

വിരമിക്കൽ തീരുമാനത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ആരാധകരെ ഞെട്ടിച്ച് പോർച്ചുഗൽ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസർ സൂപ്പർ താരമായ 41കാരൻ തന്റെ കരിയറിലെ അവസാന ഫുട്ബോൾ സീസണായിരിക്കും 2026-27 എന്ന് തുറന്നു പറഞ്ഞു.
'ഇത് എന്റെ ഫുട്ബോളിലെ അവസാന വർഷമാകാൻ സാധ്യതയുണ്ട്. ഒരു മഹത്തായ ചരിത്രം ബാക്കി നിർത്തി പടിയിറങ്ങാനാണ് എന്റെ ആഗ്രഹം.'
ക്രിസ്റ്റ്യാനോ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. തന്റെ കരിയർ ലാസ്റ്റ് ഡാൻസിലാണെന്നു താരം പരോക്ഷമായി പറയുകയാണ് ഇപ്പോൾ.
അപൂർവ നേട്ടങ്ങൾ കാത്തിരിക്കുന്നു
ക്ലബിനും രാജ്യത്തിനുമായി ആകെ 1,330 മത്സരങ്ങളിൽ നിന്നു 976 ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുണ്ട്. 1000 ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമാകാൻ (ഔദ്യോഗിക റെക്കോർഡ് കണക്ക് അനുസരിച്ച്) പോർച്ചുഗൽ സൂപ്പർ താരത്തിനു 24 ഗോളുകൾ മാത്രമേ വേണ്ടു. ഈ സീസണിൽ അത് സാധ്യമാകുമെന്നു തന്നെയാണ് താരം പ്രതീക്ഷിക്കുന്നത്. പിന്നാലെയായിരിക്കും നിർണായക പ്രഖ്യാപനം.
സൗദി പ്രോ ലീഗിൽ അൽ നസറിനൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മികച്ചതാണ്. കഴിഞ്ഞ സീസണിൽ 28 ഗോളുകൾ നേടിയ അദ്ദേഹം ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി. എല്ലാ മത്സരങ്ങളിലുമായി 39 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. സ്പോർടിങ് സിപിയിൽ തുടങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകളിൽ കളിച്ച് 2023ലാണ് താരം ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് സൗദി പ്രോ ലീഗ് ടീം അൽ നസറിലേക്ക് പോകുന്നത്. ഇതോടെ സൗദി പ്രോ ലീഗിന്റെ തലവരയും മാറി.
41ാം വയസിലും പോർച്ചുഗൽ ക്യാപ്റ്റനായും അൽ നസർ മുന്നേറ്റക്കാരനായും താരം തുടരുന്നുണ്ട്. ഫുട്ബോൾ താരമെന്ന നിലയിലുള്ള കരിയർ അവസാനിച്ചാൽ താരം എന്ത് കരിയറാണ് പുതിയതായി ആരംഭിക്കുക എന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്.
'എന്റെ ഭാവി എന്തായിരിക്കണമെന്നു ഞാൻ ഇതിനകം തന്നെ പ്ലൻ ചെയ്തിട്ടുണ്ട്. എന്നെ സജീവമാക്കി നിർത്താൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്ന് പ്രത്യേകമായി പറയാൻ ബുദ്ധിമുട്ടാണ്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. പാഡൽ (ടെന്നീസ്, സ്ക്വാഷ് സ്വാധീനമുള്ള കായിക മത്സരം) കളിക്കാൻ ആഗ്രഹമുണ്ട്. 25 വർഷത്തെ വലിയ കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും ശേഷമുള്ള വിശ്രമമല്ലേ. അത് തീർച്ചയായും ഞാൻ ആസ്വദിക്കും.'
ക്രിസ്റ്റ്യാനോയും കാമുകി ജോർജീനയുമായുള്ള വിവാഹം ഈയടുത്താണ് കഴിഞ്ഞത്. അതിനു പിന്നാലെയാണ് താരം വിരമിക്കലിൽ മനസ് തുറന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ട ബിസിനസിലേക്കു തിരിയുമെന്ന സൂചനകളും മുൻപ് ക്രിസ്റ്റ്യാനോ നൽകിയിട്ടുണ്ട്.
'ഒരു ക്ലബിന്റെ ഉടമയാകുന്ന കാര്യം ഞാൻ തള്ളിക്കളയുന്നില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് ഞാൻ ചിന്തിച്ച കാര്യമാണിത്. എനിക്ക് ഒരു ക്ലബ് സ്വന്തമാക്കാൻ ആഗ്രഹമുണ്ട്. എന്റെ കരിയർ അവസാന ഘട്ടത്തിലാണ്. പരിശീലകനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെനിക്ക് ചേരില്ല. ദേശീയ ടീമിൽ നിന്നു വിരമിക്കുന്ന കാര്യം ഞാൻ മുൻകൂട്ടി ആരോടും പറയില്ല. പെട്ടെന്നായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ഇക്കാര്യം നന്നായി ആലോചിച്ച ശേഷം മാത്രമേ പ്രഖ്യാപിക്കു'- ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates