

ദാംബുള്ള: ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയുടെ താണ്ഡവം. വെറും 11 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച 15 വയസ്സുകാരന്‍, ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി. വെറും 29 പന്തില്‍ 94 റണ്‍സ് എടുത്താണ് താരം മടങ്ങിയത്.
കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങളുമായുണ്ടായ തര്‍ക്കങ്ങളുടെയും മോശം ഫോമിന്റെയും പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സൂര്യവംശി കൃത്യമായ മറുപടിയാണ് ഫൈനലില്‍ ലങ്കയ്ക്ക് നല്‍കിയത്. മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ലങ്കന്‍ ബൗളിങ് നിരയെ തല്ലിച്ചതച്ച വൈഭവ്, മുഹമ്മദ് ഷിറാസ് എറിഞ്ഞ മൂന്നാം ഓവറില്‍ 3 സിക്‌സറുകളും 2 ഫോറുകളുമടക്കം 26 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ദുലാജ് സമുദിതയുടെ ഓവറില്‍ രണ്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തിയാണ് താരം 11 പന്തില്‍ തന്റെ റെക്കോര്‍ഡ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
50 ഓവര്‍ മത്സരത്തില്‍ ടി20 ശൈലിയിലാണ് വൈഭവ് ബാറ്റ് വീശിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ ഒടുവില്‍ സഹന്‍ ആരച്ചിഗെയാണ് പുറത്താക്കിയത്. സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ വെച്ച് മിഡ്-ഓഫിന് മുകളിലൂടെ അടിക്കാനുള്ള ശ്രമത്തില്‍ വിജയ്കാന്ത് വ്യാസ്‌കാന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. റെക്കോര്‍ഡ് സെഞ്ച്വറി നഷ്ടമായെങ്കിലും ലങ്കന്‍ താരങ്ങള്‍ പോലും മൈതാനത്തുവച്ച് അഭിനന്ദിച്ചാണ് 15കാരനെ യാത്രയാക്കിയത്. പത്തു ഫോറും എട്ടു സിക്‌സും അടങ്ങിയതാണ് ഇന്നിങ്‌സ്.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക എ ടീം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ തിലക് വര്‍മ്മ ആഗ്രഹിച്ചതുപോലെ തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയത്. സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യ 7 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. വൈഭവ് പുറത്താകുമ്പോള്‍ 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ എ ടീം. പ്രിയാന്‍ഷ് ആര്യ 39 റണ്‍സുമായി മടങ്ങി. ഋതുരാജ് ഗെയ്ക്വാദും തിലക് വര്‍മയുമാണ് ക്രീസിലുള്ളത്. 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ് ഇന്ത്യ എ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates