

ലാഹോര്‍: കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഭീകരന്‍ ഹാഫിസ് മുഹമ്മദ് സയീദിന്റെ മകന്‍. ഫെബ്രുവരി 5 ന് ലാഹോറില്‍ സംഘടിപ്പിച്ച കശ്മീര്‍ ഐക്യദാര്‍ഢ്യ റാലിയിലാണ്, നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നേതാവായ ഹാഫിസ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സയീദിന്റെ പ്രകോപനപരമായ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ശെയ്ത്താന്‍' ( ഡെവിള്‍) എന്നാണ് ഹാഫിസ് തല്‍ഹ വിശേഷിപ്പിച്ചത്. 'കശ്മീര്‍ മുസ്ലിങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓര്‍മ്മിപ്പിക്കുകയാണ്. അത് ഞങ്ങള്‍ തിരിച്ചെടുക്കും. എത്രയും വേഗം കശ്മീര്‍ പാകിസ്ഥാന്‍ മുസ്ലിങ്ങളുടെ ഭാഗമാകും. എന്തു വില കൊടുത്തും കശ്മീരിനെ മോചിപ്പിക്കുക തന്നെ ചെയ്യുമെന്നും' തല്‍ഹ സയീദ് പറഞ്ഞു.
ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലടച്ച തന്റെ പിതാവ് ഹാഫിസ് മുഹമ്മദ് സയീദിനെ മോചിപ്പിക്കണമെന്ന് തല്‍ഹ സയീദ് ആവശ്യപ്പെട്ടു. ലഷ്‌കര്‍ ഇ തയ്ബയെ ആഗോളതലത്തില്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെ തല്‍ഹ സയീദ് തള്ളിപ്പറഞ്ഞു. അത് തന്റെ പിതാവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള 'മോദിയുടെ പ്രചാരണം' മാത്രമാണ്. ഹാഫിസ് സയീദ് കുറ്റക്കാരനല്ല. പിന്നെ എന്തിനാണ് അദ്ദേഹത്തെ ജയിലില്‍ അടച്ച് കഷ്ടപ്പെടുത്തുന്നത്?. പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ നയം പുനഃപരിശോധിക്കണമെന്നും ഹാഫിസ് സയീദിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും തല്‍ഹ ആവശ്യപ്പെട്ടു.
തല്‍ഹ സയീദിന്റെ പ്രസംഗം കേട്ടുനിന്ന ആള്‍ക്കൂട്ടം ഇതിനിടെ, ജമാഅത്ത്-ഉദ്-ദവ (ജെയുഡി) സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദിനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. 26/11 മുംബൈ ആക്രമണം ഉള്‍പ്പെടെ ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ച ഭീകരനാണ് ലഷ്‌കര്‍ ഇ തയ്ബയുടെയും ജമാഅത്ത് ഉദ് ദവയുടെയും സ്ഥാപകനായ ഹാഫിസ് സയീദ്. പാകിസ്ഥാനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കിയെന്ന കേസുകളില്‍ 78 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ് നിലവില്‍ ഹാഫിസ് സയീദ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates