സെലന്‍സ്‌കിയെ അട്ടിമറിക്കാന്‍ റഷ്യ പദ്ധതിയൊരുക്കുന്നു?; വിക്ടര്‍ യാനുകോവിച്ചുമായി ചർച്ച

ബെലാറൂസിലെ മിന്‍സ്‌കില്‍ വെച്ചാണ് യാനുകോവിച്ചുമായി ചര്‍ച്ച നടത്തുന്നത്
സെലൻസ്കി, വിക്ടർ യാനുകോവിച്/ ഫയൽ
സെലൻസ്കി, വിക്ടർ യാനുകോവിച്/ ഫയൽ

മോസ്‌കോ: യുക്രൈനിലെ വൊളോഡിമര്‍ സെലന്‍സ്‌കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ റഷ്യ പദ്ധതിയൊരുക്കുന്നു. ഇതിന്റെ ഭാഗമായി മുന്‍പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചുമായി റഷ്യ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ബെലാറൂസിലെ മിന്‍സ്‌കില്‍ വെച്ചാണ് യാനുകോവിച്ചുമായി ചര്‍ച്ച നടത്തുന്നത്. കടുത്ത റഷ്യന്‍ അനുകൂലിയാണ് മുന്‍ പ്രസിഡന്റായ യാനുകോവിച്ച്. 

പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പിന്തുണയോടെയാണ് റഷ്യയുടെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ രഹസ്യനീക്കം യുക്രൈന്‍ ഇന്റലിജന്‍സിന് ഉദ്ധരിച്ച് യുക്രൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014 ല്‍ യുക്രൈന്‍ വിപ്ലവത്തിലാണ് യാനുകോവിച്ച് സ്ഥാനഭ്രഷ്ടനാകുന്നത്. 

വൊളോഡിമര്‍ സെലന്‍സ്‌കിയെ പുറത്താക്കി 71 കാരനായ വിക്ടര്‍ യാനുകോവിച്ചിനെ യുക്രൈന്‍ പ്രസിഡന്റായി പ്രഖ്യാപിക്കാനാണ് പുടിന്‍ ആലോചിക്കുന്നത്. യാനുകോവിച്ച് 1997 മുതല്‍ 2002 വരെ കിഴക്കന്‍ യുക്രൈനിലെ ഡോണസ്‌ക് ഒബ്ലാസ്റ്റ് പ്രവിശ്യാ ഗവര്‍ണറായിരുന്നു. 

തുടര്‍ന്ന് 2002 മുതല്‍ 2005 വരെ യുക്രൈന്‍ പ്രധാനമന്ത്രിയുമായിരുന്നു. 2004 ല്‍ യാനുകോവിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് രാജ്യത്ത് വന്‍ പ്രക്ഷോഭം അരങ്ങേറി. കീവിലെ ഇന്‍ഡിപെന്‍ഡന്റ് സ്‌ക്വയറില്‍ നടന്ന പ്രക്ഷോഭം ഓറഞ്ച് വിപ്ലവം എന്നാണ് അറിയപ്പെട്ടത്. തുടര്‍ന്ന് യുക്രൈനിയന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. 

വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ യാനുകോവിച്ച് മുന്‍ പ്രധാനമന്ത്രി വിക്ടര്‍ യൂഷെചെങ്കോയോട് പരാജയപ്പെട്ടു. തുടര്‍ന്ന് യൂഷ്‌ചെങ്കോയ്ക്ക് കീഴില്‍ 2006 മുതല്‍ 2007 വരെ പ്രധാനമന്ത്രിയായി. 2010 ലാണ് വിക്ടര്‍ യാനുകോവിച്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. 2013 ല്‍ യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കുന്ന കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതോടെയാണ് യാനുകോവിച്ചിനെതിരെ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 

ഈ കരാര്‍ തള്ളിയ യാനുകോവിച്ച് റഷ്യയുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ശ്രമിച്ചു. തുടര്‍ന്ന് യാനുകോവിച്ചിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമായി. പ്രക്ഷോഭം സംഘര്‍ഷവും കലാപവുമായി മാറി. മൈതാന്‍ വിപ്ലവത്തിനൊടുവില്‍ യാനുകോവിച്ച് പ്രസിഡന്റ്  പദവിയില്‍ നിന്നും സ്ഥാനഭ്രഷ്ടനാകുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം റഷ്യയില്‍ അഭയം തേടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com