെഞ്ചായം വിതറി അപ്രത്യക്ഷമായിരിക്കുന്നു. സന്ധ്യ മെല്ലെ ഇരുട്ടിന്റെ പുതപ്പുമായി എത്തിക്കഴിഞ്ഞു. പൊട്ടിവിടരുന്ന വെളുത്ത യശോദപ്പൂക്കൾ. വെളുപ്പും ഇളം പിങ്കും ചുവപ്പും ഇടകലർന്ന പൂങ്കുലകളിൽ നിന്നുയരുന്ന മാദകഗന്ധം അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തി. പൂങ്കുലകൾക്കുചുറ്റും പറന്നുയരുന്ന നിശാശലഭങ്ങൾ. ചെവിയോർത്താൽ, കാറ്റിലാടിയുലയുന്ന പൂങ്കുലകളിൽ നിന്ന് അടർന്നു വീഴുന്ന മഞ്ഞുകണങ്ങളുടെ നാദം കേൾക്കാം.
പൂക്കളുടെ ഭംഗിയും സുഗന്ധവും കൊണ്ട് ചെടിപ്രേമികളെ തന്നിലേക്ക് ആകർഷിച്ച ചെടിയാണ്, യശോദപ്പൂവ്, മധുമാലതി, തൂക്കുചെത്തി, പുല്ലാന്നി എന്നൊക്കെ അറിയപ്പെടുന്ന റങ്കൂൺ ക്രീപ്പർ (Combretum indicum). വെളുപ്പിൽ നിന്ന് ഇളം പിങ്ക് നിറത്തിലേക്കും പിന്നീട് ചുവപ്പിലേക്കും ഈ പൂക്കളുടെ നിറം മാറുന്നു. അതുകൊണ്ടു തന്നെ ഒരു കുലയിൽ വിവിധ വർണ്ണങ്ങളിലുള്ള അനേകം പൂക്കൾ കാണുവാൻ കഴിയും. പലവർണ്ണങ്ങളിൽ കാറ്റിലാടി നിൽക്കുന്ന ഈ പൂങ്കുലകൾ ആരേയും ആകർഷിക്കുവാൻ കഴിവുള്ളവയാണ്.
ഇതിന്റെ സുഗന്ധം ആരേയും വശീകരിക്കുന്നതാണ്. ബെറിപ്പഴങ്ങളുടെ മധുര ഗന്ധവും ഗന്ധരാജൻ പൂവിന്റെ സുഗന്ധവും ഇടകലർന്ന ഈ പൂക്കളുടെ മാസ്മരിക ഗന്ധം എല്ലാവരേയും ഈ ചെടിയിലേക്ക് ആകർഷിക്കും. മലമ്പുഴ ഡാമിലെ പൂന്തോട്ടത്തിൽ വള്ളിക്കുടിലാക്കി മാറ്റിയിരുന്ന ഈ ചെടി സന്ദർശകരുടെയൊക്കെ മനം കവർന്നിരുന്നു. വർഷങ്ങൾക്കുമുമ്പ് നിറയെ പൂക്കളോടുകൂടിയുള്ള ആ വള്ളിക്കുടിൽ കാണുമ്പോഴാണ് ആദ്യമായി ഈ ചെടിയെ പരിചയപ്പെടുന്നത്. അന്നുമുതൽ യശോദപ്പൂവെന്ന പുല്ലാന്നി എന്റെ മനസ്സിലും പൂത്തുലഞ്ഞു സൗരഭ്യം വീശി നിന്നു.
തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് ബർമ്മയിൽ നിന്നാണ് ഇതിന്റെ ഉൽപ്പത്തി. ഇന്ത്യ, ഫിലിപ്പൈൻസ്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും ഇതു കാണുന്നു. ബർമ്മയുടെ മുൻ തലസ്ഥാനമായ റങ്കൂൺ എന്ന സ്ഥലനാമമാണ് ഈ ചെടിയുടെ പേരിനു പിന്നിൽ. ലോകവ്യാപകമായി അലങ്കാര സസ്യമായി ഇപ്പോളിത് വിപണനം ചെയ്യപ്പെടുന്നു.
പൂക്കളുടെ നിറം മാറ്റിക്കൊണ്ട് ഈ ചെടി വിവിധ തലത്തിലുള്ള പരാഗണകാരികളെ ആകർഷിക്കുന്നതിൽ വളരെയേറെ കൗശലം കാണിക്കുന്നു. സന്ധ്യയിൽ വിരിയുന്ന വെളുത്ത പൂക്കൾ മധുരതരമായ സൗരഭ്യം കൊണ്ട് രാത്രിയിലെ ശലഭങ്ങളെ പൂവിലേക്ക് ആകർഷിക്കുന്നു. പകൽസമയം ഇളം പിങ്കു നിറത്തിലേക്ക് മാറുമ്പോൾ തേനീച്ചകളേയും ചിത്രശലഭങ്ങളേയും ആകർഷിക്കുന്നു. പൂവിന്റെ നിറം ചുവപ്പിലേക്കു മാറുമ്പോൾ തേൻകുരുവികളേയും ആകർഷിക്കുന്നു. ഈ പ്രക്രിയ കൂടുതൽ പരാഗണം സാധ്യമാക്കുന്നു.
ഈ പൂക്കളുടെ നിറങ്ങൾ പോലെ ആകർഷകമാണ് കാറ്റിലൂടെ ഒഴുകിവരുന്ന മാധുര്യം കലർന്ന സുഗന്ധവും. തേൻ നിറഞ്ഞ വെള്ള-പിങ്ക്-ചുവപ്പുപൂക്കൾ നിശാശലഭങ്ങളേയും തേനീച്ചകളേയും ചിത്രശലഭങ്ങളേയും തേൻകുരുവികളേയും അതിഥികളായി സ്വീകരിക്കുമ്പോൾ ഇത് വളർത്തുന്നവർക്ക് ഈ വള്ളിച്ചെടി വെറുമൊരു സസ്യമല്ല. മറിച്ച് ഇന്ദ്രിയങ്ങളെ ഉണർത്തുകയും ഒരു പൂന്തോട്ടത്തിന്റെ സൗന്ദര്യറാണിയായി വിലസുകയും ചെയ്യുന്ന ഒരു അലങ്കാരസസ്യമാണ്.
ഈ ചെടിയുടെ പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യത്തിന്റേയും സൗരഭ്യത്തിന്റേയും പിന്നിൽ ഒരു അപകടം പതിയിരുപ്പുണ്ടെന്ന വസ്തുത ആരും കരുതില്ല. അതിന്റെ അക്രമാസക്തമായ വളർച്ചയിലൂടെ നമ്മുടെ പരിസ്ഥിതിക്ക് വളരെയേറെ ദോഷമുണ്ടാക്കുമെന്ന കാര്യം അമ്പരപ്പിക്കുന്നതാണ്.
ഈ വള്ളിച്ചെടി ചൂടുള്ള കാലാവസ്ഥയിൽ വളരുന്നു. നനവുള്ള മണ്ണിൽ ഇതു നന്നായി വേരോടുന്നു. ഇതിന്റെ വേഗത്തിലുള്ള വളർച്ച ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ അലങ്കാരച്ചെടിയുടെ വിപണിയിൽ റങ്കൂൺ ക്രീപ്പർ ഇഷ്ടസസ്യമാണ്. ഇത് ബാൽക്കണികൾ, പൂന്തോട്ടങ്ങൾ, മതിലുകൾ, എന്നിവയെ അലങ്കരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള നഴ്സറികളിലും ഓൺലൈൻ സസ്യ വിപണികളിലും ഈ ചെടി നിരവധി ഓഫറുകളിൽ പ്രദർശിപ്പിക്കുന്നു; മിതമായ വിലയുള്ള തൈകൾ മുതൽ ഗ്രാഫ്റ്റ് ചെയ്തവ അല്ലെങ്കിൽ ഹൈബ്രിഡ് സസ്യങ്ങൾ വരെ. താരതമ്യേന കുറഞ്ഞ പരിപാലന ആവശ്യകതകൾ, കേരളത്തിലെ ചൂടുള്ള കാലാവസ്ഥ, നല്ല നീർവാർച്ചയുള്ള മണ്ണ്, മഴ തുടങ്ങിയ അനുകൂല പരിതസ്ഥിതികൾ ഈ ചെടിയെ കൂടുതൽ ജനപ്രിയമാക്കുന്നു.
അലങ്കാര ചെടി വിൽപ്പനക്കാർ പലപ്പോഴും അതിന്റെ സുഗന്ധമുള്ള പൂക്കൾ, സമ്പന്നമായ നിറങ്ങൾ, അലങ്കാര മൂല്യം എന്നിവ എടുത്തുകാണിക്കുന്നു. ഈ ചെടി കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ അക്രമാസക്തമായി വളരുകയും അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും ചെയ്യും. അതിവേഗത്തിൽ വളരുവാനും മതിലുകളിൽ കയറുവാനും മറ്റു മരങ്ങളെ മൂടി അവയെ നശിപ്പിക്കുവാനും ഇതിനു കഴിയുന്നു.
ആഗോളതലത്തിൽ, സസ്യജാലങ്ങളെ അവയുടെ തദ്ദേശീയ പരിധികൾക്ക് പുറത്തേക്ക് മാറ്റുമ്പോൾ, അവ പാരിസ്ഥിതിക ഇടപെടലുകളായി മാറും. വളരെ വേഗത്തിൽ വ്യാപിക്കുകയും വെളിച്ചം, വെള്ളം, പോഷകങ്ങൾ എന്നിവയ്ക്കായി തദ്ദേശീയ സസ്യജാലങ്ങളെ ബാധിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്യുന്നു. ജൈവവൈവിധ്യ നഷ്ടത്തിന് കാരണമാകുന്ന അത്തരം അധിനിവേശ ജീവജാലങ്ങളാണ് പലപ്പോഴും ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും സസ്യ സമൂഹങ്ങളുടെ ഘടനയെ തന്നെ മാറ്റുകയും ചെയ്യുന്നത്.
ഉദ്യാന അതിർത്തികളിൽ നിന്ന് പടർന്നു കയറി ദുർബലമായ ആവാസ വ്യവസ്ഥകളിൽ ഇവയ്ക്ക് സ്വാഭാവികമായി വളരാൻ കഴിയുമെന്നതാണ് ഈ ചെടി ഉയർത്തുന്ന പ്രധാന ആശങ്ക. ഈ ചെടി നട്ടുപിടിപ്പിച്ച പല പ്രദേശങ്ങളിലും പ്രവചനാതീതമായ വിധത്തിൽ പടരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരിക്കൽ നന്നായി പിടിച്ചുകഴിഞ്ഞാൽ ഈ ചെടിയെ നശിപ്പിക്കുവാൻ ഏറെ പ്രയാസകരമാണ്, ഒരു പരിധിവരെ അസാധ്യമാണെന്ന് തന്നെ പറയാം.
ഈ ചെടിയുടെ തണ്ടുകളിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകുന്നു, ഇതിന്റെ വേരുകൾ പുതിയ ചെടികളായി മാറുന്നു. ഇവയുടെ സുഗന്ധമുള്ള പൂക്കൾ തേനീച്ചകൾ മുതൽ ചിത്രശലഭങ്ങളെ വരെ ആകർഷിക്കുകയും പരാഗണം കൂടുതൽ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നതിലൂടെ വിത്തുൽപ്പാദനം വർദ്ധിക്കുവാൻ കാരണമാകുന്നു. അമിതമായ വിത്തുൽപ്പാദനം കൂടുതൽ പ്രദേശത്തേക്ക് ഈ ചെടിയെ എത്തിക്കുന്നു.
ഈ ചെടിയിലുണ്ടാകുന്ന അഞ്ചു ചിറകുകളുള്ള ചുവന്ന പഴങ്ങൾ പാകമാകുമ്പോൾ ഇരുണ്ട തവിട്ടുനിറമാകുന്നു. പഴത്തിനുള്ളിൽ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്. കാറ്റിലൂടെ നടക്കുന്ന വിത്തുവിതരണം ഈ ചെടിയെ വളരെ ദൂരേക്കുവരെ എത്തിക്കുവാൻ സഹായിക്കുന്നു.
തോട്ടങ്ങളിൽ നിന്ന് മുറിച്ചുകളയുന്ന ചെടികളുടെ അവശിഷ്ടങ്ങളിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകുന്നു. ഇത് മറ്റുള്ള പ്രദേശങ്ങളിലേക്ക് ഈ ചെടിയുടെ വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് നിലവിലുള്ള പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുന്ന രീതിയിൽ തദ്ദേശീയ സസ്യങ്ങളുടെ കൂട്ടായ്‌മകളിൽ മാറ്റം വരുത്തുന്നു.
ഇടതൂർന്നു വളരുന്ന ഈ സസ്യം തദ്ദേശീയ വിത്തുകൾ മുളയ്ക്കുന്നത് തടയുകയും സസ്യ വൈവിധ്യത്തിൽ കുറവുണ്ടാക്കുകയും ചെയ്യുന്നു. കാലക്രമേണ, തദ്ദേശീയ ഔഷധസസ്യങ്ങൾ, വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ,തുടങ്ങി എല്ലാ സസ്യജാലങ്ങളും ഈ ആക്രമണകാരിയായ വള്ളികളാൽ തുടച്ചുമാറ്റപ്പെടുന്നു.
റങ്കൂൺ ക്രീപ്പറിന്റെ മനോഹാരിത ആസ്വദിക്കുന്നതിനൊടൊപ്പം ഉത്തരവാദിത്തത്തോടെ വളർത്തുന്നതിലാണ് സസ്യപ്രേമികൾ വെല്ലുവിളി നേരിടുന്നത്. ഈ ചെടിയെ കൃത്യമായ കാലയളവിൽ മുറിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനമായിട്ടുള്ളത്. മാത്രമല്ല, സസ്യാവശിഷ്ടങ്ങൾ കൃത്യമായ രീതിയിൽ സംസ്കരിക്കുകയും വേണം. ദുർബലമായ ആവാസ വ്യവസ്ഥകൾക്ക് സമീപം നടുന്നത് ഒഴിവാക്കുകയും വേണം. മറ്റുള്ള ചെടികളുടേയോ മരങ്ങളുടേയോ മേലാപ്പായി വളരുവാൻ അനുവദിക്കാതെ ഇവയെ വെട്ടിനിറുത്തേണ്ടതും വളരെ അത്യാവശ്യമാണ്.
യശോദപ്പൂവ് അല്ലെങ്കിൽ റങ്കൂൺ വള്ളിച്ചെടി വളരെ വേഗം വളരുകയും നിറയെ പൂക്കൾ ഉണ്ടാകുകയും ചെയ്യുന്നതുകൊണ്ട് അലങ്കാരച്ചെടികൾ നട്ടുപിടിപ്പിക്കുന്നവരുടെയിടയിൽ ഈ ചെടിക്ക് കൂടുതൽ സ്വീകാര്യതയുണ്ട്. അതോടൊപ്പം വിപണിയിൽ ധാരാളമായി ലഭിക്കുന്നതും കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ ചെടി എത്തുവാൻ കാരണമാകുന്നു.
അലങ്കാരച്ചെടികൾ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചെടിപ്രേമികളുടെയിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അതു പ്രാദേശിക തലത്തിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. അലങ്കാര സസ്യവിപണനം ചെയ്യുന്നവരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധയോടെ ഇടപെടേണ്ടത് ആവശ്യമാണ്.
കേരളത്തിലെ കാലാവസ്ഥ ഈ ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായകമായതിനാൽ ഇപ്പോൾ തന്നെ ഈ ചെടി ഭൂരിഭാഗം പ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു. പൂന്തോട്ടങ്ങളിലും വീട്ടുമുറ്റങ്ങളിലും മതിലുകളിലും ഇവയ്ക്കു പുറത്തും വെളിമ്പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഇതിന്റെ അധിനിവേശം നമുക്കു കാണുവാൻ കഴിയും. ഈ ചെടി കൂടുതൽ അപകടകരമായ രീതിയിൽ പടർന്നു പിടിക്കുന്നത് ഒഴിവാക്കുവാനായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ തദ്ദേശ ജൈവസമ്പത്ത് ഘടനയെ തകിടം മറിക്കാതെ നിലനിർത്തുവാൻ സാധിക്കുകയുള്ളൂ.
ഭംഗിയുള്ള ചെടികൾ കാണുമ്പോൾ നമ്മുടെ പരിസരത്ത് നട്ടുപിടിപ്പിക്കണം എന്നുള്ള ആഗ്രഹം തോന്നുന്നത് നല്ല കാര്യമാണ്. പക്ഷേ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നവ ഒഴിവാക്കുകയെന്നതാണ് ബുദ്ധിപൂർവ്വം നമുക്കു ചെയ്യുവാൻ കഴിയുന്നത്. ഇനിയും ഒരോ ചെടിയും വാങ്ങുമ്പോഴും നടുമ്പോഴും അത് നമ്മുടെ പരിസ്ഥിതിയ്ക്ക് യോജിച്ചതാണോ എന്നൊരു ചിന്ത നമ്മുടെ മനസ്സിലുണ്ടാകുന്നത് നമുക്കും നമ്മുടെ വരും തലമുറയ്ക്കും ഗുണം ചെയ്യും.
ഒരോ ചെടിയും അലങ്കാരച്ചെടിയാണെങ്കിലും അവയെല്ലാം പ്രകൃതിയിൽ നിർവഹിക്കേണ്ട ചില കടമകളുണ്ട്. റങ്കൂൺ വള്ളിച്ചെടിയും അതിൽനിന്ന് വ്യത്യസ്തമല്ല. ഈ ചെടി വളർത്തുന്ന ഒരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണത്. ഒരോ ചെടിയുടേയും അവയുടെ പൂക്കളുടേയും സൗന്ദര്യം പ്രകീർത്തിക്കുമ്പോൾ അവ വളർത്തുന്ന പ്രകൃതിയിൽ അത് വിനാശകാരിയാണോ അല്ലയോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. പൂക്കൾ കണ്ട് ആസ്വദിക്കുമ്പോൾ അത് പ്രകൃതിയെത്തന്നെ നശിപ്പിച്ചു കൊണ്ടാകരുത്. ഓരോ പൂവ് വിരിയുമ്പോഴും നമ്മുടെ പ്രകൃതി നമുക്ക് തണലായി ഉണ്ടെന്ന ഉറപ്പ് ഉണ്ടാകണം.
Rangoon creeper is a fragrant ornamental plant, but its rapid growth can cause environmental risks if left unmanaged.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

