

വാഷിങ്ടണ്‍: ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാന് അനുവദിച്ച വായ്പയില്‍ നിബന്ധനകളുമായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുന്‍പ് 11 നിബന്ധനകള്‍ പാലിക്കണം എന്നാണ് ഐഎംഎഫ് നിര്‍ദേശം. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം സാമ്പത്തിക മേഖലയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് പുതിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പാകിസ്ഥാന്റെ പുതിയ 17.6 ട്രില്യണ്‍ ഡോളര്‍ വരുന്ന ബജറ്റിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടണം എന്നുള്‍പ്പെടെയാണ് ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. ഇതിന് പുറമെ വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് വര്‍ധന, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയ്ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിവയും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന നിലയുണ്ടായാല്‍ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണുന്നതില്‍ ഭീഷണി നേരിടും എന്നും ഐഎംഎഫ് അടിവരയിടുന്നു.
പാകിസ്ഥാനിലെ എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുന്‍പ് നടപ്പാക്കണം. ഭരണപരമായ നയരൂപീകരണത്തിന് 'ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍' തയ്യാറാക്കണം. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ (2028 മുതല്‍ നടപ്പാക്കുന്ന) തയ്യാറാക്കണം. ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം തുടങ്ങിയ നിര്‍ദേശങ്ങളും ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്നു.
2,414 ബില്യണ്‍ രൂപയാണ് പാകിസ്ഥാന്റെ വരാനിരിക്കുന്ന പ്രതിരോധ ബജറ്റ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനയാണ് ഇതിലുള്ളത്. ഇതിന് അപ്പുറത്ത് ഈ മാസം ആദ്യം പാക് സര്‍ക്കാര്‍ പ്രതിരോധ ബജറ്റ് വിഹിതം ഉയര്‍ത്തിയിരുന്നു. 2,500 ബില്യണ്‍ രൂപ ഇതിനായി നീക്കിവയ്ക്കാനായിരുന്നു നീക്കം. ഏകദേശം 18 ശകമാനം വര്‍ധനയാണ് ഈ ഇനത്തില്‍ ഉണ്ടാവുക. ഐഎംഎഫ് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം. ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ രാജ്യത്തെ വിപണിയെയും നിക്ഷേപങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നവയാണ്. നിര്‍ദേശങ്ങള്‍ പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും എന്നും വിലയിരുത്തപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
