പ്രവാചകനിന്ദ: കടുത്ത പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങള്‍; ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് പാകിസ്ഥാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 06:46 AM  |  

Last Updated: 06th June 2022 06:48 AM  |   A+A-   |  

shahbaz sherif

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്‌സ്താവനയില്‍ പ്രതിഷേധം ശക്തമാകുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രഷേധം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍ പ്രതിഷേധം അറിയിച്ചു. പ്രവാചക നിന്ദയിൽ ഒമാനിലും  വലിയ പ്രതിഷേധമാണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിൻ്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ കടുത്ത പ്രതികരണവുമായി പാകിസ്ഥാനും രംഗത്തെത്തി. പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണ്. 

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായി. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയുടെ അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വലിയ സംഘര്‍ഷം അരങ്ങേറിയിരുന്നു.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന്, ബിജെപി വക്താക്കളായ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പാര്‍ട്ടി പുറത്താക്കുകയും നൂപൂര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയും പുറത്തിറക്കി.

"നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നു. ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്," ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

പ്രവാചകനെതിരായ അധിക്ഷേപം; വക്താക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി ബിജെപി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ