

ബെൽഫാസ്റ്റ്: ഇന്ത്യൻ ടി20 ടീമിന്റെ പുതിയ യുഗത്തിനു ഇന്ന് അയർലൻഡിൽ തുടക്കമാകും. ഇന്ത്യയും അയർലൻഡും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് ബെൽഫാസ്റ്റിൽ. ഇന്ത്യൻ സമയം വൈകീട്ട് 6 മുതലാണ് പോരാട്ടം. സൂര്യകുമാർ യാദവിന്റെ പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്ത് അരങ്ങേറുന്ന ശ്രേയസ് അയ്യരുടെ ഇന്ത്യൻ നായകനെന്ന നിലയിലുള്ള ആദ്യ പരമ്പരയാണിത്. വണ്ടർ കിഡ് 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറുമോ എന്ന ആകാംക്ഷയും ഇന്നത്തെ പോരിനുണ്ട്.
സാധാരണയായി ഇന്ത്യൻ ക്രിക്കറ്റിൽ നായകസ്ഥാനം മാറുന്നത് വലിയൊരു ചർച്ചാവിഷയമാണ്. എന്നാൽ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ചർച്ചകൾ മുഴുവൻ കേന്ദ്രീകരിക്കുന്നത് 15 വയസുകാരൻ വൈഭവ് സൂര്യവംശിയിലാണ്. താരം കളത്തിലിറങ്ങിയാൽ അത് റെക്കോർഡുകൾ വഴി മാറുന്ന പോരാട്ടമായി മാറും. വൈഭവ് ഇന്ന് ഇന്ത്യൻ ജേഴ്സി അണിഞ്ഞ് പ്ലയിങ് ഇലവനിൽ എത്തിയാൽ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് 15കാരന് സ്വന്തമാകും.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇല്ലാതിരുന്ന അയ്യർ, ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് നായക സ്ഥാനത്തേക്ക് എത്തിയത്. വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന, പുതിയ മുഖങ്ങളും പരീക്ഷണ കൂട്ടുകെട്ടുകളും അടങ്ങുന്ന ഒരു ടീമിനെ നയിക്കേണ്ട ഉത്തരവാദിത്വമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്.
2023ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അവസാനമായി അയ്യർ ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര മത്സരം കളിച്ചതെന്നതിനാൽ ഈ പരമ്പര അയ്യരെ സംബന്ധിച്ചും വലിയ പരീക്ഷണം തന്നെയാണ്. ഒരു പുതിയ ക്യാപ്റ്റനിലേക്കും ഒപ്പം ഒരു കൗമാരക്കാരന്റെ അരങ്ങേറ്റ സാധ്യതയിലേക്കും ശ്രദ്ധ വിഭജിക്കപ്പെടുന്നു.
ഇന്ത്യയുടെ നിലവിലെ പരിവർത്തന ഘട്ടത്തെ മുതലെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അയർലൻഡ് മത്സരത്തിന് ഇറങ്ങുന്നത്. എങ്കിലും, ടീമിലെ പല കളിക്കാരുടെയും പരിക്കുകൾ അവർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ടി20 ലോകകപ്പിന് ശേഷം പോൾ സ്റ്റിർലിങ് ഒഴിഞ്ഞതിനെ തുടർന്ന് നേതൃസ്ഥാനം ഏറ്റെടുത്ത ക്യാപ്റ്റൻ ലോർക്കൻ ടക്കറാണ് ഇപ്പോൾ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഐറിഷ് ടീമിനെ നയിക്കുന്നത്.
ലോകകപ്പിൽ ഒമാനെതിരെ പുറത്താകാതെ 94 റൺസ് നേടി തിളങ്ങിയ ടക്കർ, അയർലൻഡിന്റെ പ്രധാന കളിക്കാരിൽ ഒരാളായി തുടരുന്നു. മികച്ച ഫോമിലുള്ള ഈ വിക്കറ്റ് കീപ്പർ ബാറ്റർ ഈ ഫോർമാറ്റിൽ അയർലൻഡിന്റെ മുന്നേറ്റങ്ങളുടെ കേന്ദ്ര ബിന്ദു കൂടിയാണ്.
ഇന്ത്യ സാധ്യതാ ഇലവൻ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ / വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ, വാഷിങ്ടൻ സുന്ദർ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, രവി ബിഷ്‌ണോയ് / പ്രസിദ്ധ് കൃഷ്ണ / പ്രിൻസ് യാദവ്.
സച്ചിനും വൈഭവും റെക്കോർഡും
ബെൽഫാസ്റ്റിൽ വെള്ളിയാഴ്ച അയർലൻഡിനെതിരെ നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശി കളത്തിലിറങ്ങുകയാണെങ്കിൽ, അത് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു പുതിയ അധ്യായമായി മാറും. വെറും 15 വയസുകാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘ കാലത്തെ റെക്കോർഡാണ് തകർക്കാൻ പോകുന്നത്.
മത്സര ദിവസമായ ഇന്ന് സൂര്യവംശിക്ക് 15 വയസും 91 ദിവസവും മാത്രമാണ് പ്രായം. 1989ൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കറുടെ പ്രായം 16 വയസും 205 ദിവസവുമായിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള മികച്ച പ്രകടനമാണ് വൈഭവിനു ഇന്ത്യൻ സീനിയർ ടീമിലേക്ക് വഴി തുറന്നത്. ഐപിഎൽ 2026ൽ രാജസ്ഥാൻ റോയൽസിനായി 16 ഇന്നിങ്സുകളിൽ നിന്ന് 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി താരം ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മുൻപന്തിയിലായിരുന്നു. ഈയടുത്ത ദിവസങ്ങളിൽ ശ്രീലങ്ക എ ടീമിനെതിരായ ഇന്ത്യ എ മത്സരത്തിൽ വെറും 11 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോർഡും താരം സ്വന്തം പേരിലാക്കിയിരുന്നു.
വൈഭവിന്റെ അരങ്ങേറ്റ സാധ്യത വർധിച്ചതോടെ ലോക ക്രിക്കറ്റിന്റെ ശ്രദ്ധ മുഴുവൻ ഇപ്പോൾ താരത്തിലാണ്. ഇന്ത്യയുടെ വലിയ പ്രതിഭകളുമായാണ് വണ്ടർ കിഡിനെ ഇപ്പോൾ ക്രിക്കറ്റ് ലോകം താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാകും.
സൂര്യവംശിയുടെ അരങ്ങേറ്റം ഇന്ത്യൻ ടീമിലേക്ക് ഒരു കൗമാര താരം എത്തുന്നതിനായുള്ള നീണ്ട കാത്തിരിപ്പിന് കൂടിയാണ് വിരാമമിടുക. ഇതിനുമുമ്പ് ഇന്ത്യക്കായി അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ച അവസാന കൗമാരക്കാരൻ 2018ൽ പൃഥ്വി ഷാ ആയിരുന്നു.
2018 ഒക്ടോബർ 4ന് വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെയായിരുന്നു പൃഥ്വി ഷായുടെ അരങ്ങേറ്റം. ആ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ഷാ, ടെസ്റ്റ് അരങ്ങേറ്റത്തിൽ നൂറു റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്ററായി മാറി. അതിനുശേഷം ഇന്ത്യക്കായി അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഷായ്ക്ക് പിന്നീട് ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
ഷായ്ക്ക് ശേഷം ഇതുവരെ മറ്റൊരു കൗമാരക്കാരനും ഇന്ത്യൻ ജേഴ്സിയിൽ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അയർലൻഡിനെതിരെ കളത്തിലിറങ്ങിയാൽ സച്ചിന്റെ റെക്കോർഡ് തകർക്കുക മാത്രമല്ല, ഈ ദശകത്തിൽ ഇന്ത്യക്കായി കളിക്കുന്ന ആദ്യ കൗമാരക്കാരൻ എന്ന നേട്ടവും വൈഭവ് സൂര്യവംശിയെ തേടിയെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates