ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്ഫോടനം; 49 മരണം; നിരവധി പേരുടെ നില ഗുരുതരം

ബംഗ്ലാദേശിന്റെ തെക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയുള്ള സീതാകുന്ദയിലാണ് അപകടം നടന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന്.  പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ വരും മണിക്കൂറുകളില്‍ കൂടാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

ബംഗ്ലാദേശിന്റെ തെക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയുള്ള സീതാകുന്ദയിലാണ് അപകടം നടന്നത്.  ടെര്‍മിനലില്‍ അഗ്‌നിബാധയുണ്ടായപ്പോള്‍ തീയണക്കാന്‍ ശ്രമിച്ചവരാണ് അല്‍പനേരത്തിനുള്ളില്‍ ഉണ്ടായ സ്ഫോടനത്തില്‍ പെട്ടത്. തീപിടിത്തമുണ്ടായ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെയ്‌നറില്‍ നിന്ന്  ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന മറ്റു കെമിക്കല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്കു കാരണം എന്നാണ് പ്രാഥമിക നിഗമനം. 

അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്ന നാല്‍പതോളം അഗ്‌നിശമന സേനാ ജീവനക്കാര്‍ക്കും പത്തോളം പൊലീസുകാര്‍ക്കും രണ്ടാമതുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടി. രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അര്‍ദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സ്ഫോടനത്തെ തുടര്‍ന്ന് തീ അതിവേഗം പടര്‍ന്നു. സ്ഫോടനത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. 19 ഓളം അഗ്‌നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തിയിട്ടുണ്ട്. 2011 മെയ് മുതല്‍ കണ്ടെയ്നര്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com