സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി രണ്ട് സുരക്ഷിത ഇടനാഴി; ഷെല്ലിങ് നിര്‍ത്തിവെച്ച് റഷ്യ; രാജ്‌നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് യുക്രൈന്‍ യുഎന്‍ രാജ്യാന്തര നീതിന്യായകോടതിയില്‍ ആവശ്യപ്പെട്ടു
ഇർപിനിലെ പോരാട്ടപ്രദേശത്തു നിന്നും സ്ത്രീയെ ഒഴിപ്പിക്കുന്നു/ പിടിഐ
ഇർപിനിലെ പോരാട്ടപ്രദേശത്തു നിന്നും സ്ത്രീയെ ഒഴിപ്പിക്കുന്നു/ പിടിഐ

ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യന്‍ സൈനികനടപടി തുടരുന്നതിനിടെ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. കര, നാവിക, വ്യോമസേനാ മേധാവിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. റഷ്യക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം, ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. 

രാജ്യത്തെ സൈനിക ആയുധങ്ങളില്‍ 50 ശതമാനവും റഷ്യന്‍ നിര്‍മ്മിതങ്ങളാണ്. അതിനിടെ, പോരാട്ടം രൂക്ഷമായ സുമി നഗരത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി രണ്ടു സുരക്ഷിത ഇടനാഴികള്‍ തുറന്നതായി റഷ്യ അറിയിച്ചു.

സുമി-സുഴ-ബെലോറോഡ് (റഷ്യ) വഴിയും സുമി-ഗോലുബോവ്ക- റെമ്‌നി-ലോഖ് വിറ്റ്‌സ- ലുബ്‌നി-പോള്‍ട്ടാവ വഴിയും (സെന്‍ട്രല്‍ യുക്രൈന്‍)  ഒഴിപ്പിക്കല്‍ നടപടിയാകാമെന്നാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്. 

തലസ്ഥാനമായ കീവ്, തുറമുഖ നഗരമായ മരിയൂപോള്‍, ഹാര്‍കീവ്, സുമി എന്നീ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയം 12.30 മുതലാണ് വെടിനിര്‍ത്തല്‍. 

യുഎന്‍ രാജ്യാന്തര നീതിന്യായകോടതിയില്‍ യുക്രൈന്‍

അതേസമയം, റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് യുക്രൈന്‍ യുഎന്‍ രാജ്യാന്തര നീതിന്യായകോടതിയില്‍ ആവശ്യപ്പെട്ടു. മോസ്‌കോയോട് അധിനിവേഷം അവസാനിപ്പിക്കാന്‍ നീതിന്യായ കോടതി ഉടന്‍ ഉത്തരവിടണം. അധിനിവേശത്തെ ന്യായീകരിക്കാന്‍ തെറ്റായ വാദങ്ങളാണ് റഷ്യ നിരത്തുന്നതെന്നും യുക്രൈന്‍ ആരോപിച്ചു. 

യുക്രൈനിലെ ഡോണെസ്‌ക്, ലുഗാന്‍സ്‌ക് പ്രവിശ്യകളില്‍ വംശഹത്യ നടന്നുവെന്നാണ് റഷ്യ പറയുന്നത്. എന്നാല്‍ സൈനിക ആക്രമണത്തിലൂടെ റഷ്യയും പുടിനുമാണ് വംശഹത്യ നടത്തുന്നതെന്ന് യുക്രൈന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com