

മാഡ്രിഡ്: സ്പെയിനിനു രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക ശക്തിയായി നിന്ന ക്യാപ്റ്റനും മധ്യനിര എൻജിനുമായ റോഡ്രി ബാഴ്സലോണയിലേക്ക്. ഏറെ നാളായി അനിശ്ചിതത്വത്തിൽ നിന്ന ക്ലബ് മാറ്റത്തിനു ഇതോടെ വഴി തെളിഞ്ഞു. താരത്തെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു. താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്കൊപ്പം ചിരവൈരികളായ റയൽ മാഡ്രിഡും രംഗത്തുണ്ടായിരുന്നു. പിന്നീട് താരം സിറ്റിയിൽ തന്നെ തുടരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് വന്നിരുന്നു.
താരത്തെ വിട്ടുകിട്ടാനായി ബാഴ്സലോണ നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ തുക സംബന്ധിച്ചുള്ള വില പേശൽ അനിശ്ചിതത്വത്തിലായതോടെയാണ് ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത്. മൂന്നാം തവണ ബാഴ്സലോണ സമീപിച്ചപ്പോഴാണ് സിറ്റി ഓഫർ അംഗീകരിച്ചത്. 76.5 കോടി യൂറോ (ഏതാണ്ട് 84.79 കോടി രൂപ)യ്ക്കാണ് താരത്തെ കൈമാറുന്നത്. ബാഴ്സലോണയുമായി നാല് വർഷ കരാറിൽ താരം ഒപ്പുവയ്ക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടമടക്കം സമ്മാനിച്ച ശേഷമാണ് 7 വർഷത്തിനു ശേഷം 30കാരൻ ലാ ലിഗയിൽ തിരിച്ചെത്തുന്നത്.
ലോകകപ്പിൽ സ്പെയിൻ രണ്ടാം കിരീടം സ്വന്തമാക്കുമ്പോൾ അതിൽ അമരക്കാരനായി നിന്നത് റോഡ്രിയാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. 2024ൽ ലോകത്തിലെ മികച്ച താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരവും റോഡ്രി സ്വന്തമാക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള റോഡ്രിയുടെ കരാർ അവസാന വർഷത്തിലേക്ക് കടന്നതോടെയാണ് അദ്ദേഹത്തിന്റെ ഭാവി ചോദ്യ ചിഹ്നത്തിലായത്. അതിനിടെ ഫ്രെങ്കി ഡി യോങിനു പരിക്കേറ്റത് ബാഴ്സലോണയുടെ മധ്യനിരയെ ബാധിക്കുമെന്ന സ്ഥിതി വന്നു. അതോടെയാണ് റോഡ്രി ബാഴ്സയുടെ ലക്ഷ്യമായത്. തുടക്കത്തിൽ താരത്തെ എത്തിക്കാനുള്ള ആലോചന ബാഴ്സയ്ക്കുണ്ടായിരുന്നില്ല. റയൽ പക്ഷേ താരത്തെ എത്തിക്കാനുള്ള ശ്രമത്തിലുമായിരുന്നു. റോഡ്രിയാകട്ടെ റയലിനേക്കാൾ കളിക്കാൻ ആഗ്രഹിച്ചതും ബാഴ്സയിൽ തന്നെ.
റോഡ്രിയുടെ വരവ് ഹാൻസി ഫ്ലിക്കിന്റെ തന്ത്രത്തിനു പുതിയ ഊർജം പകരം. ഈ സീസണിൽ ജർമൻ താരം കരിം അഡയേമി, ആന്റണി ഗോർഡൻ എന്നിവരെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് റോഡ്രിയുടെ വരവ്.
2019ൽ അത്‍ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് റോഡ്രി മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. സിറ്റിക്കായി 7 സീസണുകളിലായി താരം 298 മത്സരങ്ങൾ കളിച്ചു. 4 പ്രീമിയർ ലീഗ്, 2 എഫ്എ കപ്പ്, 3 ഇംഗ്ലീഷ് ലീഗ് കപ്പുകളും 2022-23 സീസണിൽ യുവേഫ ചാംപ്യൻസ് ലീഗും ഉൾപ്പെടെ 12 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates