

സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റി ( haj committee ) ക്ക് കീഴിൽ മക്കയിലെത്തിയ മലയാളി ഹാജിമാരുടെ മദീന സന്ദർശനം നാളെ ആരംഭിക്കും. ആദ്യ ദിവസം 345 തീർഥാടകരാണ് സന്ദർശനത്തിനായി പുറപ്പെടുന്നത്. ബസ് മാർഗമാണ് തീർഥാടകരുടെ യാത്ര. ഇതിനായുള്ള ഒരുക്കങ്ങൾ ഹജ്ജ് സർവിസ് കമ്പനി പൂർത്തിയാക്കി.
തീർഥാടകരുടെ ലഗേജുകൾ കൊണ്ടുപോകാനായി പ്രത്യേകമായ വാഹനവും ഒരുക്കിയിട്ടുണ്ട്. മദീനയിലെ പ്രവാചക പള്ളിക്കടുത്തുള്ള മർക്കസിയ ഏരിയയിലാണ് ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുണ്ട്. ഹാജിമാർക്കായി രണ്ട് ഡിസ്പെൻസറികളും 20 കിടക്കകളുള്ള ആശുപത്രിയും ഹജ്ജ് മിഷന്റെ കീഴിൽ മദീനയിൽ ഒരുക്കിയിട്ടുണ്ട്.
എട്ടു ദിവസം നീളുന്ന സന്ദർശനം പൂർത്തീകരിച്ച് ഈ മാസം 25-ന് മലയാളി ഹാജിമാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങും. മദീനയിൽ പ്രവാചക പള്ളിയും ഖബറിടവും റൗദയും ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും.
കടുത്ത വേനൽ ചൂട് മദീനയിൽ അനുഭവപ്പെടുന്നത്കൊണ്ട് തന്നെ ഹാജിമാർ പുറത്തിറങ്ങുമ്പോൾ കുട കൈയ്യിൽ കരുതണം. ധാരാളം വെള്ളം കുടിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ ഹാജിമാർക്ക് നൽകിയിട്ടുണ്ട്.
മദീനയിലെ താമസകേന്ദ്രങ്ങൾ ഹറമിനടുത്ത മർക്കസിയ ഏരിയയിൽ ആയതിനാൽ പാചകസൗകര്യം തീർഥാടകർക്ക് ലഭ്യമല്ല. ഹോട്ടലുകളും കാറ്ററിങ് സർവിസുമാണ് ഭക്ഷണത്തിനായി തീർഥാടകർ ഉപയോഗിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ ഹാജിമാർ വ്യാഴാഴ്ച മുതൽ മദീനയിൽ എത്തിത്തുടങ്ങിയിരുന്നു. ജിദ്ദ വഴി 6,000-ത്തോളം ഇന്ത്യൻ തീർഥാടകരാണ് ഇതുവരെ നാട്ടിൽ തിരിച്ചെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates