

അടുത്ത വർഷം ഇംഗ്ലണ്ടിൽ രണ്ട് അധിക ടി20 മത്സരങ്ങൾ കളിക്കാമെന്നറിയിച്ച് ബിസിസിഐ. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാഞ്ചെസ്റ്ററിൽ നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് ഇത്. മൂന്ന് ട്വന്റി20, മൂന്ന് ഏകദിന മത്സരങ്ങൾക്കായാണ് അടുത്ത വർഷം ജൂലൈയിൽ ഇന്ത്യ ഇംഗ്ലണ്ടിൽ എത്തുന്നത്
ടെസ്റ്റ് പരമ്പരയുടെ ബജറ്റിൽ ഇതിനകം ഉണ്ടായ 407 കോടിയോളം രൂപയുടെ നഷ്ടം നികത്താൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. അതേസമയം മറ്റൊരവസരത്തിൽ ടെസ്റ്റ് കളിക്കാം എന്ന ഓഫറിന് പകരമാണ് ടി20ഓഫർ എന്നതിൽ വ്യക്തതയില്ല. അതോടൊപ്പം അഞ്ച് മുഴുവൻ ദിവസങ്ങൾക്ക് പകരം രണ്ട് വൈകുന്നേരങ്ങൾ കൊണ്ട് അവസാനിക്കുന്ന മത്സരത്തിലേക്ക് ചുരുങ്ങാൻ പണം നൽകിയ പ്രക്ഷേപകർ തയ്യാറാകുമോ എന്ന കാര്യവും സംശയമാണ്. കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി, ടിക്കറ്റുകൾ, ഭക്ഷണപാനീയങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യവും ബാക്കിയാണ്.
അതേസമയം അവസാന മത്സരം റദ്ദാക്കിയതിന് പിന്നാലെ പരമ്പര ഫലത്തെ കുറിച്ച് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. കോവിഡ് സാഹചര്യം കാരണമാണ് മത്സരം റദ്ദാക്കിയതെന്ന് തീരുമാനിക്കപ്പെട്ടാൽ അവസാന ടെസ്റ്റ് ഉപേക്ഷിക്കുകയും പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ജയിക്കുകയും ചെയ്യും. എന്നാൽ കോവിഡ് സാഹചര്യം കാരണമല്ല മത്സരം ഉപേക്ഷിച്ചതെന്ന് വന്നാൽ ഇംഗ്ലണ്ടിനെ അവസാന ടെസ്റ്റിലെ വിജയികളായി പ്രഖ്യാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates