പ്രഹേളികയായി ഒമൈക്രോണ്‍; 19ന് എടുത്ത സാംപിളില്‍ കണ്ടെത്തിയെന്ന് നെതര്‍ലാന്‍ഡ്‌സ്; ജര്‍മനിയിലും സമാന കേസ്

രാജ്യാന്തര യാത്ര നടത്തുകയോ, നടത്തിയവരുമായി സമ്പര്‍ക്കം ഇല്ലാത്തതോ ആയ ഒരാളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ജര്‍മനി
ഫോട്ടോ : എ പി
ഫോട്ടോ : എ പി

ബ്രസല്‍സ്: ലോകാരോഗ്യ സംഘടന മുന്നറിപ്പു കൊടുക്കുന്നതിനു മുമ്പു തന്നെ, കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചെന്നു വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. ആഫ്രിക്കയില്‍ ഒമൈക്രോണ്‍ കണ്ടെത്തി ലോകരാജ്യങ്ങള്‍ പ്രതിരോധ നടപടികളിലേക്കു കടക്കുന്നതിനു മുമ്പു തന്നെ വിവിധ സ്ഥലങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചെന്നാണ് വ്യക്തമാവുന്നത്.

നവംബര്‍ ഇരുപത്തിനാലിന് ആണ് പുതിയ വകഭേദത്തെപ്പറ്റി ദക്ഷിണ ആഫ്രിക്ക ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യൂഎച്ച്ഒ) റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ നവംബര്‍ പത്തൊന്‍പതിനും ഇരുപത്തിമൂന്നിനും എടുത്ത സാംപിളുകളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചെന്നാണ് നെതര്‍ലാന്‍ഡ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ലോകം പ്രതിരോധ നടപടികളിലേക്കു കടക്കുന്നതിനു മുമ്പുതന്നെ പുതിയ വൈറസ് വകഭേദം രാജ്യാന്തര അതിര്‍ത്തി കടന്നു സഞ്ചരിച്ചെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒമൈക്രോണ്‍ അപകടകാരിയാണെന്ന് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഇപ്പോഴും ശാസ്ത്രലോകത്തിന് വേണ്ടത്ര വിവരം ലഭിച്ചിട്ടില്ല. എത്ര വേഗത്തില്‍ പടരുമെന്നോ ഏതെല്ലാം വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമെന്നോ ഇനിയും വ്യക്തമല്ല. ആഫ്രിക്കയിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയതെന്ന വാദത്തെ തള്ളുന്നതാണ് നെതര്‍ലാന്‍ഡ്‌സില്‍നിന്നുള്ള വിവരങ്ങള്‍. ആഫ്രിക്കയില്‍നിന്നെത്തിയവരില്‍ ഒമൈക്രോണ്‍ കണ്ടെന്നായിരുന്നു നേരത്തെ നെതര്‍ലാന്‍ഡ്‌സ് അറിയിച്ചത്. 

ജര്‍മനിയില്‍നിന്നും സമാനമായ റിപ്പോര്‍ട്ടുണ്ട്. രാജ്യാന്തര യാത്ര നടത്തുകയോ, നടത്തിയവരുമായി സമ്പര്‍ക്കം ഇല്ലാത്തതോ ആയ ഒരാളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ജര്‍മനി അറിയിച്ചു. നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന

 കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഒമൈക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നല്‍കി.

ഒമൈക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന വ്യക്തത വരുത്തിയിരിക്കുന്നത്.

ഒമൈക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. പലതവണ വകഭേദം വന്ന വൈറസ് ആണ് ഒമൈക്രോണ്‍. മഹാമാരിയുടെ സ്വഭാവത്തെത്തന്നെ അതു മാറ്റിമറിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.

മിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു കുറിപ്പിലുണ്ട്. വാക്‌സിനുകള്‍ വഴിയും നേരത്തെ കോവിഡ് ബാധിച്ചതുവഴിയുമുള്ള പ്രതിരോധ ശേഷിയയെ ഒമൈക്രോണ്‍ മറികടക്കുമോയെന്നതില്‍ കൂടുതല്‍ പഠനം വേണ്ടതുണ്ടെന്നും ഡബ്ല്്യൂഎച്ച്ഒ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com