

ന്യൂഡല്‍ഹി: ആധുനിക ലോകത്ത് രാജ്യങ്ങളുടെ സംരക്ഷണത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന മേഖലകളിലൊന്നാണ് സൈനിക രംഗം. പുതിയകാലത്ത് രൂപപ്പെട്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ സൈനിക ചെലവുകള്‍ കുത്തനെ വര്‍ദ്ധിച്ചതായാണ് സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( സിപ്രി - എസ് ഐ പി ആര്‍ ഐ) റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ (2024) കണക്കനുസരിച്ച് ആഗോളതലത്തില്‍ സൈനിക ചെലവുകള്‍ക്കായി വിവിധ രാജ്യങ്ങള്‍ ചെലവഴിച്ച തുക 2,71,800 കോടി ഡോളറായി ഉയര്‍ന്നു. ഇത് ശീതയുദ്ധ കാലത്തിന് ശേഷം ഉണ്ടായ കുത്തനെയുള്ള വര്‍ദ്ധനവാണെന്നും കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
സൈനിക ചെലവുകളില്‍ 2023 നേക്കാള്‍ 9.4 ശതമാനം വര്‍ദ്ധനവാണ് 2024ല്‍ ഉണ്ടായിട്ടുള്ളത്. ലോകത്തെ എല്ലാ ഭാഗങ്ങളും ഈ വര്‍ദ്ധനവില്‍ ഏറിയോ കുറഞ്ഞോ സംഭാവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് യൂറോപ്പിലും മിഡിലീസ്റ്റിലുമാണ്. റഷ്യന്‍-യുക്രൈന്‍, പലസ്തീന്‍- ഇസ്രയേല്‍ യുദ്ധങ്ങളാണ് ഈ വര്‍ദ്ധനവിന് കാരണമായി കണക്കാക്കുന്നത്.
ആഗോളതലത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ രണ്ടര ശതമാനമാണ് സൈനിക ചെലവുകള്‍ക്കായി മാറ്റിവെക്കപ്പെടുന്നത്. ലോകത്തെ അഞ്ച് രാജ്യങ്ങളാണ് സൈനിക ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക മാറ്റിവെക്കുന്നത്. ആദ്യ സ്ഥാനത്ത് നില്‍ക്കുന്ന അഞ്ച് രാജ്യങ്ങള്‍ മൊത്തം തുകയുടെ 60 ശതമാനം ചെലവിടുന്നു. ഇത് ഏകദേശം 1635 ലക്ഷം കോടി ഡോളര്‍ വരും.
യു എസ് ആണ് സൈനിക ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന രാജ്യം. ലോകത്തെ എല്ലാ രാജ്യങ്ങളും കൂടെ ചെലവഴിക്കുന്ന മൊത്തം സൈനിക ചെലവിന്റെ 37 ശതമാനവും യു എസിന്റെ ഭാഗത്ത് നിന്നാണ്. അതായത് 99700 കോടി ഡോളറാണ് യു എസ് കഴിഞ്ഞ വര്‍ഷം സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന 31400 കോടി ഡോളറും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യ 14900 കോടി ഡോളറുമാണ് ചെലവഴിച്ചത്. നാലാം സ്ഥാനത്തേക്ക് എത്തിയ ജര്‍മ്മനി മുന്‍വര്‍ഷത്തേക്കാള്‍ സൈനിക ചെലവുകളില്‍ 28 ശതമാനം വര്‍ദ്ധനവ് വരുത്തി. മുന്‍വര്‍ഷം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ജര്‍മ്മനി ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സൈനിക ചെലവ് 8850 കോടി ഡോളറാക്കിയ ജര്‍മ്മനി ഏഴില്‍ നിന്നും നാലാം സ്ഥാനത്ത് എത്തി. അഞ്ചാം സ്ഥാനത്ത് 8610 കോടി ഡോളര്‍ ചെലവഴിച്ച ഇന്ത്യയാണ്.
ഈ അഞ്ച് രാജ്യങ്ങള്‍ മൊത്തം സൈനിക ചെലവുകള്‍ക്കായി 1,635 ലക്ഷം കോടി ആണ് നല്‍കുന്നത്. ഇതിന് ശേഷം വരുന്ന അടുത്ത അഞ്ച് രാജ്യങ്ങള്‍ യു കെ, സൗദി അറേബ്യ, യുക്രൈന്‍, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ്. ആറാം സ്ഥാനത്തുള്ള യു കെ 8180 കോടി ഡോളറും ഏഴാം സ്ഥാനത്തുള്ള സൗദി അറേബ്യ 8030 കോടി ഡോളറും എട്ടാം സ്ഥാനത്തുള്ള യുക്രൈന്‍ 6470 കോടി ഡോളറും ഒമ്പതാം സ്ഥാനത്തുള്ള ഫ്രാന്‍സ് 6470 കോടി ഡോളറും പത്താംസ്ഥാനത്തുള്ള ജപ്പാന്‍ 5530 കോടി ഡോളറും ആണ് സൈനികാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്.
ലോകത്തെ മൊത്തം രാജ്യങ്ങളും സൈനികാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ 60 ശതമാനവും ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. അതിന് ശേഷം വരുന്ന അഞ്ച് രാജ്യങ്ങള്‍ ചെലവഴിക്കുന്ന തുക 13 ശതമാനമാണ്.ഈ ആദ്യത്തെ പത്തിലെ പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനോ ശ്രീലങ്കയോ ബംഗ്ലാദേശോ ഇല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates