'അജ്ഞാതവാസം' അവസാനിച്ചു; ചൈനയില്‍ തിരിച്ചെത്തി ജാക്ക് മാ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2023 02:53 PM |
Last Updated: 27th March 2023 02:53 PM | A+A A- |

ജാക്ക് മാ/ ഫയല്‍ ചിത്രം: എപി
പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ ചൈനയിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് ദിനപ്പത്രമായ മോണിങ് സ്റ്റാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷമായി ജാക് മാ ചൈനയ്ക്ക് പുറത്തായിരുന്നു.
2021ലാണ് ജാക്ക് മാ ചൈന വിടുന്നത്. അദ്ദേഹത്തിന്റെ ജപ്പാന്‍, ഓസ്‌ട്രേലിയ,തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2020ല്‍ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ, ജാക്ക് മാ പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമായിരുന്നു.
ഇദ്ദേഹത്തെ ചൈനീസ് സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ജാക്ക് മാ ജീവിച്ചിരിപ്പില്ല എന്നും അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഇതിനിടയില്‍ 2022 നവംബറില്‍ ജാക്ക് മായുടെ ജപ്പാനില്‍ നിന്നുള്ള ചിത്രം പുറത്തുവന്നു. പിന്നീട് ഓസ്‌ട്രേലിയയിലും തായ് വാനിലും ഇദ്ദേഹത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കുത്തക വിരുദ്ധ നിയമം ലംഘിച്ചതിന് ആലിബാബ അടക്കമുള്ള കമ്പനികള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുത്തതിന് പിന്നാലെയാണ് ജാക്ക് മാ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. വിമര്‍ശനത്തിന് പിന്നാലെ, ജാക്ക് മായ്ക്ക് 2.8 ബില്ല്യണ്‍ ഡോളര്‍ പുഴയും ചൈനീസ് സര്‍ക്കാര്‍ വിധിച്ചു.
കുത്തക വിരുദ്ധ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതായി ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജാക്ക് മായുടെ സ്വദേശത്തേക്കുള്ള മടക്കം. അതേസമയം, ജാക്കിന്റെ തിരിച്ചുവരവിനെ കുറിച്ച് ആലിബാബ ഗ്രൂപ്പ് പ്രതികരണം നടത്തിയിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ ബലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാന്‍ പുടിന്‍; ആശങ്കയില്‍ യുക്രൈന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ