
ബെയ്ജിങ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്കിടെ ഇന്ത്യയും ചൈനയും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അധികാര രാഷ്ട്രീയത്തേയും 'ഹെജിമണി' (മേധാവിത്വം)യേയും എതിര്‍ക്കുന്നതില്‍ ഇരുരാജ്യങ്ങളും നേതൃപരമായ പങ്കുവഹിക്കണെന്ന് വാങ് യി ആവശ്യപ്പെട്ടു. 'വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നത്' മാത്രമാണ് ഇരുഭാഗത്തിനും ശരിയായ തീരുമാനമെന്നും ഇന്ത്യ ചൈന സഹകരണത്തെ പരാമര്‍ശിച്ച് വാങ് യി പറഞ്ഞു.
പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കുന്നതും സഹകരണം ശക്തിപ്പെടുത്തുന്നതുമാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്നും വാങ് യി അഭിപ്രായപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കുന്നതോടെ രാജ്യാന്തരബന്ധങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടും. 'ഗ്ലോബല്‍ സൗത്തിന്റെ' വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
ചൈനയും ഇന്ത്യയും വലിയ അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും റഷ്യയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈന സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ് യിയുടെ പ്രസ്താവന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക