

അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ പടിയിറങ്ങുന്നത് അത്യപൂർവമായൊരു ക്യാപ്റ്റൻ റെക്കോർഡുള്ള മനുഷ്യൻ കൂടിയാണ്. ടെസ്റ്റിലും ഏകദിനത്തിലും തോൽവി അറിയാത്ത ഇന്ത്യൻ ക്യാപ്റ്റനാണ് രഹാനെ! മറ്റൊരു അർഥത്തിൽ ഇന്ത്യ കൃത്യമായി ഉപയോഗപ്പെടുത്താതെ പോയ ഒരു ക്യാപ്റ്റൻ മെറ്റീരിയൽ കൂടിയാണ് രഹാനെ എന്നു പറഞ്ഞാലും തെറ്റില്ല. അദ്ദേഹം താത്കാലിക നായകന്റെ വേഷമാണ് അണിഞ്ഞത്. ഈ വേഷം ധരിച്ചപ്പോഴെല്ലാം ടീം പരാജയമേ അറിഞ്ഞിട്ടില്ല.
6 ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനായത്. അതിൽ 4 ജയം 2 സമനില. 3 ഏകദിന മത്സരങ്ങളിലും ഇന്ത്യയെ രഹാനെ നയിച്ചു. മൂന്നിലും ജയം.
'വർഷങ്ങളായി നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്നും കടപ്പെട്ടിരിക്കുന്നു'- രഹാനെ വിരമിക്കൽ പ്രഖ്യാപിച്ച് വ്യക്തമാക്കി. കളത്തിലെ ശാന്തത പോലെ തന്നെ വിരമിക്കൽ പ്രഖ്യാപനവും അത്ര ലളിതം. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ നേടിയ സെഞ്ച്വറികളുടെ കണക്കൊക്കെ രഹാനെയ്ക്ക് പറയാനുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ ഓർമ പക്ഷേ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീം നേടിയ ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടമായിരിക്കും. കരിയറിലെ ഏറ്റവും തിളക്കമുള്ള ഏടാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഓസീസ് മണ്ണിൽ ഇന്ത്യ നേടിയ ടെസ്റ്റ് പരമ്പര.
ഇന്ത്യയുടെ 38 ടെസ്റ്റ് ക്യാപ്റ്റൻമാരിൽ തോൽവി അറിയാതെ മുന്നേറിയത് വെറും 4 പേർ മാത്രമാണ്. കൃഷ്ണമാചാരി ശ്രീകാന്ത് 4 മത്സരങ്ങളിലും ഹേമു അധികാരി, രവി ശാസ്ത്രി എന്നിവർ ഓരോ ടെസ്റ്റ് മത്സരങ്ങളിലുമാണ് ഇന്ത്യയെ തോൽവി അറിയാതെ നയിച്ചത്. ഈ പട്ടികയിലാണ് രഹാനെയുമുള്ളത്. എന്നാൽ മറ്റ് മൂന്ന് പേരിൽ നിന്നു രഹാനെയെ മാറ്റി നിർത്തുന്ന ഘടകം വിദേശ മണ്ണിൽ ഇന്ത്യയെ ചരിത്രപരമായ പരമ്പര നേട്ടത്തിലേക്ക് നയിച്ച ഏക നായകൻ എന്ന വസ്തുതയാണ്.
നാണക്കേടിൽ നിന്ന് ചരിത്രത്തിലേക്ക്
2020-21 വർഷത്തെ ബോർഡർ- ഗാവസ്കർ ട്രോഫിയാണ് രഹാനെയുടെ കരിയറിലെ ഏറ്റവും മഹത്തായ അധ്യായം. അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ വെറും 36 റൺസിനു ഓൾ ഔട്ടായി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ സമയമായിരുന്നു അത്. സ്ഥിരം നായകൻ വിരാട് കോഹ്‍ലി ആദ്യ കുഞ്ഞിനെ വരവേൽക്കാനായി നാട്ടിലേക്ക് പോയ സമയം. പരിക്കുകൾ കാരണം സുപ്രധാന താരങ്ങൾ ഇല്ലാതെ ഇന്ത്യ ആടിയുലഞ്ഞ ഘട്ടം.
ഈ സമയത്താണ് രഹാനെ ടീമിന്റെ താത്കാലിക നായകനായി വരുന്നത്. ക്യാപ്റ്റനായ ആദ്യ പോരിൽ തന്നെ മെൽബൺ ക്രിക്കറ്റ് മൈതാനത്ത് അവിസ്മരണീയ സെഞ്ച്വറി (112) യുമായി അദ്ദേഹം ടീമിനെ നയിച്ചു. പിന്നീട് വിജയത്തിലേക്കും പരമ്പര സമനിലയിലാക്കാനും സാധിച്ചു. ആ ഇന്നിങ്സ് വെറുമൊരു സെഞ്ച്വറി മാത്രമായിരുന്നില്ല. മറിച്ച് തകർന്നുപോയ ഇന്ത്യൻ ഡ്രസിങ് റൂമിൽ അപാരമായ ആത്മവിശ്വാസം ഇഞ്ചക്റ്റ് ചെയ്ത നേട്ടം കൂടിയായിരുന്നു.
തുടർന്നുള്ള പോരാട്ടങ്ങളിൽ മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ, വാഷിങ്ടൻ സുന്ദർ, ശാർദുൽ ഠാക്കൂർ, ടി നടരാജൻ അടക്കമുള്ള അന്നത്തെ പുതുമുഖങ്ങളെ വച്ചാണ് അദ്ദേഹം ടീമിനെ നയിച്ചത്. യുവതാരങ്ങളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും ശാന്തമായ പെരുമാറ്റവും ഇന്ത്യയുടെ വിജയ തന്ത്രമായി മാറി. ഒടുവിൽ ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ 32 വർഷത്തെ, നാട്ടിൽ തോൽവിയറിയാതെയുള്ള റെക്കോർഡ് കുതിപ്പിനു വിരാമമിട്ട് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കിയപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഇന്നും ചരിത്രം ഓർമിക്കുന്നു.
ഏകദിനത്തിലും അപരാജിതൻ
ടെസ്റ്റിൽ മാത്രമല്ല ഏകദിനത്തിലും ക്യാപ്റ്റനെന്ന നിലയിൽ 100ൽ 100 ശതമാനം വിജയ റെക്കോർഡാണ് രഹാനെയ്ക്ക് പറയാനുള്ളത്. നയിച്ച 3 ഏകദിനങ്ങളിലും ടീം വിജയിച്ചു. ഏകദിനത്തിൽ തോൽവി അറിയാത്ത 4 നായകൻമാരുടെ പട്ടികയിലും രഹാനെയുടെ പേരുണ്ട്. ഗൗതം ഗംഭീർ, അനിൽ കുംബ്ലെ, മൊഹീന്ദർ അമർനാഥ് എന്നിവരാണ് പട്ടികയിലെ മറ്റ് മൂന്ന് പേർ.
നായകനായി കളിച്ച 6 ടെസ്റ്റുകളിൽ നിന്നു 39.88 റൺസ് ശരാശരിയിൽ 359 റൺസ് രഹാനെ നേടിയിട്ടുണ്ട്. കരിയറിലാകെ 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. 8,400 അന്താരാഷ്ട്ര റൺസും 15 സെഞ്ച്വറികളും നേടി.
വെറും കണക്കുകൾക്ക് അപ്പുറമാണ് അജിൻക്യ രഹാനെ എന്ന ക്രിക്കറ്റ് താരത്തിന്റെ മൂല്യം. ആർപ്പുവിളികൾക്കും ക്യാമറക്കണ്ണുകൾക്കും പിന്നാലെ പോകാതെ പക്വതയാർന്ന പെരുമാറ്റവും വിനയവും കൊണ്ടു പ്രതിസന്ധികളിൽ ടീമിനെ നയിച്ച സൗമ്യനായ പോരാളിയായി ക്രിക്കറ്റ് ലോകം ഈ മനുഷ്യനെ എന്നും ഓർക്കും.
ടെസ്റ്റിൽ തോൽക്കാത്ത ഇന്ത്യൻ ക്യാപ്റ്റൻമാർ
അജിൻക്യ രഹാനെ: 6 ടെസ്റ്റുകൾ, 4 ജയം, 0 തോൽവി, 2 സമനില (2017-21)
കെ ശ്രീകാന്ത്: 4 ടെസ്റ്റുകൾ, 0 ജയം, 0 തോൽവി, 4 സമനില (1989)
രവി ശാസ്ത്രി: 1 ടെസ്റ്റ്, 1 ജയം, 0 തോൽവി, 0 സമനില (1988)
ഹേമു അധികാരി: 1 ടെസ്റ്റ്, 0 ജയം, 0 തോൽവി, 1 സമനില (1959)
തോൽക്കാത്ത ഇന്ത്യൻ ഏകദിന ക്യാപ്റ്റൻമാർ
ഗൗതം ഗംഭീർ: 6 മത്സരങ്ങൾ, 6 ജയം
അജിൻക്യ രഹാനെ: 3 മത്സരങ്ങൾ, 3 ജയം
അനിൽ കുംബ്ലെ: 1 മത്സരം, 1 ജയം
മൊഹീന്ദർ അമർനാഥ്: 1 മത്സരം, 0 തോൽവി (ഫലമില്ല)
രഹാനെയുടെ മികച്ച ടെസ്റ്റ് ഇന്നിങ്‌സുകള്‍
147, 2014ല്‍ ഓസ്‌ട്രേലിയക്കെതിരെ, മെല്‍ബണില്‍
188, 2016ല്‍ ന്യൂസിലന്‍ഡിനെതിരെ, ഇന്‍ഡോറില്‍
103, 2014ല്‍ ഇംഗ്ലണ്ടിനെതിരെ, ലോര്‍ഡ്‌സില്‍
112, 2020ല്‍ ഓസ്‌ട്രേലിയക്കെതിരെ, മെല്‍ബണില്‍
89, 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഓവലില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates