'പണമില്ല എന്നാണ് പറച്ചിൽ, 100 കോടി മുടക്കി മെസിയെ കൊണ്ടുവരാൻ പ്രശ്നമില്ല'
തിരുവനന്തപുരം: കായിക മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും ഒളിംപ്യനുമായ അഞ്ജു ബോബി ജോർജ്. ഒരു കാലത്ത് രാജ്യത്തിന്റെ അത്‍ലറ്റിക് ഫാക്ടറി എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ കായിക മേഖലയെ സംസ്ഥാന സർക്കാർ പാടെ അവഗണിച്ചതായി അവർ കുറ്റപ്പെടുത്തി. കായിക വകുപ്പ് ഭരിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കേരളത്തിൽ എന്തെങ്കിലും സാധ്യമാകു. എന്നാൽ അതുണ്ടാകുന്നില്ലെന്നും അവർ പറയുന്നു.
കായിക രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ ഒരു നിരന്തര പ്രക്രിയായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം നിലച്ച മട്ടാണ്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം പരിതാപകരമാണ്. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്ന കളിക്കാർക്ക് മറ്റു സംസ്ഥാനങ്ങൾ നൽക്കുന്ന പ്രോത്സാഹനം നിർഭാഗ്യവശാൽ ഇവിടെ ലഭിക്കുന്നില്ല. ദേശീയ ഗെയിംസിനായി മികച്ച സ്റ്റേഡിയങ്ങൾ നിർമിച്ചിട്ട് അതു പരിപാലിക്കാനോ ഉപയോഗപ്പെടുത്താനോ കഴിയാത്ത സ്ഥിതിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
സ്പോർട്സ് കൗൺസിനു സംസ്ഥാന ബജറ്റിൽ 45 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. അതിനൊന്നും പണില്ലെന്നു പറയുന്നിടത്താണ് 100 കോടിക്കു മുകളിൽ മുടക്കി ഫുട്ബോൾ താരം മെസിയെ കൊണ്ടുവരാനുള്ള ശ്രമവും നടന്നത്. അതിനായി കോർപറേറ്റുകളുടെ പണം ഉപയോഗിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. ഈ രീതിയിൽ പണം സ്വരൂപിച്ച് സംസ്ഥനത്തെ പാവപ്പെട്ട അത്‍ലറ്റുകളെ എന്തുകൊണ്ടു സഹായിച്ചുകൂട എന്നു അഞ്ജു ചോദിക്കുന്നു.
മെസിയെ കൊണ്ടു വന്നാൽ സംസ്ഥാനത്തെ കായിക മേഖല രക്ഷപ്പെടും എന്ന ചിന്ത തീർത്തും തെറ്റാണ്. സംസ്ഥാനത്തെ കായിക സംവിധാനം ഒന്നാകെ ഉടച്ചു വാർക്കണമെന്നും കായിക മേഖലയ്ക്കായി ആവശ്യമുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ആദ്യം വേണ്ടതെന്നും അഞ്ജു വ്യക്തമാക്കി.
Anju Bobby George criticism kerala sports: Anju strongly criticized the kerala state government's approach towards the sports sector
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

