
വാഷിങ്ടൺ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് പുതിയ നിർദേശം നെതന്യാഹുവിന് മുന്നിൽ വെച്ചത്. ഇരുപതുമാസത്തോളമായി രക്തരൂഷിതയുദ്ധം നടക്കുന്ന ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലാണ് കരാറിൽ ലക്ഷ്യമിടുന്നത്. കരാർ അംഗീകരിച്ചില്ലെങ്കിൽ 'സമ്പൂർണ്ണ നാശം നേരിടേണ്ടിവരുമെന്ന്' ഹമാസിന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് (Israel Katz ) മുന്നറിയിപ്പ് നൽകി.
യുഎസിന്റെ താത്കാലിക വെടിനിർത്തൽ-ബന്ദിമോചന നിർദേശവുമായി ഇസ്രയേൽ സർക്കാർ മുന്നോട്ടുപോവുകയാണെന്ന് വ്യാഴാഴ്ച ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് നെതന്യാഹു ഉറപ്പുനൽകി. 60 ദിവസത്തെ വെടിനിർത്തലിന് പകരമായി രണ്ട് ഘട്ടങ്ങളായി 10 ഇസ്രായേലി ബന്ദികളെയും 18 മൃതദേഹങ്ങളെയും മോചിപ്പിക്കാനും 1,236 പലസ്തീൻ തടവുകാരെയും 180 പലസ്തീൻ മൃതദേഹങ്ങൾക്കൊപ്പം മോചിപ്പിക്കാനും നിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾ പലസ്തീൻ അനുകൂല സംഘടനയായ ഹമാസിന് കൈമാറിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് ഹമാസ് വൃത്തങ്ങൾ പ്രതികരിച്ചത്.
അമേരിക്ക മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഹമാസിന് കർശന മുന്നറിയിപ്പ് നൽകി. കരാർ അംഗീകരിച്ചില്ലെങ്കിൽ 'സമ്പൂർണ്ണ നാശം നേരിടേണ്ടിവരുമെന്നും' ഹമാസിന് ഇസ്രായേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസ് കരാർ അംഗീകരിക്കുന്നതുവരെ ഗാസയിൽ ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഇസ്രയേൽ സൈനികരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വ്യോമ, കര, കടൽ ആക്രമണങ്ങൾ നടത്തുമെന്നും കാറ്റ്സ് വ്യക്തമാക്കി.
ഗാസയിലെ മാനുഷികപ്രതിസന്ധിയുടെ പേരിൽ ഇസ്രയേലിനോടുള്ള നിലപാട് കടുപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ രാജ്യങ്ങളോടാവശ്യപ്പെട്ടതിനെ ഇസ്രയേൽ അപലപിച്ചു. അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റവിപുലീകരണം നടത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. പുതുതായി 22 ജൂതകുടിയേറ്റകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിട്ടുള്ളത്. സർക്കാർ അനുമതിയില്ലാതെ ഇതിനോടകം ഔട്ട്‌പോസ്റ്റുകളായി നിർമിച്ചിട്ടുള്ള കുടിയേറ്റകേന്ദ്രങ്ങളും പദ്ധതിയിലൂടെ നിയമാനുസൃതമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ