പല തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്; ​ദക്ഷിണാഫ്രിക്കയിൽ പടരുന്നു; മുന്നറിയിപ്പ്

പല തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്; ​ദക്ഷിണാഫ്രിക്കയിൽ പടരുന്നു; മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജൊഹന്നസ്ബർഗ്: ഒന്നിലധികം തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിൽ  കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി) പ്രസ്താവനയിൽ പറഞ്ഞു.  ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു. 

പുതിയ കോവിഡ് വൈറസിന്റെ വകഭേ​ദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നോ ഈ പ്രദേശങ്ങൾ വഴിയോ യാത്ര ചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

വളരെ കുറച്ചു പേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് എൻഐസിഡി വ്യാഴാഴ്ച അറിയിച്ചു. പുതിയ വകഭേദത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിമിതമാണ്. ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസിലാക്കാൻ തങ്ങളുടെ വിദഗ്ധർ രാവും പകലും കഠിനമായി പ്രയത്‌നിക്കുകയാണെന്ന് എൻഐസിഡിയിലെ പ്രൊഫസർ അഡ്രിയാൻ പുരെൻ അറിയിച്ചു.

കഴിഞ്ഞ വർഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആശങ്ക പ്രകടിപ്പിച്ച നാല് വകഭേഗങ്ങളിൽ ഒന്നാണ് ബീറ്റ. വാക്‌സിനുകൾ ഈ വകഭേദത്തിനെതിരെ പ്രവർത്തിക്കില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വർഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com