

ന്യൂയോര്‍ക്ക്: കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റ് 'എക്‌സ്ഇ'യ്‌ക്കെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങളോട് ലോകാരോഗ്യസംഘടന. കഴിഞ്ഞദിവസമാണ് എക്‌സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. ബ്രിട്ടനിലാണ് പുതിയ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ച ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒമൈക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് എക്‌സ്ഇ വകഭേദം. 'എക്‌സ്ഇ' വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ വകഭേദം രോഗം കടുക്കുന്നതിന് കാരണമാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.
കോവിഡ് ബാധിച്ച ഒരേ ആളില്‍ തന്നെ ഡെല്‍റ്റയും ഒമൈക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് (ഡെല്‍റ്റക്രോണ്‍) റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെല്‍റ്റയോളം വിനാശകാരിയായില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത് ഒമൈക്രോണ്‍ വകഭേദത്തിന്റെ 'ബിഎ.2' ഉപവിഭാഗമായിരുന്നു.
ചൈനയില്‍ പുതിയ രണ്ട് ഒമൈക്രോണ്‍ ഉപവകഭേദങ്ങള്‍ കണ്ടെത്തി
അതേസമയം കോവിഡ് നാലാം തരംഗം ശക്തമായ ചൈനയില്‍ നിലവിലുള്ള വൈറസ് സീക്വന്‍സുകളോടൊന്നും പൊരുത്തപ്പെടാത്ത പുതിയ രണ്ട് ഒമൈക്രോണ്‍ ഉപവകഭേദങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഈ അണുബാധയുടെ കാരണം ആരോഗ്യവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന അടുത്ത വെല്ലുവിളിയുടെ സൂചനയാണോ ഇതെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.
രോഗവ്യാപനം നിയന്ത്രിക്കാനുള്ള ചൈനീസ് അധികൃതരുടെ ശ്രമങ്ങള്‍ ഫലപ്രദമായില്ലെങ്കില്‍ അത് ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ബീഷണിയായി മാറിയേക്കാമെന്ന് വൈറ്റ്ഹൗസ് മുന്‍ ബയോ ഡിഫന്‍സ് ഉപദേഷ്ടാവ് രാജീവ് വെങ്കയ്യ പറഞ്ഞു. വൈറസിന്റെ അനിയന്ത്രിതമായ സംക്രമണം കൂടുതല്‍ വൈറല്‍ പരിണാമത്തിനും വാക്‌സിനുകളും ചികിത്സകളും ഫലപ്രദമല്ലാതാക്കാനും ഇടയാക്കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates