കൃഷിക്ക് ഭീഷണി, ചൈനയിലേക്ക് ഒരുലക്ഷം കുരങ്ങുകളെ കയറ്റി അയക്കാനൊരുങ്ങി ശ്രീലങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2023 11:15 AM  |  

Last Updated: 14th April 2023 11:46 AM  |   A+A-   |  

monkey

ഫയൽ ചിത്രം

കൊളംമ്പോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക ചൈനയിലേക്ക് ഒരുലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യാനൊരുങ്ങുന്നു.
വംശനാശ ഭീഷണി നേരിടുന്ന ടോഖ് മകാഖ്വെ വിഭാഗത്തിൽ പെട്ട കുരങ്ങുകളെയാണ് കയറ്റുമതി ചെയ്യുന്നത്. ചൈനയിലെ 1000 മൃഗശാലകളിലേക്ക് ടോഖ് മകാഖ്വെ കുരങ്ങുകളെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. 

ടോഖ് മകാഖ്വെ കുരങ്ങുകളുടെ പ്രധാന ആവാസ കേന്ദ്രമാണ് ശ്രീലങ്ക. 2015ലാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ പട്ടികപ്രകാരം വംസനാശ ഭീഷണി നേരിടുന്ന കുരങ്ങ് വിഭാഗമായി ടോഖ് മകാഖ്വെയെ രേഖപ്പെടുത്തുന്നത്. എന്നാൽ ശ്രീലങ്കയിൽ കുരങ്ങുകൾ സംരക്ഷണ മൃ​ഗങ്ങളല്ല. ശ്രീലങ്കയിൽ ഇവയുടെ എണ്ണം 30 ലക്ഷം കടന്നെന്നാണ് റിപ്പോർട്ട്. 

ഇവ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കാനും ആളുകളെ ആക്രമിക്കാനും തുടങ്ങിയതോടെ ഇവയെ കൊന്നു കളയാൻ ശ്രീലങ്കൻ ഭരണകൂടം അനുമതി നൽകിയിരുന്നു. കുരങ്ങുകളെ കൂടെ കൃഷിക്ക് ഭീഷണിയാകുന്ന മയിൽ, കാട്ടുപന്നി തുടങ്ങിയവയെയും സംരക്ഷിത പട്ടികയിൽ നിന്നും ഭരണകൂടം നീക്കിയിരുന്നു.

ശ്രീലങ്കയിൽ കുരങ്ങുകൾ പ്രതിവർഷം ഏതാണ്ട് 100 ദശലക്ഷം തെങ്ങുകൾ നശിപ്പിക്കുന്നുണ്ട്. ഇത് ഏതാണ്ട് 6,638 ദശലക്ഷം ശ്രീലങ്കൻ രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവയുടെ എണ്ണം പെരുകുന്നത് തടയാനുള്ള നടപടി സ്വീകരിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു ആവശ്യവുമായി ചൈന ശ്രീലങ്കയെ സമീപിക്കുന്നത്.

മൃഗങ്ങളുടെ കയറ്റുമതി ശ്രീലങ്ക നിരോധിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വീണ്ടും ഇത്തരമൊരു നടപടിക്ക് ഒരുങ്ങുകയാണ് ശ്രീലങ്ക. ചുവപ്പ് കലർന്ന ബ്രൗൺ നിറമാണ് ഇവയ്ക്ക്. ആൺ കുരങ്ങുകളെക്കാൾ പെൺകുരങ്ങുകൾക്കാണ് വലിപ്പം. 35 വയസുവരെയാണ് ഇവയുടെ ആയുസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

യുദ്ധഭൂമിയിലേക്ക് 230 കണ്ടെയ്‌നര്‍ സൈനിക ഉപകരണങ്ങള്‍; യുക്രൈന്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ നീക്കവുമായി പാകിസ്ഥാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ